Tuesday, November 07, 2006

മൂന്നാമതൊരാള്‍

ഓഫീസില്‍ നിന്നാണ് രഘുരാമന് അത് കിട്ടിയത്.
അതെങ്ങിനെ തന്‍റെ മേശപ്പുറത്തു വന്നുവെന്നെയാള്‍ക്കറിയില്ല.
രാവിലെ ചെല്ലുമ്പോള്‍ അതവിടെയുണ്ടായിരുന്നു.
കീബോര്‍ഡിനടുത്ത്, പെരുവിരലിനോളം മാത്രം വലുപ്പമുള്ള
ഇളം നീല നിറമുള്ള ഒരു പ്രതിമ!
ഒരുപക്ഷെ ഗര്‍ഭപാത്രം എടുത്തുകളയാന്‍ പോയ സെക്രട്ടറി
മറന്നു വച്ചിട്ടുപോയതായിരിക്കും.
അല്ലെങ്കില്‍ ചുണ്ടിനുമുകളില്‍ കാക്കാപ്പുള്ളിയുള്ള, ബോസിന്‍റെ ഭാര്യ
സമ്മാനമായി അവിടെ വച്ചതായിരിക്കും.
വാഷ്റൂമിലേക്കുള്ള ഇടുങ്ങിയ വരാന്തയില്‍ വച്ചൊരിക്കല്‍ അയാള്‍‍
‍ആ കാക്കാപ്പുള്ളിയില്‍ ഉമ്മ വച്ചു.
അന്നവള്‍ ശരീരത്തിലെ ഇനിയൊരു കാക്കാപ്പുള്ളിയെപ്പറ്റി
പറഞ്ഞുകൊതിപ്പിച്ചു.

ആ പ്രതിമയ്ക്ക് ഒരു പൂവിന്‍റെ ആകൃതിയായിരുന്നു.
വലിയ വയറും വയറിലൂടെ പിണഞ്ഞുകിടക്കുന്ന ഒരു കുഞ്ഞു നാഗവും
കണ്ടപ്പോള്‍ രഘുരാമനാദ്യം കരുതിയത് അതൊരു ചമ്രം മടിഞ്ഞിരിക്കുന്ന
ഗണപതി പ്രതിമയാണെന്നാണ്.
അതിന് കൊമ്പും തുമ്പിക്കയ്യുമൊന്നുമില്ലെന്ന് കണ്ടുപിടിച്ചത് അനിതയാണ്.
മറ്റൊന്നുകൂടി അവള്‍ കണ്ടെത്തി. പ്രതിമയിലെ മനുഷ്യന്‍ നഗ്നനായിരുന്നു.
വലിയ വയറൊഴിച്ച് എല്ലാം പൂവിന്‍റെ ഓരോ ഇതളുകള്‍ പോലെയായിരുന്നു.
അല്ല, ഇതളുകള്‍ തന്നെയായിരുന്നു.
എന്നിട്ടും മുഖവും കണ്ണുകളും കൈകളുമെല്ലാം അയാള്‍ ഊഹിച്ചെടുത്തു.
പക്ഷെ പ്രതിമയുടെ നഗ്നത കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
ആ പ്രതിമയെ ഒരു മനുഷ്യനായി കാണുന്നതിലുമെളുപ്പം
ഒരു പൂവായിക്കാണാനായിരുന്നു.
അതുകൊണ്ടായിരുന്നു അതയാള്‍ അനിതയ്ക്ക് സമ്മാനിച്ചത്.
അതു വരെ അയാള്‍ക്കതിനോട് പ്രത്യേകിച്ചൊരടുപ്പവുമില്ലാതിരുന്നെങ്കിലും
അനിതയുടെ കണ്ണുകളില്‍ പേടിയുടെ അലകള്‍ കണ്ടപ്പോള്‍
അയാളതിനെ സ്നേഹിച്ചുതുടങ്ങി.
അവള്‍ സ്നേഹിക്കുന്നതിനെ മുഴുവന്‍ വെറുക്കുന്നത് നേരത്തേ
അയാളൊരു ശീലമാക്കി കഴിഞ്ഞിരുന്നല്ലോ.
അല്ലെങ്കില്‍ കുഞ്ഞുടുപ്പുകള്‍ തുന്നാനവള്‍ കാത്തുവച്ച വെളള്ത്തുണികളില്‍
അവളുടെ ചോരപുരളില്ലായിരുന്നു.
പക്ഷെ അനിതയുടെ മുഖത്തുകണ്ട പേരറിയാനാവാത്ത വികാരം
പേടിയാണെന്ന് അയാള്‍ സ്വയം ധരിക്കുകയായിരുന്നു.
തെറ്റായ കണക്കുകള്‍ കൂട്ടുകയും കൂട്ടിയ കണക്കുകള്‍ക്കനുസരിച്ച് ജീവിതത്തെ
മാറ്റുകയുമായിരുന്നു ഇതു വരെയും അയാള്‍ ചെയ്തിരുന്നത്.

