Saturday, January 28, 2006

ചത്ത എലിയുടെ നാറ്റം



അയാളുടെ ജീവിതം മുഴുവന്‍ ചത്ത എലികളുടെ പിന്നാലെയായിരുന്നു. ചീഞ്ഞ എലിയുടെ നാറ്റം അയാളെ എന്നും വിടാതെ പിന്തുടര്‍ന്നിരുന്നു. ഓരുപ്പെരയിലെ ഉണക്കിയിട്ടിരിക്കുന്ന വിറകുകള്‍ക്കിടയില്‍..അടുക്കള മുറ്റത്തെ പച്ചക്കറിതോട്ടത്തില്‍... പാതയോരത്തെ അഴുക്കു ചാലില്‍... ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ക്കിടയില്‍... എന്തിനു മച്ചില്‍ കുടിയിരിത്തിയിരിക്കുന്ന ഭഗവതിക്കു ചുറ്റും വരെ അയാള്‍ ചത്തുചീഞ്ഞ എലിയെ തിരഞ്ഞു. എവിടന്നൊക്കെയോ വയര്‍ പൊട്ടി കുടലു ചാടിയ എലിയെ ചിലപ്പോഴൊക്കെ അയാള്‍ വാലില്‍ പിടിച്ച് തൂക്കിയെടുത്തുകൊണ്ടു വന്നു. ഈട്ടുവക്കിലെ കാഞ്ഞിരച്ചോട്ടില്‍ അവയെ കുഴിച്ചിട്ടു. എന്നിട്ടും നാറ്റം മാത്രം ബാക്കിയായി. അവസാനം ഇന്ന് ഈ വിവാഹ രാത്രിയില്‍ അയാളുടെ വിയര്‍പ്പിനോടൊട്ടിക്കിടക്കുമ്പോള്‍ അവള്‍ പറയുന്നു. "വല്ലാത്തൊരു നാറ്റാ നിങ്ങളുടെ വിയര്‍പ്പിന്. ന്നാലും എനിയ്ക്കിഷ്ടാ"ന്ന്. അയാളുടെ കണ്ണുകളപ്പോഴും ഇല്ലാത്തൊരെലിയെ തിരയുകയായിരുന്നു.

Labels:

Monday, January 23, 2006

"കുഴിയ്ക്കു വാ.."


