Monday, January 18, 2010

ദൈവങ്ങള്‍ ഉണ്ടാകുന്നത്..

അയാള്‍ നരച്ച തല ചുമലുകളില്‍ തൂക്കിയിട്ട് കാല്പാദത്തില്‍ മിഴികളൂന്നിയിരുന്നു.
ചവിട്ടുന്ന മണ്ണിന് ചോരയുടെ നനവ്,
ശ്വസിക്കുന്ന വായുവിന് ചീഞ്ഞമാംസത്തിന്‍റെ ഗന്ധം.
ചെവികളില്‍ അത്മാക്കളുടെ കരച്ചില്‍.
അയാള്‍ പരീക്ഷണീയനായിരുന്നു.
"പലായനം!"
ചുറ്റുമുള്ള നിഴലുകള്‍ അയാളോടു് അലറി.

"പിതാവേ, നിന്‍റെ മക്കള്‍ ഓരോരുത്തരായി പിടഞ്ഞു വീഴുന്നതു നീ കാണുന്നില്ലേ.
നീ അനുഗ്രഹിച്ച, പോറ്റിവളര്ത്തിയ, എന്‍റെ വംശം
ഇവിടെ അവസാനിക്കണമെന്നാണോ? "
അയാള്‍ ആകാശത്തേക്കു നോക്കി; അധികാരദണ്ഡില്‍ തെരുപ്പിടിച്ചു.
"എവിടെ വഴികാട്ടിയായി നീ അയച്ച ദൂതന്‍? "

തിരിഞ്ഞുനോക്കാന്‍ അയാള്‍ ഭയന്നു.
കണ്ണുകളിലേക്കു നീളുന്ന കുറ്റപ്പെടുത്തലുകളുടെ കുന്തമുനകള്‍
എങ്ങനെ പ്രതിരോധിക്കും?
കണ്ണടച്ചാലും വരുന്നതിരുട്ടല്ലല്ലോ പിന്നില്‍ വീണുപോയ പ്രിയപ്പെട്ടവരുടെ
അവസാന നോട്ടങ്ങളല്ലെ.
പിറന്നുവീണ മണ്ണും മാടവുമുപേക്ഷിച്ച് കൂടെവരാന്‍ നീ വിളിച്ചത് മരണത്തിലേക്കായിരുന്നോ?
മഴക്കൊരു ദൈവം, കാറ്റിനൊരു ദൈവം, പകലിനൊരു ദൈവം രാവിനൊരു ദൈവം, കാലത്തിനു മറ്റൊരു ദൈവം..
തീയിനും നീരിനും കാടിനും കടലിനും എന്തിന് ചവിട്ടുന്ന മണ്ണിനു വരെയുണ്ടായിരുന്ന ദൈവങ്ങളെയുപേക്ഷിച്ച് ഞങ്ങള്‍ വന്നില്ലേ? എന്നിട്ടെവിടെ നീ പറഞ്ഞ സ്വപ്നഭൂമി?
എന്തു മറുപടി പറയും?
ഇന്ന് മുഖത്ത് തെറിച്ചുവീണത് പക്ഷെ തന്‍റെ പ്രിയപുത്രന്‍റെ രക്തമായിരുന്നു.
ആദ്യം അറ്റുവീഴേണ്ട ശിരസ്സ് ഇനിയും ബാക്കി.

അയാള്‍ വീണ്ടും ആകാശത്തേക്കു നോക്കി.
ചന്ദ്രനെ മറച്ചുകൊണ്ട് മേഖങ്ങള്‍ നിറയാന്‍ തുടങ്ങിയോ. കാറ്റില്‍ വെളിച്ചം ചിതറിത്തെറിച്ചു.
അയാളടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
ചെവിയോര്‍ത്തപ്പോള്‍ അകലെ മഴയുടെ ഇരമ്പം.
പ്രിയജനങ്ങളുടെ വിയോഗത്തിലും അലറിച്ചിരിച്ചുപോയി.
തിരിഞ്ഞ് നിന്ന് അധികാര ദണ്ഡ് തലക്കുമുകളിലുയര്ത്തിപ്പിടിച്ചു.
"കുഞ്ഞുങ്ങളെ ഒരുങ്ങിക്കൊള്ളുക.
പുറപ്പെടാന്‍ സമയമായി.
പിതാവ് നമുക്കായി അയച്ചിരിക്കുന്ന വഴികാട്ടി നമ്മെ കാത്തു നില്‍ക്കുന്നു.
പിതാവ് നമുക്ക് അടയാള ചിഹ്നങ്ങള്‍ കാട്ടിത്തന്നിരിക്കുന്നു"

അവര്‍ ചിലമ്പി;
"പലായനം.. പലായനം"
അവര്‍ പകുതിയിലും താഴെയായി ചുരുങ്ങിയിരുന്നു.

