മടക്കയാത്ര

പിന്നിലേക്കോടി മറയുന്ന നഗരത്തെ നോക്കി അയാള്‍ പരിഹസിച്ചു ചിരിച്ചു. കോണ്‍ക്രീറ്റുകാടുകള്‍ക്കു പിന്നില്‍ വരാനിരിക്കുന്ന പച്ച നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളുമായിരുന്നു അയാളുടെ മനസ്സു നിറയെ.
"അച്ഛാ നമ്മുടെ നാടെത്തിയോ" ഉണ്ണി ഉറക്കത്തില്‍ നിന്നുണര്‍ന്നു പുറത്തേക്കു നോക്കി. ഇല്ല കാഴ്ചകള്‍ക്കിപ്പോഴും ചാരനിറം തന്നെ. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വീണു. അയാള്‍ക്കിതൊരു മടക്കയാത്രയാണ്, നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതും എല്ലാം തിരിച്ചുപിടിക്കാന്‍. മുണ്ടുമടക്കിക്കുത്തി വടക്കോപ്രത്തെ മൂവാണ്ടന്മാവിലെ പുളിയുറുമ്പുകളുടെ മേല്‍ ഒരിക്കല്‍ കൂടി മൂത്രമൊഴിക്കണം. അമ്പലക്കുളത്തില്‍ പോയി മുങ്ങിക്കുളിക്കണം. ഈരെഴതോര്‍ത്തില്‍ മീന്‍ പിടിക്കണം. സര്‍പ്പക്കാവിനു ചുറ്റും പടര്‍ന്നു നില്‍ക്കണ കറുത്ത കാട്ടില്‍ നിന്നും തൊണ്ടിപ്പഴം പറിച്ചു തിന്നണം. 'ശൂ' ന്ന് സര്‍പ്പം ചീറ്റുന്ന ഒച്ച കേള്‍ക്കുമ്പോള്‍ ഓടി അമ്മുമ്മയുടെ പിന്നില്‍ ഒളിക്കണം. അങ്ങിനെ എല്ലാം മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്.
ഇനിയും എത്താത്തതെന്തേ? തീവണ്ടിയിലെ ബോഗികള്‍ പോലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നു തുടങ്ങുന്നു. ആല്‍ത്തറയും ടാഗോര്‍ സ്മാരക വായനശാലയും ആരോഗ്യസ്വാമിയുടെ ചായക്കടയും എവിടെ? കോളിളക്കത്തിന്‍റെ പോസ്റ്ററൊട്ടിച്ച വേലായുധേട്ടന്‍റെ കള്ളു ഷാപ്പെവിടെ? എന്‍റെ മണ്ണെവിടെ? യാത്ര തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണോ?
"നാടെത്തിയോ അച്ഛാ" ഉണ്ണി ഉണര്‍ന്നുകഴിഞ്ഞു. അവന്‍റെ മനസ്സുനിറയെ ഇപ്പോള്‍ തൊടിയും തോടും ആമ്പല്‍പ്പുക്കളുമാണ്. എന്തു പറയും അവനോട്. അയാള്‍ അവനെ ഒന്നുകൂടെ തന്നോടു ചേര്‍ത്തുപിടിച്ചു. "ഉറക്കത്തില്‍ മോനെന്തു സ്വപ്നാ കണ്ടത്?" അവന്‍റെ കണ്ണുകളില്‍ ആമ്പലിന്‍റെ ഇതളുകള്‍ കൊഴിയുന്നതയാള്‍ കണ്ടു.
Labels: കഥ
13 Comments:
മുണ്ട് മടക്കിക്കുത്തണ കാര്യം പറഞ്ഞിട്ട് പടത്തിലെ ഉണ്ണി വള്ളി നിക്കര്‍വാലയാണല്ലോ?! :)
പാവം ഉണ്ണി. പാവം അച്ഛന്‍. സ്വപ്നം ഒക്കെ പോയി.
എന്തു നല്ല ചെക്കൻ ല്ലേ? വള്ളി കളസർ എനിക്കിഷ്ടായീട്ടോ. ശർമ്മാജിയ്കു രണ്ടണ്ണം തുന്നി കൊടുത്താലോ സാക്ഷീ?
അച്ഛൻ കണ്ണു തുറന്നു കണ്ട സ്വപ്നോം ഉണ്ണി ഉറക്കത്തിൽ കണ്ട സ്വപ്നോം ഒന്നല്ലേ അച്ഛ?
