രൂപാന്തരം
"എനിക്കു മലയാളം പഠിക്കണം"
അവള്‍ ദേവന്‍റെ മുഖത്തുനോക്കുന്നുണ്ടായിരുന്നില്ല.
എന്തിനെന്ന് ദേവന്‍ ചോദിക്കില്ലെന്നറിയാമായിരുന്നിട്ടും അവള്‍ വെറുതെ ആശിച്ചു.
ചോദിക്കുകയാണെങ്കില്‍ "എനിക്ക് ദേവന്‍റെ പുസ്തകങ്ങളെല്ലാം വായിക്കണമെന്ന്"
ആവേശത്തോടെ പറയണം.
പക്ഷെ ദേവന്‍ കൃഷ്ണമണികള്‍ മാത്രമുയര്‍ത്തി അവളെ നോക്കി.
കണ്ണുകളില്‍ അവള്‍ക്കുമാത്രം തിരിച്ചറിയാവുന്ന ചിരി.
ദേവനിത് പ്രതീക്ഷിച്ചിരുന്നു.
പത്രക്കാരുടെ ചോദ്യം അയാളും കേട്ടിരുന്നുവല്ലോ.
മലയാളമറിയില്ലെന്നും ദേവന്‍റെ ഒരു പുസ്തകവും ഇതു വരെ വായിച്ചിട്ടില്ലെന്നും
എങ്ങിനെ അവരോട് പറയും.
ഒരുമിച്ചുള്ള ഒരു ഫോട്ടോയെടുക്കാനാണെന്നു പറഞ്ഞതുകൊണ്ടാണ്
അവള്‍ പൂമുഖത്തേയ്ക്കു വന്നത്.
അല്ലെങ്കില്‍ എല്ലാം കേട്ടുകൊണ്ട് അകത്തെ മുറിയില്‍ കമിഴ്ന്നു കിടക്കുകയേയുള്ളൂ.
എവിടെയും താന്‍ ഒരധികപ്പറ്റാണെന്ന് അവള്‍ കരുതി.
എത്ര ശ്രമിച്ചിട്ടും മറിച്ചൊന്ന് സ്ഥാപിക്കാനോ
അവളെ വിശ്വസിപ്പിക്കാനോ ദേവന് കഴിഞ്ഞുമില്ല.
ഫോട്ടോ സെഷനിടയില്‍ അങ്ങനെ ഒരു ചോദ്യം ദേവനും പ്രതീക്ഷിച്ചിരുന്നില്ല.
അശ്വിനിയോടു ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന്
ദേവന്‍ പ്രത്യേകം പറയുകയും ചെയ്തിരുന്നു.
പേരു ചോദിച്ചപ്പോള്‍ അവള്‍ സോഫിയയെന്നും
ദേവന്‍ അശ്വിനിയെന്നും പറഞ്ഞതുതന്നെ പത്രക്കാരില്‍ ചിരി പടര്‍ത്തി.
ദേവനെ ദയനീയമായൊന്നു നോക്കിയിട്ട് അവള്‍ തിരുത്തി "അശ്വിനി സോഫിയ'!
അവളെന്നും സോഫിയയെന്നു വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്.
സോഫിയ അവളുടെ അമ്മയുടെ പേരായിരുന്നു.
അശ്വിനി അവള്‍ക്ക് അച്ഛനിട്ട പേരും.
അതുകൊണ്ടു തന്നെ പേരിന്‍റെ ആദ്യഭാഗത്തോട് അവള്‍ക്ക് വെറുപ്പായിരുന്നു.
അശ്വിനിയുടെ കൂടെ സോഫിയയെന്നുള്ള പേര് അവള്‍ സ്വയം കൂട്ടിച്ചേര്‍ത്തു,
അവളൊറ്റയ്ക്കല്ലെന്നു ബോധ്യപ്പെടാന്‍.
ദേവന്‍ ഒരിക്കലും അവളെ സോഫിയയെന്നുവിളിച്ചിട്ടില്ല.
അശ്വിനിയായിരുന്നു ദേവനിഷ്ടം.
ദേവനോടൊഴികെ അശ്വിനിനിയെന്നു വിളിച്ചവരോടൊക്കെ സോഫിയ കയര്‍ത്തു.
