ഏടത്തി
"ഒന്നിങ്ങട്ടു വേഗം നടക്കുണ്ണ്യേ"
ഏടത്തി തിരക്കുകൂട്ടി. ഏടത്തിക്കതു പറയാം.
ഉണ്ണീടെ കാലില് തൊട്ടാവാടീടെ മുള്ളു കേറിക്കോട്ടെന്ന്.
ചെരുപ്പെടുക്കാന്നു പറഞ്ഞാല്‍ ഏടത്തി സമ്മതിക്കില്യ.
നടയ്ക്കല് ഊരിയിട്ടാല്‍ ആരെങ്കിലും എടുത്തോണ്ടു പോവൂത്രെ.
ഏടത്തിക്കേയ് അസൂയ്യാ.
ഉണ്ണീടെ ചെരുപ്പ് പുതീതാണേയ്.
അച്ഛന്‍ കഴിഞ്ഞ ലീവിനു വന്നപ്പോള്‍ കൊണ്ടുവന്നതാ.
പുതിയ ഉടുപ്പും കൊണ്ടുവന്നു.
ഏടത്തിക്ക് ഒന്നുംകൊണ്ടുവന്നില്ല. അതിന്‍റെ അസൂയ.
അന്നെത്ര നേരാ അമ്മെ കെട്ടിപ്പിടിച്ച് ഏടത്തി കരഞ്ഞത്.
അതുകണ്ട് സങ്കടായിട്ടല്ലെ അച്ഛന്‍ കൊടുത്ത ഓറഞ്ചിന്‍റെ ഒരല്ലി
ഉണ്ണി ഏടത്തിക്കു കൊടുത്തത്.
ഏടത്തി അതുവാങ്ങി ജനാലയിലൂടെ ഒറ്റേറായിരുന്നു.
വെര്‍ത്യല്ല അച്ഛന്‍ പറേണേ
'ആരടെങ്കിലും കൂടെ എറങ്ങിപോയ ശല്യൊഴിവാകുംന്ന്'.
ന്നാലും ഉണ്ണിക്ക് ഏടത്ത്യെ വല്യെ ഇഷ്ടാ.
ഉണ്ണ്യേ കുളിപ്പിക്കുന്നതും തലയീരി കൊടുക്കുന്നതും
പടിഞ്ഞാറെ പറമ്പീന്ന് മുളച്ച കശുവണ്ടി കൊണ്ടുവന്നു കൊടുക്കുന്നതും
ഒക്കെ ഏടത്ത്യാ. ഏടത്തിക്ക് എത്ര്യാ കഥകളറിയാന്നോ.
ചില ദിവസം കഥകളു പറഞ്ഞ് ഏടത്തി ഉണ്ണിയുടെ അടുത്ത് കിടന്നാ ഉറങ്ങാ.
ഉണ്ണ്യേങ്ങനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്..
ഏടത്തി കെട്ടിപ്പിടിക്കുമ്പോ മുറ്റത്തു വീണുകിടക്കണ ലാങ്കിപ്പൂവിന്‍റെ മണാ.
പക്ഷെ എടത്തി മുഖം നിറയെ ഉമ്മ വയ്ക്കുന്നത് ഉണ്ണിക്കിഷ്ടല്ല.
ഏടത്തീടെ മൂക്കിലെ പല്ലെങ്ങാന്‍ മുഖത്ത് കുത്തിക്കേറിയാലോ.
അമ്മുമ്മ എപ്പഴും പറയും ഏടത്തീടെ മൂക്കില്‍ പല്ലുമുളച്ചൂന്ന്.
അപ്പൊഴൊക്കെ ഏടത്തി മുറ്റത്തെ ലാങ്കിമരത്തിന്‍റെ ചുവട്ടില്‍ പോയിരുന്ന് കരയും.
കുറേ വയസ്സായാല്‍ ഉണ്ണീടെ മൂക്കിലും പല്ലുമുളയ്ക്കോ?
"ഒന്നിങ്ങട്ടു വരൂ എന്‍റുണ്ണീ"
ഏടത്ത്യെന്തിനാങ്ങനെ പായണെ. ഷാരടി അമ്പലം തുറന്നിട്ടുംകൂടിണ്ടാവില്യ.
