ഈയാമ്പാറ്റകള്‍

പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ പോയിനിന്നു. എത്ര കയ്യെത്തിച്ചിട്ടും അവള്‍ക്ക് മഴ തൊടാന്‍ കഴിഞ്ഞില്ല. കൈ നീട്ടും തോറും കാറ്റ് മഴയെ അവളില്‍ നിന്നും ദൂരത്തേക്ക് കൊണ്ടുപോയി. നാട്ടിലെ മഴയുടെ കരിമ്പച്ച നിറമില്ല. പുതുമണ്ണിന്‍റെ ഗന്ധമില്ല. നരച്ച മഴ. കാറ്റിന് ഉള്ളി ചീഞ്ഞ മണം. എന്നാണ് അവസാനാമായി ഒരു മഴ കണ്ടത്? പ്രതീക്ഷിക്കാതെയുള്ള മഴയായ കാരണം താഴെ ആളുകള്‍ ചിതറിയോടുന്നതു കാണാം. അതുകണ്ടപ്പോള്‍ അവള്‍ക്ക് കുതിര്‍ന്ന മണ്ണില്‍ നിന്നും ചീറ്റിത്തെറിച്ചുയരുന്ന ഈയാമ്പാറ്റകളെ ഓര്‍മ്മ വന്നു. വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മെഴുകുതിരി കത്തിച്ചുവെച്ച് അവള്‍ ഈയാമ്പാറ്റകളെ കൊല്ലാറുണ്ടായിരുന്നു. വെള്ളത്തില്‍ വീണ് ചിറകുകള്‍ വേര്‍പെട്ട് പുഴുക്കളെപ്പോലെ പിടഞ്ഞ്. ഒരു വലിയ പാത്രം കിട്ടിയിരുന്നെങ്കില്‍.. മെഴുകുതിരിക്കു ചുറ്റും പറന്ന് പാത്രത്തില്‍ വന്നുവീണ് പിടയുന്ന കന്തൂറയിട്ട ഈയാമ്പാറ്റകള്‍.. അവള്‍ക്കു ചിരിവന്നു. പറക്കാന്‍ മോഹിച്ച പുഴുക്കള്‍ തപസ്സുചെയ്തു ചിറകുനേടിയ കഥ പറഞ്ഞുതന്നതാരാണ്. അമ്മുമ്മയായിരിക്കും. സന്ധ്യയ്ക്ക് നാമം ചൊല്ലിക്കഴിഞ്ഞാല്‍ അമ്മുമ്മ ഉണ്ണിയെ വിളിച്ചടുത്തിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കും. കരിന്തിരി കത്തിത്തുടങ്ങിയ നിലവിളക്ക് എടുത്ത് അകത്തു വയ്ക്കുമ്പോഴോ അമ്മുമ്മയ്ക്ക‍് കാലിന്‍റെമുട്ടുഴിയാനുള്ള കുഴമ്പെടുത്തുകൊടുക്കുമ്പോഴോ മാത്രം വീണുകിട്ടുന്ന വാക്കുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഉണ്ണിയിപ്പോള്‍ വല്യ ചെക്കനായിട്ടുണ്ടാവും. വടക്കേടത്തമ്പലത്തിലെ നന്ദിയുടെ അടുത്ത് ഇരുട്ടത്ത് ഒറ്റയ്ക്ക് വിതുമ്പിനില്‍ക്കുന്ന അവന്‍റെ മുഖം വര്‍ഷമെത്ര കഴിഞ്ഞിട്ടും മായാതെ മനസ്സിലിണ്ട്. ഏടത്ത്യെന്തിനാ അന്ന് ഒറ്റയ്ക്കാക്കീട്ടുപോയേന്ന് അവനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ശപിക്കണുണ്ടാവും ഉണ്ണി ഈയ്യേടത്ത്യേ.
