മുത്തശ്ശിക്കഥ

ഊണു കഴിഞ്ഞതും ഞങ്ങളെല്ലാവരും മുത്തശ്ശീക്കു ചുറ്റുംകൂടി. "എന്തേ?" നീട്ടി വെച്ച കാലിന്‍റെ മുട്ടില്‍ കുഴമ്പിട്ടു തിരുമ്മിക്കൊണ്ടു മുത്തശ്ശി ചോദിച്ചു.
"കഥ പറഞ്ഞു തരണം."
മുത്തശ്ശിക്ക് സന്തോഷായി. ഈ തലമുറയിലും തന്‍റെ കഥ കേള്‍ക്കാന്‍ കുട്ട്യോളുണ്ടല്ലോ.
"നിയ്ക്കതിനു പുത്യേ കതകളൊന്നും വശ്ശോല്യാലോ."
എല്ലാവരും വട്ടമിട്ടിരുന്നു.
"ഡാഡി പറഞ്ഞൂലോ മുത്തശ്ശിക്ക് ഒത്തിരി കഥകളറിയാംന്ന്.
അവരൊക്കെ കുട്ട്യായിരുന്നപ്പോള്‍ മുത്തശ്ശീടെ കഥ കേട്ടാ ഉറങ്ങാറെന്ന്"
അവനൊന്നും മറന്നിട്ടില്ല. മറന്നൂച്ചാ പേര്‍ഷ്യേന്ന് ഇത്രേം പണോക്കെ ചെലവാക്കി ഇപ്പളിങ്ങട്ട് വര്വോ.
ഈ തറവാടും തൊടീം കുളോക്കെ പണ്ടും ഒത്തിരി ഇഷ്ടായിരുന്നു അവന്.
ഇപ്പോത്തന്നെ എത്ര പേര്യാ പട്ടണത്തീന്നൊക്കെ തറവാട് കൊണ്ടു നടന്ന് കണിച്ചു കൊടുക്കുന്നത്.
"ആഷ്യൂം പിഷ്യൂം"ന്ന് എന്തൊക്ക്യോ കൊറെ സംസാരിക്കണേം കേട്ടു. ഇംഗരീസ്സാ. നിയ്ക്കൊട്ടും തിരിഞ്ഞില്ല.
"മുത്തശ്ശ്യെന്താ കഥ പറയാണ്ട് വെറുതെയിരുന്നു ചിരിക്കുന്നേ" മുത്തശ്ശി ഞങ്ങളെ നോക്കി തൊണ്ണകാട്ടി ചിരിച്ചു.
"കത പറഞ്ഞു തരാം. പക്ഷേ കത കേള്‍ക്കുമ്പോ മൂളാന്‍ മറക്കരുത്. മൂളല്‍ നിര്‍ത്ത്യാ കതേം നിര്‍ത്തും.
പിന്നെ ഉറങ്ങ്യ കുട്ടികള്‍ ഉറങ്ങ്യ കുട്ടികള്‍ കാലാട്ടുകേം വേണം. സമ്മതിച്ചോ?"
എല്ലാവരും തലയാട്ടി.
"ആട്ടെ. രാജകുമാരീടെ കത വേണോ, കാക്കയുടെ കത വേണോ?" മുത്തശ്ശി ചോദിച്ചു.
"ഞങ്ങള്‍ക്ക് ഫാന്‍റത്തിന്‍റെ കഥ മതി" ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു.
"ഈശ്വരാ!" മുത്തശ്ശിയുടെ കണ്ണു നിറഞ്ഞു. ഞങ്ങളെ മാറിമാറിനോക്കിയിട്ട് മുത്തശ്ശി കഥ പറയാന്‍ തുടങ്ങി.
"പണ്ട്. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട് പാന്‍റം എന്നൊരു രാജാവുണ്ടായിരുന്നു."
ഞങ്ങള്‍ കൂട്ടത്തോടെ മൂളി.
"അദ്ദേഹത്തിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു."
ഞങ്ങള്‍ വീണ്ടും മൂളി.
"പെട്ടന്നൊരു ദിവസം രാജകുമാരിയെ കാണാതായി"
"രാജകുമാരിയെ ക്ണ്ടു മോഹിച്ച ഒരു രാക്ഷസന്‍ അവളെ തട്ടിക്കൊണ്ടുപോയതാ"
"ഏഴു മലകള്‍ക്കപ്പുറം, ഏഴു കടലുകള്‍ക്കപ്പുറം ഒരു ഗുഹയില്‍ രാജകുമാരിയെ അടച്ചിട്ടു."