രാത്രി തന്നെ ഏടത്തി ഉണ്ണ്യേ ചട്ടം കെട്ടീരുന്നു.
വെളുപ്പിനെ അമ്പലത്തില്‍ കൂട്ടുവരാന്‍.
ഒറ്റക്കു പോവാന്‍ ഏടത്തിക്കു പേട്യാ. ഉണ്ണിയ്ക്കു പേടില്യ. ഉണ്ണി ആങ്കുട്ട്യല്ലേ.
സര്‍പ്പക്കാവിന്‍റടുത്ത് വവ്വാല് ചപ്പിയിട്ടട്ടുപോയ ബദാം എത്ര്യാന്നലെ തല്ലിപ്പൊളിച്ച് ഉണ്ണിക്ക് തന്നത്.
രാത്രി മുഴുവന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. ബദാം പരിപ്പ് വായില് തന്നപ്പോഴും ഏടത്തി കരയണത് ഉണ്ണി കണ്ടതാ. ന്നട്ട് നാര് കണ്ണിപ്പോയതാന്ന് നൊണേം പറഞ്ഞു.
ന്നലെ ദീപാരാധന തൊഴാന്‍ വന്നപ്പോള്‍ വടക്കേടത്ത് ശാന്തിക്ക് നിക്കണ ഉണ്ണ്യമ്പൂരി ചന്ദനത്തിന്‍റൊപ്പം
ഏടത്തിക്കൊരു കടലാസ് കൊടുക്കണതും ഉണ്ണി കണ്ടതാ. അപ്പൊഴും ഏടത്തി നൊണപറഞ്ഞു.
സര്‍പ്പത്തിന് നൂറും പാലും കൊടുക്കണേന്‍റെ ശീട്ടാണെന്ന്.
ന്നാപ്പിന്നെന്തിനാ ആരോടും പറയരുതെന്ന് കരോട്ടമ്മേടെ നടേല് ഉണ്ണ്യേക്കൊണ്ട് സത്യൊടീപ്പിച്ചെ.
വടക്കേടത്തു പുറത്തു കിടക്കണ നന്ദീടെ അടുത്തെത്ത്യപ്പൊ ഏടത്തി നിന്നു.
കണ്ടോ നട തുറന്നട്ടുംകൂടില്യ.
ആല്‍ത്തറേല് മാത്രം ആരൊ ഇരിക്കണ്ട്.
ഉണ്ണിക്ക് ദേഷ്യം വന്നു.
തൊട്ടാവാടി മുള്ള് കൊണ്ട് ഉണ്ണീടെ കാലെത്ര്യാ മുറിഞ്ഞേ.
കറുകപ്പുല്ലില് പറ്റിനില്ക്കണ മഞ്ഞുവെള്ളം മുറിവിലു പുരളുമ്പോഴുള്ള
സുഖോള്ള നീറ്റല് പക്ഷെ ഉണ്ണിക്ക് വല്യഷ്ടാ.
"ന്‍റെ മോന്‍ ഒറ്റക്ക് തിരിച്ചു പോവൂലോ ല്ലേ?"
ഏടത്തി ഉണ്ണീടെ തലയില്‍ തലോടി.
തലയാട്ടീങ്കിലും ഏടത്തിള്ളപ്പോ ഉണ്ണ്യെന്തിനാപ്പോ ഒറ്റക്ക് പോണേന്നാ.
ഉണ്ണീടെ മുഖം നിറയെ ഏടത്തി ഉമ്മവച്ചു.
ചുണ്ടിലെ കണ്ണീരിന്‍റെ നനവ് ഉണ്ണി നുണഞ്ഞിറക്കി.
ആല്‍ത്തറയിലെ ഇരുട്ടിലേക്ക് ഏടത്തി നടന്നകന്നപ്പോള്‍
ഉണ്ണിക്കു കരച്ചിലുവരുന്നുണ്ടായിരുന്നു.
