ഗര്‍ഭിണി

ഞാനിന്നൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി
എനിക്കൊന്നു പ്രസവിക്കണം
എനിക്ക് കവിതകളെ പ്രസവിക്കുന്നതാണിഷ്ടം
പക്ഷേ ഡിസി രവിയെന്നെ ഭീഷണിപ്പെടുത്തുന്നു
ഇനിയും കവിതകളെപ്പെറ്റാല്‍ എന്നെ 'ഡൈവോഴ്സ്' ചെയ്യുമത്രേ!
പിന്നെ ഞാന്‍ തെരുവിലേക്കിറങ്ങേണ്ടി വരും.
അതുകൊണ്ട് ഞാന്‍ കവിതകളെ ഗര്‍ഭത്തിലേ കൊന്നു.
മാസം തികയാതെ പെറ്റ കവിതകളെ
ട്രങ്കുപെട്ടിയുടെ ഇരുട്ടില്‍ മുക്കിത്താഴ്ത്തി.
നോവലുകളെ മാത്രം പെറ്റു, ചിലപ്പോള്‍ കഥകളേയും.
അതല്ല ഇപ്പോഴെന്‍റെ പ്രശ്നം
ഇന്ന് ഞാനൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി.
എനിക്കൊന്നു പ്രസവിക്കണം.
മാസം തികഞ്ഞിട്ട് കൊല്ലം കഴിഞ്ഞു, ഞാന്‍ പെറുന്നില്ല.
ആഞ്ഞു മുക്കി നോക്കി,
അനക്കിയും ഞെക്കിയും നോക്കി,
നോവല്‍ പുറത്തേക്കു വരുന്നില്ല.
വല്ലാതെ വൈകി, ഇനി കൊല്ലുന്നതെങ്ങിനെ?
എനിക്കു പ്രസവിക്കണം.
ഈ ഗര്‍ഭവും താങ്ങി ഇനി വയ്യ
എനിക്കൊന്നുറങ്ങണം.
മറ്റൊരു സുരതത്തിനായ് മനസ്സുതുറന്നു വെച്ച്,
ഒരു കവിതയുടെ ബീജം സ്വപ്നം കണ്ടെനിക്കുറങ്ങണം.
പക്ഷേ ആദ്യം ഈ മനസ്സൊന്നൊഴിക്കേണ്ടേ.
ഇത്ര വലിയൊരു നോവലിനെ ഗര്‍ഭം ധരിക്കേണ്ടായിരുന്നു.
കഥകളായിരുന്നു ബെസ്റ്റ്.
ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കിട്ടും.
ആറുവരെ കിട്ടിയവരുണ്ടത്രെ!
പിറക്കാനിരിക്കുന്ന കുഞ്ഞിക്കണ്ണുള്ള കവിതകളെ
സ്വപ്നം കണ്ടെനിക്കൊന്നുറങ്ങാന്‍
എനിക്കു പ്രസവിച്ചേ മതിയാവൂ.
ഞാന്‍ ഗുജറാത്തില്‍ പോവും.
അവിടെ ഗര്‍ഭം വെട്ടിപ്പൊളിച്ച്
കുഞ്ഞിനെ വാളിലും ശൂലത്തിലും കോര്‍ത്തെടുക്കുന്ന
സര്‍ക്കാര്‍ ഡോക്ടര്‍മാരുണ്ടത്രെ!*
(അതിനു ഞാനെന്‍റെ നെറ്റിയിലെ ചന്ദനക്കുറി മായ്ക്കണം)
എന്തായാലും എനിക്ക് പ്രസവിച്ചാല്‍ മതി
അതിന് ഞാന്‍ ഗുജറാത്തില്‍ തന്നെ പോവും!!
___________________________________________
* നിങ്ങളും വായിച്ചിരിക്കും ആ വാര്‍ത്ത. സച്ചിതാനന്ദന്‍റെ കവിതയും.
പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയര്‍ വാളാല്‍ നെടുകെപ്പിളര്‍ന്ന്
ചോരക്കുഞ്ഞിനെ ശൂലത്തില്‍ കോര്‍ത്തെടുത്ത രാക്ഷസര്‍
പിറന്നതും ഈ മണ്ണില്‍ തന്നെയല്ലേ, നമുക്ക് ഒട്ടകപ്പക്ഷികളാവാം..
കണ്ണടച്ച് ഇരുട്ടാക്കാം.
