Saturday, April 15, 2006

കുഴല്‍ക്കാഴ്ചകള്‍


“ഉണ്ണീ എണീക്കൂ. കണി കാണണ്ടേ.
എത്ര്യായി വിളിക്കണൂ. എന്തൊരു ഉറക്കായിത്.”
എല്ലാ വിഷുവിനും വെളുപ്പിന് അമ്മുമ്മ വന്ന് വിളിക്കുമ്പോള്‍ നല്ല രസോള്ള സ്വപ്നാവും കാണണ്ടാവാ.
പിന്നെ ഏത്രയങ്കട് ശ്രമിച്ചാലും അതെന്താന്ന് ഓര്‍മ്മ വരില്യാ.
കണ്ണിറുക്കിയടച്ച് പിടഞ്ഞെഴുന്നേറ്റു.
“വലത്തോട്ടു തിരിഞ്ഞെണീക്കു ഉണ്ണീ”
ഭഗവാനേ നല്ലതു വരുത്തണേ. നല്ല ബുദ്ധി തോന്നിക്കണേ.
നന്നായിട്ട് പഠിയ്ക്കാന്‍ തോന്നിക്കണേ. വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റു.
അറിയാതെ അമ്മുമ്മേടെ വെള്ളമുണ്ടിന്‍റെ തല കണ്ണില്‍ പെട്ടുപോയോ. കണ്ണ് ഒന്നുകൂടിയിറുക്കിപ്പിടിച്ചു. മുഖത്ത് തണുത്ത വിരലുകളുടെ സ്പര്‍ശം.
‘മുന്നില്‍ പടിയിണ്ട്ട്ടോ ഉണ്ണീ. കാല്‍ പൊക്കി വച്ച് നടന്നോളൂ.‘
മൂന്ന് പ്രാവശ്യം കാല്‍ പൊന്തിച്ചുവെച്ച് അവസാനം കൃത്യായിട്ട് പടിയില്‍ തന്നെ കാലിടിച്ചു.
“ശ്..“ പെരുവിരല്‍ ശരിക്കും നൊന്തു.
“ഞാന്‍ പറഞ്ഞില്ലേയുണ്ണീ കാലു നോക്കിവെയ്ക്കാന്‍“
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു. അമ്മുമ്മ പറഞ്ഞതുമുതല്‍ കാല്‍ പൊന്തിച്ചുവെച്ചാ നടന്നത്.
ന്നട്ട് കാലും നൊന്തു പിന്നേ ദേ ചീത്തേം.
“ചമ്രം മടിഞ്ഞ്ഞിരുക്കൂ ഉണ്ണീ“
“ഇനി കണ്ണു തുറന്നോളൂ“
കണ്ണു തുറന്നു.
മുന്നില്‍ ഇരുട്ടുമാത്രം.
കണിയില്ല, കണ്ണനില്ല, കൈനീട്ടവുമായി അച്ഛനില്ല,
അമ്മയുടെ ഉറക്കം വിടാത്ത കണ്ണുകളില്ല.
അമ്മുമ്മയുടെ സ്നേഹത്തിന്‍റെ തണവില്ല.
ഇരുട്ടുമാത്രം.

