മാക്രി ബാലന്‍

പിന്നാമ്പുറത്തെ പടിയില്‍ ചെന്നിരുന്ന് പാടത്തേക്കു കണ്ണുംനട്ട് ഉറക്കം തൂങ്ങുകയായിരുന്ന ഉണ്ണിയെ നിര്‍ബന്ധിച്ചാണ് അമ്മുമ്മ കൂട്ടീട്ടുപോയത്. ഒരീസം മാക്രി ബാലനെ കണ്ടില്ലെങ്കില്‍ ഉണ്ണിക്കിപ്പോള്‍ ഉറക്കം വരില്ലെന്നായി. ബാലനെ ദിവസോം പാമ്പു കടിയ്ക്കും. "വൈദ്യരെ, ന്നെ പാമ്പുകടിച്ചു വൈദ്യരെ"പാമ്പു കടിച്ചാല്‍ ബാലന്‍ ഓടി ഉണ്ണീടെ മുത്തശ്ശന്‍റെ അടുത്തുവരും. കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുംത്രേ ഉണ്ണീടെ മുത്തശ്ശന്‍. "നെണക്ക് വെര്‍തെ തോന്ന്വാന്ന്" ഉണ്ണീടെ മുത്തശ്ശന്‍ എത്ര പറഞ്ഞാലും ബാലന്‍ സമ്മതിക്കില്യാ. "അല്ല വൈദ്യരെ. ഞാന്‍ കണ്ടതാ. നല്ല അസ്സല് സാധനം. ന്‍റെ കാലിലങ്ങനെ കടിച്ചുതൂങ്ങികിടക്ക്വായിരുന്നു. കരോട്ടമ്മ്യാണെ സത്യം." മുത്തശ്ശന്‍ ചിരിക്കും. എന്നാലും രാത്രി ബാലന്‍ വന്നാല്‍ മുത്തശ്ശന്‍ വിളക്കുമെടുത്തിറങ്ങും. വിഷം തീണ്ടി വന്നതാരായാലും എപ്പോഴായാലും കതക് കൊട്ടിയടക്കരുതെന്നാ മുത്തശ്ശന്‍ പറയ്യാ. വരുന്നവരോടു ഒന്നും വാങ്ങാനും പാടില്യാത്രെ. എന്നും രാത്രി ബാലന്‍ വന്നല്ലാതെ ഉണ്ണിയുറങ്ങില്ല. ബാലന്‍ പാമ്പുകടിച്ചു വന്നാല്‍ മരത്തില്‍ നിന്നും തൊലി ചീമ്പിയെടുക്കാന്‍ മുത്തശ്ശന് കൂട്ടുപോണം, മരുന്നു മരത്തിന്‍റെ തൊലിയും വില്വാദി ഗുളികയും കൂട്ടി മുത്തശ്ശന്‍ അരകല്ലിലരയ്ക്കുമ്പോള്‍ അരിക്കലാമ്പ് കാട്ടിക്കൊടുക്കണം, മരുന്നുകലക്കാന്‍ ഓട്ടുഗ്ലാസ്സെടുത്തിട്ടു വരണം.. എല്ലാത്തിനും ഉണ്ണിതന്നെ വേണേ. അപ്പൊപ്പിന്നെയെങ്ങനാ ഉണ്ണിക്കുറക്കം വരാ. ബാലന്‍ ദിവസോം രാത്രി തവളേ പിടിക്കാന്‍ പൂവുത്രേ. പണ്ട് ബാലന് ക്ഷയം വന്നപ്പോള്‍ ഉണ്ണിയുടെ മുത്തശ്ശന്‍ തന്നെയാ ബാലന് തവള മരുന്ന് പറഞ്ഞുകൊടുത്തതെന്നാ അമ്മുമ്മ പറഞ്ഞത്. പക്ഷെ ക്ഷയൊക്കെ മാറീട്ടും ബാലന്‍ തവളേപ്പിടുത്തം നിര്‍ത്തീല്ലത്രേ. അതോണ്ട് മാക്രി ബാലന്‍ന്ന് പേരും വീണു. ഇപ്പോഴും അസുഖം മാറീല്ലാന്നാ ബാലന്‍ പറേണേ. പക്ഷെ ഉണ്ണിക്കറിയാം അതൊന്നുല്ലാ കാര്യംന്ന്. ബാലന് തവളയിറച്ചി തിന്ന് കൊതിപിടിച്ചൂന്ന് പടിഞ്ഞാറെ പറമ്പില് ചവറ് അടിക്കാന്‍ വന്നപ്പോള്‍ വല്യകല്യാണി സ്വകാര്യായിട്ട് ഉണ്ണിക്ക് പറഞ്ഞുതന്നൂലോ. വല്യകല്യാണി നുണ പറയില്യാ. ഉണ്ണ്യേ ഒത്തിരി ഇഷ്ടോണ്. പറമ്പില് പോവുമ്പോ കുന്നു ദൂരേന്നു കാണുമ്പോഴെ ഉണ്ണിക്ക് കാലുകഴയ്ക്കും. അപ്പോ വല്യകല്യാണി ഉണ്ണ്യേ എടുത്ത് ഒക്കത്തിരുത്തും. പിന്നെ ഉച്ചക്ക് അമ്മൂമ്മ കഞ്ഞികൊണ്ടുവരുമ്പോള്‍ ചക്കപ്പുഴുക്ക് ഒഴിച്ച് ആദ്യം ഒരു പ്ലാവില കഞ്ഞി ഉണ്ണിക്കു തരും. ചക്കപ്പുഴുക്ക് ഉണ്ണിക്ക് വല്യ ഇഷ്ടാ. കുഞ്ഞിക്കല്യാണ്യേ ഉണ്ണിക്ക് ഒട്ടുഷ്ടല്യാ. കുഞ്ഞിക്കല്യാണി നാവെടുത്താ നൊണേ പറേള്ളൂ. ഇന്നാളൊരീസം പറയ്യാ അച്ഛന്‍ ഞ്ഞി ഉണ്ണ്യേ കൊണ്ടാവാന്‍ വരില്യാത്രെ. കുശുമ്പി. വെറുതല്ല്യാ കുരുട്ടടയ്ക്ക പോലെയായിപ്പോയത്. വല്യമ്മാവന്‍റെ മോള് അച്ചു അതിനിട്ട പേരാ കുരുട്ടടയ്ക്കാന്ന്. നല്ല പേര്. അമ്മുമ്മേടെ മടീക്കിടന്ന് ഉണ്ണി ചിരിച്ചു. മാക്രി ബാലന്‍ ഇനീം വന്നില്ലല്ലോ. എന്തേ കണാത്തെ. നാളെനി വായില് മുഴുവന്‍ മുറുക്കാനും നിറച്ച് ഉണ്ണിക്കുട്ടാന്നും വിളിച്ച് പങ്ങ പറിക്കാന്‍ ഇങ്ങട്ട് വരട്ടെ. ഉണ്ണി കൂടില്ല. തോട്ടിലും കൈതേടെയിടയിലും വീണുകിടക്കണ പങ്ങ ഉണ്ണി കാട്ടിക്കൊടുത്തിട്ട് ഇനിയൊട്ടു കണ്ടുപിടിക്കാനും പോണില്ല. ഇനീം പാമ്പു കടിക്കൂലോ. "വൈദ്യരേ"ന്നും വിളിച്ച് വരുമ്പോ ഉണ്ണി ഉറക്കം നടിച്ച് കിടക്കും. മരുന്നു ചീമ്പാനും വില്വാദിഗുളികയരയ്ക്കാനുമെല്ലാം ആര് കൂട്ടുപോവൂന്ന് നോക്കാലോ. അമ്മൂമ്മ വന്നു വിളിച്ചാലും ബാലനെക്കൊണ്ട് ആയിരം കടം പറയിച്ചല്ലാണ്ട് ഉണ്ണി കിടന്നേടത്തൂന്നനങ്ങില്ല. അങ്ങിനെ കിടന്ന് എപ്പഴോ ഉണ്ണി ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്നപാടെ ഉണ്ണി ഓടി അരകല്ലില്‍ പോയി നോക്കി. ഉവ്വ്, ന്നലേം മരുന്നരച്ചേക്കണു. ഉണ്ണിക്ക് കരച്ചിലു വന്നു. ഉണ്ണി അമ്മുമ്മേടെ അടുത്തേക്കോടി. "ബാലന്‍ ന്നലെ വന്നോ അമ്മുമ്മേ?" അത് ചോദിച്ചപ്പോ ഉണ്ണ്യേ ചേര്‍ത്ത് നിര്‍ത്തി മുടിയില്‍ തലോടിക്കൊണ്ട് എന്തിനാ അമ്മുമ്മ മുണ്ടിന്‍റെ തലകൊണ്ട് കണ്ണുതുടച്ചത്.
