Thursday, December 18, 2008

ശീര്‍ഷകങ്ങള്‍ പറയാത്തത്

എത്ര നേരമായി ഇവിടെയങ്ങിനെയിരിക്കുന്നുവെന്ന് ഓര്‍മ്മയില്ല.
കുറച്ചധികം നേരമായിക്കാണണം. വെയിലിനിപ്പോള്‍ മഞ്ഞനിറമാണ്.
വെയിലിന് ഒരു നിറമുണ്ടെന്ന് ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഈ ബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ കടലില്‍ വെറുതെ ഒഴുകി നടക്കുകയായിരുന്ന വെയില്‍ ഇപ്പോള്‍ തൊട്ടടുത്ത് വന്നുകിടന്ന് നാക്കുനീട്ടി കാലുകള്‍ നക്കാന്‍ തുടങ്ങിയിരിക്കുന്നു. അനിത ബാഗ് തുറന്ന് കത്ത് അതില്‍ത്തന്നെയുണ്ടെന്നുറപ്പു വരുത്തി. ആ കത്തൊഴുവാക്കിയതുകൊണ്ട് ഇനിയൊരു ചിറകടി ശബ്ദംകേട്ട് ഞെട്ടിയുണരില്ലെന്നോ മഞ്ഞൊഴുകുന്ന ജനാലയില്‍ മൂക്കുവളഞ്ഞൊരു പെണ്ണിന്‍റെ കാഴ്ച്ചമറക്കാന്‍ ജനല്‍ വിരികള്‍ വലിച്ചിടേണ്ടി വരില്ലെന്നോ അവള്‍ വിശ്വസിക്കുന്നില്ല.
പക്ഷെ നീനയുടെ അവസാനത്തെ അടയാളവും അവള്‍ തുടച്ചുനീക്കുകയായിരുന്നു.
തീയിലെറിഞ്ഞ് നശിപ്പിക്കുകയോ തെരുവിലെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയോ ചെയ്യാമെന്നാണവള്‍ ആദ്യം ചിന്തിച്ചത്. പക്ഷെ തിരിച്ചുവരുമ്പോള്‍ മേശയില്‍ അതവളേയും നോക്കികിടക്കുന്നുണ്ടാവുമെന്നവള്‍ ഭയന്നു. പൊലീസിനു കൈമാറാമായിരുന്നു; അവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കേണ്ടുന്ന ഉത്തരങ്ങള്‍ സ്വയം വിശ്വസിക്കാന്‍ തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് എങ്ങിനെയും അനിലനെ കണ്ടെത്തി കത്തേല്പ്പിക്കാന്‍ അനിത തീരുമാനിച്ചത്.

“ഞാന്‍ അനിത. നീനയെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനം കണ്ടു.“
മുഖവുരയില്ലാത്ത പരിചയപ്പെടുത്തലും തിടുക്കത്തിലുള്ള അവളുടെ ചലനങ്ങളും
ഒട്ടൊന്നുമല്ല അനിലനെ അത്ഭുതപ്പെടുത്തിയത്.
“വിലാസം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി..
നീന എനിക്ക് അവസാനമായി എഴുതിയ കത്ത് നിങ്ങളെയേല്‍പ്പിക്കാന്‍ വന്നതാണ്. നിങ്ങള്‍ക്കതുപകരിച്ചേക്കുമെന്ന് ഞാന്‍ കരുതുന്നു”
മുഖത്തുനോക്കാതെയാണവള്‍ സംസാരിക്കുന്നത്. ഒരു തുമ്പിയുടെ വാലില് പിടിക്കുന്നപോലെ ചൂണ്ടു വിരല്‍കൊണ്ടും പെരുവിരല്‍കൊണ്ടും കത്തിന്‍റെ മൂലയില് പിടിച്ച് അവളത് ബാഗില് നിന്നും പുറത്തെടുത്തു. അതിന്‍റെ മറ്റേ മൂല വളഞ്ഞുവന്നവളെ കടിച്ചേക്കുമെന്ന് ഭയപ്പെടുന്ന പോലെ! തനിക്കുപകാരപ്പെട്ടേക്കാവുന്ന ഒരു സ്കൂപ്പ് സമ്മാനിക്കുകയെന്നതിലുപരി ആ കത്തെങ്ങനെയെങ്കിലും കയ്യൊഴിക്കുകയെന്നതായിരുന്നു അവളുടെ ഉദ്ദേശം എന്നാണയാള് മനസ്സിലാക്കിയത്. കത്ത് കൊടുത്ത ശേഷം യാത്ര പോലും പറയാതെ അവള്‍ വേഗത്തില്‍ തിരിഞ്ഞു നടന്നത് അയാളുടെ സംശയത്തെ ഉറപ്പിച്ചു. അനിലന്‍ നില്‍ക്കാനാവശ്യപ്പെട്ടിട്ടും അവള്‍ നിന്നില്ല. അയാള് പുറകേ വന്നേക്കുമെന്ന് ഭയന്നായിരിക്കണം നടത്തത്തിന് വേഗതകൂട്ടി, കൂടെക്കൂടെ തിരിഞ്ഞു നോക്കിയാണ് അവള്‍ പോയത്.

