Wednesday, December 14, 2005

കുട്ടിശങ്കരനിടഞ്ഞു!


ഞങ്ങളുടെ അമ്പലത്തില്‍ ആന ഇടഞ്ഞില്ല.
കുട്ടിശങ്കരനാണ് തിടമ്പേറ്റുന്നത്.
എന്നിട്ടും ഞങ്ങളുടെ അമ്പലത്തില്‍ മാത്രം ആനയിടഞ്ഞില്ല.
ഉത്സവം കഴിഞ്ഞിട്ടില്ല. നാളെ ഇടയുമായിരിക്കും.
കുട്ടിശങ്കരനെ അറിയില്ലേ?
കുഴൂരമ്പലത്തില്‍ ഇടഞ്ഞ ആന.
അതിനു മുമ്പ് അന്നമനട അമ്പലത്തിലും കുട്ടിശങ്കരനിടഞ്ഞു.
അമ്പലം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു.
അന്നുതന്നെ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു.
'കുഴൂരമ്പലത്തിലും കുട്ടിശങ്കരന്‍ മതി.'
കുട്ടിശങ്കരനെ കാണാന്‍ കുഴൂരിലും ജനമൊഴുകി.
ആനയുടെ കൈപ്പാങ്ങില്‍ നിന്നെല്ലാം ഒഴിഞ്ഞ്,
വേണ്ട മുന്‍കരുതലുകളെല്ലാമെടുത്ത്,
സ്റ്റാര്‍ട്ട് പറഞ്ഞാല്‍ ഓടാന്‍ റെഡിയായി ആളുകള്‍ നിന്നു.
ചുറ്റുമുള്ള പറമ്പുകളിലെ വേലിക്കെട്ടുകളെല്ലാം പൊളിച്ചുമാറ്റി,
തൊട്ടാവാടിയെല്ലാം ചെത്തിയൊതുക്കി, അങ്ങനെ
ഓടിരക്ഷപ്പെടാനുള്ള എല്ലാ സൌകര്യങ്ങളും
കമ്മിറ്റിക്കാര്‍ ഒരുക്കിയിരുന്നു.
ഉത്സവം കാണാന്‍ നാനാഭാഗത്തുനിന്നും ജാതിമതഭേദമെന്യേ എത്തിച്ചേര്‍ന്ന
ഭക്തജനങ്ങളെ കുട്ടിശങ്കരന്‍ നിരാശ്ശരാക്കിയില്ല.
കുട്ടിശങ്കരനിടഞ്ഞു.
തെങ്ങു നാലഞ്ചെണ്ണം പിഴുതു. ചുറ്റുമതില്‍ ചവുട്ടിപ്പൊളിച്ചു.
എന്നാലെന്താ ഉത്സവം കെങ്കേമം.
അതോടെ ഞങ്ങള്‍ ഐരാണിക്കുളത്തുകാരും വിട്ടില്ല.
ഞങ്ങള്‍ക്കും കുട്ടിശങ്കരന്‍ വേണം.
പക്ഷേ കുട്ടിശങ്കരനിടയണം.
"ഞാന്‍ പറഞ്ഞാല്‍ അവനിടയും" ഒന്നാം പാപ്പാന്‍ ഗ്യാരണ്ടി.
പൊന്നുംവില കൊടുത്ത് ഞങ്ങളും കൊണ്ടുവന്നു കുട്ടിശങ്കരനെ!
ഒന്നാം ഉത്സവവും രണ്ടാം ഉത്സവവും മൂന്നാം ഉത്സവവും കഴിഞ്ഞു.
കുട്ടിശങ്കരനിടഞ്ഞില്ല.
കാലേക്കൂട്ടി ടിക്കറ്റെടുത്ത് തമ്പടിച്ചു കഴിഞ്ഞിരുന്ന
ഭക്തരും ടിവി ചാനലുകാരും പ്രതീക്ഷ കൈവിട്ടുതുടങ്ങി.
പപ്പാന്‍ പറഞ്ഞു. " ദേ ദിപ്പിടയും, ദൊക്കവെന്‍റൊരു നമ്പറല്ലേ"
ഒന്നാം പാപ്പാന്‍ സ്നേഹത്തോടെ പറഞ്ഞു "ഇടയട മോനെ"
രണ്ടാം പാപ്പാന്‍ തോട്ടിയിട്ടു വലിച്ചു "ഇവിടിടയാനെ"
കുട്ടിശങ്കരന്‍ ഇടഞ്ഞില്ല.
ഞങ്ങള്‍ പാപ്പാനോടിടഞ്ഞു.
പാപ്പാന്‍ കരഞ്ഞുപറഞ്ഞു
"പൊന്നുമോനെ, ഞാനല്ലേടാ പറയുന്നത് ഒന്നിടയടാ"
കുട്ടിശങ്കരന്‍റെ മനസ്സലിഞ്ഞു.
പുറത്തിരുന്ന ഒന്നാം പാപ്പാനെത്തന്നെ ചുഴറ്റി നിലത്തടിച്ചു.
"ചതിച്ചല്ലോ മോനെ"യെന്ന വിളി
പാപ്പാന്‍റെ തൊണ്ടയില്‍ തടഞ്ഞുനിന്നു.
എന്നലെന്താ കുട്ടിശങ്കരനിടഞ്ഞു.
ഭക്തജനങ്ങള്‍ ആര്‍ത്തിരമ്പി.
ഭക്തിയോടെ കൈകള്‍ കൂപ്പി.
ചിതറിയ തലച്ചോറിനുചുറ്റും
ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.
കുട്ടിശങ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞങ്ങള്‍ പറഞ്ഞു "സംശ്യല്യാ, മദപ്പാട് തന്നെ!"
എന്നാലെന്താ,
ഐരാണിക്കുളത്തപ്പന്‍റെ ഉത്സവവും കെങ്കേമം!!