14 Comments:
അങ്ങിനെ എത്രയോ രാക്ഷസന്മാർ….. തീവണ്ടിയിൽ യാത്ര ചെയ്തിരുന്നവരെ ചുട്ടുകൊന്നവരും ഈ രാക്ഷസന്മാർ…. ബാക്കിയുള്ളവരും രാക്ഷസന്മാരാണെന്ന് തെളിയിച്ചുകൊടുത്തത് ആ ചുട്ടുകൊല ആയിരുന്നല്ലോ… അതുപോലെ, അമ്പലത്തിനകത്തുനിന്ന പിഞ്ചുകുഞ്ഞിനെ വന്ദേമാതരം പാടിച്ച ശേഷം വെടിവെച്ചുകൊന്നവരും ഈ രാക്ഷസന്മാർ തന്നെ. ഒരു യുവാവിനെ, അവൻ ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്നു, പ്രചരിപ്പിക്കുന്നു,എന്ന കാരണങ്ങളാൽ കുത്തിക്കീറിയവരും ഈ നാട്ടിൽത്തന്നെ. കാശ്മീരിലെ അനേകായിരങ്ങൾ ദിനംപ്രതി കൊല്ലപ്പെടുമ്പോഴും സ്വന്തം നാട്ടിൽത്തന്നെ അവർ അഭയാർത്ഥികളായി കഴിയുമ്പോഴും അതൊക്കെ പാക്കിസ്ഥാൻ എന്നു പറഞ്ഞ് നമുക്ക് ഒട്ടകപ്പക്ഷികളാകാം. എന്തിനധികം, പിഞ്ചുകുഞ്ഞുങ്ങളുടെ മുൻപിൽവെച്ച് ഒരധ്യാപകനെ വെട്ടിക്കീറിയ രാക്ഷസന്മാർ നമ്മുടെ നാട്ടിൽത്തന്നെയുണ്ടല്ലോ. അതിനു പകരം വീട്ടാൻ അച്ഛന്റെയും അമ്മയുടെയും മുൻപിലിട്ട് മകനെ വെട്ടിക്കൊലപ്പെടുത്തിയ രാക്ഷസന്മാരും ഇവിടെത്തന്നെ. ഓരോ പ്രാവശ്യവും, “ഇത് മറ്റവരുടെ പ്രശ്നം” എന്ന് പറഞ്ഞ് നമുക്കെല്ലാവർക്കും ഒട്ടകപക്ഷികളാകാം… നഷ്ടപ്പെടുന്നതാർക്ക്? എന്ന് നമ്മൾ ഇതെല്ലാം മനസ്സിലാക്കും? എങ്ങിനെ ഇതിനെല്ലാം ഒരു അവസാനം ഉണ്ടാകും? ആരാണ് ഇതിനെല്ലാം കാരണക്കാർ?
സാക്ഷിയണ്ണന്റെ ടച്ചിംഗ് പോസ്റ്റു വായിച്ച് കമന്റിയതിനിടയ്ക്ക് ഒരു കാര്യം പറയാൻ വിട്ടുപോയി. താങ്കളുടെ പോസ്റ്റുകൾ പോലെ മനോഹരമായിരിക്കുന്നു, ചിത്രങ്ങളും. അഭിനന്ദനങ്ങൾ. സാക്ഷി ഒരു ചിത്രകാരനുംകൂടിയാണല്ലേ...
കവിതാപാരയാണം കുറവാണ്. എൻകിലും ഇത് മനസ്സിൽ തട്ടി. അയൽക്കാരൻ സച്ചിദാനന്ദൻ ഇത്രത്തോളം പ്രസിദ്ധനാണെന്നറിഞ്ഞിരുന്നില്ല. നാട്ടിൽ പോകുമ്പോൾ പറയാം വിദ്വാനോട് ബ്ലോഗന്മരെ പറ്റിയും അവരുടെ കവിതകളെ പറ്റിയും.
അരാഷ്ട്രീയവാദം ഒരു ഫാഷനാക്കിമാറ്റാന്‍ മാധ്യമലോകത്തിനു സാധിച്ചിട്ടുണ്ട്.
എല്ലാം കള്ളന്മാരാണു
എനിക്കു രാഷ്ട്രീയത്തില്‍ തല്‍പര്യമില്ല
നിഷ്പക്ഷത.
ഇത്രയുമൊക്കെ കൈവരിക്കാമെങ്കില്‍ പിന്നെ ഒട്ടകപ്പക്ഷികളാകേണ്ട ആവശ്യമുണ്ടോ?