അറിയാവുന്ന മലയാളത്തില്‍ അര്‍ത്ഥമറിയാതെ ചീത്ത വിളിച്ചു.
അശ്വിനിയെന്ന വിളി അച്ഛനെയോര്‍മ്മിപ്പിക്കുന്നു.
അപ്പോള്‍ വായില്‍ ചോരയുടെ ഉപ്പ് ചവര്‍ക്കും.
പിന്നെ കയ്യിലെ ചോര കാണാതിരിക്കാന്‍ ഇരുട്ടില്‍ മുഖം പൂഴ്ത്തുന്ന
അമ്മയുടെ കണ്ണീരിന്‍റെ തിളക്കം.
അവള്‍ ദേവന്‍റെ മാറില്‍ മുഖം ചേര്‍ത്ത് കരയും.
മലയാളം വായിക്കാനറിയാത്തതില്‍ അവളേറ്റം വേദനിച്ച ദിവസമായിരുന്നുവത്.
രാത്രി ദേവന്‍റെ മാലയിലെ ആലിലകൃഷ്ണനെ തലോടി സോഫിയ വീണ്ടും പറഞ്ഞു,
"എനിക്ക് ദേവനെഴുതിയതെല്ലാം വായിക്കണം.
ഉണ്ണിയോടൊന്നു പറയൂ എന്നെ മലയാളം പഠിപ്പിക്കാന്‍"
ദേവന്‍ അപ്പോഴും കണ്ണുകള്‍ കൊണ്ടു ചിരിച്ചു.
അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സോഫിയക്ക് കുഞ്ഞുങ്ങളുടെ മനസ്സായി.
'ആ' തുമ്പിക്കൈ താഴ്ത്തി നില്ക്കുന്ന ആനയെപ്പോലെയാണെന്നും
'ഇ' കൂഞ്ഞിക്കൂടിയിരിക്കുന്ന ഒരമ്മുമ്മയാണെന്നും അവള്‍ ദേവനോടു പറഞ്ഞു.
ഒരു രാത്രി അയാളോട് ചേര്‍ന്ന് കിടന്ന് അവള്‍ പറഞ്ഞത്
'ഋ'ന് അവളുടെ അച്ഛന്‍റെ ഛായയുണ്ടെന്നാണ്.
അവളെ പൊള്ളുന്നുണ്ടായിരുന്നു!
രാത്രിയില്‍ ഒന്നുരണ്ടു പ്രാവശ്യം അവള്‍ ഞെട്ടിയുണര്‍ന്നു.
രോമങ്ങള്‍ നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ള 'ഋ'
അവളുടെ മേല്‍ അമര്‍ന്ന് കിടന്ന് അവളെ ശ്വാസം മുട്ടിക്കുന്നതായി
അവള്‍ സ്വപ്നം കണ്ടു,
കൂടെ ചോരപുരണ്ട അമ്മയുടെ വെളുത്ത കൈകളും!
രാവിലെ സോഫിയ ഓഫീസിലേക്കു വിളിച്ചു,
അവള്‍ അയാളുടെ പുസ്തകം വായിക്കാന്‍ തുടങ്ങിയത്രെ!
ഭാഗ്യം അവള്‍ അക്ഷരങ്ങളെ അക്ഷരങ്ങളായി കണ്ടുതുടങ്ങിയിരിക്കുന്നു.
രാത്രി വന്നപ്പോള്‍ ഇരുട്ടിന്‍റെ മൂലയില്‍
സോഫിയ ചുരുണ്ടുകൂടിയിരിക്കുന്നുണ്ടായിരുന്നു,
മറച്ചുപിടിച്ച കൈകളിലെ ചോര കറുത്തുതുടങ്ങിയിരുന്നു.
"രോമം നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ളൊരു ഋ.."
അവള്‍ മൂലയിലേയ്ക്ക് കൂടുതലൊതുങ്ങി.
"ഉണ്ണിയെവിടെ?"
അറിയാതെ പുറകിലേക്കു ചാരിയത് ചുമരിലല്ല ഇരുട്ടിലായിരുന്നെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
Labels: കഥ
44 Comments:
കഥ നിറയുന്ന ഒരു കഥ!