എ.സി.യിടെ നേര്‍ത്ത ഇരമ്പം.
ദൂരെ നിന്ന് അടുത്തടുത്ത് വരുന്ന പോലീസ് വണ്ടിയുടെ സൈറണ്‍.
എഴുന്നേറ്റ് തപ്പിത്തടഞ്ഞ് ബാല്‍ക്കണിയുടെയടുത്തെത്തി.
ചിലപ്പോഴിങ്ങനെയാണ് എത്ര ശ്രമിച്ചാലും ഈ ഗ്ലാസ് ഡോര്‍ അനങ്ങില്ല. ശക്തി മുഴുവന്‍ എടുത്തു വലിച്ചു. അകത്തേക്കു തള്ളിക്കയറാന്‍ കൊതിച്ച പതിവു കാഴ്ചകള്‍ ഗ്ലാസ്സില്‍ വന്നിടിച്ച് ചിതറിവീണു.
തിരിച്ച് വന്ന് കണ്ണടച്ചു കിടന്നു. രാത്രിയിലുണര്‍ന്നുപോയാല്‍ ഉറക്കം പിന്നെ പെരുവിരല്‍കൊണ്ട് ചിത്രമെഴുതി മറഞ്ഞുനില്ക്കും, വളകിലുക്കികൊതിപ്പിക്കും. ഇപ്പോഴിതൊരു പതിവായിട്ടുണ്ട്.
വീണ്ടും ഒന്നു മയങ്ങിത്തുടങ്ങിയപ്പോഴാണ് നൂറ വിളിച്ചത്. മൊബൈലിന്‍റെ ഹൃദയമിടിപ്പില്‍ വിരല്തൊട്ടുകിടന്നു. വിരല്‍ സ്പര്‍ശമേറ്റപ്പോള്‍ ബൊബൈലിന്‍‌റെ ബട്ടണ്‍ ഉണര്‍ന്ന് കല്ലിച്ചപോലെ. മിന്നിത്തെളിയുന്ന വെളിച്ചത്തില്‍ അക്ഷരങ്ങള്‍ ഒളിച്ചുകളിച്ചു. പേരറിയാത്ത കിളിയുടെ ചിലമ്പിച്ച ശബ്ദത്തില്‍ അവ കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ഇരുട്ടിന്‍റ മൂലയില്‍ പട്ടിണികിടന്നുറങ്ങി.

നൂറയുടെ സ്ഫടികക്കണ്ണുകള്‍ ഇപ്പോള്‍ അലിയാന്‍ തുടങ്ങിയിരിക്കും.
ആ കണ്ണുകള്‍ കാണുമ്പോള്‍ അമ്മുമ്മ കാണാതെ കട്ടു തിന്നുന്ന കല്ക്കണ്ടത്തുണ്ടുകളോര്‍മ്മ വരും. നിരയിട്ടെത്തുന്ന ചോണനുറുമ്പുകള്‍ കല്ക്കണ്ട കണ്ണുകള്‍ പൊതിയുന്നത് വെറുതെ ഓര്‍ത്തു. അടുത്തുണ്ടായിരുന്നെങ്കില്‍ നൂറയുടെ നീണ്ട മൂക്കില്‍ ചുംബിക്കാമായിരുന്നു. അവസാനതുള്ളിയും വാറ്റിക്കുടിച്ചുകഴിയുമ്പോള്‍ അവളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റു വീഴുന്ന മധുരം ഒപ്പിയെടുക്കാന്‍ മാത്രം എല്ലാ വെള്ളിയാഴ്ചകളിലും പായസം കരുതുമായിരുന്നു. ഇറുകിക്കിടക്കുന്ന കറുപ്പും വെളുപ്പും കലര്‍ന്ന നീളന്‍ കുപ്പായങ്ങളില്‍ നിന്ന് പുറത്ത് വന്ന് കിടക്കയില്‍ മലര്‍ന്ന് കിടന്ന് നൂറ നെടുവീര്‍പ്പിടും. മക്കനക്കുള്ളില്‍ മാനംകാട്ടാതെ വെച്ചിരുന്ന കറുത്തുനീണ്ട തലമുടി മാനം മറന്ന് വെളുത്ത കിടക്ക വിരിയില്‍ സ്വതന്ത്രയായി മേയും.
മൂക്കിന്‍തുമ്പിലെ ഉപ്പ് നാവറിയും.
പക്ഷെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമില്ലാതെ,
കറുത്തൊരു മറുകിന്‍റെ ഉണര്‍ത്തുന്ന ഓര്‍മ്മകളില്ലാതെ ഒരിക്കലും അവളോടൊത്തുറങ്ങാന്‍ കഴിഞ്ഞില്ല.
അവളുടെ കഴുത്തിനടിയില്‍ പേന കൊണ്ട് മറുകുവരച്ച് ഓര്‍മ്മകളെ ആവാഹിച്ചു. മറുകിന്‍റെ കറുപ്പു തെളിയാത്ത രാത്രികളില്‍ യാഗശാല മഴകാത്തുകിടന്നു.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവള്‍ പറയും
"ഇത്തവണയും നീ പേരു പറഞ്ഞ് വിളിച്ചത് എന്നെയല്ല..
എന്നാണ് നീ നിന്‍റെ മനസ്സുമായി എന്‍‌റെകൂടെയുറങ്ങുക.”
കല്ക്കണ്ടമലിയാന്‍ തുടങ്ങും.