Labels:

18 Comments:

Blogger Adithyan said...

ഉത്സവത്തിനു പന്നിമലക്കം, കിലുക്കിക്കുത്ത്‌, മുച്ചീട്ട്‌ തുടങ്ങിയവ പോലെ ഇങ്ങനെയും ഒരു കലാപരിപാടി ഉണ്ടെന്നറിയില്ലായിരുന്നു....

വർണ്ണന നന്നായി...

12/14/2005 11:52 AM  
Blogger രാജ് said...

ഇന്നു് തിയ്യതി 17 ആയിട്ടും ഞാനീ പോസ്റ്റ് ഇപ്പോഴാണല്ലോ കാണുന്നത്. സാക്ഷി ബ്ലോഗ് സെന്‍ഡ് അഡ്രസ്സ് പിന്മൊഴി ഗ്രൂപ്പിലേക്കും കൊടുത്തേയ്ക്കൂ, ഇങ്ങിനെ ചിലതെല്ലാം കാണാതെ പോകുകയെന്നു പറഞ്ഞാല്‍ കഷ്ടമാണു്.

ഇനിയിപ്പോള്‍ നന്നായീന്നു് പ്രത്യേകിച്ചു് പറയേണ്ടല്ലോ അല്ലേ?

12/17/2005 11:37 AM  
Blogger ചില നേരത്ത്.. said...

സാക്ഷീ.
ഈ രചനാവൈഭവം ബ്ലോഗുലകം ആസ്വദിക്കട്ടെ.വേണ്ടത് ചെയ്യൂ. മുമ്പ് തിരുവനന്തപുരത്തെ ക്ഷേത്ര കുളത്തില്‍ മനോരോഗിയായ ഒരാള്‍ ക്ഷേത്രം ജീവനക്കാരനെ മുക്കി കൊന്നതും ആളുകള്‍ നോക്കി ആസ്വദിച്ചതും സൂര്യ ടിവിയില്‍ കാണിച്ചതോറ്ത്തുപോയി.
രേഖാചിത്രവും മനോഹരമായിരിക്കുന്നു.

12/17/2005 3:49 PM  
Blogger സു | Su said...

:( ഒക്കെ നന്നായി. പക്ഷെ ഇടയേണ്ടായിരുന്നു.

12/17/2005 5:19 PM  
Blogger SunilKumar Elamkulam Muthukurussi said...

കെറാലത്തിലെ ഉത്സവങളില്‍ ആനയ്ക്ക്‌ ഇത്ര പ്രാധാന്യം എങനെ വന്നൂന്നവോ! എഹ്റ്റ്ര എടഞാലും, ആനല്യാതെ ഒരു ഉത്സവോം കാണാന്‍ വയ്യേ.-സു-

12/17/2005 5:40 PM  
Blogger viswaprabha വിശ്വപ്രഭ said...

ചിതറിയ തലച്ചോറിനുചുറ്റും
ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി....

12/18/2005 12:14 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്ദി ആദിത്യന്‍

എങ്ങിനെ പിന്മൊഴി ഗ്രൂപ്പില്‍ എത്തിപ്പെടുമെന്ന് എനിക്കറിയില്ലല്ലോ പെരിങ്ങോടരെ. സമയമനുവദിച്ചാല്‍ സഹായിക്കുക.

ഇബ്രു, നന്ദി. ഇനിയും നമ്മള്‍ എന്തെല്ലാം കാണേണ്ടി വരും.

ഇടഞ്ഞുപോയല്ലോ സൂ. ഇനിയെന്താ ചെയ്യാ. വന്നതിനും കണ്ടതിനും നന്ദി.

