പിന്നിലേക്കു നടക്കുന്നവര്‍

"ത്രിസന്ധ്യായിട്ടും വിളക്കുകൊളുത്തീല്യേ?"
"വിളക്കൊക്കെ കൊളുത്തീണ്ട്. അമ്മ കിടന്നോളൂ"
എന്തേ ഈ കുട്ട്യോളു പറേണേ. വിളക്കുകൊളുത്ത്യാ കിടക്ക്വേ.
എണീക്ക്യാന്‍ കഴിയണില്യാലോ. ദേഹത്തിനു വല്ലാത്ത ഭാരം.
"രാമ രാമ രാമ"
എപ്പോത്തുടങ്ങ്യ കാറ്റാ ഇത്. ചെവിയൊക്കെ അടഞ്ഞേക്കണു. മഴപെയ്യണ്ണ്ടോ? ഉവ്വ് നല്ല തണവുണ്ട്. വെള്ളം ചോരണേടത്തൊക്കെ പാത്രം വച്ചിട്ടുണ്ടാവില്ലെ. ന്നലേം കൂടി പറഞ്ഞതാ ആ പൊട്ട്യ ഓടൊക്കെ ഒന്നു മാറ്റി വയ്ക്കണംന്ന്. ആരു കേള്‍ക്കാന്‍? കുഞ്ഞുമക്കളു ചോദിക്ക്യാ വാര്‍ക്കവീടെങ്ങന്യാ അച്ചമ്മേ ചോര്വാന്ന്. ന്നെ കളിപ്പിക്ക്യാനാണേയ്. വാര്‍ക്കവീടാത്രെ. ന്നട്ട് ഇപ്പൊ കണ്ടില്ലേ ചോര്‍ന്നൊലിക്കണത്. എവിട്യാ ഈ കുട്ട്യോള്. മുറ്റത്തിട്ട തുണികളെല്ലാം കിടന്നുനനയണ കാണണില്യേ. ക്കെ ടീവീടെ മുന്നിലിണ്ടാവും.
"ആരുല്യേ വിടെ. ഈ തുണികളൊക്കെ ഒന്നെടുത്തു വയ്ക്ക്യാ. എത്ര കഷ്ടപ്പെട്ട് അലക്കീതാ. മുഴുവന്‍ നനഞ്ഞു"
"അമ്മ ഒന്നവിടെ കിടക്കൂ. അത് തുണ്യല്ല. ആശുപത്രീടെ ചുമരാ."
ഞാനെന്താ കണ്ണുപൊട്ട്യാ. തുണീം ചുമരും തിരിച്ചറിയാതിരിക്കാന്‍. ആശുപത്രീടെ ചുമരാത്രെ. ഈ വീടെന്നുമുതലാണാവോ ആശുപത്ര്യാക്കീത്. ഞാനൊന്നും മിണ്ടണില്യാ. ഒരൂസം വയ്യാണ്ടായപ്പോഴേക്കും ആര്‍ക്കും വേണ്ടാതായി. ത്തിരി വല്ലതും കഴിച്ചെങ്കില്‍ ഒന്ന് തല ചായ്ക്ക്യാര്‍ന്നു. ഉറങ്ങാനും പേട്യായിരിക്കണു. കുറച്ചീസായി രാത്രീലു കണ്ണുതുറന്നാല്‍ അയാളിരിക്കണ്ണ്ടാവും അടുത്ത്. പറഞ്ഞപ്പോള്‍ കുട്ട്യോളു പറയ്യാ അത് അച്ഛനാത്രെ. വയറിനു ലേശം വേദനിണ്ട്, അകലേക്ക് കഴ്ച്ചക്കുറവൂണ്ട് എന്നാലും ഭ്രാന്തൊന്നൂല്യാ, കുട്ട്യോളുടെ അച്ഛനെ കണ്ടാ മനസ്സിലാവാണ്ടിരിക്കാന്‍. ആ നശിച്ച വയറുവേദന തുടങ്ങ്യാ പിന്നെ ഒന്നിനും കഴീല്യ. ദ്പ്പോ കൂടെ കൂടെ വരണ്ണ്ടല്ലോ. ന്തായാലും ഇനി പടിഞ്ഞാട്ട് പോയിട്ടു വരുമ്പോള്‍ ഒരുകുപ്പി ദശമൂലാരിഷ്ടോം ജീരകാരിഷ്ടോം വാങ്ങീട്ടു വരാന്‍ പറയണം.