ഇന്ന് ഈ വഴിയമ്പലത്തിലെ അവസാന രാത്രിയാണ്.
വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ വെളിച്ചത്തിലേക്കസ്തമിക്കുന്ന നഗരം ഇവിടെയുപേക്ഷിക്കുന്നു.
കല്ലാറുകുന്നില്‍ ഉദിച്ച് മൂവാണ്ടന്മാവിന്‍‌റെ തുഞ്ചലായത്ത് അസ്തമിക്കുന്ന പകലുകളിലേക്ക് തിരിച്ചുപോകുന്നു. തൈരുകൂട്ടിക്കുഴച്ച പാപ്പച്ചോറുമായി അമ്പിളിയമ്മാവനെ കാട്ടി സ്നേഹം വിറയാര്‍ന്ന ശബ്ദത്തില്‍ വിളിക്കുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ചോറുരുളയില്‍ ഉപ്പേറുന്നതിനുമുമ്പെത്തണം. വയറുനിറച്ചുണ്ണണം, മടിയില്‍ തലവെച്ച് കഥകേട്ടുറങ്ങണം, സ്നേഹത്തിന്‍റെ നനവുതട്ടിയുണരണം. പാപബന്ധങ്ങളുടെ ഉറയുരിഞ്ഞ്, തിരിഞ്ഞുനോക്കാതെ, പിന്‍വിളിക്ക് കാതുകൊടുക്കാതെ..

എന്നിട്ടും രാവിലെ ഒരിക്കല്‍കൂടി നൂറയെ കാണേണ്ടി വന്നു.
അവളുറങ്ങുകയായിരുന്നു, കല്‍ക്കണ്ട കണ്ണുകള്‍ തുറന്നുവെച്ച്.
എവിടെനിന്നാണ് ഈ അറബിനാട്ടില്‍ ഇത്രയും ഉറുമ്പുകള്‍!
തിരിച്ചു നടന്നപ്പോള്‍ കാണാപ്പടിയില്‍ കാല്‍തട്ടി.
പെരുവിരല്‍ നൊന്തു.
മനസ്സിലിരുന്ന് അമ്മുമ്മ പറഞ്ഞു.
"നോക്കി നടക്കണംന്ന് ഞാന്‍ പറഞ്ഞില്ലേയുണ്ണീ.
ഓരോ ചുവടുകള്‍ക്കു മുന്നിലുംണ്ട് പടികള്‍"
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു.

Labels:

23 Comments:

Blogger പെരിങ്ങോടന്‍ said...

എന്താണു് എഴുതേണ്ടതു്? തല്‍ക്കാലം വായിച്ചു എന്നുമാത്രം എഴുതി തിരികെ മറ്റൊരു വായനയിലേയ്ക്കു തിരിച്ചുപോകുന്നു.

4/15/2006 11:59 AM  
Blogger kumar © said...

നന്നായിട്ട് എഴുതിയിരിക്കുന്നു, സാക്ഷി.

4/15/2006 1:56 PM  
Blogger Sapna Anu B. George said...

നന്നായിട്ടുണ്ട് സാക്ഷി

4/15/2006 2:09 PM  
Blogger ദേവന്‍ said...

ഈ സാക്ഷിയുടെ കഥകള്‍ അന്നമ്മസാറിനെപ്പോലെയാ. അന്നമ്മ സാറിനെ എനിക്കിഷ്ടമാണ്‌ എന്നാല്‍ പേടിയുമാണ്‌.

4/15/2006 2:28 PM  
Blogger ഇളംതെന്നല്‍.... said...

വളരെ നന്നായിരിക്കുന്നു

4/15/2006 2:55 PM  
Blogger ഡ്രിസില്‍ said...

വളരെ നല്ല എഴുത്ത്‌.. ഈ ചിത്രങ്ങളും സാക്ഷി വരക്കുന്നതാണോ??? സകലകലാവല്ലഭനാണല്ലെ.. :)

4/15/2006 3:21 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

എനിക്കും പേടിയാണു്. എന്നാലും ഞാനിതൊക്കെ വായിക്കുന്നു സാക്ഷീ. എന്തു പറയാൻ എന്നോർത്തു കമറ്ന്റിടുന്നില്ല എന്നു മാത്രം.

