Saturday, December 10, 2005

എന്‍റെ സാക്‍ഷ്യം


"...... മുമ്പാകെ സത്യം മാത്രമേ പറയൂ. സത്യമല്ലാതെ മറ്റൊന്നും........."
ഒരു കാര്യം ആദ്യമേ പറയട്ടെ. നിങ്ങളുടെ മുമ്പാകെ ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ഞാനൊരുക്കമല്ല. മുമ്പു സൂചിപ്പിച്ചിരുന്നു, ഞാനൊരു കള്ളസാക്ഷിയാണ്. എന്‍റെ സാക്‍ഷ്യത്തില്‍ നിന്ന് സത്യവും അസത്യവും തിരിച്ചറിഞ്ഞ് വിധി പ്രസ്താവിക്കേണ്ടത് നിങ്ങളാണ്.

ഇനി കാര്യത്തിലേക്കു കടക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്നതാണ്. എനിക്കന്ന് 12-13 വയസ്സ് പ്രായം. കോട്ടയം പുഷ്പനാഥിന്‍റെ ഡിക്റ്റ്ക്ടീവ് നോവലുകളും എറ്റുമാനൂര്‍ ശിവകുമാറിന്‍റെ മാന്ത്രിക നോവലുകളും വായിച്ചു ത്രില്ലടിച്ചു നടക്കുന്ന സമയം. ഒരു മണ്ഡലക്കാലത്താണ് സംഭവം നടക്കുന്നത്. മണ്ഡലക്കാലമായാല്‍ അതുവരെ നിര്‍ഭയം തുടര്‍ന്നുവന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കും. കാക്കൂട്ടില്‍ കയ്യുംതിരുകി 7 മണിവരെയുള്ള ഉറക്കം, പല്ലുതേപ്പുകഴിയുമ്പോള്‍ അടുപ്പിനരുകില്‍ നില്‍ക്കുന്ന അമ്മുമ്മയുടെ ചൂടുമുഴുവന്‍ വലിച്ചെടുക്കുന്ന നീണ്ട കെട്ടിപ്പിടുത്തം. അമ്മുമ്മയുടെ കണ്ണുവെട്ടിച്ചെടുത്തുതിന്നുന്ന ചുടുദോശയുടെ സ്വാദ്,... നഷ്ട്ങ്ങളുടെ പട്ടികയങ്ങനെ നീണ്ടുപോകുന്നു. കുളിച്ച് അമ്പലത്തില്‍ പോയി തൊഴുതു വരാതെ ഒരെടപാടും നടക്കില്ല. അന്നൊരു വ്യാഴാഴ്ചയായിരുന്നു. അമ്മുമ്മയുടെ അടിയുടെ ചൂടറിഞ്ഞപ്പൊഴാണ് അത്രനേരവും കേട്ടുകൊണ്ടിരുന്ന വിളികള്‍ സ്വപ്നത്തിലേതല്ലെന്നു തിരിച്ചറിഞ്ഞത്. അലാറം തന്നെയേല്പ്പിച്ച ജോലി 5 മണി മുതല്‍ തന്നെയാരംഭിച്ചിട്ടുണ്ടായിരുന്നു. അതിന്‍റെ മണ്ട്യ്ക്കിട്ടൊരു കൊട്ടുംകൊടുത്ത് പുതപ്പിനുള്ളിലേക്ക് ഒന്നുംകൂടി ചുരുണ്ടുകൂടണമെന്നുണ്ടായിരുന്നെങ്കിലും എന്‍റെ മുഖത്തു കോണ്‍ക്രീറ്റുചെയ്ത അമ്മുമ്മയുടെ നോട്ടം എന്നെ അതില്‍ നിന്നും വിലക്കി. വിരലുകള്‍കൊണ്ട് താളം പിടിച്ച് മുഖത്ത് ക്രൂരമായൊരു ചിരിയും ഒളിപ്പിച്ചു നില്ക്കുന്ന ടോമിന്‍റെ മുന്നില്‍ കട്ടെടുത്ത ചീസുമായ് നില്ക്കുന്ന ജെറിയെപ്പോലെ ഞാനൊരു ചമ്മിയ ചിരി ചിരിച്ചുനോക്കി. ഇല്ല, ആ മുഖത്ത് ഒരു ഭാവമാറ്റവുമില്ല. ഞാന്‍ മെല്ലെ പുതപ്പെടുത്തു മാറ്റി വലത്തോട്ടുതിരിഞ്ഞുകിടന്ന് ഒന്ന് തൊഴുതെഴുന്നേറ്റു. പഴയ ചിരിയെടുത്ത് ഒന്നുംകൂടിയിട്ടുനോക്കി. രക്ഷയില്ല.. ഇതെന്നേംകൊണ്ടേ പോവൂ. പുറത്ത് ഡിസംബറിന്‍റെ മുഴുവന്‍ ഭാവവും ഉള്‍ക്കൊണ്ട് വിഴുങ്ങാന്‍ കാത്തുനില്ക്കുന്ന മഞ്ഞിന് ഇതിലും മനുഷ്യപ്പറ്റ് കാണും. തോര്‍ത്തും സോപ്പുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ 'ഇരുട്ടുണ്ടാവും ടോര്‍ച്ചെടുത്തോ'യെന്നുള്ള ഔദാര്യം, അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞു. 'വെടിയുണ്ടകള്‍ കൊണ്ടമ്മാനമാടുന്ന, കൊടും ഭീകരരുടെ പേടിസ്വപ്നം, ഡിക്റ്റ്ക്ടീവ് പുഷ്പരാജിനു അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകാന്‍ ടോര്‍ച്ചോ? ച്ഛായ്!'

