"കുഴിയ്ക്കു വാ.."

ഉണ്ണിക്കെന്തോ അന്ന് ചാച്ചെട്ടിയിലിരുന്ന് വായിക്കാന്‍ വല്ലാത്ത പേടി തോന്നി. ആ നശിച്ച കിളിയാണെങ്കില്‍ കരച്ചിലു നിര്‍ത്തുന്നൂല്യ. "കുഴിയ്ക്കു വാ.. കുഴിയ്ക്കു വാ.." വല്ലാത്തൊരു കരച്ചില്‍. "ആരെയാണാവോ കുഴീല്‍യ്ക്കു വിളിക്കുന്നത്" അമ്മുമ്മ പുറത്തേക്കിറങ്ങി വന്നു. മുറ്റത്തെ മൂവാണ്ടന്‍റെ കൊമ്പിലിരുന്നാണത് കരയുന്നത്. അതുണ്ണിക്കറിയാം. "ഉണ്ണീ. അതിരിക്കുന്നത് കിഴക്കേ കൊമ്പിലല്ലേ?" ഉണ്ണിക്ക് മുഖമുയര്‍ത്താന്‍ തന്നെ പേടിയായി. അമ്മുമ്മയാണെങ്കില്‍ മാവിലേക്കുതന്നെ നോക്കി കണക്കുകൂട്ടല്‍ തുടങ്ങി. "കിഴക്കിപ്പോ ആരാ.. പുതുവാക്കാട്ടെ കാര്‍ത്ത്യായിനിയമ്മയെ ഇന്നു രാവിലേംകൂടി അമ്പലത്തില്‍ വെച്ചു കണ്ടതാണല്ലോ. അവരാവാന്‍ വഴീല്യ. ഇനി ആ വാര്യരെങ്ങാനുമായിരിക്ക്വോ? പാവം അയാള്‍ക്ക് എന്‍റെ പ്രായം കഷ്ട്യാ." കിളി കരച്ചില്‍ ഒന്നുകൂടെ ഉച്ചത്തിലാക്കി. "ഉണ്ണീ, അതിങ്ങോട്ടു തിരിഞ്ഞാണോ ഇരിക്കുന്നത്" അമ്മുമ്മ കാലിന്‍റെ മുട്ടുതിരുമ്മിക്കൊണ്ട് ചുമരും ചാരിയിരുന്നു. "രണ്ടീസായി ഈ എടത്തേപള്ളയൊരു വേദന. ശ്വാസം കഴിക്കുമ്പോ നെഞ്ചിലൊരു പിടുത്തം. സമയായിട്ട്ണ്ടാവും" അടുക്കളയില്‍ നിന്നും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ ഉണ്ണി കേട്ടു. "ഞാനെന്തോ പൊട്ടത്തരം പറഞ്ഞതിന് നീയ്യിങ്ങനെ കരേണെന്തിനാ. ഉണ്ണിക്കിപ്പോ ഒരസുഖോല്യാലോ. തെക്കേടത്തപ്പന്‍ നമ്മുടുണ്ണ്യേ കാത്തോളും." അമ്മുമ്മ കൈ നീട്ടി ഉണ്ണിയെ തലോടി. മുഖത്തെ ചുളിവുകളില്‍ കണ്ണീരു പടരുന്നത് ഉണ്ണി കാണാതിരിക്കാന്‍ അമ്മുമ്മ മുഖം തിരിച്ചു. ഉണ്ണി മുറ്റത്തേക്കിറങ്ങി ഒരു കല്ലെടുത്ത് മാവിലേക്കെറിഞ്ഞു. കിളി പറന്ന് മൂവാണ്ടന്‍റെ തുഞ്ചത്ത് പോയിരുന്ന് കൂടുതല്‍ ഉറക്കെ ഉണ്ണിയെ നോക്കിക്കരയാന്‍ തുടങ്ങി.
Labels: കഥ
14 Comments:
സാക്ഷിയുടെ വര പോലെ തന്നെ വാക്കുകളും. എല്ലാം നിരത്തിവെക്കാതെ, രണ്ടു മൂന്ന് ഒഴുക്കൻ suggestive വരകൾ. ഇഷ്ടായി.
(ഈ ഭാഷാരൂപം (dialect) ഏത് നാട്ടിലെയാ? പെരിങ്ങോടരുടേയും ഇത് തന്നെയാണോ?)
പണ്ടെന്നോ വായിച്ചു പരിചയിച്ച ഒരു മായികലോകം...
നന്നായി...