4/15/2006 8:28 PM  
Blogger യാത്രാമൊഴി said...

ഭാവതീഷ്ണം!
ഭാഷയ്ക്ക് മുതല്‍‌ക്കൂട്ടാകുന്ന കഥകളിലൂടെ സാക്ഷി
ബൂലോഗത്തില്‍ പ്രസക്തനാകുന്നു.

4/16/2006 8:04 AM  
Anonymous Anonymous said...

സാക്ഷീ. ഹൃദ്യമായിരിക്കുന്നു.
ഈ വാക്കുകള്‍ക്കും വരകള്‍ക്കും സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ എന്തെന്നില്ലാത്ത സം‌‌തൃപ്തി.

4/16/2006 8:19 AM  
Blogger വിശാല മനസ്കന്‍ said...

“വലത്തോട്ടു തിരിഞ്ഞെണീക്കു ഉണ്ണീ”

ഭഗവാനേ നല്ലതു വരുത്തണേ. നല്ല ബുദ്ധി തോന്നിക്കണേ.
നന്നായിട്ട് പഠിയ്ക്കാന്‍ തോന്നിക്കണേ. വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റു.

സാക്ഷി, നല്ല കഥ .

വലത്തോട്ട് തിരിഞ്ഞാണ് ഞാനും ...

4/16/2006 8:21 AM  
Anonymous Anonymous said...

ഏവൂരാനും സാക്ഷിയുമൊക്കെ പേടിപ്പിക്കും, കരയിപ്പിക്കും. ഇങനെ എഴുതാന്‍ പറ്റൂ? (തുടര്‍ന്നോളൂ ട്ടോ) -സു-

4/16/2006 9:24 AM  
Blogger അതുല്യ said...

സാക്ഷീ, വിഷുവായിട്ട്‌ ഒരു സെറ്റുമുണ്ടിട്ട നേത്യാരമ്മയേ വരയ്കായിരുന്നില്ലേ? അല്ലെങ്കില്‍ മേല്‍മുണ്ടിടാത്ത മുത്തശ്ശിയേ? വേണ്ട, വേണ്ട ഒന്നും പറയണ്ടാ, ഞാന്‍ പിണങ്ങീ. ഈ ബുര്‍ക്കപെമ്പിള്ളെനേ എനിക്കു കാണണ്ട.

കഥ നന്നായി. മനസ്സില്ലായോന്ന് ചോദിച്ചാ....

4/16/2006 11:12 AM  
Blogger അരവിന്ദ് :: aravind said...

ഉഗ്രന്‍ സാക്ഷീ ഉഗ്രന്‍!
ഞാന്‍ കണ്ട വിഷുക്കണിയേക്കാള്‍ കേമം ഈ സൃഷ്ടി.
വയറ്റില്‍ക്കിടക്കുന്ന ഗ്ലെന്‍ഫിഡിച്ചിന്റെ ബലത്തില്‍ പറയുവല്ല..തകര്‍ത്തു.

4/16/2006 7:11 PM  
Blogger കണ്ണൂസ്‌ said...

ഇതാണ്‌ ഗൃഹാതുരത പാടില്ല എന്ന് ഞാന്‍ പണ്ടേ പറഞ്ഞത്‌. ഉണ്ണിയെപ്പോലെ കരയേണ്ടി വരും.

പക്ഷേ, ആര്‍ക്കും അതില്ലെങ്കില്‍ ഇങ്ങനെയുള്ള നല്ല കഥകള്‍ ആരെഴുതും?

4/17/2006 11:08 AM  
Anonymous Anonymous said...

സാക്ഷിയുടെ കതകള് ഗ്രിഹാതുരതയുടെ ബാക്കിപത്രങളായി എഴുതിത്തള്ളേണ്ട ഓന്നാണോ. തീര്‍ച്ചയായും അദ്ദെഹത്തിന്‍‌റെ കഥകളെല്ലാം ഒരു രണ്ടാംവായന അല്ലെങ്കില്‍ ഗൌരവ വായന അര്‍ഹിക്കുന്നു. എന്നാലെ സാക്ഷിയുടെ കാണാപ്പടികള്‍ കാണാന്‍ ക്ഴിയൂ.