മഴ കുറഞ്ഞപ്പോള്‍ അവള്‍ മീരയുടെ കരച്ചില്‍ കേട്ടു. വീര്‍ത്ത വയറിനുമുകളില്‍ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ മീര ഉറക്കെ കരയും. അവള്‍ ദിവസവും മീരയുടെ കരച്ചില്‍ എണ്ണും. ഇന്നത് പത്ത് വരെയെങ്കിലും പോവും. നേരം പുലരും വരെ കാണും ഊഴം കാത്ത് കഴുകന്മാര്‍. ചോരപുരണ്ട കിടക്കവിരികളുമായി ചുമരില്‍പിടിച്ച് വേച്ച് വേച്ച് നടന്നുവന്ന് വയറില്‍ മെല്ലെ തലോടി നാളെ മീര പറയും 'മേരാ ബച്ചാ മര്‍ ഗയാ ഹോഗാ, വൊ യെ മാകോ കഭി നഹി മാഫ് കരേഗാ, കഭീ നഹി". മിണ്ടാതെ നിന്നു കേള്‍ക്കും. വയറ്റിലൂടെ സൂചികോര്‍ത്ത് തുമ്പിയെ പറപ്പിച്ചതിന് ഒരിക്കല്‍ ഉണ്ണിയെ തല്ലിയപ്പോള്‍ അവന്‍ പറഞ്ഞു, എപ്പോഴും വാലില്‍ തന്നെ നൂലുകെട്ടിപറപ്പിച്ചിട്ട് ഒരു രസോല്യാത്രെ. വയറുപൊളിഞ്ഞു ചാവുന്ന തുമ്പിയെം കാത്തിരിക്കുന്ന കുഞ്ഞിത്തുമ്പികളേം പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ വിതുമ്പി. ഇന്നവനും പുതിയ പുതിയ രസങ്ങള്‍ തേടുന്നുണ്ടാവും.
മഴ തോര്‍ന്നു. മീരയുടെ കരച്ചിലും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കിടക്കയിലെ ചുവന്ന വൃത്തങ്ങള്‍ക്കുമുകളില്‍ വെളുത്തവിരികള്‍ വിരിക്കുകയാവും മീര ഇപ്പോള്‍. പിന്നില്‍ വാതില്‍ തുറക്കുന്നതവളറിഞ്ഞു. കഴുത്തില്‍ ശ്വാസത്തിന്‍റെ ചൂടും. മുഖമില്ലാത്ത നിഴലവളെ പൊതിഞ്ഞപ്പോള്‍ അവളോര്‍ത്തു വീണ്ടും ചിറകുകള്‍ കിട്ടാന്‍ ഇനി എത്രകാലം തപസ്സുചെയ്യണം. അടുത്ത മുറികളില്‍ ചിറകുമുറിഞ്ഞ ഈയാമ്പാറ്റകളുടെ കരച്ചില്‍. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സൂചിയില്‍ കോര്‍ത്ത തുമ്പിയുമായ് ഉണ്ണി വന്നു. "ഉണ്ണീ അരുത്. അവയെ വിട്ടേക്കൂ". സൂചിയില്‍ തുമ്പിയുടെ അവസാന പിടച്ചില്‍. ഏടത്തിയെ നോക്കി ഉണ്ണി ചിരിച്ചു.
Labels: കഥ
27 Comments:
സാക്ഷീ,
ചിറകിന് മോഹിക്കുന്ന ഏടത്തിയെ അസ്സലാക്കി. പാവം ഉണ്ണിയ്ക്ക് ഏടത്തിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നോ? കിട്ടിയ ചിറകില്‍ പറന്നതല്ലേ ഏടത്തി? മീര ഒരു വിഷാദം ആയി.
നന്നായിരിക്കു രാജീവ്.ചില ബിംബങ്ങള്‍ പൊള്ളുന്നതാണു്... ഉരുകിയ ലോഹം കണക്കേ. നല്ല എഴുത്ത്.
നന്നായിട്ടുണ്ട് സാക്ഷീ... ആ ഏടത്തിയുടെ വീർപ്പുമുട്ടൽ ഫീൽ ചെയ്യുന്നു.