സുനില്‍ :-)

സാന്നിദ്ധ്യത്തിനു നന്ദി വിശ്വം.

12/18/2005 9:06 AM  
Blogger ദേവന്‍ said...

ഞങളുടെ ശിവൻകുട്ടി ആനകളിലെ വെട്ടൂർ പുരുഷനായിരുന്നു. അതുകൊണ്ട് തിടമ്പൊന്നും അവനു കൊടുക്കില്ല. മുന്നേ പോകുന്നാനേടെ വാലേത്തൂങ്ങി നടക്കാനാ വിധി.

എഴുന്നള്ളത്ത് കടവൂരമ്പലത്തിനു മുന്നേയുൾല കുത്തനെ ഇറക്കം ഇറങ്ങിവരവേ മുന്നിൽ തിടമ്പെടുത്ത് നടന്ന ഗജവീരൻ പെട്ടെന്നങ്ങ് നിന്നു. ശിവൻകുട്ടി “ബ്രേക്കു ചവിട്ടിയപ്പോ“ സ്കിഡ് ചെയ്തുപൊയി. നിരങ്ങിച്ചെന്ന് മുന്നേ പോകുന്ന കൊലകൊമ്പന്റെ പിന്നിൽ ഒറ്റയിടി. ഓർക്കാപ്പുരത്ത് മൂട്ടിൽ കൊമ്പു തറ്ച്ചാല് എതു വീരന്റേയും അകവാളു വെട്ടിപ്പോകില്ലേ? തിടമ്പെടുത്ത ആന ഒരൊറ്റച്ചാട്ടവും ഒരോട്ടവും. പോയ വഴി റ്റീവിക്കാരുടെ വാൻ കിടന്നത് നിലത്തിട്ട മുട്ടപോലെയായിപ്പൊയി. മദമ്പാടൊന്നുമല്ല, വെറും റിഫ്ലക്സ് ആക്ഷൻ 500 (ശിവൻകുട്ടി ഇന്നില്ല.
5 വർഷം മുന്നെ ചെരിഞ്ഞു)

ആനക്കാര്യത്തിനിടേൽ..
ഇബ്രൂ, ആ മനോരോഗി മനുഷ്യൻ സുഖപ്പെട്ട ശേഷം കോവളത്തോ മറ്റോ കടല്ത്തിരയിൽ പെട്ട് മരിക്കാൻ പോയ മൂന്നു പേരെ ജീവൻ പണയപ്പെടുത്തി രക്ഷിച്ചിരുന്നു. റ്റീവിക്കാർ അതു കാണിച്ചിട്ടുണ്ടാവില്ല, തീർച്ച.
ബൂലോഗ കമന്റുകൾ‍ അറിയാനൊരു വഴി എന്ന സിബുവിന്റെ FAQ വായിക്കുക സാക്ഷി, എല്ലമതിലുണ്ട്

12/18/2005 10:42 AM  
Blogger myexperimentsandme said...

പെരിങ്ങോടൻ അവർകൾ പറഞ്ഞതുപോലെ എനിക്കും മിസ്സായി ഈ പോസ്റ്റ്. ഉത്സവത്തിന് നെറ്റിപ്പട്ടമൊക്കെ കെട്ടി നിൽക്കുന്ന ആനകളെയൊക്കെ ഓർക്കുമ്പോൾ ദേവരാഗത്തിന്റെ ഒരു നോവാൾജിയ...
സാക്ഷിയണ്ണന്റെ പോസ്റ്റിനെ കമന്റുന്നതിനോടൊപ്പം തന്നെ പടത്തെയും കമന്റേണ്ടിയിരിക്കുന്നു.. നല്ല ചിത്രം... ഈ പോസ്റ്റിലെ മാത്രമല്ല, മറ്റിടങ്ങളിലെയും..

12/18/2005 7:28 PM  
Blogger nalan::നളന്‍ said...

ചിതറിയ തലച്ചോറിനുചുറ്റും
ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.
അതു ഫ്രൈ ചെയ്തു നമുക്ക് വിളമ്പി.
നമ്മളതു തട്ടിയേമ്പക്കവും വിട്ട് കിടന്നുറങ്ങി. ദ എന്റ്.

ദേവന്‍ പറഞ്ഞ ഒറ്റക്കൊമ്പന്‍ ശിവന്‍‌കുട്ടി ഒരു ലേജണ്ട് തന്നെയായിരുന്നു. ആ കഥകളൊക്കെ ഒന്നുകൂടിപ്പറയെന്റ ദേവമനുഷ്യാ

12/18/2005 9:34 PM  
Blogger Manjithkaini said...