രണ്ടു പേരും എപ്പഴാണാവോ ഉണരണെ!
അയ്യേ.., അപ്പോ ശർമ്മാജിക്ക് ഇപ്പ്പ്പോ ഇല്ല്യെ?? പാവം.!
saakshi, good post.
1)ശിരസ്സില്‍ ഇറ്റുവീണ കണ്ണുനീരിന്‍റെ ചൂട് ഉണ്ണി അറിയാതെ അമ്മുമ്മ തലോടിയെടുത്തു.
2)കിളി പറന്ന് മൂവാണ്ടന്‍റെ തുഞ്ചത്ത് പോയിരുന്ന് കൂടുതല്‍ ഉറക്കെ ഉണ്ണിയെ നോക്കിക്കരയാന്‍ തുടങ്ങി.
3)മറ്റൊരു സീമന്തരേഖയ്ക്കായ് അവന്‍റെ വിരലുകള്‍ സിന്ദൂരം പുരളുമ്പോള്‍ അവള്‍ അറിയുന്നു, വരണ്ടുണങ്ങിയ ഗര്‍ഭപാത്രത്തില്‍ ഒരു പുതുനാമ്പിന്‍റെ തുടിപ്പ്.
4)അവന്‍റെ കണ്ണുകളില്‍ ആമ്പലിന്‍റെ ഇതളുകള്‍ കൊഴിയുന്നതയാള്‍ കണ്ടു.
...എങ്ങനെ ഇങ്ങനെയൊക്കേ അവസാനിപ്പിക്കാന്‍ കഴിയുന്നു മാഷേ?
ഈ തിരിച്ചു പോക്ക് ഇനി എത്രനാൾ ?
തിരിച്ചു ചെല്ലാൻ ആ ‘നമ്മുടെ നാട്‘ എത്രനാൾ കൂടി കാണും?
നല്ല പോസ്റ്റ്, സാക്ഷീ. ഒന്നോ രണ്ടോ കൊല്ലം കൂടി നാട്ടില്‍ പോകുമ്പോള്‍ തോന്നുന്ന അതേ വികാരം ഏറ്റവും കുറച്ചു വാക്കുകളില്‍. മനോഹരം!
എന്നെങ്കിലും നാട്ടില്‍ തിരിച്ചുപോയി താമസിക്കണം എന്നു കരുതി ജീവിക്കുന്നവരാണു പ്രവാസികളില്‍ ഭൂരിപക്ഷവും. അവരുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലത്തെ നാടാണു്. ഊഞ്ഞാലിടുന്ന പ്ലാവു വെട്ടി റബ്ബറും പിന്നെ കെട്ടിടങ്ങളും വെച്ചതും, ഇഡ്ഡലിയ്ക്കും പുട്ടിനും പകരം വെളിയില്‍ നിന്നു വാങ്ങുന്ന ഫാസ്റ്റ് ഫുഡ് ആയതും, “ഉച്ചത്തില്‍ സന്ധ്യയ്ക്കു നാമജപ”ത്തിനു പകരം സീരിയലിന്റെ ഗര്‍ജ്ജനവുമൊക്കെയായതു് അവന്‍ അറിഞ്ഞിട്ടില്ല.
പറമ്പിലേക്കു നീട്ടി മൂത്രമൊഴിക്കാന്‍ പറ്റാത്തതിന്റെ ദുഃഖം എനിക്കുമുണ്ടു്. എന്റെ വീടിനു പുറകില്‍ ഇപ്പോള്‍ ഒരു തയ്യല്‍ക്ലാസ്സ് (പെണ്‍കുട്ടികള്‍ക്കു മാത്രം) നടത്തുന്ന കെട്ടിടമാണു്.
തുളസീ,
“നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത്” വിട്ടു പോയോ? - അനുഭവത്തിന്റെ ഭാഷ !!.
ഉമേഷേ, രാത്രി അല്പം കാത്തിരുന്നാല്‍ സാധിക്കാവുന്നതേ ഉള്ളൂ..
സാക്ഷി, വരകള്‍ മനോഹരം !!
ഭൂതകാലസ്മൃതികള്‍ ഒരൊഴിയാബാധയാണു...