വേദനകൊണ്ട് പുളഞ്ഞിരുന്ന സമയത്തെപ്പോഴോ ആണ് ഉണ്ണി വന്നതെന്നു തോന്നുന്നു. കഴുത്തിന്‍റെ പിന്നിലെ മുടിയില്‍ അവനല്ലേ തലോടിയത്. മുലകുടിക്കുമ്പോഴേയുള്ള ശീലാണ്, ഒരു കൈ പതുക്കെ കഴുത്തിലേക്കു നീളും. വലുതായിട്ടും ആ ശീലം വിട്ടില്ല. അടുത്തു വന്നാല്‍ ആദ്യം കഴുത്തിനു പുറകില്‍ തലോടും. അഞ്ചു വയസ്സുവരെ ഈ മാറിലെ ചൂടേറ്റ് ഇല്ലാത്ത ഇഞ്ഞ ചപ്പിക്കുടിച്ച് വളര്‍ന്നതാ അവന്‍. ഏതുറക്കത്തിലും അവന്‍റെ കൈ ദേഹത്തു തൊട്ടാല്‍ മതി അപ്പോ അറിയും. എവിടെപ്പോയി അവന്‍?
"ഉണ്ണി വന്നിട്ടെന്തേ?"
"പ്പൊ വരും. ഡോക്ടറെ കാണാന്‍ പോയതാ അമ്മേ"
"എന്തേ അവന്? ഒറ്റയ്ക്കാ പോയത്?"
"ഒന്നൂല്യ. അമ്മ കിടന്നോളൂ. ദേഹം അനക്കണ്ട"
കുഞ്ഞായിരുന്നപ്പോഴും അവന് അസുഖം ഒഴിഞ്ഞട്ടുള്ള നേരംണ്ടായിട്ടില്യ. അവനേം എടുത്ത് ഒക്കത്തുവെച്ച് കൃഷ്ണന്‍കുട്ടി ഡോക്ടറുടെ അടുത്തേക്ക് ഓട്യ ഓട്ടം.
"ഉണ്ണിക്കന്ന് വയസ്സ് നാല്. തൊട്ടാപ്പൊള്ളുന്ന പനി. വയറെളകാനും തുടങ്ങി.
എത്ര്യായിട്ടും എളക്കം നിക്കണില്യ. അവനേം എടുത്ത് ഉടുമുണ്ടാലെ ഇറങ്ങിയോടി.
കയ്യിലും മുണ്ടിലും മുഴുവന്‍ അപ്പി ഒഴുക്വാ. ഒരു കാറ് വരണ കണ്ടപ്പോള്‍ കൈകാട്ടി നിര്‍ത്തി. ആരായാലും ന്നെ ഒന്നു ഡോക്ടറുടെ അടുത്തേക്കു കൊണ്ടോവൂന്ന് പറഞ്ഞ് നോക്ക്യപ്പൊ അരാ. കൃഷ്ണന്‍കുട്ടി ഡോക്ടറ്."
"ഒരുപാട് കേട്ടിരിക്കണു അമ്മേയിത്. കുറച്ചുനേരം ഒന്നു മിണ്ടാതെ കിടക്കൂ."
ഒന്നുകൂടി കേട്ടാല്‍ മാനം ഇടിഞ്ഞു വീഴ്വോ. നീം പറയും. ജീവനുള്ളേടത്തോളം പറയും. ത്രയ്ക്ക് കഷ്ടപ്പെട്ടണ്ട്. അതോണ്ടെന്താ അമ്മുമ്മാന്നു പറഞ്ഞാല്‍ അവനു പെറ്റ തള്ളേക്കാള്‍ സ്നേഹാ. ഉറക്കം വല്ലാണ്ടെ വരണ്ണ്ട്. മഴ പിന്നേം തുടങ്ങ്യോ. ചുമരിലൂടെല്ലാം വെള്ളം ഒലിച്ചെറങ്ങണൂലോ.
