വിലാപങ്ങളുടെ തുടര്‍പാഠങ്ങള്‍

ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് പിന്നെയും ഇരുട്ടിലേക്ക് വളരെ വളരെ ഉയരത്തില്‍ നിന്നും ആഴത്തിലുള്ള ഇരുട്ടിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഉറക്കം ഞെട്ടി. ആരോ തള്ളിവിട്ടതുപോലെ മിഴികള്‍ തുറന്നു. എന്നിട്ടും ചുറ്റിലും ഇരുട്ടുതന്നെ. രാത്രിയോ പകലോ..? തിരിച്ചറിയാന്‍ കഴിയുന്നില്ല. സ്വപ്നത്തിലെന്നപോലെ, പേ പിടിച്ച മനുഷ്യരുടെ അലര്‍ച്ചയുടെ നേര്‍ത്ത ചിളുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്. അവള്‍ക്ക് അല്പം പോലും ഭയം തോന്നിയില്ല. ഇനിയെന്തു ഭയക്കാന്‍. തണുപ്പിന്‍റെ സൂചികള്‍ ശരീരത്ത് ആഴ്ന്നിറങ്ങിയപ്പോള്‍ ഒന്നു പുളഞ്ഞു. മുറിവുകളില്‍ തണുപ്പ് നായ്ക്കളെപോലെ നക്കിത്തുടക്കുകയായിരുന്നു. നഗ്നത മറയ്ക്കാന്‍ ഇരുട്ട് ധാരാളം, പക്ഷെ ഈ നശിച്ച തണുപ്പകറ്റാന്‍ അതിനാവില്ലല്ലോ. ഇരുന്ന ഇരുപ്പില്‍ തന്നെയിരുന്ന് ഒരു തുണ്ട് വസ്ത്രത്തിനായ് അവള്‍ ചുറ്റും പരതി. ഇല്ല..! ബാബയുടെ മുന്നില്‍ വെച്ചുതന്നെ അവരെല്ലാം കീറിയെറിഞ്ഞില്ലേ. പാവം ബാബ. തന്നെ പിച്ചിച്ചീന്തുന്നതു കാണാന്‍ കഴിയാതെ കെട്ടിയിട്ട തൂണില്‍ തലയലച്ചു കരയുകയായിരുന്നു. തടയാന്‍ വന്ന ഉമ്മിയെ രാംചാച്ച വെട്ടിവീഴ്ത്തിയതവള്‍ ഓര്‍ത്തു. തന്‍റെ വായില്‍ ദിവസവും സ്നേഹത്തോടെ മീഠ തരാറുള്ള രാംചാച്ച തന്നെയാണ് കാലു പിടിച്ചു കരഞ്ഞിട്ടും തന്‍റെ ചോളി ആദ്യം വലിച്ചുകീറിയത്. ബേട്ടിയെന്നു മാത്രം വിളിച്ചിരുന്ന സുമന്‍ ഭയ്യ, പിന്നെയും എത്രയോ പേര്‍. എന്നും കണാറുള്ള.. ചിരിക്കാറുള്ള.. കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്നവര്‍..!! അവര്‍ വലിച്ചെറിഞ്ഞു പോയതിനു പിന്നാലെ ഇരുട്ടും പടര്‍ന്നുകയറി. ഇതാ ഇപ്പോള്‍ ഈ നരച്ച തറയില്‍ ഒറ്റയ്ക്ക്.. ബാബയെ ഒന്നു കണ്ടെങ്കില്‍ ആ നെഞ്ചില്‍ വീണൊന്ന് പൊട്ടിക്കരയാമായിരുന്നു. അവള്‍ ചുവരില്‍ പൊത്തിപ്പിടിച്ച് മെല്ലെയെഴുന്നേല്ക്കാന്‍ ശ്രമിച്ചു. അസ്ഥികള്‍ മുഴുവന്‍ നുറുങ്ങിയെന്നുതോന്നുന്നു. വിരലുകള്‍ അനക്കാന്‍ പോലും കഴിയാത്ത വേദന. കാലുകള്‍ വിവരുന്നില്ല. തുടകളിലൂടെ കത്തികൊണ്ട് വരയുന്നതുപോലെ അരിച്ചിറങ്ങുന്ന ചോരയുടെ നനവ്. വേച്ചു വേച്ചു നടന്നു. ചുവരിലെവിടെയോ ചെന്നിടിച്ചു തറയിലേക്കു വീണു. വേദന തോന്നിയില്ല. അടുത്ത മുറികളിലെവിടെയെങ്കിലും ബാബയുണ്ടാവും. അതുമാത്രമായിരുന്നു ചിന്ത. വീണ്ടും മുട്ടുകുത്തിയെഴുന്നേറ്റു. കണ്ണിലേക്കിറങ്ങിവന്ന ചോര പുറംകൈകൊണ്ട് തുടച്ചുകളഞ്ഞു. അവസാനം അവള്‍ ബാബയെ കണ്ടു. ബാബ ഒറ്റക്കായിരുന്നില്ല. ഉമ്മിയും ചുട്കിയുമുണ്ടായിരുന്നു. പാതിവെന്ത ചുട്കിയെ കത്തിക്കരിഞ്ഞ കൈ കൊണ്ട് ഉമ്മി ചേര്‍ത്തു പിടിച്ചിരുന്നു. ചോരയില്‍ കണ്ണീര്‍ കലര്‍ന്നൊഴുകി. "ശരീരം മുഴുവന്‍ അഴുക്കാ ബാബാ. എല്ലാം ഒന്ന് കഴുകി കളഞ്ഞിട്ട് വരാം". അവള്‍ അടുക്കളയിലേക്കു നടന്നു.
