Tuesday, December 27, 2005

മംഗല്യഭാഗ്യം


"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം. ഒരുമാതിരി സംശ്യങ്ങളൊക്കെ അമ്മുമ്മ തീര്‍ത്തുതരുമെന്ന് ഉണ്ണിക്കറിയാം. ചിലപ്പോഴൊക്കെ അമ്മുമ്മയ്ക്ക് ഭയങ്കര ദേഷ്യം വരും. പക്ഷെ ചോദിക്കണത് പഴേ കാര്യങ്ങളാണെങ്കില്‍ അമ്മുമ്മ ഉണ്ണ്യേ അടുത്ത് പിടിച്ചിരുത്തും. ചൂടുള്ള നെഞ്ചിലേക്ക് ചാച്ച് കിടത്തി തലമുടിക്കിടയിലൂടെ വിരലോടിക്കും. എന്നിട്ട് ചേര്‍ത്തുപിടിച്ചാടിക്കൊണ്ട് പറഞ്ഞുതരും. അമ്മുമ്മ തലമുടിയിലൂടെ വിരലോടിക്കുന്നത് ഉണ്ണിക്ക് വല്യ ഇഷ്ടാ.
"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
അമ്മുമ്മ ഉണ്ണിയെ അടുത്ത് ചേര്‍ത്തിരുത്തി.
"പടിപ്പുര അടഞ്ഞുകിടന്നാ എങ്ങന്യാ ഉണ്ണീ ശ്രീ പാറോതി ഉള്ളിലേക്കു വര്വാ"
ഉണ്ണിക്ക് ഒട്ടും പിടികിട്ടീല്യ. അമ്പലത്തിലിരിക്കണ ശ്രീ പാര്‍വ്വതിയെന്തിനാപ്പോ വീട്ടിലേക്കു വരണത്.
അപ്പൊപ്പിന്നെ അമ്പലത്തിലാരാ. ഉണ്ണിക്ക് ചോദിക്കണംന്നുണ്ടായിരുന്നു. ഇഷ്ടായില്ലെങ്കില്‍ അമ്മുമ്മ പിണങ്ങും. ചിലപ്പോള്‍ കരയേം ചെയ്യും. ഉണ്ണീടമ്മ വഴക്കുപറയുമ്പോ അമ്മിക്കല്ലിനടുത്തെ തിണ്ണയില്‍ ഇരുട്ടത്തിരുന്ന് അമ്മുമ്മ കരയുന്നത് എത്ര്യാ ഉണ്ണീ കണ്ടിരിക്കണെ.
"ശ്രീ പാറോതി എന്തിനാ വരണെന്നറിയ്വോ ഉണ്ണിക്ക്?"
"ഇല്യാ" ഉണ്ണിക്ക് സന്തോഷായി. അമ്മുമ്മ പറയാറുള്ളത് പോലെ, വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്.
"ഈ തട്ടകത്ത് മംഗല്യഭാഗ്യൊല്യാത്ത കുട്ട്യോളുണ്ടാവില്യാ. വിളിച്ചാ വിളിപ്പുറത്താ ദേവി! അങ്ങിനെ അനുഗ്രഹിക്കാന്‍ വരുന്ന ദേവി അടഞ്ഞ പടിപ്പുര കണ്ട് തിരിച്ചു പോവാതിരിക്കാന്‍ ഈ കരയിലെ വീടുകളില്‍ പടിപ്പുര പാടില്യാന്ന വിശ്വാസം."
ഉണ്ണിക്കത് ശരിക്കും മനസ്സിലായില്ല.
"നമ്മുടെ വീടിനും പടിപ്പുരല്യലോ അമ്മുമ്മേ"
"ഇല്യാ ഉണ്ണ്യേ"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം.
"എന്നിട്ടും എന്തേ.."
ഉണ്ണി തിരിഞ്ഞ് അകത്തെ ഇരുട്ടിലേക്കു നോക്കി. പിന്നെ അമ്മുമ്മയോടു പറ്റിച്ചേര്‍ന്നു. അമ്മുമ്മ്യുടെ നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത് ഉണ്ണി കേട്ടു. ശിരസ്സില്‍ ഇറ്റുവീണ കണ്ണുനീരിന്‍റെ ചൂട് ഉണ്ണി അറിയാതെ അമ്മുമ്മ തലോടിയെടുത്തു.

Labels:

8 Comments:

Blogger myexperimentsandme said...

ടച്ചിംഗ് (കടപ്പാട് വിശാലനോട്) സ്റ്റോറി.. പതിവുപോലെ നല്ല പടവും. എന്റെ അഡോബ് ഇല്ലാത്തെരുവ് പടം കുളമായി. വാസന വേണം തേവരേ, വാസന ....

12/28/2005 3:24 PM  
Blogger അതുല്യ said...