“റാം അതവിടെനിന്നെടുത്തു മാറ്റൂ.”
വല്ലാത്തൊരു കുറ്റബോധത്തോടെ പിടഞ്ഞുമാറിയിട്ട് അനിത പറഞ്ഞു.
“അതെന്നെത്തന്നെ തുറിച്ചുനോക്കുന്നു.”
അവരുടെ തൊട്ടരികെ ബെഡ് ലാമ്പിന്‍റെ വെളിച്ചത്തില്‍
കുളിച്ചിരിക്കുകയായിരുന്നു അത്.
നോക്കിനില്ക്കെ പ്രതിമ വിജൃംഭിതനാവുന്നതായും
അവളുടെ നേരെ കയ്യുകള്‍ നീട്ടുന്നതായും അവള്‍ക്ക് തോന്നി.
ഉള്ളിലേക്ക് കൂടുതല്‍ ഒതുങ്ങിയിട്ടും ബ്ലാങ്കറ്റിനുള്ളിലും താന്‍ നഗ്നയാണല്ലോയെന്ന
ചിന്തയവളെ അലോസരപ്പെടുത്തി.
മൂന്നമതൊരാളുടെ കണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്നു തന്നെ അവള്‍ വിശ്വസിച്ചു.
അങ്ങിനെ ആ പ്രതിമയ്ക്ക് തങ്ങളെ കാണാന്‍ കഴിയുമെങ്കില്‍,
അതിനു മുന്നില്‍ വച്ചുതന്നെ രഘുരാമാന് അവളെ പ്രാപിക്കണമെന്നുതോന്നി.
പക്ഷെ അവള്‍ വഴങ്ങാതായപ്പോള്‍ അയാള്‍ തിരിഞ്ഞു കിടന്നു.
ഉറക്കം മടിച്ചുനിന്ന നേരമത്രയും ഒരു കാക്കാപ്പുള്ളിയുടെ ചിന്ത മനസ്സിലേക്കു
കടന്നുവരാഞ്ഞതില്‍ അയാള്‍ക്ക് നിരാശതോന്നി.
രഘുരാമന്റെ അകന്നകന്ന് പോകുന്ന കാലടികള്‍ക്ക് പിന്നില്‍
വാതില്‍ ശക്തിയായി തുറന്നടയുന്ന ഒച്ച അവള്‍ കേട്ടു.
ഒപ്പം പുറത്തുപെയ്യുന്ന മഴയുടെ ശ്വാസം അനുവാദമില്ലാതെ
മുറിക്കുള്ളിലേക്ക് ഇടിച്ചുകടന്നു.