സാക്ഷീ,
നന്നായിരിക്കുന്നു. ആ ചിത്രങ്ങളും ചാരുത കൂട്ടുന്നു.
ഇത് വേണ്ടീരുന്നില്ല സാക്ഷീ.. ഏടത്തി രക്ഷപ്പെട്ടു എന്ന് ഉണ്ണീടെ കൂടെ ഞങ്ങളും വിശ്വസിച്ചോളാമായിരുന്നു.
വളരെ നന്നായിരിക്കുന്നു..
തീക്ഷ്‌ണമായ അവതരണം..
ബിംബങ്ങളെ നന്നായി സമന്വയിപ്പിച്ചിരിക്കുന്നു....
വര ഒരുപാട് നന്നായി. ഒരു പുള്ളിപാവാടയുടുത്ത ഏേട്ടത്തിയേ വരയ്കായിരുന്നു സാക്ഷി.
ഈ ഉണ്ണി ഇങ്ങനെ ഏട്ടത്തീടെം മുത്തശ്ശീടെം കൂടെ നടന്നാ, സ്ക്കുളിപ്പോക്കൊന്നും വേണ്ടേ?
“ഏടത്തി”യുടെ അവസാനത്തിലുള്ള “ആല്‍ത്തറയിലെ ഇരുട്ടു്” ഇതാണെന്നു് ഇപ്പോഴാണറിഞ്ഞതു്. എങ്കിലും, കണ്ണൂസ് പറഞ്ഞതുപോലെ, ഇതു വേണ്ടായിരുന്നു സാക്ഷീ.
നല്ല കഥ.
പോസ്റ്റും പടവും വളരെ നന്നായിട്ടുണ്ട്, അതുപിന്നെ അങ്ങിനെയാവണമല്ലോ.
അതെ, എന്നാലും ‘ഇത്രക്കും വേണ്ടായിരുന്നു‘
കാരണം ഈ ഉണ്ണിയും ഏടത്തിയും അമ്മൂമ്മയും ഇപ്പോള്‍ ഞങ്ങള്‍ക്ക് അന്യരല്ലല്ലോ!
haunting. നെഞ്ചു വേദനിക്കുന്നു
സാക്ഷിയുടെ എഴുത്തിന്റെ ഉദാത്തമായ മൌലികതയില്‍ നാം പിന്മൊഴിക്കാര്‍ ചെന്ന് ഇടപെട്ടുകൂടാ എന്നാണെനിക്കു തോന്നുന്നത്!
ക്രൂരമായിരിക്കാം, ഭീകരമായിരിക്കാം, പക്ഷേ സാക്ഷീ നിന്റെ മനസ്സില്‍നിന്നും ഊറിവരുന്ന സത്യം മാത്രമേ പറയാവൂ....
ഞങ്ങളിവിടെ ഇതും വായിച്ച് നിശ്ശബ്ദമായി തരിച്ചിരുന്നുകൊള്ളാം!
ചിറകറ്റപക്ഷിക്കു ചിറകുമായ് നീയെന്റെ പിറകെ
....
അല്ലല്ലിതു കഥയല്ല
സാക്ഷാല്‍ കവിതയാണിന്നെന്‍
മന:സാക്ഷിയെ നോവിച്ചിടുന്നുണ്ടതു
നിശ്ചയം!
നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നു...
വരകള്‍ കൂടുതല്‍ മെച്ചമാകുന്നുണ്ട്.
ouch!
സാക്ഷീ.. പെരിങ്ങോടന്‍ പറഞ്ഞ ആ ഉരുകിയ ലോഹം, അനുവാചകന്റെ ആഗ്രഹങ്ങളുടെ മൂശകളില്‍ നിറക്കേണ്ടതില്ല.
അതിങ്ങനെ പരന്നൊഴുകട്ടെ...
ഉരുകിയുറയുമ്പോള്‍ അതിനു സാക്ഷി ഉള്‍ക്കണ്ണില്‍ കണ്ട രൂപമുണ്ടായിരിക്കും...