നാളെത്തന്നെ വറുതപ്പനെ വിളിച്ച് ചോര്‍ച്ച അടയ്ക്കണം. നേരൊന്ന് വെളുക്കട്ടെ. അത്താഴം കഴിച്ചോ. പപ്പടം ചുട്ടത് കൂട്ടി കഞ്ഞികുടിച്ചത് ഇന്നോ ഇന്നല്യോ. ഇന്നിനി ഒന്നും വേണ്ട. ഉറങ്ങണം. ഉണ്ണിയെവിടെ?
മായുന്ന നിഴലുകള്‍ക്കുള്ളിലൂടെ നടന്നു വരുന്നത് ഉണ്ണിയല്ലേ.
നോക്കി നടക്കൂ ഉണ്ണീ. മഴപെയ്ത് വഴുക്കി കിടക്ക്വാ. വീഴാണ്ട് അമ്മുമ്മേടെ കയ്യില്‍ പിടിച്ചോളൂ.
ഈ ഇരുട്ടത്ത് എന്തിനാ അവനിപ്പോ പുറത്തേക്ക് പോണത്.
"മുറ്റത്തേക്കിറങ്ങണ്ടാ ഉണ്ണ്യേ. കാലുമുഴുവന്‍ വളം കടിക്കും. ടോര്‍ച്ചെടുത്തിട്ടുണ്ടോ നീയ്യ്."
അവനും മാഞ്ഞു. ഇപ്പോള്‍ ഇരുട്ടു മാത്രം. കണ്ണടച്ചുകിടന്നു.
അയാള്‍ വരുന്നതും അടുത്തിരിക്കുന്നതും അറിയുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു.
കഴുത്തിനു പുറകില്‍ കയ്യിന്‍റെ ചൂട്. ഭാഗ്യായി ന്‍റെ ഉണ്ണി വന്നു.
നിയ്ക്ക് മന്‍സിലായി.
എല്ലാരും ഉറങ്ങ്യപ്പോള്‍ പതുങ്ങി പതുങ്ങി വന്നതാ, ഇഞ്ഞ കുടിക്കാന്‍.
Labels: കഥ
26 Comments:
സാക്ഷീ,
നന്നായിരിക്കുന്നു.
ചിത്രവും കേമം.
ചിത്രങ്ങളെ പറ്റി ചോദിക്കണമെന്ന് കരുതിയതാണ്‍ -- തനിയെ വരയ്ക്കുന്നതാണോ?
സാക്ഷീ,
കഥ നന്നായി.
ജീവിതത്തോട് ചേര്‍ത്ത് വെച്ച് വായിച്ചപ്പോള്‍ വിഷമവും ആയി. :(
ഷാജിയുടെ പിറവിയും, സി രാധാകൃഷ്ണന്റെ ഒറ്റയടിയപ്പാതയും നമ്മളിൽ ഉണർത്തുന്ന ഒരു ലോകമുണ്ടല്ലൊ, അതുപോലൊരു അനുഭവം. മനോഹരമായിരിക്കുന്നു സാക്ഷി, പ്രത്യേകിച്ചും അവസാന വരികൾ.(ഇതു പറയാൻ ഞാനാര്?)
ഏവൂരാന്‍, ചിത്രങ്ങള്‍ എന്‍റെ തന്നെയാണ്
എനിക്കിതിനെ കഥയെന്നുപറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല സൂ. എഴുതിയ വരികളില്‍ ഇപ്പോഴും എന്‍റെ ഓര്‍മ്മകള്‍ സ്പന്ദിക്കുന്നുണ്ട്.
പ്രണാമം രാത്രിഞ്ചരാ.
ജീവിതത്തില്‍ നിന്നും അടര്‍ത്തി എടുത്ത ഒരു കഥ
നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ മതിയാവില്ല, വിവരിക്കാന്‍ വാക്കുകളും ഇല്യ
നന്നായി. പക്ഷെ, ദു:ഖം. അതാണ് ദു:ഖം.
പിന്നിലേക്ക് നടന്നവരില്‍ ഞാനുമുണ്ട്.
വായനയില്‍ പലപ്പോഴും എന്റെ ചങ്ക് കനത്തു പോയി.
ഗുഡ് വര്‍ക്ക്.
കുമാറെ,
ദുഃഖം എന്നെഴുതാന്‍ duHkham എന്നു ടൈപ്പ് ചെയ്താല്‍ മതിയാകും, വിസര്‍ഗത്തിനുപകരം കോളണ്‍ (:) ഉപയോഗിക്കുമ്പോള്‍ സംഗതി മലയാളമല്ലാതെയാകും.