സാക്ഷീ, നന്നായിരിക്കുന്നു. അതും ആ വാതിലിൻ മറവിൽ രണ്ടു മൂന്ന് സ്റ്റ്രോക്ക് കൊണ്ട് തീർത്ത ആ രൂപം വളരെ ടച്ചിങ്ങ്. ഇരുപത്തെട്ട് വയസ്സു വരെ ഒരു അതുല്യയോ അംബുജമോ ഉഷയോ മറ്റൊ അങ്ങനെ നിന്നതു കൊണ്ടാവാം അതാണാദ്യം മനസ്സിൽ പതിഞ്ഞത്.

12/28/2005 4:26 PM  
Blogger viswaprabha വിശ്വപ്രഭ said...

കൈരളിയമ്മൂമ്മ ഉണ്ണിയെ നെഞ്ചത്തു ചേർത്തു കിടത്തി.
പിന്നെ കണ്ണീർകൊണ്ടു പുതപ്പിച്ചു.

അവൻ വിരൽത്തുമ്പുകൊണ്ട് കണ്ണുനീർത്തുള്ളികൾ തോണ്ടിയെടുത്ത് അമ്മൂമ്മയുടെ ശുഷ്കവക്ഷസ്സിൽ ചിത്രം വരച്ചുകൊണ്ടിരുന്നു....

എന്നോ യാത്രപറഞ്ഞു പിരിഞ്ഞുപോയ ധവളധാരാളിത്തം തിരിച്ചെത്തി.
അവിടമാകെ പൂനിലാവായിപ്പരന്നു.
ആ പാലാഴിയിൽ ഇളംനിറങ്ങളുള്ള കുഞ്ഞുകുഞ്ഞുപൂക്കൾ ഉണർന്നു വന്നു...

*****

സാക്ഷി ഏറ്റുപറയുകയാണ്...

മുറിഞ്ഞ, എങ്കിലും തെളിച്ചം തൂവുന്ന വാക്കുകൾ കൊണ്ടാണീ ചിത്രങ്ങൾ!

മങ്ങിയ, എങ്കിലും ജീവൻ തുടിക്കുന്ന ചായങ്ങൾകൊണ്ടാണീ കഥകൾ!

ഹേ മഹാസാക്ഷീ,

ഈ അപൂർവ്വസിദ്ധിക്കു മുന്നിൽ,
സാഷ്ടാംഗപ്രണാമം!

12/28/2005 6:52 PM  
Anonymous Anonymous said...

മംഗല്ല്യം,കുടുംബം എന്നതിനപ്പുറവും ജീവിതത്തിന്റെ പച്ചപ്പുണ്ട്‌.

12/29/2005 2:25 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ചിത്രങ്ങൾ പറയാവുന്നതിനുമപ്പുറം കാര്യങ്ങൾ പറയുന്നുണ്ട്‌..
അതിന്റെ കൂടെ അതിനൊത്ത വാക്കുകളും കൂടുമ്പോൾ..
ഗംഭീരം..!

12/29/2005 4:34 PM  
Blogger Adithyan said...

പടി കടന്നു വരുന്ന ഭഗവതിക്കായി വാതിൽ പാതി ചാരി കാത്തിരിക്കുന്ന കന്യകകൾ...

അച്ചനെ കണ്ടുപരിചയമില്ലാത്ത ഉണ്ണികളെ നെഞ്ചിൽ ചേർത്തുറക്കുന്ന അമ്മൂമ്മമാർ...

പാതി ചാരിയ വാതിലിൻ പിന്നിൽ മൂന്നു വരകളിൽ ഒതുക്കപ്പെടുന്ന, ഉണ്ണിയുടെ ഓപ്പോൾ അല്ലെങ്കിൽ ചിറ്റ...

താങ്കൾ കോറിയിടുന്ന ചിത്രങ്ങൾ സജീവം , സാക്ഷീ.....

12/29/2005 7:40 PM  
Blogger nalan::നളന്‍ said...

"എന്നിട്ടും എന്തേ.."
അനുവാചകനെ ചിന്തിക്കാനിരുത്തിയിട്ട് സാക്ഷി മാറി സാക്ഷ്യം നില്‍ക്കുന്നു.
“നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത് “...

12/29/2005 10:55 PM  
Blogger Hariszzz... said...

Suhrithe... asaadhya kazhivaanu ketto.... theerchayaayum oru pusthaka roopathil ellaam koottiyinakki prasidheekarikkanam..... enne ariyikkukayum venam.... ente copy enikku urappu varuthaananu... ente kunju suhruthu nena sidhikinte fb-yile oru idavazhiyiloode engineyokkeyo vazhi thetti ethi chernnathaa ivide..... oru maasmarika lokathu ethappetta pole.... nenasinu nanni... oru kaaranamaayi theernnadhinu.... churukkam vaakkukalum... lalithavum ennaal vyakthamaaya chithrangalum.... orupaadu ishtapettu suhruthe.... oru paadu kaalalngalkku sheshamaanu oru bloggil comment ezhuthunnathu...

5/20/2014 10:56 AM  

Post a Comment

<< Home

Creative Commons License