Labels: കഥ
9 Comments:
:(
പണ്ടായിരുന്നെങ്കില്‍ കഥ അവിടെ നില്‍ക്കില്ലായിരുന്നു. “അവള്‍ അടുക്കളയിലേക്ക് നടന്നു. ഒരു മൂലയ്ക്ക് പലകയില്‍ കയറ്റിവെച്ചിരിക്കുന്ന നിറഞ്ഞ മണ്ണെണ്ണപ്പാത്രം ആയാസത്തോടെ എടുത്ത് തന്റെ മേലേയ്ക്ക് കമഴ്ത്തി. തീപ്പെട്ടിയെടുത്ത് ഉരച്ചു.”
ഇന്ന് അങ്ങനെ ഇല്ല. ചില മനുഷ്യന്മാരുടെ മനസ്സിലുള്ള അഴുക്കിന്റെ ഒരു ചെറിയ അംശം പോലും തങ്ങളുടെ ദേഹത്തില്ല എന്ന് തിരിച്ചറിയാനുള്ള ശക്തി നേടുന്നു, ഇന്നത്തെ പെണ്‍പിള്ളേര്‍.
ശരീരത്തിലെ അഴുക്ക് ഡെറ്റോള്‍ കൊണ്ട് കഴുകിയാല്‍ തീരുന്നതേ ഉള്ളു.പക്ഷേ മനസ്സിലെ മുറിവോ? രകേഷ് ശര്‍മ്മയുടെ Final Solution (Gujrat Riots)എന്ന ഡോക്യുമെന്ററി കണ്ടിട്ടുണ്ടോ? അതിലെ അവസാന രംഗം.
ഒരു സ്കൂള്‍ കുട്ടിയോടെ രാകേഷ് ശര്‍മ്മ ചോദിക്കുന്നു "മോന് വലുതാകുമ്പോ ആരായിതീരാനാ ആഗ്രഹം?
കുട്ടി നിഷ്കളങ്കതയോടെ പറഞ്ഞത് 'മേ ജബ് ബഡ ഹോഗാന സബ് ഹിന്ദുവോം കോ മാരേഗാ
ര ശര്‍മ്മ : ക്യോം?
കുട്ടി: മേരെ അമ്മീ...മേരെ ദീദി...(വിതുമ്പലില്‍ ബാക്കി കേട്ടില്ല)
സാക്ഷീ, കഥ ശരിയായില്ലാ. അവളെ എന്തിനു ബാക്കി വച്ചു? ബലാൽസംഗത്തേക്കാൽ ഭയാനകമാണു ബാക്കി ദിനങ്ങളും ആ ചിന്തകളും.
ബാബയും ഉമ്മിയും ചുട്‌കിയും പോയ ഇടത്തേക്ക് "...എല്ലാം ഒന്ന് കഴുകി കളഞ്ഞിട്ട് വരാം" എന്നല്ലേ അതുല്യേ അവള്‍ പറഞ്ഞത്?
:(
മുളക് പൊടിയും തുറന്ന് വെച്ച ഗാസ് സിലിണ്ടറും വെച്ച് അക്രമികളെ തുരത്തിയോടിച്ച സ്ത്രീകളും ഇക്കാലത്തുണ്ടെന്നത് ചില ചിന്തകള്‍ക്ക് വഴി തുറക്കുന്നില്ലേ..
സ്വരക്ഷക്ക് അന്നം തേടിപോയ ഭറ്ത്താവിനെയോ സഹോദരനെയോ പിതാവിനെയോ കാത്തിരിക്കാനാകുമോ?. മാനസികമായ കരുത്താറ്ജ്ജിക്കട്ടെ അബലകള്‍..
ചില മനുഷ്യന്മാരുടെ മനസ്സിലുള്ള അഴുക്കിന്റെ ഒരു ചെറിയ അംശം പോലും ദേഹത്തില്ല എന്ന് അവൾ തിരിച്ചറിയട്ടേ.അവൻ/അവൾ കൊല്ലാനുദ്ദേശിക്കുന്നത് ആരുടെയോ എല്ലാമാണെന്നു ഡോക്യുമെന്ററിയിലെ കുഞ്ഞും.
സാക്ഷിയുടെ സ്ഥിരം ഫോര്‍മാറ്റു മാറ്റി ഈ കഥ വിവരിച്ചു എഴുതിയതു എന്തേ?
Post a Comment
<< Home