അനിലന്‍ കത്തെടുത്ത് നിവര്‍ത്തി. നോട്ടം പതിഞ്ഞപ്പോള്‍ ചാരിയും ചെരിഞ്ഞും
ഉറക്കം തൂങ്ങിയും ചിതറിക്കിടന്നിരുന്ന അക്ഷരങ്ങള്‍ അയാള്‍ക്കു മുന്നില്‍ നിരന്നുനിന്നു. ചില അക്ഷരങ്ങള്‍ ഏത്തായി ഒലിച്ച് പരന്നിരുന്നു.

അനിതാ, ഒരു പക്ഷെ ഇതു നിനക്കുള്ള എന്രെ അവസാനത്തെ കത്തായിരിക്കും.
അല്ല. ഇതെന്രെ അവസാനത്തെ കത്തുതന്നെയാണ്. ഡ്രൈവിങ്ങ് എനിക്കെത്രയിഷ്ടമാണെന്ന് നിനക്കറിയാമല്ലോ. തിരക്കുപിടിച്ച നഗരത്തെ പിന്നിലാക്കി ഡ്രൈവു ചെയ്യുമ്പോള് വേഗതകൂടുന്നതു ഞാന് അറിയുന്നില്ല. പോകെ പോകെ ആകാശം താഴേക്കിറങ്ങിവരുകയും മുന്നില് മേഘങ്ങള് നിറയുകയും ചെയ്യും. ശരീരത്തിന്‍റെ ഭാരം നഷ്ടപ്പെട്ട് മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ട് പോകുന്നതുപോലെ എനിക്കു തോന്നും.
നിനക്കറിയാമോ കഴിഞ്ഞ ജന്മത്തില് ഞാനൊരു കിളിയായിരുന്നു.
അല്ലെങ്കില് എന്തിനാണെനിക്കെപ്പോഴും പറന്നുനടക്കാന് തോന്നുന്നത്.
കൈകള്‍ക്ക് പുറകില് ചിറകുകളുടെ ഭാരം പലപ്പോഴും ഞാനറിഞ്ഞിട്ടുണ്ട്.
എനിക്കുറപ്പാണ് കഴിഞ്ഞ ജന്മത്തില് ഞാനൊരു കിളിയായിരുന്നു.
അതോ ഈ ജന്മത്തില് തന്നെയോ?
ഞാന്‍ പോകുന്നു.
നിന്‍റെ ഉമിനീരും വിയര്‍പ്പും അടിവയറിന്‍റെ ചൂടും എന്നെ ഇപ്പോള്‍ ഉണര്‍ത്താറില്ല.
എന്നെപ്പൊതിയുന്നൊരുചിറകു ഞാന്‍ തിരയുകയാണ്.
എന്‍റെ മാറവന്‍ കൊത്തി നീറ്റണം..
എന്‍റെ തുടകളിലവന്‍ നഖങ്ങളിറക്കണം..
ഞങ്ങള്‍ക്കൊരുമിച്ചു പറന്നു നടക്കണം.. കൂടുകൂട്ടണം!
പുഴയ്ക്കരികില്‍ ഞാന്‍ നോക്കിനില്‍ക്കാറുള്ള ആ മരമില്ലേ..?
കാ‍ലുകളകത്തി കൈകള്‍ മേലോട്ടുയര്‍ത്തി മുടിയഴിച്ച് നില്‍ക്കുന്ന ആ ഒറ്റ മുലച്ചി മരം.. അതില്‍ ഞാനൊരു കൂടുകൂട്ടും, മുട്ടയിട്ടടയിരിക്കും.