ഇതിടാന്‍ ഇത്രയും വൈകാന്‍ ഞാനൊരു കാരണക്കാരിയായതിന് എനിക്കെന്നോട് ദേഷ്യം തോന്നുന്നു.
ഉണ്ണിയും ‘ഋ‘ ആയോ? ഒന്ന് കൂടി വായിക്കട്ടെ.
എഴുത്തും വരയും കേമം!
അശ്വനിയും സോഫിയയും ഏറ്റുമുട്ടതിരുന്നെങ്കില്‍ അല്ലേ..
സാക്ഷി.. ചിത്രവും കഥയും മനോഹരം.
എന്റെ സാക്ഷീ, കൊലപാതകം ഒരു ഹോബിയാക്കിയിരിക്കുകയാണല്ലെ. അങ്ങനെ ഉണ്ണിയേം കൊന്നു (അങ്ങനെ തന്നെയല്ലെ?)
സാക്ഷിയുടെ കഥകളില്‍ എല്ലാം ഉണ്ണിയും, കൊലപാതകവും, വിഭ്രാന്തിയും, ഒറ്റപ്പെടലും ഒക്കെ സ്ഥിരമായി കാണുന്നു. ഇടയ്ക്ക് ഒരു ചെയിഞ്ചൊക്കെ ആവാം ;)
സാക്ഷി, ചിത്രം എന്തോ എനിക്കത്ര പിടിച്ചില്ല. കഥ ഇഷ്ടമായി, ക്ലൈമാക്സ് വിഷമിപ്പിച്ചുവെങ്കിലും.
സാക്ഷീ,
വയ്യ... ഇതു വായിച്ചു തീര്‍ക്കുവാന്‍..
‘ഋ‘ എന്ന അക്ഷരം ഒന്നാം ക്ലാസ്സിലെ പാഠപ്പുസ്തകത്തിലെ ഋഷി യെ ആണു ഇതുവരെ ഓര്‍മിപ്പിച്ചിരുന്നത്, കമണ്ഡലുവുമായി ധ്യനനിമഗ്നനായി ഇരിക്കുന്ന ഋഷി യെ .
പക്ഷേ ഇപ്പൊള്‍.. വയ്യ
വെറുക്കുന്നു ഞാന്‍, ‘ഋ‘ നെ... :(
സാക്ഷീ...എല്ലാ കഥകളും വായിക്കാറുണ്ട്. കമന്റ് ചെയ്യുന്നത് ഇതാദ്യം. പതിവു പോലെ തന്നെ കഥയും ചിത്രവും മനോഹരം ആയിട്ടുണ്ട്.
അസ്സലായെഴുതിയിരിക്കുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ക്കു മാത്രമാണെന്നു തോന്നുന്നു രാജീവിനു ക്ഷാമം. കഥകള്‍ക്കൊരു ക്ഷാമവുമില്ല.
സാക്ഷീ,
തൊട്ടൂ മുന്‍പിലത്തെ പോസ്റ്റും നൊക്കി . ഈപൊസ്റ്റും,
സ്ത്രീ രൂപം ഒരേ പോലെ.
കളറുകളും. ഒരു മാറ്റം ഒക്കെ ആകാംന്നു തോന്നണു.. :)
This comment has been removed by a blog administrator.
ശ്വാസം മുട്ടിക്കുന്ന ഓര്‍മകളുടെ രോമാവൃതമായ ബലിഷ്ടകരങ്ങള്‍ എന്നും ആ ഹത:ഭാഗ്യയെ വേട്ടയാടുന്നു.
ഫലം മാനസികാപഭ്രംശം, എന്നും ഉള്ളിലെ വീര്‍പ്പുമുട്ടിക്കുന്ന അപകര്‍ഷത,
പുറമ്ലോകത്തോടുള്ള ഭയം.
താളം തെറ്റിയൊരു മനസ്സിനെ സോഫിയയുടെ വരികളിലൂടേയും, അശ്വിനിയുടെ ചിത്രം വഴിയും അസൂയാര്‍ഹമാം വിധം സാധിച്ചെടുത്തിരിക്കുന്നു സാക്ഷിയുടെ രാജീവ നയനങ്ങള്‍ അവയുടെ ഉള്‍ക്കാഴ്ച്ചകള്‍.