കൂട്ടത്തില്‍ പറഞ്ഞോട്ടെ, ആ ബ്രഷില്‍ നിന്നും നിറങ്ങളും, ചിന്തകളും വറ്റാതിരിക്കട്ടെ.
എന്തൊരു ഭംഗ്യാ, വരകൾക്കും, വരികൾക്കും, വർണങ്ങൾക്കും.
ഞങ്ങടെ ത്രിശ്ശൂര് റെയില്വെയ് സ്റ്റേഷന്റെ അടുത്തൊരു സ്ഥലത്തു മതിലിമ്മിൽ കണ്ടതാ-
" കേരളത്തിലെ വിദേശ മതങ്ങൾ ഹിന്ദു മതത്തിന്റെ ഔദാര്യം"
കൊറേ ദിവസായിട്ട്‌ണ്ടാവണം ആ പോസ്റ്റർ അവടെ വന്നിട്ട്. ഒരറ്റം പോലും പറിഞ്ഞോ, പറിച്ചോ പോയിടില്യ.
എവടെ പോയി മുഖം പൂഴ്തും?
സാക്ഷി കുട്ടികളേ! മടിക്കാതെ കടന്നു വരൂ...
കേരളത്തിലെ വിദേശ മദ്യങ്ങൾ ഹിന്ദു മദ്യത്തിന്റെ ഔദാര്യം എന്നു മാറ്റിവായിക്കൂ ആദിത്യാ!
ആദിത്യോല്‍പ്രേക്ഷാലംകൃതി (വക്കാരിക്കു ക്രെഡിറ്റ്, നളനു ഡെബിറ്റ്)
മദ്യത്തിന്നധര്‍മ്മയോഗത്താല്‍
അചിന്ത്യ താനനല്ലയോ ആദിത്യനെന്ന്
വര്‍ണ്യത്തിലാശങ്കവന്നാല്‍ ബൂസ്പ്രേക്ഷാലംകൃതി.
“വായ്ക്കുന്നൂ ബ്ലോഗിനു വർണ്ണങ്ങൾ
വായിക്കുന്നൂ വരികളിൽ ദണ്ണങ്ങൾ”
പക്ഷേ ഒരു വിഷയത്തിൽ ഊന്നൽ കൊടുക്കുകയല്ലേ നല്ലതു് എന്നൊരു ശങ്ക ഇല്ലാതില്ല. ഇനി എന്റെ ആസ്വാദന നിലവാരത്തിന്റെ പ്രശ്നമാവാനും മതി കേട്ടോ.
----
അടിച്ചു ഫിറ്റായാണോ നളാ കമന്റാനിരുന്നതു്?
സാക്ഷിയുടെ വരകളും വര്‍ണങ്ങളും , ചിത്റകലയെ കുറിചു ഒന്നും അറിയാത്ത ഗന്ധറ്‍വനെ പോലും വളരെ ആകര്‍ഷിക്കുന്നു. സാക്ഷി ഈ ലോകതിന്റെ സാക്ഷി പത്റമാണു താനെന്നു വിളിച്ചോതുന്നു.
പാവം ഞങള്‍. ഞങള്‍ ചിത്രങള്‍ കാണാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഐ.എസ്.പി. പറയുന്നു ചിത്രങള്‍ നല്ലതല്ല അക്ഷരങള്‍ മാത്രം നോക്കൂന്ന്. സാക്ഷി ഇതൊന്നും കാണുന്നില്ലേ? -സു-
:) കവിതയും കഥകളും വന്നോട്ടെ.
എന്തൊക്കെ കാണണം എന്റെ ലോകനാർക്കാവിൽമമ്മീ....
അവിടെ അപ്രത്ത് വർണമേഘം ഗർഭം അങ്ങോട്ടുറക്കുന്നില്ലെന്നു പറഞ്ഞു കരയുന്നു...
ഇപ്രത്തു സാക്ഷിക്ക് പൂർണ്ണഗർഭം...
ഒരു സാഹിത്യ സൂതികർമ്മിണിയുടെ പോസ്റ്റ് ഒഴിവുണ്ടല്ലെ?...
“മാറ്റിവായിക്കൂ ആദിത്യാ!“ എന്നുള്ളതു “മാറ്റിവായിക്കൂ ആചിന്ത്യേ!“ എന്നു മാറ്റിവായിക്കൂ ആചിന്ത്യേ!.
കെട്ടിറങ്ങിയത് ഇപ്പോഴാ സിദ്ധാര്‍ത്ഥാ.
Post a Comment
<< Home