പറഞ്ഞുതീര്‍ത്ത് അക്ഷരങ്ങള്‍ തളര്‍ന്നുവീണുറങ്ങി.
ആ കത്ത് ഇതുവരെയുള്ള അയാളുടെ നിഗമനങ്ങളെ ഒരു പൊളിച്ചെഴുത്തിനു പ്രേരിപ്പിച്ചു.
ഒരുപക്ഷേ അമിതവേഗതയില്‍ വാഹവമോടിച്ച് ഏതെങ്കിലും അപകടത്തില്‍പ്പെട്ട് അവള്‍ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില് തിരിച്ചറിയപ്പെടാനാവാതെ ഏതെങ്കിലും മെഡിക്കല് കോളേജിലെ തീവ്രപരിചരണ വിഭാഗത്തില് അബോധാവസ്ഥയില് മരണത്തോട് മല്ലിടുകയായിരിക്കും. ഇതൊന്നുമല്ലാത്ത, രസകരമായ മറ്റൊരു സാധ്യതകൂടിയുണ്ട്. മൂക്കു നീണ്ട് ചിറക് മുളച്ച് ഒരു വലിയ കിളിയായി അവളിവിടെയൊക്കെ തന്നെ പറന്നു നടക്കുന്നുണ്ടായിരിക്കും. അനിലന്‍ അപ്പോള്‍ ചിന്തിച്ചത് ആ കിളിയുടെ നഗ്നതയെക്കുറിച്ചായിരുന്നു. മാറിലെ ചെറിയ തൂവലുകള്‍ക്ക് അവളുടെ മുലകളെ എങ്ങിനെ മറയ്ക്കാന്‍ കഴിയും. അറിയാതെ ചിരിച്ചുപോയി.

റാഫിയുടെ സ്റ്റേഷനിലെ 'കാണാതായ യുവതികളുടെ' ഫയലില്‍ നിന്നാണ് നീനയെ അനിലന്‍ കണ്ടെടുക്കുന്നത്. 'Too hoT' എന്നു ചിതലരിച്ച അക്ഷരത്തില്‍ വിളിച്ചുപറയുന്ന ഇറുകിയ കുപ്പായമിട്ട് അവളാ ഫയലില് ശ്വാസം മുട്ടിയിരിക്കുകയായിരുന്നു. അവളുടെ ആ കറുത്ത കുപ്പായത്തിലെ രണ്ടു 'T' കളുടെ മുഴുപ്പുമതിയായിരുന്നു അയാള്‍ക്ക് ഒരു ചൂടന്‍ കഥ മെനെഞ്ഞെടുക്കാന്‍.

അവള്‍ ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടുവെന്നോ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കൊണ്ടുനടന്ന് പീഢിപ്പിക്കപ്പെട്ടുവെന്നോയുള്ള ആദ്യ നിഗമനങ്ങളില്‍ കടിച്ചുതുങ്ങാന്‍ അനിലന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. അവളെ ഉദ്ദരിച്ച് ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന അരക്ഷികാവസ്ഥയെ കൊട്ടിഘോഷിച്ചവതരിപ്പിച്ച മാധ്യമധര്‍മ്മത്തെ അങ്ങനെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയില്ലല്ലോ. പിന്നെ, അവളുടെ ബഹുവര്‍ണ്ണച്ചിത്രത്തിനു താഴെ ഒരു അപകടമരണത്തിന്‍റെ തണുപ്പ് വായിക്കാനെത്ര വായനക്കാരിഷ്ടപ്പെടും. സൂര്യപ്രകാശം കടന്നുചെല്ലുന്നിടത്തൊക്കെ വായിക്കപ്പെടുന്നതെന്നുദ്ഘോഷിക്കുന്ന ഒരു പത്രത്തിലെ കൂലിയെഴുത്തുകാരന് അവന്‍റെ പ്രതിബദ്ധതകളെ പെട്ടെന്ന് വിസ്മരിക്കാനുമാവില്ലല്ലോ. അതുകൊണ്ടാണ്‍ ആ എഴുത്തയാള്‍ ഫയലില്‍ വയ്ക്കാതെ നാലായി മടക്കി പേഴ്സിനുള്ളില്‍ തിരുകിയത്.

ചിറകടി ശബ്ദത്തില്‍ ഉറക്കം ഞെട്ടിയുണര്‍ന്നില്ലെങ്കിലും ചിറകുകള്‍ പിണച്ച് മാറുമറച്ചൊരു കിളി ജനാലച്ചില്ലില്‍ കൊക്കുരുമ്മി വിളിച്ചില്ലായിരുന്നെങ്കിലും അനിലന്‍ ഇന്ന് പുഴക്കരയില്‍ പോകുമായിരുന്നു. കാരണം ലേഖനപരമ്പരയില്‍, "അതോ അവളുടെ ശരീരം കാമക്കഴുകുകള്‍ കൊത്തിവലിച്ചുകാണുമോ?" എന്നൊരു ചോദ്യം വായനക്കാര്‍ക്കു ഭോഗിക്കാനിട്ടുകൊടുത്തതിനു താഴെ ബ്രാക്കറ്റില്‍ അയാള്‍ 'തുടരും' എന്നുകൊടുത്തിരുന്നു. അയാള്‍ക്ക് സ്വയം നീതീകരിക്കാനും ആ ഒരൊറ്റ വാചകം ധാരാളമായിരുന്നു. പുഴക്കരയിലെ ആ മരം കണ്ടെത്താന്‍ അനിലന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടു വലിയ മരങ്ങള്‍ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ ഒന്നായി ചേരാന്‍ തീരുമാനിച്ച പോലെയായിരുന്നു അത് നിന്നിരുന്നത്. പക്ഷെ മരത്തിനുചുറ്റും ഏറെ‍ തിരഞ്ഞിട്ടും ഒരു തൂവല്‍ പോലും കാണാനായില്ല. കാമാതുരയായ ഒരു പെണ്‍കിളിയുടെ കരച്ചിലും ചിറകൊടിയൊച്ചയും അയാള്‍ പ്രതീക്ഷിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് ആ മരത്തിന്‍റെ അകന്നുനില്‍ക്കുന്ന കാലുകളുടെയിടയില്‍ നിറഞ്ഞു നില്‍ക്കുന്ന കൊഴുത്ത ഇരുട്ട് അനിലന്‍ ശ്രദ്ധിക്കുന്നതും മരത്തിനിടയിലൂടെ താഴേക്കൊലിച്ചിറങ്ങുന്ന ഇരുട്ടില്‍ ഒളിഞ്ഞുകിടക്കുന്ന വഴുക്കലുള്ള പടികളുടെ സാധ്യതകളെക്കുറിച്ചു ചിന്തിക്കുന്നതും.

അനിലന്‍റെ വീട്ടില്‍ അനിതയെത്തിയപ്പോള്‍ ഇരുട്ടു പെയ്യാന്‍ തുടങ്ങിയിരുന്നു. പൂട്ടിക്കിടക്കുകയായിരുന്ന വാതിലിനടിയിലൂടെ അവള്‍ കത്ത് അകത്തേക്കിട്ടപ്പോള്‍ സ്വീകരണ മുറിയില്‍ പരന്നൊഴുകിയിരുന്ന വെളിച്ചം അവളുടെ വിരലുകളില്‍ എത്തിച്ചുപിടിച്ചു. കൈ വലിച്ചെടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ പാതിതുറന്നുകിടന്നിരുന്ന ജാലകത്തിലൂടെ ഒരിക്കലെങ്കിലും അകത്തേക്ക് നോക്കണമെന്നും അയാളവിടെയുണ്ടെന്നുറപ്പു വരുത്തണമെന്നുമവള്‍ക്ക് തോന്നിയിരുന്നു. പക്ഷെ അയാളുടെ ജാലകത്തിനു താഴെ പൊഴിഞ്ഞ തൂവലുകളുണ്ടാവില്ലായെന്നു വിശ്വസിക്കാനായിരുന്നു അവള്‍ക്കിഷടം.

Labels:

Creative Commons License