Labels: കഥ
11 Comments:
വരയും വരികളും കൊണ്ട് സ്വന്തമായൊരു ഒരു ക്ലാസ് സാക്ഷി എളുപ്പം സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. തുടര്‍ന്നും എഴുതുക. ആശംസകള്‍!
മാക്രി ബാലനും അസ്സലായി.
ഉണ്ണീടെ ഇരിപ്പിന് ഒരു മാക്രിച്ചന്തമുണ്ട്.
നന്ദി, കഥകളില്‍ മാത്രമവശേഷിക്കുന്ന പഴയലോകത്തിലേക്കു കൂട്ടികൊണ്ടുപോയതിനു.
വേദനകള്‍ക്കിടയിലും മനുഷ്യസ്പന്ദനം ആശ്വാസമാകുന്നു.
വളരെ നന്നായിരിക്കുന്നു, സാക്ഷിയണ്ണോ, താങ്കളുടെ കൃതി.
താങ്കളുടെ വരയിൽ എനിക്ക് അസൂയ മാത്രം... അടക്കാൻ കഴിയാത്ത അസൂയ..
അപൂർണ്ണ സുന്ദരങ്ങളായ അപൂർവ്വ രചനകൾ എന്നു പറഞ്ഞാൽ അവിവേകമാവുമോ?
ഒടുക്കം അനുവാചകന്റെ ഭാവനക്കു വിടുന്ന ഈ ശൈലി അനുപമമം....
സാക്ഷി,
വളരെ ഇഷ്ടമായി കഥ. നന്നായിരിക്കുന്നു.
ചിത്രങ്ങളും ഗംഭീരം.
ചക്കപ്പുഴുക്കിന്റെ മണം ഓര്‍മ്മയിലുമെത്തി.
രണ്ട് സംശയങ്ങള്‍: അരിക്കലാമ്പ് ,പങ്ങ - ഇവ എന്നാലെന്താണ്?
ഇതുപോലെ, ഇനിയും എഴുതണം.
സാക്ഷീടെ കഥാപാത്രങ്ങള്‍ക്ക് ഒന്നാന്തരം "സ്റ്റേജ് ഇഫക്റ്റ്" ഉണ്ടല്ലോ.
ഏവൂരാനേ,
അരിക്കലാമ്പ് എന്നത് സായിപ്പിന്റെ ഹറിക്കെയിന്‍ ലാംപ് എന്നതരം റാന്തലുവിളക്ക് ആണ് കൊപ്ര കൊടുത്ത് നമ്മള്‍ സായിപ്പിനോട് ലാമ്പ് വാങ്ങി
അരിക്കന്റെയൊരു പടം
ഏവൂരാന്‍,
അരിക്കലാമ്പ് = മണ്ണെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുന്നതും കയ്യില്‍ തൂക്കിപ്പിടിച്ച് കൊണ്ട് നടക്കാവുന്നതുമായ ചില്ല് വിളക്ക്. ഒരുമാതിരിപ്പെട്ട കാറ്റിലൊന്നും കെട്ടുപോകാത്ത എയറോഡയനാമിക് ഡിസൈന്‍. തവള പിടിത്തക്കാരുടെ ഒഫീഷ്യല്‍ ഉപകരണം.
"അരിക്കലാമ്പും പെട്രോമാക്സും കൊണ്ടെങ്ങടാ?": തോളത്ത് 6 മാസം പ്രായമായതും കയ്യില്‍ 3 വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളേയും കൊണ്ട് നടന്നുവരുന്നവരോട് ചോദിക്കാവുന്നത്.
പങ്ങ = പച്ച അടയ്ക്ക. ഏക്രോബാറ്റിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പങ്ങ പറയ്ക്കുന്നത്, ഒരു കവുങ്ങില്‍ നിന്നും മറ്റൊന്നിലേക്ക് ഓണ്‍ലൈന്‍ ഓണ്‍എയര്‍ ട്രാന്‍സ്ഫര്‍ മുഖേന.
:)
Sakshi, athi sundaram!!
പെരിങ്ങോടൻ പറഞ്ഞത് പോലെ
സാക്ഷിയ്ക്ക് സ്വന്തമായ ഒരു ശൈലിയുണ്ട്..
വരയും,വാക്കുകളും കൂടിക്കലർന്ന്,വർണ്യത്തിനതീതമായ ശൈലി..!
നന്നാവുന്നുണ്ട്..!
Post a Comment
<< Home