മഴതുള്ളിയിട്ട വെളുപ്പാന്‍ കാലത്ത് ഈറന്‍ കാലുകളോടെ രഘുരാമന്‍
അവളുടെ കിടപ്പുമുറിയിലേക്ക് വീണ്ടും കടന്നുവന്നതവള്‍ അറിഞ്ഞു.
മഴയുടെ തണുപ്പുമായ് അയാളവളുടെ പുതപ്പിന്നുള്ളിലേക്ക് നുഴഞ്ഞുകയറി.
അവളെ‍ പ്രേമപൂര്വ്വം ചുംബിക്കുകയും.
പതിവില്ലാതെ മുടിയിഴകള്‍‌ തലോടുകയും ചെയ്തു.
അവളപ്പോള്‍ മൂന്നാമതൊരാളുടെ സാമിപ്യത്തെക്കുറിച്ചോര്ത്ത് വ്യാകുലപ്പെട്ടില്ല.
രഘുരാമന് കുടവയറുണ്ടെന്ന് ഇത്രനാളും എന്തേ അറിഞ്ഞില്ലാ?
എന്തേ അവന്‍റെ ശ്വാസത്തിനിന്ന് സിഗരറ്റിന്‍റെ മണമില്ലായിരുന്നു?
എപ്പോഴോ അവളുടെ തളര്ന്ന കിതപ്പുകള്‍ക്കുമുകളില് നിന്ന് അയാളിറങ്ങിപ്പോയി.
മുറിയിലേക്ക് കടന്നുവന്ന പോലെ മിണ്ടാതെ, വാതില്‍ തുറക്കാതെ!

കട്ടിയുള്ള പുതപ്പിന് വെളിയില്‍ വന്ന് അനിത പ്രതിമയെ നോക്കി.
അവളെ നോക്കി അത് ചിരിച്ചപ്പോള്‍ അവള്‍ കണ്ണുകള്‍ താഴ്ത്തിയില്ല.
ഉറക്കം തൂങ്ങിനിന്ന വെളിച്ചത്തിനു ചുവട്ടില്‍ അവരിരുവരും‍ നഗ്നരായിരുന്നു.

Labels:

27 Comments:

Blogger വല്യമ്മായി said...

അയാളാരായിരുന്നു.നല്ല അവതരണം.

11/07/2006 3:01 PM  
Blogger ചില നേരത്ത്.. said...

സാക്ഷിയുടെ കഥകള്‍ ഒരുപാട് വായിക്കാന്‍ വിട്ടിരുന്നു.
ഇതിപ്പോ മൂന്നാമന്റെ കടന്ന് കയറ്റം ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്നു.എന്താണത്?

11/07/2006 7:41 PM  
Blogger സു | Su said...

സാ‍ക്ഷീ :) മൂന്നാമതൊരാള്‍ ഇഷ്ടമായി.

11/07/2006 9:44 PM  
Blogger കുറുമാന്‍ said...

സാക്ഷീ, മൊത്തം വായിച്ചത് രണ്ടാവര്‍ത്തിയല്ല, മൂന്നാവര്‍ത്തിയാണ്. മൂന്നാമനെ പിടിക്കാന്‍ പറ്റിയില്ല എന്നതു വാസ്തവം.

ഉണ്ണിയെ തിരികെ താ

11/07/2006 10:55 PM  
Blogger വേണു venu said...

മൂന്നാമതൊരാളിനെ മനസ്സിലാക്കാന്‍ സാക്ഷിയുടെ ആദ്യകാല പോസ്റ്റിലൂടെയും പോകേണ്ടി വന്നു.ഞാന്‍ വായിച്ചു പോയ,പുതു ജന്മം ലഭിച്ച എന്‍റെ ഏട്ടത്തിക്കു് ആശംസകള്‍.പണ്ടു പണ്ടു് പാന്‍റം എന്നൊരു രാജാവിന്‍റെ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ കണ്ണു നീര്‍ വന്ന ആ മുത്തശ്ശിയ്ക്കൊരു പ്രണാമം.നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത് കേട്ട ഉണ്ണി കണ്ട മംഗല്യ ഭാഗ്യവും വായിച്ചനുഭവിച്ചു.
പിന്നെയെനിക്കു് മൂന്നാമതൊരാളെ നഷ്ടപ്പെടുകയായിരുന്നു. അതിനിനി വീണ്ടും വായിക്കേണ്ടിയിരിക്കുന്നു.സാക്ഷീ,വാക്കുകളില്ലാതെ,ഒന്നുമെഴുതാതെ ഞാന്‍ എന്‍റെ വരികള്‍ക്കിവിടെ വിരാമമിടുന്നു.

11/07/2006 11:25 PM  
Blogger അനംഗാരി said...