സാക്ഷീ...
ഈ വരികളും വര്‍ണ്ണങ്ങളും ഒന്നിച്ചൊരിടത്തിട്ട്‌ നിങ്ങളെന്നെ കുടുക്കി.
വരകളില്‍ നിന്നും കണ്ണെടുത്തിട്ടുവേണ്ടേ വരികളിലെത്താന്‍...
താഴെ വരികളിലെത്തിയാലോ...
ദാ അവിടേം കുടുങ്ങി....
അല്ലെങ്കില്‍ വേണ്ട....
ഓടിക്കളിച്ച്‌ എന്റെ കണ്ണുകള്‍ ഇവിടെത്തന്നെയിരിക്കട്ടെ....
വേറൊന്നും കാണേണ്ടല്ലോ...

12/18/2005 9:43 PM  
Blogger Visala Manaskan said...

ഒന്നാം പാപ്പാന്‍ സ്നേഹത്തോടെ പറഞ്ഞു "ഇടയട മോനെ"
രണ്ടാം പാപ്പാന്‍ തോട്ടിയിട്ടു വലിച്ചു "ഇവിടിടയാനെ"

അടിപൊളി പോസ്റ്റും പടവും.

PS(പ്രത്യേക ശ്രദ്ധക്ക്‌): ദേവന്റെ കമന്റ്‌ വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ഞാനും വക്കാരി സ്റ്റൈലിൽ 'എനിക്കു വയ്യായേ..' എന്ന് പറഞ്ഞുപോയി.

12/19/2005 11:49 AM  
Blogger myexperimentsandme said...

സാധാരണ ആനകളെ വിവരിക്കുന്ന രീതിയിലാണ് ദേവനും വിവരിക്കുന്നതെന്ന് വിചാരിച്ച് “ശിവൻ‌കുട്ടി ആനകളിലെ വെട്ടൂർപുരുഷനായിരുന്നു” എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഗുരുവായൂർ കേശവനാ കത്തിയത്. ഒരു സെക്കന്റ് കഴിഞ്ഞാ ഓർത്തത്.”ഓ, വെട്ടൂർ പുരുഷൻ”

ലോകത്താദ്യമായിട്ടായിരിക്കും ഒരു ആനയും വെട്ടൂർ പുരുഷനും പരസ്പരം ഉപമിക്കപ്പെടുന്നത്. വെട്ടൂർ പുരുഷന് “ആന”ന്ദലബ്ധിക്കിനിയെന്തുവേണം.. പാവം ശിവൻ‌കുട്ടിക്കോ.. അവനിപ്പോഴുമുണ്ടാ‍യിരുന്നെങ്കിലോ... സഹിക്കുമോ അവൻ.....?

12/19/2005 11:55 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

കൊള്ളാം..
കുട്ടിശങ്കരന്റെ ധർമസങ്കടം
വിവരിച്ചത്‌ നന്നായി..!

12/19/2005 8:39 PM  
Blogger mariam said...

സാക്ഷി,
ബഷീര്‍, ചാപ്ലിന്‍, റൊബെര്‍ട്ടൊ ബെനീനി(life is Beautiful) .
ആ 'ഇതി'ന്റെ 'ഇത്‌ ',ഈ കഥയിലുമുണ്ടു.
അവരുടെ സൃഷ്ടികളിലുമുണ്ട്‌ ഈ ഒന്നാം പാപ്പാന്‍.

-മറിയം-

7/27/2006 5:33 PM  
Blogger അരവിന്ദ് :: aravind said...

നന്നായി സാക്ഷീ..
(പക്ഷേ സാക്ഷിയുടെ ബെസ്റ്റ് കഥകളില്‍ ഈ കഥ ഞാന്‍ കൂട്ടത്തില്ല.)

ആ പടം..ഹോ...!

7/27/2006 5:48 PM  
Blogger ലിഡിയ said...

കഷ്ട്ടോണ്ട് കേട്ടോ...!

കഥയുടെ ബാക്കി കൂടി പറയരുതൊ?മദപാടിലെന്ന് പറഞ്ഞ് വാരികുത്തും പട്ടിണിയും സഹിക്കുന്ന ആന.

പിന്നെ അടുത്ത ഏതെങ്കിലും ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും...

ഒക്കെ ക്രൂരതയാണ്.:-(

-പാര്‍വതി.

7/27/2006 8:06 PM  
Blogger വിനയന്‍ said...

പാവം പാപ്പാനെ ഓര്‍ത്തപ്പോള്‍ ഉള്ളോന്നു ഇടഞ്ഞു.ഇത്രം നര്‍മം അങ്ങട് വേണ്ടീരുന്നില്ല.

“ചതിച്ചല്ലോ മോനെ"യെന്ന വിളി
പാപ്പാന്‍റെ തൊണ്ടയില്‍ തടഞ്ഞുനിന്നു.........

12/10/2006 5:24 PM  

Post a Comment

<< Home

Creative Commons License