അങ്ങിനെ കഥ പറഞ്ഞ് കഥ പറഞ്ഞ് മുത്തശ്ശി ഉറങ്ങിപ്പോയി.
ഇടയ്ക്ക് മൂളാന്‍ ഞങ്ങളും മറന്നുപോയിരുന്നു. ഞങ്ങളെല്ലാവരും കാലാട്ടാന്‍ തുടങ്ങി.
Labels: കഥ
14 Comments:
ഹാവൂ, “സ്ത്രീ ഒരു ജ്വാലയും“ “ഫൈവ് സ്റ്റാർ തട്ടുകടയും” കണ്ട് കിടന്നുറങ്ങാതെ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുത്ത മുത്തശ്ശി!
ദേവരാഗം കറക്റ്റ്..!
മുത്തശ്ശിയുടെ കഥയിൽ പരസ്യം ഇല്ലാത്തതിനാൽ എത്ര പേർ കേൾക്കുമോ എന്തോ..??
നേരത്തേ പറഞ്ഞതുതന്നെ, എങ്കിലും പറയാതെ വയ്യ. താങ്കളുടെ കഥാരചനപോലെതന്നെ മനോഹരം, ചിത്രരചനയും.. ആ അമ്മൂമ്മയെ കണ്ടപ്പോൾ നമ്മുടെയൊക്കെ വീട്ടിലുള്ള അമ്മൂമ്മയെപ്പോലെതന്നെ തോന്നി. അമ്മൂമ്മയുടെ സംസാരവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഞാനൊന്നു ചോദിക്കട്ടേ...
“ഹെങ്ങിനെയിങ്ങിനെയെഴുതാനുവ്വരയ്ക്കാനുങ്കഴിയുന്നതെന്റിഷ്ടാ“
സാക്ഷി ഇനി ഒന്നും കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും ഗൂഗിൾ ഗ്രാമപഞ്ചായത്ത് എല്ലാം കാണുന്നുമുണ്ട്, പോസ്റ്റിൽ ഡിലീറ്റ് ചെയ്താലും അവിടെ വളരെ വൃത്തിയായി വെച്ചിട്ടുമുണ്ട്.
സാക്ഷി, ഇത് ശരിക്കും ഞങ്ങളുടെ അമ്മമ്മ ഇരിക്കുന്നതുപോലെയുണ്ട്. :)
രസകരം. :)
This comment has been removed by a blog administrator.
കഥ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം. എല്ലാ ആശംസകളും
കഥയും വരയും നന്നായിരിക്കുന്നു. സാക്ഷീ..
-ഇബ്രു-
ഈ വരയുടെ സൂത്രം ഒന്നു പറഞ്ഞു തരൂ സാക്ഷീ.
അതൊരു സൂത്ര പണിയൊന്നുമല്ല അതുല്യേചീ, അതു മറ്റൊരാളുടെ വരയാണ്, സാക്ഷിയുടെ മൂര്‍ദ്ധാവില്‍
തല പെരുത്തിരിക്കുമ്പോ, ആകെ ഒരു കൺഫ്യൂഷൻ ആക്കല്ലേ തുളസി. സാക്ഷി ഒന്ന് പറ വര എങ്ങനെന്ന്?
എല്ലാവര്‍ക്കും നന്ദി. ഒരു കാര്യം മനസ്സിലായി. പോസ്റ്റില്‍ വര മാത്രമായി ഒതുങ്ങുന്നതാണ് ബുദ്ധി.
വരയില്‍ സൂത്രപ്പണികളൊന്നുമില്ല ചേച്ചി.
അഡോബ് ഇലുസ്ട്രേറ്ററില്‍ മൌസ് ഉപയോഗിച്ചു മനസ്സില്‍ തോന്നിയതുപോലെ വരക്കുന്നു. തുളസി പറഞ്ഞപോലെ തലവര അങ്ങിനെയായിരിക്കും.
അപ്പോ അഡോബ് ഇല്ലുസ്ട്രേറ്ററാണല്ലേ... ഈ സാമാനം എവിടെ കിട്ടുമെന്നു നോക്കട്ടെ... പോസ്റ്റിന്റെ സ്റ്റോക്ക് തീർന്നാലും നിന്നു പിഴയ്ക്കെണ്ടേ..
പക്ഷേ തുളസി പറഞ്ഞതുപോലെ, മൂർദ്ധാവിലെ വരയുംകൂടി ശരിയാകണമല്ലോ...
Post a Comment
<< Home