“ഋ“ എനിക്ക് ഞണ്ടുകളുടെ ഓര്‍മ തരുന്നു.
കഥ മനോഹരം സാക്ഷീ..അതെ പെരിങ്ങോടന്‍ പറഞ്ഞതിനോട് യോജിക്കട്ടെ..ഉണ്ണി എന്ന പേര് സാക്ഷിയുടെ പഴയ കഥകളിലെ അമ്മൂമ്മയുടെ ഉണ്ണികള്‍ക്ക് മാത്രം മതി. ഇറുക്കുന്ന ഞണ്ടുകള്‍ക്ക് വേണ്ട..പ്ലീസ്.
കഥയും വരയും കെങ്കേമം.
സാക്ഷീ എന്താണിങ്ങനെ? വിഭ്രമങ്ങളുടെ സൃഷ്ടാവായത്?....
മനുഷ്യന്റെ മൂഡ് പോയി.....
പതിവുപോലെ വളരെ നന്നായി. ഉണ്ണിയ്ക്ക് ഈ രൂപമാറ്റം വേണ്ടായിരുന്നു.
ഉണ്ണി വളര്‍ന്ന് ഇത്രേം വല്യൊരു ഏറു (ആ അക്ഷരം എനിക്ക് ടൈപ്പാന്‍ പറ്റുന്നില്ല).
സാക്ഷി പുലിക്കുട്ടാ.. പതിവില്‍ കൂടുതല്‍ തീക്ഷ്ണം!
ഉണ്ണി വളര്‍ന്ന് ഇത്രേം വല്യൊരു ഏറു (ആ അക്ഷരം എനിക്ക് ടൈപ്പാന്‍ പറ്റുന്നില്ല) ആയല്ലേ?
സാക്ഷി പുലിക്കുട്ടാ.. പതിവില്‍ കൂടുതല്‍ തീക്ഷ്ണം!
ഞാനും ഉണ്ണിക്കഥാപാത്രം സാക്ഷിയുടെ പഴയ ഉണ്ണിയായിരിക്കുമെന്നാണ് ഓര്‍ത്തത്. കമന്റുകളില്‍ നിന്നാണ് പിടികിട്ടിയത്.
തീഷ്‌ണം, മനോഹരം. വരെയെപ്പറ്റി ഒന്നും പറയുന്നില്ല. ഒരു കഴുതയില്ലാത്തെരുവ് ഒപ്പിക്കാന്‍ നോക്കുന്നു. അത് കഴിഞ്ഞാവട്ടെ, എന്റെ ആനയുടെ ഉടലൊപ്പിക്കാന്‍ :)
വ്യത്യസ്തമായ ഒരു കഥ.
പൂപോലെ ലോലയായ ഈ അശ്വിനി കുറച്ച് നേരത്തേക്കെങ്കിലും ഓര്‍മയില്‍ ഒരു നൊമ്പരമാകുന്നു.
ഒരു നല്ല കഥക്ക് ഇക്കണ്ടവരോടൊപ്പം ഞാനും
സാക്ഷി.
കൊല്ലണം, ഓരോ മുഖമില്ലാത്ത കറുത്ത രോമം നിറഞ്ഞ കയ്യും ചുവന്ന കണ്ണും മാത്രമുള്ള എല്ലാ ഋ ക്കളേയും കൊല്ലണം...കണ്ണകിമാരെയാണ് ഇന്നാവശ്യം.ഒരോ ചിതയ്ക്കുമൊപ്പം ഒരുത്തനെങ്കിലും ഒടുങ്ങിയാല്‍ ഒരു നല്ല നാളെയുണ്ടെന്ന് പ്രതീക്ഷിക്കാം.
ഓരോ വൈകൃതങ്ങളുടെയും അവശേഷിപ്പുകളാണ് ശരിക്കുമുള്ള നൊമ്പരങ്ങള്‍.
-പാര്‍വതി.