" നമുക്ക് പടിഞ്ഞാറു ദിക്കിലേക്ക് യാത്രതിരിക്കാം.
നമ്മുടെ ദൂതന്‍ അവിടെ കാത്തു നില്‍ക്കുന്നു.
വഴികാണിക്കാന്‍ ഇനി നമുക്ക് ദിക് ദൈവങ്ങള്‍ വേണ്ട.
എല്ലാ ദൈവങ്ങള്‍ക്കും മുകളിലേക്കാണീ യാത്ര.
നമുക്കിനി നമ്മളാണ് ദൈവങ്ങള്‍.
എന്‍റെ പിന്നില്‍ അണിചേരുക.
ശത്രുക്കളുടെ ചതിക്കുഴികളില്‍ ആദ്യം ഞാന്‍ വീണുകൊള്ളാം.
നാഗത്തിന്‍റെ ആദ്യത്തെ ദംശനം എന്‍റെ പാദത്തിലായിരിക്കട്ടെ."
പിന്നില്‍ നിന്നുയര്ന്ന തേങ്ങല്‍ അയാള്‍ കേട്ടില്ലെന്നു നടിച്ചു.

"സ്ത്രീകളെ നിങ്ങള്‍ ചുമലില്‍ ചുമന്നുകൊള്ളുക.
അവര്‍ നാളത്തെ നമ്മുടെ വംശപരമ്പരയുടെ വിളനിലങ്ങളാണ്.
നമ്മുടെ നാളെയെ അവര്‍ ഉദരത്തില്‍ ചുമന്നുകൊള്ളും.
അവസാനത്തെ ആണും പെണ്ണും ബാക്കിയാവുന്നതു വരെ യാത്രതുടരുക."

അയാള്‍ നടന്നുകൊണ്ടേയിരുന്നു. പടിഞ്ഞാറു ദിക്കില്‍ ദൂതന്‍ കാത്തുനില്‍പ്പുണ്ട്,
സ്വപ്നഭൂമിയിലേക്ക് അവരെ വഴികാണിക്കാനായി.
അവിടെ മഴയും കാറ്റും പകലും രാവും തീയും നീരും കാടും കടലും മണ്ണും മാനവും
ശ്വസിക്കുന്ന വായുവും എല്ലാം അവരുടേതാണ്.
എല്ലാത്തിന്റേയും ദൈവം അവര്‍ തന്നെയാണ്.
അയാള്‍ നടന്നുകൊണ്ടേയിരുന്നു.

മാനത്തു നിറഞ്ഞ മഴക്കാര്‍ കാറ്റ് കൊണ്ടുപോയത് അയാളറിഞ്ഞില്ല.
ദിക്കറിയാന്‍ പിതാവു നല്‍കിയ അടയാളങ്ങള്‍ അയാള്‍ കണ്ടില്ല.
കണ്ണുകളിലപ്പോഴും പെയ്തൊഴിയാത്ത മഴമേഘങ്ങളായിരുന്നല്ലോ.
അടയാളങ്ങള്‍ കൊടുത്ത് പിതാവിനും മടുത്തുതുടങ്ങിയിരുന്നു.
കാലടി തെറ്റാതെ പിന്തുടരേണ്ടവര്‍ ദിക്കു തെറ്റിയും തെറ്റിച്ചും വഴിപിരിഞ്ഞു പോയതുമറിയാതെ
അയാള്‍ നടന്നുകൊണ്ടേയിരുന്നു.
പാദങ്ങള്‍ ചോര കിനിഞ്ഞതും അധികാരദണ്ഡ് ചിതലരിച്ചതും അയാളറിഞ്ഞില്ല.
അയാള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
കാത്തുനിന്ന ദൂതനോ കാത്ത് കാത്ത് വേരിറങ്ങി മറ്റൊരു മരദൈവമായി.

Labels: ,

7 Comments:

Blogger പട്ടേപ്പാടം റാംജി said...

അധികാരഭണ്ഡ് ചിതലരിക്കുന്നതറിയാതെ സഞ്ചരിക്കുന്നവരും, കാത്ത്‌ കാത്ത്‌ വേരിറങ്ങങ്ങുന്ന ദൂതന്‍ മരദൈവമാകുന്നതും..എല്ലാം മനോഹരമാക്കി ദൈവത്ത്തിലൂടെ അവതരിപ്പിച്ചത്‌ ഭംഗിയായി.
ആശംസകള്‍.

1/18/2010 10:38 PM  
Blogger ചിത്രഭാനു Chithrabhanu said...

"ആദ്യം അറ്റുവീഴേണ്ട ശിരസ്സ് ഇനിയും ബാക്കി"
മരദൈവമാകുന്ന ദൂതന്‍.....സ്വപ്നങ്ങള്‍ ഇനിയും ബാക്കി..

1/19/2010 3:35 AM  
Blogger സജീവ് കടവനാട് said...

അവസാനം അവസാനം ആകുമ്പോഴേക്ക് രാജീവ് തന്റെ സിദ്ധമായ ഭാഷയിലേക്ക് ഉയര്‍ന്നു. കഥയിലെ രാഷ്ട്രീയവും കൊള്ളാം

1/19/2010 1:02 PM  
Blogger Rasheed Chalil said...

:)

കിനാവിന്റെ കമന്റിന് താഴെ ഒരൊപ്പ്.

1/19/2010 2:24 PM  
Blogger താരകൻ said...

the story stirs the nostalgic memmory of amateur theatre..good

1/20/2010 2:20 PM  
Blogger vinus said...

പലായനത്തിന്റെ മനശാസ്ത്രം നന്നായി

1/28/2010 4:44 PM  
Blogger നന്ദന said...

ദൈവത്തേയും ദൂതനേയും തേടിയുല്ല ഈ അലച്ചൽ നന്നായിരിക്കുന്നു.

2/01/2010 8:42 AM  

Post a Comment

<< Home

Creative Commons License