സാക്ഷീ നിങള്‍ കുറച്ചുകൂടി വിശാലമായ, കൂടുതല്‍ വായനക്കാരിലേക്കെത്തുന്ന ഒരു തട്ടകത്തിലേക്ക് മാറാന്‍ ശ്രമിക്കൂ. നിങള്‍ക്കു വേണ്ടിയല്ല, ഇത് ഭാഷയുടെ നഷ്ടമാണ്‍.

കതാപാത്രത്തെ ഉണ്ണിയോടും അമ്മുമ്മയോറ്റും ലിങ്കു ചെയ്യിക്കുന്നതിനുള്ള നിര്‍ബന്ധബുദ്ദി ഒഴിവാക്കാന്‍ ശ്രമിക്കൂ.

ആശംസകള്‍. (ക്ഷമിക്കണം അക്ഷരങളും കീബോര്‍ഡും വഴങുന്നില്ല)

- മനോഹരവര്‍മ്മ

4/17/2006 8:54 PM  
Anonymous Anonymous said...

എന്നും കല്ലാറു കുന്നില്‍ ഉദിച്ച്‌ മൂവാണ്ടന്‍ മാവിന്റെ തുഞ്ചലാത്ത്‌ അസ്തമിക്കുന്ന സാക്ഷിയുടെ കഥകളിലെ ഉണ്ണിയുടേയും അമ്മൂമ്മയുടെയും ഏടത്തിയുടേയും ഒക്കെ രൂപം എന്നേ മനസ്സില്‍ പതിഞ്ഞിരിക്കുന്നു. ഒരുപാട്‌ കാലമായ്‌ അടുത്തറിയുന്നവരെ പോലെ. പക്ഷെ ഈ മക്കനയ്ക്കുള്ളില്‍ മനം ഒളിപ്പിച്ചവളുടെ രൂപം തെളിഞ്ഞു വരുന്നില്ലല്ലോ സാക്ഷി.എല്ലാ കഥകളിലും ഉണ്ണിം അമ്മുമ്മയും വേണം എന്നെന്തിനാ ഇത്ര നിര്‍ബന്ധം പിടിക്കുന്നേ?

4/18/2006 4:17 PM  
Blogger വക്കാരിമഷ്‌ടാ said...

സാക്ഷീ... ഇന്നാണ് വായിച്ചത്.. റിലാക്സ് ചെയ്തിരുന്ന് വായിച്ചു. ഒറ്റയിരുപ്പില്‍ത്തന്നെ തീര്‍ന്നു.. വളരെ നല്ല രചന. എന്തോ അമ്മൂമ്മയും ഉണ്ണിയും ഉള്ള കഥകള്‍ തന്നെ എനിക്കിഷ്ടം.. ഇതും വളരെയധികം ഇഷ്ടപ്പെട്ടു കേട്ടോ.. അഭിനന്ദനങ്ങള്‍

4/18/2006 4:24 PM  
Blogger viswaprabha വിശ്വപ്രഭ said...

ഉണ്ണീ,

ഈ കഥകളും ചിത്രങ്ങളും ഇങ്ങനെത്തന്നെ മതി, ഇങ്ങനെത്തന്നെ വേണം.

ഇത്ര ചായമേ വേണ്ടൂ,

ഇത്ര കോറലുകളേ വേണ്ടൂ,
ഈ ഉണ്ണിയും അമ്മൂമ്മയും തന്നെയേ വേണ്ടൂ,
നിന്റെ ഗ്രന്ഥികളില്‍ ഊറുന്ന നവരസങ്ങളില്‍ ഒരു പക്ഷേ ഇതിലുമൊക്കെ വിശാലമായ വര്‍ണ്ണപ്രപഞ്ചങ്ങളുണ്ടാകാം, എങ്കിലും അവയൊക്കെ സ്വയമേവ നൂല്‍‌വിരിഞ്ഞ് ശബളകോമളശലഭങ്ങളായി പറന്നിറങ്ങുന്ന കാലവും കാത്ത് ഞങ്ങള്‍ ഇരുന്നോളാം.

അതുവരെ ഈ ചെറുപൂച്ചെടി തന്നെ മുഴുവനായും ഞങ്ങളാസ്വദിച്ചുതീരട്ടെ!

4/18/2006 4:50 PM  
Blogger സാക്ഷി said...