Labels: കഥ
21 Comments:
ഈ സാക്ഷീയോട് ഞാൻ പറഞ്ഞതാ. ഈ ഉണ്ണീനേം കൊണ്ട് ഇങ്ങനെ നടക്കല്ലേന്ന്. അവനു സ്കൂളിലോക്കെ പോണ്ടേ? ദേ പിന്നേം ഇന്നിട്ട്, ഉണ്ണീനേം കൊണ്ട് ഇത്തവണ ചേച്ചി. ഈ ഉണ്ണി ഇത്തവണ ജയിക്കുമോന്ന് കണ്ടറിയണം.
---
വര എനിയ്കുഷ്ടായില്ല. പിണങ്ങണ്ട. എന്റെ മണ്ടേലു മസാല ഇല്ലാത്തോണ്ടാവാം.
നന്നായിട്ടുണ്ട് പതിവുപോലെ തന്നെ - എഴുത്തും വരയും!
സാക്ഷീ..
‘ഉണ്ണിക്കാലം‘ - ഓര്‍മ്മകളാല്‍ സമൃദ്ധം.
വാക്കും വരയും ആസ്വദിക്കുന്നു.
സാക്ഷിയുടെ എല്ലാ പോസ്റ്റിങ്ങുകളേയും പോലെ, ഇതും വളരെ നന്നായിരിക്കുന്നു.
'മുളച്ച കശനണ്ടി' ഓർമ്മയിൽ നിന്ന് മാഞ്ഞിരുന്നു. താങ്ക്സേ..!!
സാക്ഷീ, നമോവാകം വീണ്ടും!
ഈ വരയും എഴുത്തും ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും.
നാളെയൊരിക്കല്‍ ഈ സാക്ഷി പടര്‍ന്നു പന്തലിച്ചൊരു മഹാവൃക്ഷമായി മാറുന്ന നാള്‍, സാക്ഷി മുളച്ചതും തളിര്‍ക്കൈകള്‍ കൊണ്ട് ആകാശത്തെ എത്തിപ്പിടിച്ചുതുടങ്ങിയതും ഞാന്‍ ഓര്‍ത്തു വെക്കും.
പിന്നെ അഭിമാനത്തോടെ ഞാന്‍ പറയും:“ഈ സാക്ഷിക്കു ഞാന്‍ സാക്ഷിയായിരുന്നൂ”ന്ന്!
ഉണ്ണീ ,നിനക്കറിയോ ഒരിക്കല്‍ നീയുണരുന്നതിനു മുന്‍പേ എല്ലാം തീരുമാനിച്ചുറച്ച് നിന്റെ ഏടത്തി കുളത്തിലിറങ്ങിയതാണ്. വെള്ളമെത്തി നില്‍ക്കുന്ന ആദ്യത്തെ പടവില്‍ കാല്‍ വെച്ചപ്പോള്‍ അരിച്ചു കയറിയ തണുപ്പിനു പോലും മരവിച്ച ആ മനസ്സിനെ ഒന്നുലയ്ക്കാനായില്ല. പടവുകള്‍ പലതിറങ്ങി വെള്ളം ചങ്കോളമെത്തിയപ്പോ പായയില്‍ ചുരുണ്ടു കൂടി ഉറങ്ങുന്ന ഉണ്ണിയുടെ മുഖം ഏടത്തിയെ തിരിച്ചു കയറ്റി.....പടവുകള്‍ തിരിച്ചു കയ്യറി കുളക്കരയില്‍ ഇരുന്ന് അന്ന് നിന്റെ ഏടത്തി എത്ര കരഞ്ഞെന്നോ.....ആ കരച്ചില് ഭഗവതി കേട്ടു.ഏടത്തി പോയ്ക്കോട്ടേ ഉണ്ണി.ആ കാലു കാണിച്ചേ,മുള്ളു ഞാനേടുത്തു തരാം.
ഏടത്തിമാര്‍ പോവും . അവരുടെ ലോകങ്ങളിലേക്ക്. പക്ഷെ എവിടെപ്പോയാലും അവരുടെ ഉണ്ണിമാര്‍ക്ക് ഒരിക്കലും തീരാത്ത സ്നേഹം കൊടുത്തിട്ടേ പോവൂ.