ദുഃഖം.
ദു:ഖം.
പക്ഷെ പെരിങ്ങോടാ ഇതില്‍ ഏതു കാണുമ്പോഴാണ് “Dukham” തോന്നുന്നത്? ആദ്യത്തേത് “ദു“ കഴിഞൊരു വര. രണ്ടാമത്തേത് “ദു“ കഴിഞ്ഞു രണ്ട് കുത്ത്. വര മലയാളത്തിനെ ലിപിയില്‍ വന്നുതുടങ്ങിയോ?
പെരിങ്ങ്സ് എഴുതിയ “Dukham” ദു കഴിഞ്ഞു വരയാണ് എനിക്കു കാട്ടുന്നത്. എനിക്കറിയില്ല ഇതു എന്റെ സ്ക്രീന്‍ ഡിസ്‌പ്ലേയുടെ കുഴപ്പമാണോ?
സാക്ഷീ, കുറച്ച് ദൂരം പിന്നോട്ട് നടത്തിയതിനു നന്ദി.. ഭൂതകാലമെന്ന പഴയ പുസ്തകത്തിന്റെ ഒരു താള്‍ കാറ്റത്ത് തനിയെ തുറന്നു...
ആ കട്ടിലിനരികെ ഏറെ നേരം നിന്ന പ്രതീതി!
- - - -
കുമാറിന്റെ ദുഃഖം (duHkham) വരയായി കാണുന്നത് കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യവേ മാത്രമേ ഉണ്ടാവൂ. പബ്ലിഷ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഒക്കെ ഓക്കെ.
ഇതു പോലെ സ്നേഹം പകര്‍ന്ന ഒരമ്മുമ്മ എനിക്കുമുണ്ടായിരുന്നതു കൊണ്ട് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു!
പിന്നിലേക്ക് നടന്നത് എന്റെ മുത്തച്ഛന്‍ ആയിരുന്നു.
2 കൊല്ലം കൊണ്ട് 96 കൊല്ലം പുറകിലേക്ക് സഞ്ചരിച്ചു. ഇടക്കെപ്പോഴോ, സ്വന്തം മകനെ അച്ഛാ എന്നു വിളിച്ചു തുടങ്ങി. അവസാനം ഞാന്‍ കാണുമ്പോള്‍, ഉറക്കമായിരുന്നു. തള്ളവിരല്‍ വായില്‍ തിരുകി, സമാധാനത്തോടെയുള്ള, രണ്ട് വയസ്സുകാരന്റെ ഉറക്കം.
സാക്ഷി, അഭിനന്ദനങ്ങള്‍.
ഇന്ദുവിന്‍റെ അഭിപ്രായം വളരെക്കുറച്ചൂമാത്രം മാറ്റുന്നു ഞാന്‍:
ഇതു പോലെ സ്നേഹം പകര്‍ന്ന ഒരമ്മുമ്മ എനിക്കുമുള്ളതു കൊണ്ട് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു!
സസ്നേഹം,
സന്തോഷ്
ഇവിടെത്തുമ്പോള്‍ പതിവുപോലെ വേറൊരു ലോകം. സ്നേഹത്തിന്റെ പച്ചപ്പ്.
മനോഹരമായിരിക്കുന്നു സാക്ഷീ..വാക്കുകളും വരകളുമുപയോഗിച്ച് താങ്കള്‍ മനോഹരമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു.
വല്യമ്മച്ചി എന്നു വിളിച്ചിരുന്ന എന്റെ അമ്മമ്മയെ ഓര്‍ത്തു പോയി. തിരുവല്ലയില്‍ നിന്ന് തവനൂരില്‍ എന്നെ നോക്കാന്‍ ഇടയ്ക്കിടെ വന്നു നിന്നിരുന്ന അമ്മമ്മ.
വല്യമ്മച്ചി മരിച്ചാല്‍ പിന്നാരാ എനിക്ക് പായസം വച്ചു തര്വാ എന്നു ചോദിച്ചപ്പോള്‍ അമ്മ അടിയും അമ്മമ്മ നല്ലൊരു പായസവും വച്ചു തന്നു.
സാക്ഷീ,
വളരെ നന്നായിരിക്കുന്നു.