സാക്ഷീ... ഞങ്ങളുടെ ഉണ്ണി തന്നെയാണോ? ആളു മാറി അല്ലേ?
സാക്ഷീ,
ആ ചുവരില്‍ മെരുക്കിയിട്ട ചായക്കറകളില്‍ ദേവനുണ്ടോ? ഉണ്ണിയുണ്ടോ?
അതോ എന്റെ വെറും ചിത്തഭ്രമങ്ങളോ?
*** *** ***
സാക്ഷി തിരക്കുള്ളൊരു തിരക്കഥാകൃത്താവും ഒരു നാള്‍! :)
ഒന്നോ രണ്ടോ വരികളില്‍ ഓരോ ഉപകഥകള്‍ മുഴുവന്‍ തളച്ചിട്ടുകൊണ്ടുള്ള ഈ പ്രയാണം അനുപമം... :)
പറഞ്ഞതില്‍ കൂടുതല്‍ പറയാതെ വിട്ട വരികള്‍..
നന്നായിരിയ്ക്കുന്നു സാക്ഷീ. :)
ആദ്യമായാണ് സാക്ഷിയുടെ കഥ വായിക്കുന്നത്. ചിത്രം എനിക്കു വളരെ ഇഷ്ടപ്പെട്ടു. കഥയാകട്ടെ അല്പം നോവിച്ചു.
സാക്ഷീ,
കുറെക്കാലമായി സാക്ഷിയുടെ കഥകള്‍ വായിച്ചിട്ടു്. ഇതു വളരെ നന്നായി. രണ്ടു തവണ വായിക്കേണ്ടി വന്നു മുഴുവന്‍ മനസ്സിലാവാന്‍-എന്തിനു സോഫിയ അശ്വിനിയുടെ അച്ഛനെ കൊന്നു എന്നു മനസ്സിലാക്കാനും മറ്റും.
നല്ല കഥ. തീക്ഷ്ണം! ഷോക്കില്‍ നിന്നു് ഇനിയും മോചിതനായിട്ടില്ല.
ആഴമുള്ള വരികള്‍. 'ഋ'വിന്റെ അവതരണം ശക്തം.
ഭംഗിയുള്ള അവതരണം... :)
ശക്തമായ കഥ, സാക്ഷീ. രണ്ടുതവണ വായിച്ചു. ഇനിയും വായിക്കും!
qw_er_ty
സാക്ഷീ,
ഞാന്‍ വീണ്ടും വന്നു. കഥ ഒന്നു കൂടി വായിച്ചു.
ഉണ്ണിക്കു എന്റെ മനസ്സില്‍ എന്നും കുട്ടിത്തം.
പിന്നെ വിഭ്രാന്തി, മാതൃത്വത്തെ മറികടക്കും എന്നും വിശ്വസിക്കാന്‍ പ്രയാസം
അപ്പോള്‍ ചൊദിക്കാം, ഉണ്ണി മകനാണു എന്നു പറഞ്ഞില്ലല്ലൊ എന്നു. ഞാന്‍ അങ്ങനെ വായിച്ചു. :)
ഇപ്പോള്‍ ചിത്രം വ്യക്തം.
സു പരഞതു തന്നെ പറയാന്‍ തോന്നണു.
ഉണ്ണിക്കു ഈ ഭവ മാറ്റം വെണ്ടായിരുന്നു.
സാക്ഷീ
ആദ്യമൊക്കെ സാക്ഷീടെ കഥകള്‍ മാത്രമായിരുന്നു എനിക്ക് മനസ്സിലാവുമായിരുന്നത് ഇവിടെ...ഇപ്പൊ ബാക്കിയുള്ളതുമൊക്കെ കുറച്ച് കുറച്ച് മനസ്സിലാവുന്നുണ്ട്...ഞാന്‍ പഠിച്ച് പഠിച്ച് വരുന്നു..
സാക്ഷി പുലിക്ക് ചുമ്മാ ഗോമ്പ്ലിമെന്റ്സ് ഒന്നും വേണ്ടല്ലൊ...എന്നാലും അക്ഷരങ്ങള്‍ക്കുള്ളിലെ കഥകള്‍ കണ്ട് ഞാന്‍ അന്തം വിട്ട് ഇരിക്കുവാണ്.