വിശ്വം പറഞ്ഞ പോലെ, ലോഹത്തിന്റെ ഉരുക്കങ്ങളിലും, ഉറയുമ്പോഴുണ്ടാകുന്ന തണുപ്പിലും അനുവാചകന്‍ നിശ്ശബ്ദനായിരിക്കട്ടെ.
ഇവിടെയൊരു ശില്‍പ്പം ഉയിര്‍കൊള്ളുകയാണ്..
വളര്‍ന്ന് വലുതായപ്പോ ഉണ്ണിക്ക് ഏടത്തിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സുഖമുള്ള നോവുകളായിരുന്നിരിക്കണം. തൊട്ടാവടി മുള്ളു കൊണ്ട് മുറിഞ്ഞ കാലില്‍ കറുക പുല്ലില്‍ പറ്റിനില്‍ക്കുന്ന മഞ്ഞു വെള്ളം പുരളുമ്പോഴുള്ള സുഖമുള്ള നീറ്റലില്ലേ, അതു പോലെ. ഒക്കെ അറിയുമ്പോ ഉണ്ണീടെ കാലിലല്ല ഹൃദയത്തിലായിരിക്കും തൊട്ടാവടി മുള്ളുകള്‍ തറച്ചിറങ്ങുക.
എങ്കിലും,
ഉമ്മറത്ത് ഉണ്ണീടെ കൂടെ ഇരുന്ന് 'തൊടിയിലെ മാഞ്ചോട്ടില്‍ ഒരു കൊച്ചു കുട്ടിയെ പോലെ' ഓടികളിക്കുന്ന മഴ കാണാന്‍ തിരിച്ചു വന്നൂടെ ഈ എടത്തീക്ക്?
മെഴുകുതിരിക്കു ചുറ്റും പറന്ന് പാത്രത്തില്‍ വന്നുവീണ് പിടയുന്ന കന്തൂറയിട്ട ഈയാമ്പാറ്റകള്‍.... എപ്പോഴും വാലില്‍ തന്നെ നൂലുകെട്ടിപറപ്പിച്ചിട്ട് ഒരു രസോല്യാത്രെ....
അക്ഷരങ്ങളെ വായിക്കാന്‍ ശ്രമിച്ചത് വിഡ്ഡിത്തമായെന്ന് തോന്നിയപ്പോഴാണ് അക്ഷരങ്ങളുടെ നിഴലുകളെ വായിക്കാന്‍ തുടങ്ങിയത്. വാക്കുകള്‍ക്കിടയിലെ വാക്കുകള്‍ വായിച്ചെടുക്കാന്‍, ഈ പോസ്‌റ്റ് രണ്ട് തവണ വായിക്കേണ്ടി വന്നു...
മനോഹരം.!
നന്ദി സാക്ഷീ, ഈ വരയ്ക്കും,വായനയ്ക്കും, പിന്നെ മനസ്സില്‍തോന്നുന്ന ആ ചെറിയ നൊമ്പരത്തിനും.
(ഏയ് സാക്ഷീ..
അഭി അഭി..ഹുവാ യക്കീന്‍..കി ആഗ് ഹെ..തുജ്ജ്‌മേ കഹീ..)
എന്റെ ബ്ലോഗിലെ പോസ്റ്റിനു വളരെയധികം നന്ദി. അതുവഴി, സീരിയസ്സും ചിലപ്പോഴൊക്കെ രസകരവും ആയ നിങ്ങളുടെയൊക്കെ ബ്ലോഗുകള്‍ വായിക്കാനും കഴിഞ്ഞു. മലയാളത്തില്‍ ഇത്രയും വലിയൊരു ബ്ലോഗുലോകം ഉണ്ടെന്ന് ഇപ്പോഴാണറിഞ്ഞത്. എഴുതാനൊന്നും അറിയില്ലെങ്കിലും മനസ്സില്‍ തോന്നുന്നത് അതേ പോലെ മലയാളത്തില്‍ എഴുതുമ്പോഴുണ്ടാവുന്ന സംതൃപ്തി കാരണമാണ് ഞാനീ നേരമ്പോക്ക് തുടങ്ങിയത്. നിങ്ങളുടെയൊക്കെ പിന്തുണ ആവേശം നല്‍കുന്നു.