ഉണ്ണിക്കെന്തോ അന്ന് ചാച്ചെട്ടിയിലിരുന്ന് വായിക്കാന്‍ വല്ലാത്ത പേടി തോന്നി. ആ നശിച്ച കിളിയാണെങ്കില്‍ കരച്ചിലു നിര്‍ത്തുന്നൂല്യ. "കുഴിയ്ക്കു വാ.. കുഴിയ്ക്കു വാ.." വല്ലാത്തൊരു കരച്ചില്‍. "ആരെയാണാവോ കുഴീല്‍യ്ക്കു വിളിക്കുന്നത്" അമ്മുമ്മ പുറത്തേക്കിറങ്ങി വന്നു. മുറ്റത്തെ മൂവാണ്ടന്‍റെ കൊമ്പിലിരുന്നാണത് കരയുന്നത്. അതുണ്ണിക്കറിയാം. "ഉണ്ണീ. അതിരിക്കുന്നത് കിഴക്കേ കൊമ്പിലല്ലേ?" ഉണ്ണിക്ക് മുഖമുയര്‍ത്താന്‍ തന്നെ പേടിയായി. അമ്മുമ്മയാണെങ്കില്‍ മാവിലേക്കുതന്നെ നോക്കി കണക്കുകൂട്ടല്‍ തുടങ്ങി. "കിഴക്കിപ്പോ ആരാ.. പുതുവാക്കാട്ടെ കാര്‍ത്ത്യായിനിയമ്മയെ ഇന്നു രാവിലേംകൂടി അമ്പലത്തില്‍ വെച്ചു കണ്ടതാണല്ലോ. അവരാവാന്‍ വഴീല്യ. ഇനി ആ വാര്യരെങ്ങാനുമായിരിക്ക്വോ? പാവം അയാള്‍ക്ക് എന്‍റെ പ്രായം കഷ്ട്യാ." കിളി കരച്ചില്‍ ഒന്നുകൂടെ ഉച്ചത്തിലാക്കി. "ഉണ്ണീ, അതിങ്ങോട്ടു തിരിഞ്ഞാണോ ഇരിക്കുന്നത്" അമ്മുമ്മ കാലിന്‍റെ മുട്ടുതിരുമ്മിക്കൊണ്ട് ചുമരും ചാരിയിരുന്നു. "രണ്ടീസായി ഈ എടത്തേപള്ളയൊരു വേദന. ശ്വാസം കഴിക്കുമ്പോ നെഞ്ചിലൊരു പിടുത്തം. സമയായിട്ട്ണ്ടാവും" അടുക്കളയില്‍ നിന്നും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ ഉണ്ണി കേട്ടു. "ഞാനെന്തോ പൊട്ടത്തരം പറഞ്ഞതിന് നീയ്യിങ്ങനെ കരേണെന്തിനാ. ഉണ്ണിക്കിപ്പോ ഒരസുഖോല്യാലോ. തെക്കേടത്തപ്പന്‍ നമ്മുടുണ്ണ്യേ കാത്തോളും." അമ്മുമ്മ കൈ നീട്ടി ഉണ്ണിയെ തലോടി. മുഖത്തെ ചുളിവുകളില്‍ കണ്ണീരു പടരുന്നത് ഉണ്ണി കാണാതിരിക്കാന്‍ അമ്മുമ്മ മുഖം തിരിച്ചു. ഉണ്ണി മുറ്റത്തേക്കിറങ്ങി ഒരു കല്ലെടുത്ത് മാവിലേക്കെറിഞ്ഞു. കിളി പറന്ന് മൂവാണ്ടന്‍റെ തുഞ്ചത്ത് പോയിരുന്ന് കൂടുതല്‍ ഉറക്കെ ഉണ്ണിയെ നോക്കിക്കരയാന്‍ തുടങ്ങി.

Labels:

Sunday, January 15, 2006

വിലാപങ്ങളുടെ തുടര്‍പാഠങ്ങള്‍


ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് പിന്നെയും ഇരുട്ടിലേക്ക് വളരെ വളരെ ഉയരത്തില്‍ നിന്നും ആഴത്തിലുള്ള ഇരുട്ടിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഉറക്കം ഞെട്ടി. ആരോ തള്ളിവിട്ടതുപോലെ മിഴികള്‍ തുറന്നു. എന്നിട്ടും ചുറ്റിലും ഇരുട്ടുതന്നെ. രാത്രിയോ പകലോ..? തിരിച്ചറിയാന്‍ കഴിയുന്നില്ല. സ്വപ്നത്തിലെന്നപോലെ, പേ പിടിച്ച മനുഷ്യരുടെ അലര്‍ച്ചയുടെ നേര്‍ത്ത ചിളുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്. അവള്‍ക്ക് അല്പം പോലും ഭയം തോന്നിയില്ല. ഇനിയെന്തു ഭയക്കാന്‍. തണുപ്പിന്‍റെ സൂചികള്‍ ശരീരത്ത് ആഴ്ന്നിറങ്ങിയപ്പോള്‍ ഒന്നു പുളഞ്ഞു. മുറിവുകളില്‍ തണുപ്പ് നായ്ക്കളെപോലെ നക്കിത്തുടക്കുകയായിരുന്നു. നഗ്നത മറയ്ക്കാന്‍ ഇരുട്ട് ധാരാളം, പക്ഷെ ഈ നശിച്ച തണുപ്പകറ്റാന്‍ അതിനാവില്ലല്ലോ. ഇരുന്ന ഇരുപ്പില്‍ തന്നെയിരുന്ന് ഒരു തുണ്ട് വസ്ത്രത്തിനായ് അവള്‍ ചുറ്റും പരതി. ഇല്ല..! ബാബയുടെ മുന്നില്‍ വെച്ചുതന്നെ അവരെല്ലാം കീറിയെറിഞ്ഞില്ലേ. പാവം ബാബ. തന്നെ പിച്ചിച്ചീന്തുന്നതു കാണാന്‍ കഴിയാതെ കെട്ടിയിട്ട തൂണില്‍ തലയലച്ചു കരയുകയായിരുന്നു. തടയാന്‍ വന്ന ഉമ്മിയെ രാംചാച്ച വെട്ടിവീഴ്ത്തിയതവള്‍ ഓര്‍ത്തു. തന്‍റെ വായില്‍ ദിവസവും സ്നേഹത്തോടെ മീഠ തരാറുള്ള രാംചാച്ച തന്നെയാണ് കാലു പിടിച്ചു കരഞ്ഞിട്ടും തന്‍റെ ചോളി ആദ്യം വലിച്ചുകീറിയത്. ബേട്ടിയെന്നു മാത്രം വിളിച്ചിരുന്ന സുമന്‍ ഭയ്യ, പിന്നെയും എത്രയോ പേര്‍. എന്നും കണാറുള്ള.. ചിരിക്കാറുള്ള.. കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്നവര്‍..!! അവര്‍ വലിച്ചെറിഞ്ഞു പോയതിനു പിന്നാലെ ഇരുട്ടും പടര്‍ന്നുകയറി. ഇതാ ഇപ്പോള്‍ ഈ നരച്ച തറയില്‍ ഒറ്റയ്ക്ക്.. ബാബയെ ഒന്നു കണ്ടെങ്കില്‍ ആ നെഞ്ചില്‍ വീണൊന്ന് പൊട്ടിക്കരയാമായിരുന്നു. അവള്‍ ചുവരില്‍ പൊത്തിപ്പിടിച്ച് മെല്ലെയെഴുന്നേല്ക്കാന്‍ ശ്രമിച്ചു. അസ്ഥികള്‍ മുഴുവന്‍ നുറുങ്ങിയെന്നുതോന്നുന്നു. വിരലുകള്‍ അനക്കാന്‍ പോലും കഴിയാത്ത വേദന. കാലുകള്‍ വിവരുന്നില്ല. തുടകളിലൂടെ കത്തികൊണ്ട് വരയുന്നതുപോലെ അരിച്ചിറങ്ങുന്ന ചോരയുടെ നനവ്. വേച്ചു വേച്ചു നടന്നു. ചുവരിലെ‌വിടെയോ ചെന്നിടിച്ചു തറയിലേക്കു വീണു. വേദന തോന്നിയില്ല. അടുത്ത മുറികളിലെവിടെയെങ്കിലും ബാബയുണ്ടാവും. അതുമാത്രമായിരുന്നു ചിന്ത. വീണ്ടും മുട്ടുകുത്തിയെഴുന്നേറ്റു. കണ്ണിലേക്കിറങ്ങിവന്ന ചോര പുറംകൈകൊണ്ട് തുടച്ചുകളഞ്ഞു. അവസാനം അവള്‍ ബാബയെ കണ്ടു. ബാബ ഒറ്റക്കായിരുന്നില്ല. ഉമ്മിയും ചുട്കിയുമുണ്ടായിരുന്നു. പാതിവെന്ത ചുട്കിയെ കത്തിക്കരിഞ്ഞ കൈ കൊണ്ട് ഉമ്മി ചേര്‍ത്തു പിടിച്ചിരുന്നു. ചോരയില്‍ കണ്ണീര്‍ കലര്‍ന്നൊഴുകി. "ശരീരം മുഴുവന്‍ അഴുക്കാ ബാബാ. എല്ലാം ഒന്ന് കഴുകി കളഞ്ഞിട്ട് വരാം". അവള്‍ അടുക്കളയിലേക്കു നടന്നു.

Labels:

Sunday, January 08, 2006

മാക്രി ബാലന്‍


പിന്നാമ്പുറത്തെ പടിയില്‍ ചെന്നിരുന്ന് പാടത്തേക്കു കണ്ണും‌‌നട്ട് ഉറക്കം തൂങ്ങുകയായിരുന്ന ഉണ്ണിയെ നിര്‍ബന്ധിച്ചാണ് അമ്മുമ്മ കൂട്ടീട്ടുപോയത്. ഒരീസം മാക്രി ബാലനെ കണ്ടില്ലെങ്കില്‍ ഉണ്ണിക്കിപ്പോള്‍ ഉറക്കം വരില്ലെന്നായി. ബാലനെ ദിവസോം പാമ്പു കടിയ്ക്കും. "വൈദ്യരെ, ന്നെ പാമ്പുകടിച്ചു വൈദ്യരെ"പാമ്പു കടിച്ചാല്‍ ബാലന്‍ ഓടി ഉണ്ണീടെ മുത്തശ്ശന്‍റെ അടുത്തുവരും. കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുംത്രേ ഉണ്ണീടെ മുത്തശ്ശന്‍. "നെണക്ക് വെര്‍തെ തോന്ന്വാന്ന്" ഉണ്ണീടെ മുത്തശ്ശന്‍ എത്ര പറഞ്ഞാലും ബാലന്‍ സമ്മതിക്കില്യാ. "അല്ല വൈദ്യരെ. ഞാന്‍ കണ്ടതാ. നല്ല അസ്സല് സാധനം. ന്‍റെ കാലിലങ്ങനെ കടിച്ചുതൂങ്ങികിടക്ക്വായിരുന്നു. കരോട്ടമ്മ്യാണെ സത്യം." മുത്തശ്ശന്‍ ചിരിക്കും. എന്നാലും രാത്രി ബാലന്‍ വന്നാല്‍ മുത്തശ്ശന്‍ വിളക്കുമെടുത്തിറങ്ങും. വിഷം തീണ്ടി വന്നതാരായാലും എപ്പോഴായാലും കതക് കൊട്ടിയടക്കരുതെന്നാ മുത്തശ്ശന്‍ പറയ്യാ. വരുന്നവരോടു ഒന്നും വാങ്ങാനും പാടില്യാത്രെ. എന്നും രാത്രി ബാലന്‍ വന്നല്ലാതെ ഉണ്ണിയുറങ്ങില്ല. ബാലന്‍ പാമ്പുകടിച്ചു വന്നാല്‍ മരത്തില്‍ നിന്നും തൊലി ചീമ്പിയെടുക്കാന്‍ മുത്തശ്ശന് കൂട്ടുപോണം, മരുന്നു മരത്തിന്‍റെ തൊലിയും വില്വാദി ഗുളികയും കൂട്ടി മുത്തശ്ശന്‍ അരകല്ലിലരയ്ക്കുമ്പോള്‍ അരിക്കലാമ്പ് കാട്ടിക്കൊടുക്കണം, മരുന്നുകലക്കാന്‍ ഓട്ടുഗ്ലാസ്സെടുത്തിട്ടു വരണം.. എല്ലാത്തിനും ഉണ്ണിതന്നെ വേണേ. അപ്പൊപ്പിന്നെയെങ്ങനാ ഉണ്ണിക്കുറക്കം വരാ. ബാലന്‍ ദിവസോം രാത്രി തവളേ പിടിക്കാന്‍ പൂവുത്രേ. പണ്ട് ബാലന് ക്ഷയം വന്നപ്പോള്‍ ഉണ്ണിയുടെ മുത്തശ്ശന്‍ തന്നെയാ ബാലന് തവള മരുന്ന് പറഞ്ഞുകൊടുത്തതെന്നാ അമ്മുമ്മ പറഞ്ഞത്. പക്ഷെ ക്ഷയൊക്കെ മാറീട്ടും ബാലന്‍ തവളേപ്പിടുത്തം നിര്‍ത്തീല്ലത്രേ. അതോണ്ട് മാക്രി ബാലന്‍ന്ന് പേരും വീണു. ഇപ്പോഴും അസുഖം മാറീല്ലാന്നാ ബാലന്‍ പറേണേ. പക്ഷെ ഉണ്ണിക്കറിയാം അതൊന്നുല്ലാ കാര്യംന്ന്. ബാലന് തവളയിറച്ചി തിന്ന് കൊതിപിടിച്ചൂന്ന് പടിഞ്ഞാറെ പറമ്പില് ചവറ് അടിക്കാന്‍ വന്നപ്പോള്‍ വല്യകല്യാണി സ്വകാര്യായിട്ട് ഉണ്ണിക്ക് പറഞ്ഞുതന്നൂലോ. വല്യകല്യാണി നുണ പറയില്യാ. ഉണ്ണ്യേ ഒത്തിരി ഇഷ്ടോണ്. പറമ്പില് പോവുമ്പോ കുന്നു ദൂരേന്നു കാണുമ്പോഴെ ഉണ്ണിക്ക് കാലുകഴയ്ക്കും. അപ്പോ വല്യകല്യാണി ഉണ്ണ്യേ എടുത്ത് ഒക്കത്തിരുത്തും. പിന്നെ ഉച്ചക്ക് അമ്മൂമ്മ ‌കഞ്ഞികൊണ്ടുവരുമ്പോള്‍ ചക്കപ്പുഴുക്ക് ഒഴിച്ച് ആദ്യം ഒരു പ്ലാവില കഞ്ഞി ഉണ്ണിക്കു തരും. ചക്കപ്പുഴുക്ക് ഉണ്ണിക്ക് വല്യ ഇഷ്ടാ. കുഞ്ഞിക്കല്യാണ്യേ ഉണ്ണിക്ക് ഒട്ടുഷ്ടല്യാ. കുഞ്ഞിക്കല്യാണി നാവെടുത്താ നൊണേ പറേള്ളൂ. ഇന്നാളൊരീസം പറയ്യാ അച്ഛന്‍ ഞ്ഞി ഉണ്ണ്യേ കൊണ്ടാവാന്‍ വരില്യാത്രെ. കുശുമ്പി. വെറുതല്ല്യാ കുരുട്ടടയ്ക്ക പോലെയായിപ്പോയത്. വല്യമ്മാവന്‍റെ മോള് അച്ചു അതിനിട്ട പേരാ കുരുട്ടടയ്ക്കാന്ന്. നല്ല പേര്. അമ്മുമ്മേടെ മടീക്കിടന്ന് ഉണ്ണി ചിരിച്ചു. മാക്രി ബാലന്‍ ഇനീം വന്നില്ലല്ലോ. എന്തേ കണാത്തെ. നാളെനി വായില് മുഴുവന്‍ മുറുക്കാനും നിറച്ച് ഉണ്ണിക്കുട്ടാന്നും വിളിച്ച് പങ്ങ പറിക്കാന്‍ ഇങ്ങട്ട് വരട്ടെ. ഉണ്ണി കൂടില്ല. തോട്ടിലും കൈതേടെയിടയിലും വീണുകിടക്കണ പങ്ങ ഉണ്ണി കാട്ടിക്കൊടുത്തിട്ട് ഇനിയൊട്ടു കണ്ടുപിടിക്കാനും പോണില്ല. ഇനീം പാമ്പു കടിക്കൂലോ. "വൈദ്യരേ"ന്നും വിളിച്ച് വരുമ്പോ ഉണ്ണി ഉറക്കം നടിച്ച് കിടക്കും. മരുന്നു ചീമ്പാനും വില്വാദിഗുളികയരയ്ക്കാനുമെല്ലാം ആര് കൂട്ടുപോവൂന്ന് നോക്കാലോ. അമ്മൂമ്മ വന്നു വിളിച്ചാലും ബാലനെക്കൊണ്ട് ആയിരം കടം പറയിച്ചല്ലാണ്ട് ഉണ്ണി കിടന്നേടത്തൂന്നനങ്ങില്ല. അങ്ങിനെ കിടന്ന് എപ്പഴോ ഉണ്ണി ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്നപാടെ ഉണ്ണി ഓടി അരകല്ലില്‍ പോയി നോക്കി. ഉവ്വ്, ന്നലേം മരുന്നരച്ചേക്കണു. ഉണ്ണിക്ക് കരച്ചിലു വന്നു. ഉണ്ണി അമ്മുമ്മേടെ അടുത്തേക്കോടി. "ബാലന്‍ ന്നലെ വന്നോ അമ്മുമ്മേ?" അത് ചോദിച്ചപ്പോ ഉണ്ണ്യേ‌ ചേര്‍ത്ത് നിര്‍ത്തി മുടിയില്‍ തലോടിക്കൊണ്ട് എന്തിനാ അമ്മുമ്മ മുണ്ടിന്‍റെ തലകൊണ്ട് കണ്ണുതുടച്ചത്.

Labels:

Creative Commons License