Tuesday, August 14, 2007

ഇര


“ഉണരൂ.. ഉണരൂ.. സമയമായി”
എന്‍റെ ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലുള്ള നേര്‍ത്ത അതിരിലിരുന്ന്
അലാം വിളിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി.
എന്നോടല്ലെന്നു കരുതി ഉറക്കത്തിലേക്കാഴാന്‍ ശ്രമിക്കുകയായിരുന്നു.
ഇപ്പോള്‍ ആ വിളിക്ക് കുറച്ചുകൂടി വ്യക്തത വന്നിരിക്കുന്നു.
പറയുന്നതെന്നോടു തന്നെയാണെന്ന് ഉറപ്പ്.
നീരുവന്നതുപോലെ കനത്ത കണ്‍പോളകള്‍ തുറക്കാനാവുന്നതേയില്ല.
ബ്ലാങ്കറ്റ് തലക്കുമുകളില്ലുടെ വലിച്ചിട്ട് ചുരുണ്ടുകൂടി കിടക്കാനാണപ്പോള്‍ തോന്നിയത്.
കുട്ടിക്കാലത്താരാണ് ചെമ്മീനെന്നു വിളിക്കാറ്.
അ വിളിയിപ്പോഴും ഓര്‍മ്മയുടെ തുമ്പിലിരുന്നാടി കളിക്കുന്നുണ്ട്.
പക്ഷെ എത്ര ശ്രമിച്ചിട്ടും മുഖം വ്യക്തമാകുന്നില്ല.
ഇനി ആ വിളിക്കുമുകളിലും മൂടല്മഞ്ഞു നിറയും.
ഓര്‍മ്മകള്‍ തെളിഞ്ഞുകാണാനൊരു വെള്ളെഴുത്ത് കണ്ണട വേണം.

പാതിതുറന്ന കണ്ണുകളില്‍ മുറിഞ്ഞുപോയ ഉറക്കത്തിന്‍റെ പുളിപ്പ്.
കൈകള്‍ തലക്കു പുറകിലോട്ടാക്കി ഒന്നു മൂരിനിവര്ന്നു.
ഉണങ്ങിനില്ക്കുന്ന പുല്ലുകളില്‍ മഴപെയ്യുന്ന മണം.
അങ്ങനെ ഒരു മണം ഞാന്‍ ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല.
പക്ഷെ എനിക്കുറപ്പായിരുന്നു അതു വെയിലേറ്റ് പച്ചപ്പ് മറഞ്ഞുകൊണ്ടിരിക്കുന്ന പുല്ലുകളില്‍ ആദ്യത്തെ മഴത്തുള്ളികള്‍ വീഴുന്ന മണം തന്നെയാണെന്ന്.
ഞാന്‍ ആഞ്ഞാഞ്ഞ് വലിച്ചു. നാസാരന്ദ്രങ്ങളിലും ശ്വാസകോശങ്ങളിലും മണം നിറഞ്ഞു.

ഇനിയും വൈകിക്കൂടാ. ഇര കൈവിട്ടുപോകും.
ഒരു വേട്ടക്കാരന് ഏറ്റവും കൂടുതല്‍ ആവശ്യം ഇരയെ മണത്തറിയാനുള്ള കഴിവാണ്.
ഒന്നു ശ്വാസം പിടിച്ചുനോക്കി. പക്ഷെ ഒരു മണം മാത്രമേ കിട്ടുന്നുള്ളൂ.
പച്ചപ്പ് മറന്നുപോയ ഗലികള്‍ക്കിടയിലൂടെ ഒരു ശ്വാനനെപ്പോലെ നടന്നു.
യാത്രക്കിടയില്‍ വീണു കിട്ടുന്ന മണങ്ങള്‍ ശേഖരിച്ചു വയ്ക്കാനൊരുപെട്ടിവേണം.
മുത്തശ്ശന്‍റെ മരുന്നുപെട്ടിപോലെ ഒരുപാട് കുഞ്ഞറകളുള്ളൊരു വലിയ പെട്ടി.
കുഞ്ഞുനാളില്‍ ആ പെട്ടിയുടെ മുകളില്‍ കിടന്നാണുറങ്ങാറ്.
“ഊഞ്ഞാലേ പൊന്നൂഞ്ഞാലേ..
മുത്തിയമ്മ മുട്ടയിട്ടു
മുട്ടതോണ്ടി തോട്ടിലിട്ടു
ആരിരോആരാരിരോ”
ചന്തിയില്‍ മുത്തശ്ശന്‍റ കയ്യിന്‍റെ താളം.