സക്ഷിയുടെ ഉള്ളില്‍ വിളങ്ങുന്ന പ്റതിഭാലക്ഷ്മിയുടെ തിളക്കം ബ്ളോഗിലെ ഈ കേളികരമുകുരത്തില്‍ കാണാം. വെള്ളത്തോളിനോടു കടപ്പാടൂ.
അന്ന്... ഉണ്ണിയെ തനിച്ചാക്കി ഏടത്തി പോയപ്പോള്‍, പാവം രക്ഷപ്പെട്ടല്ലോ എന്നായിരുന്നു ഞാന്‍ വിചാരിചിരുന്നതു... ഇതിനായിരുന്നോ ഈശ്വരാ..( രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു കാര്യം മനസ്സിലാക്കാന്‍, എന്റെ പോരായ്മ.)
ബിന്ദു
ഒതുക്കമുള്ള രചന. നെഞ്ചിന്‍ കൂടുപിളര്‍ന്ന് നേരേ ഹൃദയത്തിലേക്ക് സംവദിക്കുന്നു.
സസ്നേഹം,
സന്തോഷ്
സാക്ഷീ,
നിന്റെ വരകളും വര്‍ണ്ണങ്ങളും, വരികളും... എല്ലാം എല്ലാം മനസ്സില്‍ നോവുമാത്രം നിറക്കുന്നതെന്തെ?
ഈ ഏടത്തിയെ ഇനി എനിക്കെന്നാണ് മറവികളിലേക്കാഴ്ത്തി സ്വസ്ഥനാവാന്‍ കഴിയുന്നത്?
നന്ദി.
ആസ്വദിച്ചവര്‍ക്കും വേദനിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും എല്ലാം നന്ദി.
ഉണ്ണിയും അവന്റെ ഭ്യാരയും അവന്റെ C.B.S.E സ്കൂളില്‍ പഠിക്കുന്ന മകനും മകളും,പിന്നെ പുറംജോലിക്കാരിയും,അടുക്കള ജോലിക്കാരിയും ഒക്കെ എല്ലാ മാസവും പോസ്റ്റുമാനെ നോക്കി കണ്ണുംനട്ടു നിക്കുന്നുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ടു.
ചേച്ചിയുടെ മണിഓര്‍ഡറും കാത്തു.ഇല്ലേ?
അമൂമ്മക്കു ഓര്‍മ്മയും നശിച്ചിട്ടുണ്ടാവും.ഇല്ലെ?
ശി..ശി..രം
ഏതായാലും ഒരു വല്ലാത്ത വാക്ക് തന്നെ.
മെലിഞ്ഞ എല്ലുന്തിയ ഒരു ഇറാഖി ബാലനെപ്പോലെ തോന്നി ആ വാക്ക്.
ഒരു പറ്റം ശിശിരങ്ങള്‍ ഒരു റൊട്ടിയ്ക്കുവേണ്ടി തല്ലുപിടിക്കുന്നത് സങ്കല്പ്പിച്ചു നോക്കി.
ee sakshi vallatha oru kakshi thanne. njgal thammil oru 15 varshathe parichayamundu. njan irankikkulam schooil padikkpol( avideyanu ee sashiyude nadu) kandittundu ee chekkane. ha ha. pullikarnte chettanum njanum orimichu padichatha. pinnyum kure parichaygal. njan malayil thakarhtu nadakkunna nalukakalil pullikkaran....pinne ivide vannthinu sheshavum. monnamidathil ente kavithakku vendi varachittundu kashi. athonnum njan arijathalla. ee varayum variklaum. ennodu ithu vare parajittumilla. ezhuthu pole... ellam olippichu. valare othukki. avante prikatham pole thanne. entho vallatha santhosham. love kuzhoor wilson
Post a Comment
<< Home