മൂന്നാമതൊരാള്‍...ഉപബോധ മനസ്സില്‍ ഉറങ്ങികിടന്നവന്‍. കയ്യും, കാലും ഇല്ലാത്തവന്‍. കത്തുന്ന കണ്ണുള്ളവന്‍.കണ്ണില്‍ വികാരങ്ങള്‍ കൂടുകൂട്ടുകയും ചെയ്തവന്‍.അവന്റെ മാസ്മരികതയില്‍ അവള്‍ മറന്നു പോയോ?
ഓ:ടോ:അല്ലെങ്കിലും, കാമത്തിന് കയ്യും കാലുമില്ലല്ലോ?ഉള്ളത് ഉണര്‍ന്നെണീറ്റ വികാരം മാത്രമല്ലേ?

11/08/2006 5:27 AM  
Blogger അതുല്യ said...

സാക്ഷീ... ഹ്‌ ഹ്‌


മനുഷ്യന്റെ തോന്നലുകള്‍ക്കുള്ളില്‍ നമുക്ക്‌ കയറി ചെല്ലാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മുഖത്ത്‌ വീഴുന്ന ആട്ടും തുപ്പും തുടയ്കാന്‍ 24 മണിക്കുറുകള്‍ പോലും തികയാതെ വരും.

കാക്ക"പുള്ളികള്‍ക്ക്‌" ഇനിയും ഒരുപാട്‌ കഥ പറയാനുണ്ടാവും. മനസ്സറിയും യന്ത്രം കണ്ടപിടിയ്കപെടാതിരിയ്കട്ടെ.

സാക്ഷീ നീയും ഒരുപക്ഷെ ഒരുപാട്‌ ഇത്‌ പോലെത്തേ നിമത്തങ്ങള്‍ക്ക്‌ സാക്ഷ്യപെട്ടേക്കാം. സ്നേഹം തോന്നുമ്പോള്‍ ശരീരത്തേ മാറ്റി നിര്‍ത്തി ചിന്തിയ്കാതിരിയ്കാന്‍ അനിതയ്ക്‌ കഴിഞ്ഞത്‌ സദാചാരം എന്ന വാക്ക്‌ അവളുടെ നിഘണ്ടുവില്‍ അവള്‍ എഴുതി ചേര്‍ക്കാതിരിയ്കുന്നത്‌ കൊണ്ടാവാം. അല്ലെങ്കില്‍ അവള്‍ കരുതിയിരിയ്കും സദാചാരം നിഘണ്ടുവില്‍ മാത്രം കാണുന്ന ഒന്നാവുമെന്ന്. ചിന്തകളുടെ വ്യാപാരങ്ങളില്‍ സദാചാരത്തിനു യാതൊരു വിധ വിലക്കുകളുമില്ലല്ലോ അല്ലെങ്കിലും, അത്‌ നാലു പേര്‍ അറിയുമ്പോഴല്ലേ സദാചാരത്തിനു തീ പിടിയ്കുന്നത്‌.

ഉണ്ണിക്കഥകളില്‍ നിന്ന് ഒരുപാട്‌ നീ ഉയര്‍ന്ന്, ചുവടുകളിലൂടെ അളക്കാന്‍ പ്രയാസമായ രീതികളില്‍ മേറ്റെവിടെയോ അകലത്തില്‍...

...
പിന്നെ ബ്ലോഗുകളില്‍ വരാതെ ഒളിച്ചിരുന്ന് സാക്ഷ്യം വഹിച്ച്‌ കേമനാകുന്ന രീതി അല്‍പം ജാടയല്ലേ എന്ന് എനിക്ക്‌ തോന്നിയാ...

11/08/2006 9:11 AM  
Blogger ഇടിവാള്‍ said...

ഗെഡി, തന്റെ കഥ വായിച്ച്‌ ആദ്യ വായനയില്‍ തന്നെ മനസ്സിലായ ആദ്യ കഥയാണിത്‌ ;)
( വീണ്ടും ഊന്നിയൂന്നി പറയട്ടെ, അതു എന്റെ കുഴപ്പം തന്നെയാണെന്ന്..)

എന്താന്നറിയില്ല, ഈ വക ഐറ്റംസ്‌ ഒക്കെ പിടിക്കാന്‍ ഒര്‌ ജാതി Knack ആണെനിക്ക്‌..