അതൊരു വല്ലാത്ത ഫീലിങ്ങ് തരുന്നു..
ഒരു ചെറിയ കാര്യം കൂടി പറയട്ടെ,
എനിക്കിതിന്റെ ഏറ്റവും ലാസ്റ്റ് എന്തോ ഒരു സുഖം തോന്നിയില്ല. ആരെയോ കൊല്ലാന്‍ വേണ്ടി കൊന്ന പോലെ എനിക്ക് തോന്നുന്നു.
സാക്ഷി പരിഭവിക്കില്ലാന്ന് മനസ്സ് പറയുന്നെങ്കിലും എനിക്കൊരു പേടി..അതോണ്ട് പ്ലീസ് പരിഭവിക്കരുത്..
qw_er_ty
സാക്ഷി, കഥ ഇപ്പോഴാ വായിച്ചത്. നന്നായിട്ടുണ്ട്.
ഒരുപാട് പേരുടെ പോസ്റ്റുകള്‍ മിസ് ചെയ്തു. ഓരോന്നായി തപ്പി എടുത്ത് വായിച്ചു തീര്‍ക്കണം.. ഈ അവധി ദിവസങ്ങളില്‍.
സാക്ഷി വേറൊരു കാര്യം ചോദിച്ചോട്ടെ, നിങ്ങളുടെ വരകള്‍ എന്നൊരു ബ്ലോഗു കണ്ടിരുന്നു. അതില്‍ താങ്കളോടൊപ്പം കോണ്ട്രിബ്യൂട്ടര്‍ ആയിട്ട് ഒരു കുമാറിന്റെ പേരു കണ്ടു. അയാളിപ്പോള്‍ എവിടേ? ജയിലിലാണോ? എന്തിനാ അതിനെ അവിടെ വച്ചു പൊറുപ്പിക്കുന്നത്? തൂക്കി വെളിയിലെറിയു..
ജയിലില്‍ നിന്നും തൂക്കി വെളിയിലെറിയാനാണോ കുമാര്‍ജീ? അതിനകത്തുള്ള പലരും അങ്ങിനെ പറയുന്നുണ്ടെന്നാണ് കേട്ടത് :)
വക്കാരി, വേണ്ടാ വേണ്ടാ.. പൂജപ്പുര സെന്ട്രല്‍ ജയില്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉള്ളതാണ്. ബീഡിവാങ്ങണം എന്നു തോന്നുമ്പോള്‍ ഇടയ്ക്ക് ജയില്‍ ചാടും. അല്ലാതെ എന്നെ പുകച്ച് പുറത്തു ചാടിക്കാന്‍ ഒരുത്തനുമാകില്ല.
അതേയ് വായിച്ചിരുന്നൊ? രണ്ടു ദിവസം മുന്‍പുള്ള ഒരു വാര്‍ത്ത. ജയിലില്‍ പോകാന്‍ വേണ്ടി മോഷണം നടത്തിയ ഒരാളുടെ കഥ? ജയിലില്‍ ഭക്ഷണം കിട്ടും. സുഖം. അതാണത്രെ അയാള്‍ പറഞ്ഞ കാര്യം. മാത്രമല്ല, ഈ പുള്ളി മുന്‍പു ജയിലില്‍ കിടന്നപ്പോള്‍ ഭക്ഷണ ചുമതലയുള്ള ആളും ആയിരുന്നത്രെ.
വായിച്ചു. പത്രം മാറ്റിവച്ചു അവനെ നമിച്ചു.
“ഉദരനിമിത്തം...”
നല്ല കഥ.. മനോഹരമായ ചിത്രവും..
ഹ..ഹ.. വായിച്ചിരുന്നു. കലികാലം :)
നന്നായി എഴുതിയിരിക്കുന്നു എന്നു മാത്രം പറഞ്ഞാല്‍ അതൊരു understatement ആയിപ്പോകും.. അതിനു മേലോട്ട് പറയാനാണെങ്കില്‍ എനിക്ക് അറിയേമില്ല! ഷമി!
ഋ കാണുമ്പോള്‍ ‘സാധു ബീഡി‘ ഓര്‍മ്മ വരുന്നു!