എന്റെ നാട്ടിലു സാക്ഷീ ഇതിനെ കിളീന്ന് പറയാറില്ലാട്ടോ, കാലൻ കോഴീന്ന് പറയും. കിളി ചിലയ്കുമ്ന്ന് പറയുമ്പോ, കാലൻ കോഴി കുവുമ്ന്ന പറയാ.
നന്നായീട്ടോ എഴുത്ത്. ഒന്ന് ഖണ്ഡീകരിക്കു. ഈ ഉണ്ണീം മുത്തശ്ശീനേം ഒന്ന് വിശ്രമിയ്കാനനുവദിച്ച്, ഒരു അവനേയും അവളേയും വരയ്കു.
എന്റെ നാട്ടില്‍ കിളി തന്നെ, റൂഹാന്‍ കിളിയെന്നാണ് പേര്. റൂഹ്-ആത്മാവ്, ആത്മാവിനെ ക്ഷണിക്കുന്ന കിളി എന്നോ മറ്റോ ആയിരിക്കും.
ഭയപ്പെടുത്തിയിരുന്ന ആ കിളിനാദം ചെവിയില്‍ മുഴങ്ങുന്നു സാക്ഷീ.
ഉണ്ണിയേ കാത്തോള്‍ണേ ന്റെ തെക്കേടത്തപ്പാ..
സാക്ഷി,
സാക്ഷ്യപ്പെടുത്തലുകള്‍ വേദനിപ്പിക്കുന്നു
രേഷ്മാ,
സാക്ഷി എന്തായാലും എന്റെ നാട്ടുകാരന്‍ ആവാന്‍ വഴിയില്ല. എനിക്കെന്തോ ഈ കിളിയുടെ വിളി കേള്‍ക്കുമ്പോള്‍ “പൂവ്വാ?” എന്നൊരു ചോദ്യമായിട്ടാണു തോന്നാറു്. ശൈശവത്തില്‍ കേട്ടറിഞ്ഞതും ഏതാണ്ടങ്ങിനെയൊക്കെ തന്നെയായിരുന്നു. കിളിയുടെ പേരാകട്ടെ, അതുല്യ പറഞ്ഞതുപോലെ കാലന്‍ കോഴിയെന്നു തന്നെ. മരണങ്ങള്‍ക്ക് മുമ്പ് കാലന്‍ കോഴിയുടെ വിളിയും, മരണങ്ങള്‍ക്ക് ശേഷം പട്ടികളുടെ ഓരിയിടലും.. ഞാന്‍ വളര്‍ന്ന നാട്ടില്‍ ഒട്ടും അതിശയോക്തിയില്ലാതെ ദഹിക്കുന്ന വിഷയങ്ങളായിരുന്നു.. ഏതാണ്ടുചിലതെല്ലാം ഇവിടെ എഴുതിയിരുന്നു.
ഇബ്രു,
റൂഹാന്‍ കിളിയെന്ന വെളിപ്പെടുത്തല്‍ വിക്കിയില്‍ മലയാളത്തിന്റെ പ്രാദേശികരൂപങ്ങള്‍ എന്ന ലേഖനമെഴുതുവാന്‍ എനിക്ക് സഹായകരമായേക്കും :)
"...കൂടുതല്‍ ഉറക്കെ...ഉണ്ണിയേ നോക്കി..."
നന്നായിട്ടുണ്ട് സാക്ഷീ...
:) "ആ സു വിന് ഇപ്പോ ഒരസുഖോം ഇല്ലല്ലോ, അതിനെ കാത്തോള്‍ണേ” ന്ന് പ്രാര്‍ഥിച്ചോട്ടെ അമ്മൂമ്മ ഇനി.
സാക്ഷീ ഈ ഓഫ്റ്റോപ്പിക്കിന്ന് ക്ഷമിക്കില്ലേ..
പെരിങ്ങോടരേ.
ചങ്ങായീ എന്ന് വിളിച്ചതിന് ശേഷം,
ഇത്തരം പ്രാദേശികമായ നാമകരണങ്ങള്‍ (റൂഹാന്‍ കിളി)എഴുതുമ്പോഴും കമന്റുമ്പോഴും മനപ്പൂറ്വ്വം ഒഴിവാക്കിയതില്‍ എനിക്കിപ്പോള്‍ ഖേദം തോന്നുന്നു. മലയാള സിനിമയില്‍ കണ്ടുമടുത്ത ഇത്തരം (ഇജ്ജ്, കജ്ജ്, ഞമ്മള്‍, ഇങ്ങള്)പ്രയോഗങ്ങള്‍ മലയാള ഭാഷയേ അല്ല എന്ന അപകര്‍ഷതാബോധം മാറി വരുന്നതിനിടയ്ക്കെപ്പൊഴോ രേഷ്മ(മൈലാഞ്ചി) അതേപറ്റി റെഡിഫ് ബ്ലോഗിലൂടെ പറഞ്ഞത്. അത് വീണ്ടുമൊരു തിരിച്ച് പോക്കിന്ന് കാരണമാക്കി.
