Tuesday, June 13, 2006

നിയോഗങ്ങള്‍

പൊടിച്ചു വരുന്ന ജീവന്‍റെ തുടിപ്പിന് കാതോര്‍ത്ത്
അവളുടെ അടിവയറില്‍ മുഖമമര്‍ത്തികിടന്ന രാത്രിയില്‍
അയാള്‍ വീണ്ടും നിയോഗത്തെപ്പറ്റി പറഞ്ഞു.
വേരുകള്‍ തേടിയുള്ള യാത്ര.
അച്ഛനും മുത്തച്ഛനും വല്യമുത്തശ്ശന്മാരും നടന്ന വഴികളിലൂടെ..
അയാള്‍ ജനിയ്ക്കുന്നതിനു മുമ്പ് തന്നെ അച്ഛന്‍ യാത്ര തുടങ്ങിയിരുന്നുവത്രെ.

"അച്ഛന്‍ എന്നെ വിളിക്കുന്നുണ്ട്."
അവളുടെ വയറില്‍ അയാള്‍ മൃദുവായി തലോടി.
"ഇന്നലെ രാത്രിയും വന്നിരുന്നു, സ്വപ്നത്തില്‍" വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു.
ചെരുപ്പിടാത്ത, നീരുവന്ന കാലുകള്‍ വലിച്ചുവെച്ച്..
മുഖം പിന്നെ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ, സ്വപ്നത്തില്‍ അയാള്‍ ഒറ്റനോട്ടത്തില്‍ അച്ഛനെ തിരിച്ചറിഞ്ഞു,
അവരാദ്യമായി പരസ്പരം കാണുകയായിരുന്നിട്ടുകൂടി.
കല്ലാറുകുന്നിലെ കത്തുന്ന വെയിലില്‍
കറുത്ത ഗന്ധര്‍വ്വന്‍ പാറയുടെ തണലിലിരുന്ന് അച്ഛന്‍ ചോദിച്ചു.
"നീ എന്തേ വരാന്‍ വൈകുന്നു. എനിക്കു സമയമായി."
ഗന്ധര്‍വ്വന്‍ പാറയുടെ നിഴലിന് കട്ടികൂടി.
കറുത്ത നിഴല്‍ വന്ന് അച്ഛനെ പൊതിയുന്നത് അയാള്‍ നോക്കിനിന്നു.

"ഇതു നിയോഗമാണ്.
കാരണവന്മാരായി തുടര്‍ന്നു വരുന്ന നിയോഗം.
അച്ഛന്‍, മുത്തശ്ശന്‍, വല്യമുത്തശ്ശന്‍, അതിനും മുമ്പ്..
കല്ലാറിന്‍റെ കരയിലെവിടെയോ എന്‍റെ വേരുകളുണ്ട്.
അവിടെ പാതി തുറന്ന ഉമ്മറവാതിലിലൂടെ എനിക്ക്
ഇരുട്ടത്തൊഴുകുന്ന വെളിച്ചപ്പൊട്ടുകളെ കാണണം.
കന്യകയെ കാത്ത് മലര്‍ന്ന് കിടന്ന് കിതയ്ക്കുന്ന
ഗന്ധര്‍വ്വന്‍ പാറയില്‍ ഒരു ഈയ്യാമ്പാറ്റയാവണം”
ഉറക്കത്തിലെന്നോണം അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
"എത്ര കേട്ടിരിക്കുന്നു. ഒന്നു നിര്‍ത്തൂ"
അയാള്‍ വിശ്വാസം വരാതെ അവളെ നോക്കി.
കേട്ടത് അവളുടെ ശബ്ദം തന്നെയാണെന്ന് അയാള്‍ക്കുറപ്പില്ലായിരുന്നു.
അവളാണെങ്കില്‍ ഫാനിന്‍‌റെ കറക്കത്തില്‍ കണ്ണുറപ്പിച്ച് കിടക്കുകയായിരുന്നു.
“നീ വല്ലതും പറഞ്ഞോ”
അവള്‍ അയാളെ നോക്കി.
"ഞാനും വരുന്നു."
"എവിടേയ്ക്ക്?"
അവള്‍ കണ്ണടച്ചുകിടന്നു
"നടന്നു തന്നെ പോകണം.
കുന്നും പുഴയും താണ്ടണം.
കൂര്‍ത്ത പാറകളില്‍ ചവുട്ടി കാലുകള്‍ വിണ്ടുപൊട്ടും.
വഴുവഴുത്ത ഉമിനീരില്‍ ശ്വാസം പോലും ചീയാന്‍തുടങ്ങും.
സൂര്യനണയും മുമ്പ് പുഴ കടക്കണം.
പുഴയ്ക്കപ്പുറമാണ് കല്ലാറുകുന്ന്.
അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,
കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും.
പിന്നെ ഇരുട്ടില്‍ വെളിച്ചപ്പൊട്ടുകള്‍ പോലെ ശിവഭൂതങ്ങള്‍ ഇറങ്ങിനടക്കും."
അയാളുടെ കണ്ണുകള്‍ തിളങ്ങി.
അവള്‍ അയാളെ ചേര്ത്തുപിടിച്ചു മുടിയില്‍ തലോടി.
"ഉറങ്ങിക്കോളൂ. നാളെ നേരത്തേ യാത്ര തിരിക്കാനുള്ളതല്ലെ."

ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും അയാള്‍ക്കപ്പോള്‍ കണ്ണുകളടയ്ക്കാന്‍ പേടിതോന്നി.
ഇരുട്ടത്ത് ചെരുപ്പിടാത്ത കാലുകള്‍ വലിച്ചുവെച്ച് അച്ഛന്‍ വരും.
"പോയേ തീരു. ഇത് നിയോഗമാണ്"
അവളുടെ ചുണ്ടിന്‍റെ ചൂടില്‍ നിന്നും അയാള്‍ മുഖം തിരിച്ചു.
'നമ്മുടെ മോന്‍ വളരുമ്പോള്‍ നീ പറഞ്ഞുകൊടുക്കണം,
എന്നെ കുറിച്ച്,
കല്ലാറുകുന്നിനെ കുറിച്ച്,
പിന്നെ തലമുറകളുടെ നിയോഗത്തെക്കുറിച്ച്.
അവനും വരാതിരിക്കാനാവില്ല. ഇതു നിയോഗമാണ്"
അവളാണെങ്കിലൊയെന്ന് ചോദിച്ചില്ല.
അവളായിരിയ്ക്കുമെന്ന് ഉറപ്പായിരുന്നിട്ടും.
അയാളുടെ കണ്ണിലെ തിളക്കം കെടാതിരിക്കട്ടെ.
"ഉറങ്ങിക്കോളൂ" എന്നുമാത്രം പറഞ്ഞു.
അയാളുടെ കണ്ണുകളില്‍ ഗന്ധര്‍വ്വന്‍ പാറ നിഴല്‍വിരിച്ചു.
നേരം വെളുക്കുന്നതിമുമ്പ് തന്നെ അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

കോലായിലെ ഒരു മൂലയിലൊറ്റയ്ക്കിരുന്ന് അമ്മുമ്മ
മുണ്ടിന്‍റെ കോന്തല കൊണ്ട് ചങ്ങലയിലെ കറ ഉരച്ചു കളയുകയായിരുന്നു.
എത്ര ഉരച്ചിട്ടും അത് പോയില്ല,
തലമുറകളുടെ കാലിലെ പഴുപ്പിന്‍റെ കറ.

Labels:

24 Comments:

Blogger പെരിങ്ങോടന്‍ said...

തനിയാവര്‍ത്തനങ്ങളുടെ നിയോഗങ്ങളുടെ മുഷിപ്പില്ലാത്ത നല്ലൊരു കഥ. കഥ പറഞ്ഞവസാനിപ്പിക്കുന്ന രീതി ആത്മാവിന്റെ ആഴങ്ങളില്‍ ചെന്നു സ്പര്‍ശിക്കും വിധമാണു്.

6/14/2006 9:14 AM  
Blogger Adithyan said...

താങ്കളുടെ കഥകള്‍ വേറൊരു ലോകത്തു നടക്കുന്നതായി എപ്പൊഴും തോന്നുന്നു...
നന്നായിരിക്കുന്നു....ഓരോന്നും...