എവിടെയെല്ലാം കൊണ്ടുപേക്ഷിച്ചാലും ഒടുവില്‍ അലഞ്ഞു തിരിഞ്ഞു വാതില്‍ക്കല്‍ വന്നു മുട്ടും..ടക്..ടക്..ടക്..
പിന്നെ ഈ ബാധകൊണ്ടുള്ള ഗുണം ഇതുപോലെയുള്ള നല്ല രചനകളുണ്ടാകുന്നു എന്നതാണു..
ഇനി ആരും ഈ മാതിരി മൂത്രമൊഴിക്കൽ ഐഡിയാസ് ഒന്നും പോസ്റ്റാക്കല്ലെ... ഉമേഷ്‌മാഷിനെങ്ങാനും ആവേശം മൂത്ത് കണ്ട്രോളു പോയി പെൺകുട്ടികളുടെ തയ്യൽക്ലാസിലേക്കു തിരിഞ്ഞാൽ പൊല്ലാപ്പാകുമേ... പോരാഞ്ഞിട്ട് നളന്റെ വക പ്രോത്സാഹനവും...
അമേരിക്കേലൊക്കെ ഇൻഡീസൻഡ് എക്സ്‌പോഷറിനൊക്കെ അഴി ഒറപ്പാന്നാ കേട്ടെ... ;-)
ഉമേഷേട്ടൻ പറഞ്ഞതിന്റെയും സാക്ഷി എഴുതിയതിന്റെയും (ഓപ്പൺ എയർ... )സുഖം വേറൊന്നു തന്നെയാ...
അതും ഒരു നൊസ്റ്റാൾജിയ!
എഴുത്തും വരയും വളരെയേറെ നന്നായിട്ടുണ്ട് സാക്ഷീ...
ഇന്ദു, ആ വാചകത്തിന് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം മറ്റുള്ളവരിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍റെ തെറ്റ്.
സൂ, പാവം ഞങ്ങള്‍, പ്രവാസികള്‍!
സന്തോഷം അതുല്യേച്ചി.
നമ്മളെല്ലാവരും സമാനങ്ങളായ സ്വപ്നങ്ങളിലല്ലേ ജീവിക്കുന്നത് അചിന്ത്യേ. ഒരു ദിവസം നമ്മളും ഉണര്‍ച്ചയുടെ ഗര്‍ത്തത്തിലെക്ക് ഉരുട്ടിവിടപ്പെടും.
നന്ദി വിശാലന്‍.
ഒന്നും അവസാനിപ്പിക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ തുളസി. പറയാനുള്ളത് മുഴുവന്‍ പറയാതെ ഒളിച്ചോടുകയല്ലേ. കാണുന്നില്ലേ അര്‍ദ്ധവിരാമങ്ങള്‍.
നന്ദി തുളസി.
ആ 'നാട്' ഇപ്പോഴുണ്ടോ ആദിത്യാ.
പച്ചപ്പ് ഇന്നു നമ്മുടെയൊക്കെ സ്വപ്നങ്ങളിലേയുള്ളൂ ഉന്‍മേഷ്. അതിന്‍റെ സ്ഥാനത്ത് പുഴുക്കുത്തേറ്റ വിളറിയ മഞ്ഞയാണിന്ന്. നമ്മുടെ സ്വപ്നങ്ങളെയെങ്കിലും നമുക്ക് സംരക്ഷിക്കാം, പുഴുക്കുത്തേല്ക്കാതെ.
നന്ദി നളന്‍.
അവ മുട്ടുന്നത് ഒരിക്കലും തുറക്കാത്ത വാതിലുകളിലല്ലേ സുഹൃത്തേ. വിളിക്കുന്നത് നമ്മളെയല്ലെന്നു സ്വയം വിശ്വസിപ്പിച്ച് എഴുന്നേല്ക്കാന്‍ മടിച്ചിരിക്കും, പിന്നെ ടി.വി.യുടെ വോളിയം കൂട്ടും.
മൂത്രമൊഴിക്കുമ്പോള്‍ കണ്ണടച്ചാല്‍ പോരെ ആദിത്യാ.
സമ്മതിച്ചല്ലോ. ഓപ്പണ്‍ എയര്‍ കൂട്ടയ്മയ്ക്കും ബ്ലോഗു തുടങ്ങേണ്ടി വരുമോ? കുറച്ചു ഫോട്ടോസ് എടുത്തു റെഡിയായിക്കോളൂ. നന്ദി കലേഷ്.
Post a Comment
<< Home