നന്നായി :)
തുളസീ,
സാക്ഷിയുടെ കഥ മനസ്സിനെ പിടിച്ചുകുലുക്കി. അതു പൂര്‍ത്തിയായതു താങ്കളുടെ കമന്റു വായിച്ചപ്പോഴാണു്.
എന്തേ പടങ്ങളും, തെയ്യവും, വിപ്ലവവും മാത്രമായിരിക്കുന്നു? കഥകളും എഴുതിക്കൂടേ?
സാക്ഷീ, പതിവുപോലെ കഥയും ചിത്രവും വളരെ നന്നായിരിക്കുന്നു.
- ഉമേഷ്
ഞാന്‍ മാത്രം തെറ്റി വായിച്ചെന്നോ? ഏടത്തി നടന്നകന്നതു് ആല്‍ത്തറയിലെ ഇരുട്ടിലേയ്ക്കല്ലേ? വേവുന്ന ദിനാന്ത്യങ്ങള്‍ക്കൊടുവില്‍ ഇരുട്ടുമാത്രമാണു് ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതെന്നു് ആരറിയാതെയുള്ളൂ?
സാക്ഷീ, ഈ നല്ല രചനയ്ക്ക് നന്ദി! ഇടശ്ശേരിയുടെ ഒരു കവിതയുണ്ട്. ഉണ്ണിയെ കുളക്കടവിലിരുത്തി ആമ്പല്‍പ്പൂ പറിച്ചു തരാമെന്നു പറഞ്ഞ് കുളത്തിലേയ്ക്ക് ഇറങ്ങിയിറങ്ങി പോകുന്ന ഏടത്തി! താങ്കളുടെ ഈ നല്ല കഥയും തുളസിയുടെ കമന്റും വായിച്ചപ്പോള്‍ അതാണോര്‍ത്തത്.
കറുകപ്പുല്ലില് പറ്റിനില്ക്കണ മഞ്ഞുവെള്ളം മുറിവിലു പുരളുമ്പോഴുള്ള
സുഖോള്ള നീറ്റല് ഇനിക്കും ഇഷ്ടാ!
നന്നായിട്ടുണ്ട് സാക്ഷീ..
ഏടത്തി പോയതു് ഇരുട്ടിലേക്കോ? എനിക്കു തോന്നീല. ഇരുട്ടൊരു തിരശ്ശീലയല്ലേ? അതു ഭേദിച്ചപ്രം കടന്നാല്‍, കണ്ണാടിയിലൂടേയും മറ്റും അല്‍ഭുതലോകത്തേക്കെന്ന പടിഞ്ഞാറന്‍ കഥകള്‍ പോലെ, ഏടത്തി പ്രവേശിക്കാന്‍ പൊവ്വല്ലേ പെരിങ്ങോടാ.
നന്നായീ-ന്നു ഇടയ്ക്കിടെ പറയുന്നില്ലെന്നേ ഉള്ളൂ കേട്ടോ, സാക്ഷീ.
ഇപ്പോ ശരിയായി.
സാക്ഷീ, ഇപ്പോഴാ ഉണ്ണീടെ പടം നന്നായത് ട്ടോ. എന്നാലും ചേച്ചീയോട് എനിക്കിപ്പോഴും ഒരു ഇഷ്ടയില്ലായ്ക. ഒളിചോടി പോകാൻ ഈ ഉണ്ണീനെ രാവിലെ തണുപ്പത്ത് എണീപ്പിച്ച് കൂടെ കൂട്ടണോ? അവൻ പോയി വീട്ടിലു പറഞ്ഞാ അവരു ചൂട്ടും കത്തിച്ചെറങ്ങി കമിതാക്കാളെ പിടിച്ച് കൊണ്ട് വന്ന് രണ്ടേണ്ണം പൊട്ടിക്കില്ലേ? അതോണ്ടല്ലെ, ഞാൻ ഒറ്റയ്ക് പ്ലെയിനിലു കേറി ഡെൽ-ഹിക്ക് ഒറ്റ ഓട്ടം വച്ച് കൊടുത്തത്? ഭയങ്കര പാടാണേ...