6/14/2006 9:22 AM  
Blogger Reshma said...

ഈ വര ആദ്യം തന്നെ puzzleന്റെ ഗുട്ടന്‍സ് പറഞ്ഞുതന്നു:D ചിത്രമില്ലായിരുന്നെങ്കില്‍ ഓരോ പീസും മെല്ലെ മെല്ലെ വെച്ചും നീക്കിയും- അവസാനത്തെ ഇമേജോടെ എല്ലാം അതിന്റെ സ്ഥാനത്ത് വീണ് ചിത്രം തെളിയുന്നത് അനുഭവിക്കുമായിരുന്നോ?

6/14/2006 9:46 AM  
Blogger കുറുമാന്‍ said...

ദാ സാക്ഷി വീണ്ടും മനോഹരമായ മറ്റൊരു കഥയുമായ് വന്നിരിക്കുന്നു.

നൊമ്പരവും, നോവും നിറഞ്ഞ കഥകള്‍ ഇത്രയും ഭംഗിയായി പറയാനും, ആ കഥയുടെ മൂല്യം, തന്റെ അതിമനോഹരമായ ചിത്രത്താല്‍ പൊലിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവിന്നു മുന്‍പില്‍ കൂപ്പുകൈ.

6/14/2006 9:52 AM  
Blogger -സു‍-|Sunil said...

ദയവുചെയ്ത്‌ ചിത്രങള്‍ ഗൂഗിള്‍പേജസില്‍ ഹോസ്റ്റ് ചെയ്യൂ സാക്ഷീ. കഥകള്‍ വായിച്ച് ചിത്രവും കാണാന്‍ വളരെ കൊതിയാവുന്നു. ഞങടെ ഒക്കെ ഒരാഗ്രഹമല്ലേ?-സു-

6/14/2006 10:01 AM  
Anonymous Anonymous said...

ഹൊ! എന്റെ സാക്ഷീ...അഞ്ചു പ്രാവശ്യം വായിച്ചു എടുക്കേണ്ടി വന്നു ഒന്നു മനസ്സിലാവാന്‍..
ഓരൊ,ഓരൊ വരിയും,വാക്കും,വീണ്ടും വീണ്ടും വായിച്ചു...
എന്റെ ഫാസ്റ്റ് , എല്ലാം കണ്ടു എന്നാല്‍ ഒന്നും കണ്ടില്ല എന്നുള്ള വായനയെ,സാക്ഷി ബ്രേക്കിടീപ്പിച്ചു കളഞ്ഞു....

നമ്മുടെ വിശാലേട്ടന്‍ പറയുന്ന പോലെ, കലക്കന്‍ പോസ്റ്റു ഡഡീ.. (എന്താണു ഈ ഗഡീ എന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല..പക്ഷെ കൂട്ടുകാരാ എന്നാവണം.)

6/14/2006 10:02 AM  
Blogger ശ്രീജിത്ത്‌ കെ said...

ഉഗ്രന്‍ പോസ്റ്റ് സാക്ഷീ, നന്നായിരിക്കുന്നു. വിഷയദാരിദ്യം എന്ന് മുന്‍പു പറഞ്ഞത് ഇപ്പോള്‍ മാറിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

6/14/2006 10:04 AM  
Blogger kumar © said...

നല്ല കഥ. നല്ല കഥപറയല്‍. സാക്ഷി നന്നായി.

6/14/2006 10:16 AM  
Blogger അരവിന്ദ് :: aravind said...

സാക്ഷീ..മനോഹരം...
കഥ എന്നാല്‍ ഇതാണ്. അവ്യക്തതയില്‍ത്തുടങ്ങി എല്ലാം വ്യക്തമാവുന്ന കഥാകഥനം!
വളരെ വളരെ ഇഷ്ടപ്പെട്ടു,
ചിത്രം സ്പോയിലര്‍ ആയെന്ന് തോന്നിയില്ല. പക്ഷേ ചിലത് പ്രതീക്ഷിച്ചു. പക്ഷേ പ്രതീക്ഷിച്ചതായില്ല അന്ത്യം.
അതിനാല്‍ ഏറെയിഷ്ടപ്പെട്ടു. ഗ്രേയ്റ്റ് വര്‍ക്ക്. :-)

6/14/2006 10:40 AM  
Blogger സാക്ഷി said...