അരയില്‍ പരതി ആയുധം അവിടെത്തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
പക്ഷെ ആരാണിര?
മൂടല്മഞ്ഞ് ആ മുഖത്തേയും മറച്ചുകളഞ്ഞോ
അടുത്തറിയാവുന്ന ആരോ ആണ്?
വെള്ളിയാഴ്ചയുടെ പലചരക്കുകട,
പറമാട് ഷാപ്പ്,
ടാഗോര്‍ സ്മാരക വായനശാല
അങ്ങിനെ സ്ഥിരമായി പോകുന്നിടത്തെല്ലാം കണ്ടിട്ടുമുണ്ട്.
രാജമ്മയുടെ വീട്ടില്‍ നിന്നും വാതില്‍ പാതി തുറന്ന് ഒരു വശം കോടിയ ചിരിയുമായി
ഇരുട്ടില്‍ മറയാറുള്ളതും അവന്‍ തന്നെയാണ്.

എന്തിനാ‌ണവനെ കൊല്ലുന്നത്?
അവനെന്‍റെ പെങ്ങളെ പെഴപ്പിച്ചുകാണുമോ?
എന്‍റെ ഭൂമി കയ്യേറിയിരിക്കുമോ?
ഞാനൊരു കൂലിക്കൊലയാളിയാവനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
എന്തിനുകൊല്ലുന്നതിനു എന്നതിനേക്കാളേറെ എന്നെ അപ്പോള്‍
അലട്ടിയിരുന്നത് ആരെക്കൊല്ലുന്നു എന്നുള്ളതായിരുന്നു.
ആരാണെന്‍റെ ഇര?
കണ്ണടച്ച് ഓര്മ്മകളെ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.

മുഖം വ്യക്തമല്ലെങ്കിലും ആളെ കാണാന്‍ കഴിയുന്നുണ്ട്.
അവന്‍ പതുങ്ങി നില്ക്കുന്നത് പടിഞ്ഞാപ്രത്തെ മൂവാണ്ടന്മാവിന്‍റെ പിന്നിലല്ലേ?
ഇരുമ്പുവടി പിടിച്ച വലതുകൈ പിന്നിലേക്ക് മറച്ചുപിടിച്ചിട്ടുണ്ട്.
ഈശ്വരാ! ഇന്നു വീട്ടില്‍ മുത്തശ്ശന്‍ തനിച്ചാണെന്ന് വേറെ ആര്‍ക്കറിയാം?
പൊക്കത്തെ പറമ്പു വിറ്റുകിട്ടിയ പൈസ ബാങ്കിലിട്ടിട്ടില്ലാന്ന്
മുത്തശ്ശന്‍ പറഞ്ഞത് എന്നോടുമാത്രമായിരുന്നല്ലോ.
മുത്തശ്ശന്‍റെ മുറിയിലെ വെളിച്ചവും അണഞ്ഞുകഴിഞ്ഞപ്പോള്
‍അയാള്‍ പതുങ്ങി പതുങ്ങി ‌വീടിന്‍റെ നിഴലിലലിഞ്ഞു.
“ഉണ്ണീ”ന്നുള്ള വിളി എത്ര അടുത്തു നിന്നാണ് കേട്ടത്.

ചോരയൊഴുകുന്ന ഇരുമ്പുവടി കിണറ്റിലേക്കെറിഞ്ഞിട്ട്‌
അയാള്‍ തിരിഞ്ഞപ്പോള്‍ മുഖം വ്യക്തമായിക്കണ്ടു; ഒരു കണ്ണാടിയിലെന്നപോലെ!
മാറത്തടക്കിപ്പിടിച്ച പൊതിക്കെട്ടുമായി നടന്നകലുമ്പോള്‍
ഒന്നുകരഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷെ ഇന്ന് ഇങ്ങനൊരു തീരുമാനമെടുക്കില്ലായിരുന്നു.

ഇരയെത്തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് ഇനി താമസിക്കേണ്ട.
അരയില്‍ തിരുകിയിരുന്ന ആയുധം വലിച്ചെടുക്കുമ്പോഴും
ഒരു സംശയം ബാക്കിയായിരുന്നു;
മുത്തശ്ശന്‍ 'ഉണ്ണീ'യെന്നു വിളിച്ചത് തന്നെ തിരിച്ചറിഞ്ഞിട്ടു തന്നെയായിരുന്നോ?

Labels:

Creative Commons License