താങ്കളുടെ ഈ ഒരു പ്രചോദത്തിലൂടെ ചക്കയ്ക്കും മാങ്ങയ്ക്കും ഉള്ള പ്രാദേശിക പ്രയോഗങ്ങള്‍ വെളിപ്പെടുത്തുവാന്‍ എനിക്ക് ധൈര്യം തന്നതില്‍ സന്തോഷം തോന്നുന്നു.
മലയാള ഭാഷയ്ക്ക് മുതല്‍കൂട്ടാവുന്ന ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.
സാക്ഷീ..
താങ്കളുടെ വരയും വാക്കുകളും പഴമയുടെ, എളിമയുടെ ലോകത്തെത്തിക്കുന്നു..!
നന്ദി..!
നന്ദി രേഷ്മാ. ഭാഷാരൂപം അല്പം സങ്കരമാണ്. ഞാനും പെരിങ്ങോടരും ഒരേ ദേശക്കാരല്ല.
നന്ദി ആദിത്യന്‍.
ഞങ്ങളും പറയാറ് കാലന്‍കോഴീന്ന് തന്നെയാണ്. പിന്നെ പേരെടുത്ത് പറയാതിരുന്നത് അതിനെ ഒരു ബിംബം മാത്രമായി നിര്‍ത്താന്‍ വേണ്ടിയാണ്. അമിത പ്രാധാന്യം കൊടുക്കേണ്ടെന്നു തോന്നി.
ഉണ്ണിയും മുത്തശ്ശിയും തളര്‍ന്നൂന്ന് തോന്നുന്നുണ്ടോ അതുല്യേച്ചി.
നിശബ്ദതയില്‍ ആ ശബ്ദം ആരെയും ഭയപ്പെടുത്തും ഇബ്രു.
തെക്കേടത്തപ്പന്‍ ആ പ്രാര്‍ത്ഥന ഒരുപാടു തവണ കേട്ടിട്ടുണ്ട് തുളസി. ഇപ്പോഴും കേള്‍ക്കുന്നുണ്ടാവും.
ഈ ബ്ലോഗുലോകത്ത് ഞാന്‍ ആദ്യം വായിക്കുന്നത് പെരിങ്ങോടരെയാണ്.. അതുകൊണ്ടുതന്നെ വഴികാട്ടിയും. നന്ദി.
നന്ദി സ്വാര്‍ത്ഥന്‍
അങ്ങനെയൊരമ്മുമ്മയോ മുത്തശ്ശനോ ആവാന്‍ നമുക്കൊരിക്കലും കഴിയില്ലല്ലോ സൂ. അവര്‍ അവര്‍ക്കു വേണ്ടിയല്ല മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എരിഞ്ഞുതീരുന്നത്. നമ്മളെല്ലാവരും സ്വാര്‍ത്ഥരല്ലെ സൂ. ഞാന്‍ തീര്‍ച്ചയായും സ്വാര്‍ത്ഥനാണ്. അല്ലെങ്കില്‍ ആ സ്നേഹത്തില്‍ നിന്നും ഇത്ര ദൂരേക്കു പോരില്ലല്ലോ.
എന്‍റെ ബ്ലോഗുതന്നെ ഒരു ഓഫ്ടോപ്പിക്കല്ലെ ഇബ്രൂ.
നന്ദി വര്‍ണ്ണമേഖമേ.
സാക്ഷി.. നല്ല വാക്കുകളും വരകളും. ഡിജിറ്റൽ വരകൾക്ക് മുകളിൽ വാട്ടർ കളർ ചേർത്തതാണോ ഈ പുതിയ സങ്കേതം? എന്തായാലും നന്നായി.
ഞാനും അതെക്കുറിച്ച് ചോദിക്കാനിരിക്കുകയായിരുന്നു.
ഏതാണ് സാക്ഷി താങ്കളുടെ ചിത്രരചനാ ടൂള്‍?
കുമാര്‍, സൂഫി - വരകളും വര്‍ണ്ണങ്ങളും എല്ലാം ഡിജിറ്റല്‍ തന്നെ.
Post a Comment
<< Home