രേഷ്മ പറഞ്ഞത് ശരിയാണ്.
ആ ചിത്രം ഒഴിവാക്കാമായിരുന്നു.
ഇനിയേതായാലും ഇങ്ങനെ പോകട്ടെ.
ഒരു പന്തിയില്‍ രണ്ട് ഇല വേണ്ടാ അല്ലേ. :)

6/14/2006 11:50 AM  
Blogger കണ്ണൂസ്‌ said...

നന്നായിരിക്കുന്നു സാക്ഷീ.. വേറൊന്നും പറയാന്‍ തോന്നുന്നില്ല ഇപ്പോള്‍..

6/14/2006 2:08 PM  
Blogger ചില നേരത്ത്.. said...

എത്ര ഉരച്ചിട്ടും അത് പോയില്ല,
തലമുറകളുടെ കാലിലെ പഴുപ്പിന്‍റെ കറ.

നിയോഗങ്ങള്‍, സാക്ഷിയ്ക്കൊരുക്കിയ വേദന വാക്കുകളുടെ ലാളിത്യത്താല്‍ മനോഹരമായി പകര്‍ന്ന് നല്‍കിയിരിക്കുന്നു.
ഒരിക്കലും കാണാതെ പോകുന്നവരെ സ്വപ്നത്തില്‍ ദര്‍ശിക്കുമ്പോള്‍ തിരിച്ചറിഞ്ഞെന്നറിവ് സാക്ഷി പകരുന്ന പുത്തനറിവാണ്.
നിയോഗം തനിയാവര്‍ത്തനത്തിന്റെ മനോഹരമായ ചെറുകഥയാണ്.
ഹൃദ്യമായിരിക്കുന്നു ഈ കഥയും..

6/14/2006 2:12 PM  
Blogger പരസ്പരം said...

ഇത്തരം നിയോഗങ്ങള്‍ക്കു നേരെ നമുക്ക് മുഖം തിരിക്കാനല്ലേ പറ്റൂ.ആ തനിയാവര്‍ത്തനം ടച്ച് ഇഷ്ടപ്പെട്ടു, എങ്കിലും ഈ നിയോഗങ്ങളുടെ കാലികപ്രസക്തി?

6/14/2006 2:15 PM  
Blogger ദേവന്‍ said...

വരയും, പിന്നെ ആ വരപോലെ വരയുന്ന എഴുത്തും വശമുള്ളവന്‍ സാക്ഷി.

6/14/2006 2:27 PM  
Blogger വിശാല മനസ്കന്‍ said...

സാക്ഷി എന്റെ ഒരു സുഹൃത്താണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

...എത്ര ഉരച്ചിട്ടും അത് പോയില്ല,
തലമുറകളുടെ കാലിലെ പഴുപ്പിന്‍റെ കറ..

എന്റെ കൊടിഞ്ഞിലീ...!

6/14/2006 2:47 PM  
Blogger പണിക്കന്‍ said...

വരയും വാക്കുകളും വരമായ്‌ ലഭിച്ച സാക്ഷിക്ക്‌ ഒരായിരം കൂപ്പുകൈ... അസ്സലായിട്ടുണ്ട്‌...

6/14/2006 3:18 PM  
Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് സാ‍ക്ഷീ - വരയും എഴുത്തും!

6/14/2006 5:14 PM  
Blogger വക്കാരിമഷ്‌ടാ said...

സാക്ഷീ.. പതിവുപോലെ മനോഹരം. ഇതും ഇട്ട അന്നുതന്നെ വായിച്ചിരുന്നു. എന്തെഴുതണം എന്നറിയില്ല. മനോഹരം. പിന്നെ, സാധാരണ തലക്കെട്ടും പടവുമൊക്കെ വായന കഴിഞ്ഞുമാത്രം നോക്കുന്നതുകൊണ്ട് വായനയുടെ രസം പോയില്ല. ചിത്രത്തേപ്പറ്റി കമന്റാനുമില്ല. സാക്ഷിയല്ലേ വരയ്ക്കുന്നത്!