11/08/2006 9:26 AM  
Blogger പട്ടേരി l Patteri said...

അതൊരു ചമ്രം മടിഞ്ഞിരിക്കുന്ന
ഗണപതി പ്രതിമയാണെന്നാണ്
തന്നെ തന്നെ... ചിത്രം ഗണപതിയുടെ തന്നെ...
(എനിക്കത്രയേ മനസ്സിലായുള്ളൂ....
ബാക്കിക്കാര്യങ്ങള്‍ ഇടിയോട് ചോദിച്ചു മനസ്സിലാക്കിയിട്ട് കമന്റാം )
ചിലനേരത്തേ , നീ(നിങ്ങള്) വായിക്കുന്ന അടുത്ത നൂറു കഥകള്‍ ഇങ്ങനെയുള്ള കണ്‍ഫ്യൂഷനുണ്ടാക്കട്ടെ (ശാപം )
സാക്ഷി ഇത് ഒരു വേറിട്ട വായന ആയിരുന്നു... ആഴങ്ങളിലേക്കിറങ്ങിചെല്ലാന്‍ ശ്രമിക്കാം ഞാന്‍

11/08/2006 9:49 AM  
Blogger അഗ്രജന്‍ said...

ഇടിവാളേ... ഞമ്മളും ഇങ്ങടെ ഗ്രൂപ്പാ :)

11/08/2006 10:45 AM  
Blogger ദില്‍ബാസുരന്‍ said...

സാക്ഷീ,
മനോഹരം. മൂന്നാമന്‍ മൂന്ന് വട്ടം വായിച്ചു. എനിക്ക് മനസ്സിലായത് തന്നെയാണോ സത്യം എന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്ന് മാത്രം.:-)

ആ ശൈലിയും ഭാഷയും സമ്മതിച്ച് തന്നിരിക്കുന്നു.

11/08/2006 8:32 PM  
Blogger ബിന്ദു said...

നല്ല എഴുത്ത്‌.
:)

11/13/2006 10:56 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ദില്‍ബന് മനസ്സിലായത് എനിക്കും മനസ്സിലായി. എനിക്ക് മനസ്സിലായില്ല എന്ന്.

11/15/2006 1:27 PM  
Blogger Sul | സുല്‍ said...

ഇതു കഥയല്ലെ? ഇതിലെന്താ മനസ്സിലാക്കാന്‍. മൂന്നാമന്‍ വന്നു പോയി. അയാളങ്ങു പോട്ടെ.

എന്നാലും സാക്ഷി ഇത്ര വേണ്ടാരുന്നു

-സുല്‍

11/15/2006 2:32 PM  
Blogger കൈപ്പള്ളി said...

മൂനാമൊരാള്‍ കാമം.

ഈ പെണ്ണൊരു "ഐറ്റം" ആണല്ലോ?

സാക്ഷി, രാവിലെ ഇതുവായിച്ച്. തലക്ക് പ്രാന്തിളകി. കൊള്ളാം.

11/18/2006 9:57 AM  
Blogger കുട്ടന്മേനൊന്‍::KM said...

മൂന്നാമതൊരാള്‍ നന്നായിരിക്കുന്നു. മനോഹരം. :)

11/18/2006 10:22 AM  
Blogger മുസാഫിര്‍ said...

സാക്ഷി,
നല്ല സൂക്ഷ്മമായ നിരീക്ഷണള്‍ നിറഞ്ഞ എഴുത്ത്,ബ്രഷിന്റെ ചെറിയ ചെറിയ സ്റ്റ്റോക്ക് കൊണ്ടു മെനഞ്ഞ ചിത്രം പോലെ മനോഹരം.സാക്ഷി,ഇഷ്ടപ്പെട്ടു.

11/18/2006 11:48 AM  
Anonymous അചിന്ത്യ said...