പക്ഷേ അമ്പലക്കുളത്തില്‍ എത്തുന്നതിനുമുമ്പ് ചില ശബ്ദങ്ങള്‍ കേട്ട് ഞാനെടുത്തണിഞ്ഞ ഡിക്റ്റ്ക്ടീവ് പുഷ്പരാജിന്‍റെ മേലങ്കി പാമ്പ് ഉറയൂരുന്നതുപോലെ വഴിയിലുരിഞ്ഞുപോയി. ഇതിനുമുമ്പൊരിക്കലും ഈ പട്ടിയിങ്ങനെ ഓലിയിട്ടുകേട്ടിട്ടില്ലല്ലോ? സാധാരണ യക്ഷികള്‍ വരുമ്പോഴല്ലേ പട്ടികളിങ്ങനെ ഓലിയിടാറ്. എറ്റുമാനൂര്‍ ശിവകുമാറിന്‍റെ മാന്ത്രിക നോവലുകളില്‍ യക്ഷികള്‍ വെള്ളിയാഴ്ച്ചയാണല്ലോ ചോരകുടിക്കാന്‍ ഇറങ്ങാറ്. 'ഇന്ന് വ്യാഴാഴ്ച്ചയാണ്, ഇന്ന് വ്യാഴാഴ്ച്ചയാണെ'ന്ന് പുറകില്‍ പതുങ്ങി നില്‍ക്കാന്‍ സാധ്യതയുള്ള യക്ഷി കേള്‍ക്കാന്‍ പാകത്തിന് ഒന്നുരണ്ടു വട്ടം ഞാന്‍ പറഞ്ഞുനോക്കി. യക്ഷിക്ക് ദിവസം മാറിപ്പോയതാണെങ്കിലോ? നാശം. പണ്ട് അമ്പലക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത വേലായുധേട്ടന്‍റെ ബീഡിക്കറയുള്ള ചിരി എന്തിനപ്പോള്‍ മനസ്സിലേക്കു കടന്നുവന്നു. ഈശ്വരാ, പുറകില്‍ ആരുടേയൊ കാലടിശബ്ദം കേള്‍ക്കുന്നുണ്ടോ? ആരുടേയോ നേര്‍ത്ത ശ്വാസത്തിന്‍റെ ചൂട് കഴുത്തുനു പുറകില്‍..? ഇല്ല തോന്നലായിരിക്കും. മില്ലിലിട്ട് ആട്ടിയാലും അര ലിറ്റര്‍ ചോര തികച്ച് കിട്ടാന്‍ സാദ്ധ്യതയില്ലത്ത ഈ ശരീരത്തെപ്പോലും വെറുതെ വിടില്ലേ. ഇന്നസെന്‍റ് പറഞ്ഞപോലെ 'ചോരേം നീരൂള്ള ഒരുപാട് പേരുണ്ടല്ലോ ഈ നാട്ടില്‍'. അമ്മുമ്മ ചൊല്ലിത്തന്ന നാമം അറിയാതെ നാവില്‍ വന്നു. അര്‍ജ്ജുനന്‍..ഫല്ഗുനന്‍.. ഭാഗ്യം! അമ്പലക്കുളമെത്തി. കുളപ്പുരയുടെ ചുമരില്‍ പിടിച്ച് ശ്വാസം ആഞ്ഞുവലിച്ചുവിട്ടു.