ബൈ ദ ബൈ.. കഥയുടെ പരിണാമഗുസ്തിക്ക് വെറുതെ ഒരു extra അടി കൊടുത്തുവോ കഥാകാരന്‍ എന്നൊരു സംശയം!
നന്ദി. കൂടെക്കൂടെ വിളിച്ചും മെയില്‍ വഴിയും എന്നെ എഴുതാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്കും വായിച്ച് അഭിനന്ദിച്ചവര്‍ക്കും സസൂക്ഷ്മം നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും തിരുത്താന്‍ ശ്രമിച്ചവര്‍ക്കും സംശയങ്ങളും അവ്യക്തകളും മാറ്റാന്‍ വീണ്ടും വീണ്ടും വായിക്കാന്‍ ക്ഷമകാണിച്ചവര്‍ക്കും എല്ലാം നന്ദി.
കുമാറേട്ടന്‍, വരകള്‍ ബ്ലോഗ് ശാപം കിട്ടിയ ചമ്പാപുരി പോലെ വരണ്ടുകിടക്കുന്നത് കാണുന്നില്ലെ. അവിടെയിപ്പോള്‍ ഒരു പുല്‍നാമ്പ് പോലും കിളിര്‍ക്കുന്നില്ല. ഉണങ്ങിയ മരച്ചില്ലകള്‍ പിന്നിലുപേക്ഷിച്ച് കിളികള്‍ എന്നേ പറന്നകന്നു കഴിഞ്ഞു. ഒരിറ്റ് ദാഹനീരിനു വേണ്ടി ജനങ്ങള്‍ പലയാനം ചെയ്യുന്നു. അങ്ങയുടെ വിരല്‍ത്തുമ്പില്‍ നിന്നും ഇറ്റുവീഴുന്ന ഹവിസ്സിനുമാത്രമേ ഇനി വരകളെ തളിരണിയിക്കാന്‍ കഴിയൂ. വരൂ പാദസ്പര്‍ശത്താല്‍ (അതു വേണ്ട. കരസ്പര്‍ശത്താല്‍)വരകളില്‍ വരണ്ണങ്ങള്‍ പെയ്യിക്കൂ.
(അതോ ഇനി സുരകുംഭവുമായി വാത്സ്യായന ശിക്ഷ്യകളേ അയക്കണോ, വശീകരിക്കാന്‍)
നിങ്ങള് വരക്കാണ്ട് ഇങ്ങിനെ മടിച്ച് ഇരുന്നാല്‍ ഞാനും ബിന്ദൂട്ടിയും കേറി വരച്ചു കളയും...പിന്നെ പിടിച്ചാല്‍ കിട്ടൂല്ലാട്ടൊ...പറഞ്ഞില്ലാന്ന് വേണ്ടാ.. :-)
സാക്ഷീ,
ആദ്യമായിട്ടാണിവിടെ. ചിത്രങ്ങളിലൂടെ കണ്ണോടിച്ചു. നല്ല വര. കണ്ണുകളാണ് ഭാവം മനസ്സിലാക്കിത്തരുന്നതെന്നായിരുന്നൂ എന്റെ ധാരണ. പക്ഷേ സാക്ഷിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതൊരു തെറ്റിദ്ധാരണയാണെന്നു മനസ്സിലാവുന്നു :-)
കഥ എനിയ്ക്കു മനസ്സിലായില്ല എന്നും തോന്നുന്നു:-)
രൂപാന്തരം.. തീര്‍ത്തും ചേരുന്ന പേര്..സോഫിയയെ മനോഹരമായി എഴുതിയും വരച്ചും കാണിച്ചിരിക്കുന്നു.
ഇതു വായിച്ചിട്ട് എനിക്ക് കരച്ചില്‍ വന്നു
ദേവസേന
ഞാമ്പറഞ്ഞില്ലേ? ഒരു നാൾ...
സാക്ഷി തിരക്കുള്ളൊരു തിരക്കഥാകൃത്താവും ഒരു നാൾ...
:-)
പിന്നല്ലാതെ ... സാക്ഷി പൊളിക്കും ...
Post a Comment
<< Home