എല്ലാവര്‍ക്കും നന്ദി.

മനോഹര വര്‍മ്മ(?), തുളസി,
'ഉണ്ണി' ഞാനെന്ന പ്രവാസിയുടെ മനസ്സിലെ ഗൃഹാതുരത്വത്തിന്‍റെ ഇനിയും വേരറ്റുപോകാത്ത സിംബലാണ്.
ഞാന്‍ എഴുതുന്നതെന്തായാലും വിളിക്കാതെ തന്നെ അവന്‍ കയറിവരുന്നു. മഴപെയ്തു ചെളിനിറഞ്ഞ മുറ്റത്തുനിന്ന് തുടയ്ക്കാത്ത കാലുമായ് മനസ്സില്‍ ഈറന്‍ കാല്പ്പാടുകള്‍ പതിപ്പിച്ച്..
എഴുതി നിര്‍ത്തുമ്പോള്‍ വരണ്ട മണല്‍ക്കാട്ടിലേയ്ക്ക് യാത്രപോലും പറയാതെ അവന്‍ തിരിച്ചിറങ്ങിപ്പോവും. അപ്പോള്‍ അവന്‍റെ കാല്പ്പാടുകള്‍ മായ്ച്ചുകൊണ്ട് മനസ്സില്‍ ചുടുകാറ്റാഞ്ഞു വീശും. വിരികളില്ലാത്ത ജാലകം തുറന്നിട്ട് വീണ്ടും ഞാന്‍ കാത്തിരിക്കുന്നു, ഇനിയൊരു മഴയ്ക്കായി.

4/22/2006 1:10 PM  
Anonymous Anonymous said...

“അറബിനാട്ടില്‍ ഇത്ര അധികം ഉറുംബുകളോ”

- അതു എനിക്കു വളരെ ഇഷ്ഠമായി സാക്ഷീ....

5/04/2006 10:34 PM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

പിന്‍വിളിയായില്ലെങ്കിലും, ഉണ്ണിയ്ക്കിനി കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധത്തിനും കറുത്തൊരു മറുകിന്റെ ഓര്‍മ്മകള്‍ക്കുമൊപ്പം, ചോണനുറുമ്പുകള്‍ പൊതിയുന്ന ആ കല്‍ക്കണ്ടക്കണ്ണുകളും മറ്റൊരു നോവായല്ലെ മനസ്സില്‍ പതിഞ്ഞിരിക്കുക...

മുന്‍പു പറഞ്ഞിരുന്നു, എങ്കിലും ഒരിക്കല്‍കൂടി...
ഉണ്ണിയുടെ കഥകള്‍ ഒരു ചൂണ്ടക്കൊളുത്തുപോലെയാണെനിക്ക്‌. ഒരിയ്ക്കല്‍ കൊളുത്തിയാല്‍ പിന്നെ വേര്‍പ്പെടുത്താനാവാതെ... പറിച്ചെറിയാന്‍ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും തുളച്ചിറങ്ങുന്ന വേദന... വേദന മാത്രം.

5/11/2006 9:47 AM  
Blogger Durga said...

ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വേദന- അല്ലേ? കാണാപ്പടികള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ധാരാളം...

അമ്മയുടേയോ അച്ഛന്റേയോ ഇളംചൂടുള്ള കൈത്തലത്തിന് കണ്ണ് മുഴുവനായി മൂടാനാവാത്തതും അറിയാതെ കണ്ടുപോയ അമ്മയുടെ സാരിത്തലപ്പ് കണ്ടില്ലെന്ന് നടിച്ച് കണ്ണ് ഇറുക്കിയടച്ചതും.......ഇതൊക്കെ എനിക്കോര്‍മ്മ വരുന്നു...

കൊള്ളാം!! :)
രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു ശരിക്ക് (?)ഉള്‍ക്കൊള്ളാന്‍..വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു-തികച്ചും ഹൃദയസ്പര്‍ശിയായ ഒന്ന്. അഭിനന്ദനങ്ങള്‍!

5/24/2006 12:28 PM  
Blogger Reshma said...

ഓരോ വായനയിലും ഈ കഥയോടെനിക്കിഷ്ടം കൂടുന്നു.

5/31/2006 12:17 AM  

Post a Comment

<< Home

Creative Commons License