ഇന്നെന്തേ ആരുമെത്തിയില്ല? കല്പ്പടവുകള്‍ക്കു താഴെ ഇരുട്ടില്‍ ഉറങ്ങിക്കിടക്കുന്ന അമ്പലക്കുളം. ഒന്നു ശങ്കിച്ചു നിന്നിട്ട് ഞാന്‍ പടികളിറങ്ങി. പെട്ടന്ന് എന്‍റെ കാലുകള്‍ ആരോ പിടിച്ചുകെട്ടിയപോലെ നിന്നു. അവസാന പടിയില്‍ ഇരുട്ടു പുതച്ച് ഒരാള്‍ കുന്തിച്ചിരുന്ന് ബീഡി വലിക്കുന്നു. അയാള്‍ എന്നെ നോക്കി ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച്ചു. പിന്നെ വെള്ളത്തിലേക്കെടുത്തൊരു ചാട്ടം! എന്‍റെ സപ്ത നാഡികളും തളര്‍ന്നു. നിന്നിടത്തു നിന്ന് ഒരടിപോലും അനങ്ങാന്‍ കഴിയുന്നില്ല. എന്‍റെ ഹൃദയം, ശിവമണി എ.ആര്‍. റഹ്മാന്‍റെ വേള്‍ഡ് ടൂറിലെന്ന പോലെ പെരുമ്പറകൊട്ടി. ഇല്ല, വെള്ളത്തിലേക്കു ചാടിയയാള്‍ ഇനിയും പൊന്തിവന്നിട്ടില്ല. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് തിരിഞ്ഞോടി. ശക്തികിട്ടാന്‍ വേണ്ടിയിട്ടാണ് 'ബ്രൂസ് ലീ' ആ മാതിരി ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അന്നെനിക്ക് മനസ്സിലായി. ഉവ്വ്, എന്‍റെ പുറകിലാരോ ഉണ്ട്. ഏത് നിമിഷവും എന്‍റെ കഴുത്തില്‍ പിടിമുറുകും. ഞെരമ്പ് കടിച്ചുമുറിച്ച് ചോര ജൂസുപോലെ വലിച്ചുകുടിക്കും. വാതില്‍ തള്ളിത്തുറന്നതു മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ കണ്ണുതുറക്കുമ്പോള്‍ ഞാന്‍ വിയര്‍ത്തുകുളിച്ച് കിടക്കയില്‍ കിടക്കുകയാണ്. എന്‍റെ തലയില്‍ തലോടിക്കൊണ്ട് നിറകണ്ണുകളോടെ അമ്മുമ്മ.