എന്താണാവോ..! ഇന്ന്,
സാക്ഷീടെ വാക്കുകളും അതിന് മുകളിലെ ചിത്രവും ഒരുമിച്ച് കാണാന്‍ ഭാഗ്യം ലഭിച്ചു.
നേരത്തെ വാക്കുകള്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ. ചിത്രത്തിന്റെ ഭാഗത്ത് ഒരു ചതുരവും അതിലൊരു ചുവന്ന ഗുണനചിഹ്നവും.
ചിത്രങ്ങളും അതിനേക്കാളുപരി വിവരണവും നന്നാകുന്നു.
സാക്ഷിയെ വായിക്കുമ്പോള്‍ അല്പനേരം നാട്ടിലേക്ക് തിരിച്ച് പോകുന്നു. ഓര്‍മ്മകളിലേക്കും...
കാത്തിരിപ്പ് തുടരുന്നു.
ബിജു.
തിരിച്ചു നടന്നു, പൊട്ട്യ ഓടില്‍ നിന്നും വെള്ളം വീഴുന്നിടത്തൊക്കേ പാത്രമെടുത്തു വെച്ചു, അയയില്‍ നിന്നും തുണിയൊക്കെ വാരി ഇറയത്തു കൊണ്ടിട്ടു, അടക്കാ കളത്തില്‍ ഉണങ്ങാനിട്ട അടക്ക വാരി പത്തായ പുരയിലിട്ടു. ഉമ്മറപ്പടിയിലിരുനു മഴ കണാന്‍ സമയമെവിടെ മുത്തശീ.....ഓടിത്തിരിച്ചു വരികേം ചെയ്തു.
ചെവിയില്‍ ക്യാന്‍സറാണെന്ന് കണ്ടുപിടിക്കാനാവതെ,(അതോ കാശില്ലാതേയോ), മണെണ്ണ സ്റ്റുവ് കത്തിച്ചു,അതിലു കിണ്ണം വച്ച്, വെളിച്ചെണ്ണ ചൂടാക്കി, വേദന കുറയാന്‍, ചെവിയിലു ഒഴിപ്പിക്കുമായിരുന്നു എന്റെ മുത്തശ്ശി. പിന്നെ എന്നോ ഒരു ദിനം, ഞാന്‍ ഓര്‍ക്കുന്നു, സ്ക്കുള്‍ വിട്ടു വന്നപ്പ്പ്പോ, മുത്തശ്ശി പറഞ്ഞു, "എണ്ണെയെ ഇന്നയ്കു ചെവിലെ വിട്ടോണേ, അതു ദാ , പാരു, കവിളുക്കുള്ളാലെ വെളിയിലെ വരത്, ഒന്നെ പാരേന്‍ നീ ന്ന്" -- ഞാന്‍ നോക്കിയപ്പോ, ചെവി തുരന്ന്, പുറ്റ് നോയ് അസുഖം, കവിളിലേയ്ക് ടയറക്റ്റ് എന്റ്രി നടത്തിയിriക്കുന്നു. സാക്ഷീ, ഞാനും എന്തോക്കെയോ ഓര്‍ത്തു പോകുന്നു.
ഇഷ്ടായി സാക്ഷീ... ഒത്തിരിയൊത്തിരി ഇഷ്ടായി..
അഭിനന്ദനങ്ങൾ.....
സാക്ഷിയുടെ ലോകം...
നന്നായിരിക്കുന്നു സാക്ഷീ... വളരെ വളരെ...
എന്റെ നോവുകള്‍ ഏറ്റുവാങ്ങിയ എല്ലാവര്‍ക്കും നന്ദി.
അതുല്യേച്ചിയുടെ മുത്തശ്ശി ഇനിയൊരു നീറ്റലായി ശേഷിക്കുന്നു.
was nice to see you at my space:)
I'm always amazed by your drawing skills! You can give artist Madanan a run for his food with your sketches. :-)
ഇതു ഈയാംബാറ്റകള്‍ വായിച്ചതിനു ശേഷം ആണു വായിച്ചതു. അമൂമ്മക്കു ഓര്‍മ്മ നശിച്ചിട്ടുണ്ടാവുമെന്നു എനിക്കു തോന്നിയതു വെറുതെ ആയില്ല്ല.
Post a Comment
<< Home