അവന്‍ തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കട്ടെ അതുല്യേച്ചി. പിന്നെ വര എനിക്കും ഇഷ്ടായില്ല.
കലേഷ്, ഇബ്രു, ഉമേഷ്, ഇന്ദു, സ്വാര്‍ത്ഥന്‍, യാത്രാമൊഴി, സിദ്ധാര്‍ത്ഥന്‍ നന്ദി.
എന്‍റെ ഓര്‍മ്മകളില്‍ എപ്പോഴും അതൊക്കെത്തന്നെയാണ് വിശാലന്‍.
നന്ദി വിശ്വേട്ടാ, ഈ സന്ദര്‍ശനത്തിനും ഈ നല്ല വാക്കുകള്‍ക്കും. ഇതെന്നെ വല്ലാതെ കൊതിപ്പിച്ചൂട്ടോ.
ഞാന്‍ എഴുതാന്‍ ആഗ്രഹിച്ചതാണ് തുളസി പറഞ്ഞത്. ഉണ്ണിയുടെ കണ്ണിലൂടെ അതെങ്ങനെ അവതരിപ്പിക്കണമ്ന്ന് നിശ്ചയം ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനൊരു വിഷയം പറയാതൊഴിഞ്ഞത്. നന്ദി തുളസി, ഇതിലും ഭംഗിയായി അത് അവതരിപ്പിക്കാന്‍ കഴിയില്ല.
വാക്കുകള്‍കൊണ്ട് ഉണ്ണീടെ മുറിവുകള്‍ കരിച്ചുകളഞ്ഞല്ലോ. നന്ദി.
അതെ സൂ. സ്നേഹത്തിന് പകരം സ്നേഹം മാത്രേ നല്കാനാവൂ.
ആണോ പെരിങ്ങോടരെ. അവിടെ ആല്‍ ത്തറയ്ക്കല്‍ ഒരു കുഞ്ഞ് ചെരാത് മിന്നി മിന്നി കത്തുന്നില്ലേ. ഇല്ലെങ്കില്‍ ഞാന്‍ തോറ്റു. എത്ര ഏത്തമിടണം.
അതേയ് അതുല്യേച്ചി, ഡെല്‍ഹി യാത്രയൊക്കെയെന്നാ പെട്ടന്നെഴുതിയ കഥകളാവുന്നത്. ആവശ്യം വരുമ്പോള്‍ എടുത്ത് റെഫെര്‍ ചെയ്യാലോ.
സാക്ഷീ,
വളരെ നന്നായിട്ടുണ്ട് -- നടന്നകലുന്ന ഏട്ടത്തിയെ കണ്ടു നില്‍ക്കുന്നൊരു ഉണ്ണിയായി, ഞാനും.
നോവിപ്പിക്കുന്ന രചന.
:-) ഉണ്ണി പാവം...അതിനെ ഇങ്ങനെ പറ്റിച്ചുകളഞ്ഞല്ലോ ആ ചേച്ചി...ഹും...നിഷ്കളങ്കതയെ ഇങ്ങനെ ചൂഷണം ചെയ്യരുത്...എനിക്ക് സങ്കടം വന്നു.
വര നല്ലത്.എഴുത്ത് എം ടി യുടെ "കുട്ട്യേടത്തി"യെ ഒാര്‍മ്മിപ്പിച്ചു.
ചുട്ട് പഴുത്തൊരു എണ്ണത്തുള്ളി പോലെ ഉള്ളില്‍ വീണലിഞ്ഞതാണാക്കഥ.
എഴുതുക...ഇനിയും
തുളസി വഴി വന്നതാണ്. ചിത്രത്തില്‍ കണ്ട ഉണ്ണിയെ വായിച്ചു കാണ്ടു. സൂക്ഷിച്ചു വെക്കുന്നു കണ്ടതും വായിച്ചതും.
ഇഷ്ടപ്പെട്ടുപോയി ട്ടോ
Post a Comment
<< Home