വെള്ളത്തില്‍ ചാടിയതാരാണെന്നെനിക്കറിയില്ല. അയാള്‍ അപ്പോള്‍ത്തന്നെ പൊന്തിവന്ന് കുളിച്ചുകേറി പ്പോയോയെന്നറിയാന്‍ ഞാനവിടെ നിന്നുമില്ല. ഇത്രയും കാര്യങ്ങളേ എനിക്കറിയൂ. ഇനിയൊരു വിധി പറയേണ്ടത് നിങ്ങളാണ്.

Labels:

9 Comments:

Anonymous Anonymous said...

It was me..

12/10/2005 10:22 PM  
Blogger Visala Manaskan said...

ഇത്‌ സാക്ഷിയോ അതോ സാക്ഷാൽ സങ്കുചിതനോ??? അടിമുടിയൊരു സങ്കുചിതൻ (മണികണ്ഠൻ) ടച്ച്‌.

എനിവേ, തകർത്തൂ...!

12/11/2005 7:54 AM  
Blogger Kalesh Kumar said...

നന്നാ‍യിട്ടുണ്ട് സാക്ഷീ...
നല്ല സ്റ്റൈൽ..

12/11/2005 1:00 PM  
Blogger reshma said...

ഈ ചിത്രങ്ങൾ സാക്ഷി വരച്ചതാണോ? പോസ്റ്റിനു ചേറ്ന്ന വരകൾ കാണാൻ‍ ഭംഗിയുണ്ട്.

12/11/2005 9:53 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

Anonymous : But who r u?
വിശാല മനസ്കന്‍ : ആരാ ഈ സങ്കുചിതന്‍??? നന്ദി.
കലേഷിനും നന്ദി.
രേഷ്മാ, കോറിയിടുന്ന കുറേ വരകളാണെനിക്കിന്നന്നം തരുന്നത്. വന്നതിനും കണ്ടതിനും അഭിനന്ദിച്ചതിനും നന്ദി.

12/12/2005 11:56 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ബീഡിയും വലിച്ച്‌ കുളത്തിൽ ചാടിയ സംഭവത്തിൻ ഞാൻ സാക്ഷി അല്ലായിരുന്നു..
അതുകൊണ്ട്‌ ആരാണെന്നറിയില്ല.
പടങ്ങൽ കൊള്ളാം ...!

12/12/2005 12:32 PM  
Blogger viswaprabha വിശ്വപ്രഭ said...

ഇല്ല, ഇതു സങ്കുചിതനാവാൻ വഴിയില്ല!

സാക്ഷി സാക്ഷിയായിത്തന്നെ കസറുന്നുണ്ട്.
ഈ സാക്ഷി ഇവിടെത്തന്നെ വേണം.

പക്ഷേ പ്രതി വേറെയാണ്.

സങ്കുചിതാ, ഞങ്ങൾ ഇപ്പോഴും നിന്നെ കാത്തിരിക്കുകയാണ്!

കിണറ്റിൽനിന്നും എണീറ്റുവരൂ മണികണ്ഠാ....

വാതാപീ, വാപിയിൽനിന്നും പുറത്തുവരൂ....

12/18/2005 12:27 AM  
Blogger ദേവന്‍ said...

പഴയ മാതൃഭൂമിവരക്കാരൻ മദനന്റെ ഒരു റ്റച്ച് ഉണ്ടല്ലോ സാക്ഷിച്ചിത്രങ്ങൾക്കെല്ലാം.. അസ്സലു വര.

12/18/2005 7:01 PM  
Blogger അതുല്യ said...

ഞാൻ പറയാൻ ഇരുന്നത് ദേവൻ പറഞു. മാത്രുഭൂമി ടച്ച്! സാക്ഷീ ആരാണെന്ന് പറയൂ.

12/19/2005 10:00 AM  

Post a Comment

<< Home

Creative Commons License