6/17/2006 8:23 AM  
Blogger സ്നേഹിതന്‍ said...

സാക്ഷിയുടെ വരയിലും വരികളിലും രൂപവും ഭാവവും നിറഞ്ഞു നില്ക്കുന്നു. ചിത്രങ്ങള്‍ തന്നെ വലിയൊരു കഥ പറയുന്നു. സ്വന്തം വരയാലും വരികളാലും സാക്ഷിയുടെ പോസ്റ്റുകള്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്ക്കുന്നു !

6/17/2006 10:34 AM  
Blogger സാക്ഷി said...

എല്ലാവര്‍ക്കും നന്ദി.
പോസ്റ്റാക്കാന്‍ കോണ്‍ഫിഡന്‍റ്സില്ലാതെ ഒത്തിരി നാളായി ഡ്രാഫ്റ്റ് ആയി കിടന്ന കഥ അവസാനം മനസ്സില്ലാമനസ്സോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
എന്‍റെ ബ്ലോഗിലെ ശൂന്യത കൂടെക്കൂടെ ഓര്മ്മിപ്പിച്ച് ഇതിനെന്നെ പ്രേരിപ്പിച്ച ഇബ്രുവിനും മഞ്ചിത്തിനും ഇബ്രുവിനും വീണ്ടും നന്ദി.

6/18/2006 4:58 PM  
Blogger സാക്ഷി said...

“ഇതിനെന്നെ പ്രേരിപ്പിച്ച ഇബ്രുവിനും മഞ്ചിത്തിനും ഇബ്രുവിനും വീണ്ടും നന്ദി.“

ക്ഷമിക്കണം.
ഇതിലെ മഞ്ചിത്തിനെ മഞ്ജിത്തെന്നും റിപ്പീറ്റുചെയ്തുവന്ന ഇബ്രുവിനെ ശ്രീജിത്തെന്നും തിരുത്തിവായിക്കാനപേക്ഷ.

6/18/2006 8:49 PM  
Anonymous Anonymous said...

വിഷയങ്ങളും തനി ആവര്ത്തനങ്ങളാകുന്നുവോ സാക്ഷി...?

6/20/2006 4:32 PM  
Blogger panikkar said...

ഭംഗിയുള്ള വാക്കുകള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കുമപ്പുറം ഈ കഥ ഇനിയുമൊരുപാട് സഞ്ചരിക്കേണ്ടതുണ്ട്.
അവസാന വരികളിലേക്കുള്ള ഒരു യാത്ര മാത്രമായി കഥ ചുരുങ്ങുന്നുവോയെന്നുള്ള സംശയം ഒരുപക്ഷെ സാക്ഷിയുടെ കഥകള്‍ വിണ്ടും വീണ്ടും വായിക്കുന്നതുകൊണ്ട് തോന്നുന്നതായിരിക്കാം. ഇനിയും നന്നാക്കാമായിരുന്നുവെന്നു തന്നെയാണ്‍ ഏന്‍‌റെ വിശ്വാസം. മറ്റു വായനക്കാരെ എന്‍‌റെ കമന്‍‌റ് സ്വാധീനിക്കേണ്ട എന്നുകരുതി മാത്രമാണ്‍ പറയാന്‍ വൈകിച്ചത്.

6/22/2006 11:36 AM  
Blogger സാക്ഷി said...

സുനില്‍ പറഞ്ഞത് എനിയ്ക്കും മോഹംണ്ട്. ചെയ്യണമെന്ന് കുറച്ചധികം നാളായി കരുതുന്നു.
തീര്‍ച്ചയായും സമയക്കുറവുകൊണ്ടല്ല. മടി, അതാണു പ്രശ്നം.

നന്ദി പണിക്കരെ.
എന്‍റെ യാത്ര തുടങ്ങിയിടത്തു തന്നെയാണ് നില്ക്കുന്നതെന്ന് മറ്റാരേക്കാളും കൂടുതല്‍ ഞാന്‍ മനസ്സിലാക്കുന്നു.
തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധിക്കാം.
വിമര്‍ശനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഒരിക്കല്കൂടി നന്ദി, സ്വാഗതം.

6/26/2006 4:30 PM  

Post a Comment

<< Home

Creative Commons License