നനഞ്ഞ കാല്‍വെപ്പുകളും സ്നേഹത്തലോടലുമായി വന്ന് പൂവ്വിലൊതുങ്ങുന്നവന്‍ പലപ്പഴും ഭര്‍ത്താവിനെ മൂന്നാമനാക്കാറുണ്ടോ!പരിശ്ശുദ്ധ നഗ്നതയിലും ലജ്ജിക്കാണ്ടെ അവന്‍റെ കണ്ണില്‍ പുഞ്ചിരി തിരയാമെങ്കില്‍, തിരയാണ്ടെ തന്നെ കണ്ടു പിടിക്കാമെങ്കില്‍ ഇവനല്ലവാ അവന്‍.ഒന്നാമന്‍!

12/03/2006 9:06 AM  
Anonymous Anonymous said...

സാക്ഷി
i am conffused.
but its great!!!

12/03/2006 10:01 AM  
Blogger സാക്ഷി said...

കണ്ഫ്യൂഷനുകള്‍ എന്‍റെ ഭാഷയുടെ പരിമിതിയാവാം.
ഇബ്രു, എഴുതിയതിലുമൊരുപാടധികം ഞാനിതില്‍ വായിക്കാന്‍ വിട്ടുപോയെന്നു തോന്നുന്നു.
കുറുമാന്‍, ഞാനും ഉണ്ണിയെ തിരയുകയാണ്.
നന്ദി എല്ലാവര്‍ക്കും നന്ദി.

12/03/2006 10:28 AM  
Blogger സാക്ഷി said...

എഴുതിയതിലുമൊരുപാടധികം ഞാനിതില്‍ വായിക്കാന്‍ വിട്ടുപോയെന്നുള്ളതു വായിക്കാന്‍ വിട്ടിട്ടുപോയെന്നു തിരുത്തിവായിക്കുക.
qw_er_ty

12/03/2006 10:34 AM  
Blogger ബിന്ദു said...

ഒളിച്ചിരുന്ന് വാര്‍ഷികം ആഘോഷിച്ചു അല്ലേ സാക്ഷി??:) പായസം ഇരിക്കുന്നുണ്ടോ ബാക്കി, ഒരു ഗ്ലാസ്സ് എങ്കിലും??

12/07/2006 11:30 PM  
Blogger സങ്കുചിത മനസ്കന്‍ said...

ഒരുപക്ഷെ ഗര്‍ഭപാത്രം എടുത്തുകളയാന്‍ പോയ സെക്രട്ടറി മറന്നു വച്ചിട്ടുപോയതായിരിക്കും.
!!!!!!!

12/08/2006 1:01 AM  
Blogger Reshma said...

അചിന്ത്യേച്ചി പറഞ്ഞതില്‍ കൂടൌതല്‍ ഒന്നും പറയാനില്ലെനിക്ക്. ലജ്ജ മറന്ന് കണ്ണുകളില്‍ നോക്കി ചിരിക്കാനാവുന്നവര്‍ ഒന്ന്. കാക്കപ്പുള്ളി ധ്യാനിച്ച് നടക്കുന്നവന്‍ യേതോ ഒരുവന്‍. സാക്ഷീന്റെ എഴുത്ത്-പുറം ചൊറീന്നില്ലിനി:D

12/13/2006 5:55 AM  
Blogger കെ.മാധവിക്കുട്ടി. said...

ആദ്യമായാണിവിടെ.കൊള്ളാം,ഓരോ രചനയും.

2/14/2007 12:55 PM  
Blogger കെവിന്‍ & സിജി said...

കഥകഥാ നായരേ, കസ്തൂരി നായരേ,
കാഞ്ഞിരക്കോട്ടമ്പലത്തില്‍
തേങ്ങമൂത്തിളനീരായി

എവിടെടോ, കാണാനേയില്ലല്ലോ.

3/08/2007 10:34 AM  
Blogger Pramod.KM said...

ബൂലോകത്തില്‍ വൈകിയെത്തിയതിനാല്‍, ഇവിടെ ഇങ്ങനെ ഒരു സാക്ഷി ഒന്നും മിണ്ടാതെ എല്ലാം കണ്ടുകൊണ്ട് അങ്ങനെ ഒരു മൂന്നാമനായി ഇരിക്കുന്നെണ്ടെന്ന് അറിയാന്‍ വൈകി..;)
കൊട് കൈ.ആദ്യം തന്നെ.

4/25/2007 10:21 AM  

Post a Comment

Links to this post:

Create a Link

<< Home

Creative Commons License