Wednesday, April 23, 2008

മുകളിലേക്ക് പെയ്യുന്നവര്‍

"മഴത്തുള്ളികള്‍ മുകളിലേക്ക് പെയ്യാത്തതെന്താ മുത്തച്ഛാ?"
വെള്ളം ഉണ്ണിയുടെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന്
വരാന്തയിലൂടിഴഞ്ഞ് മുത്തച്ഛന്റെ കാല്‍വിരലുകളെ നക്കി.
മുത്തച്ഛന് കാലുമാറ്റിക്കൊടുത്തപ്പോള്‍ അത് ജീവനുംകൊണ്ട്
പിന്നിലെ ഇരുട്ടില് മറഞ്ഞു.

ഉണ്ണി മുത്തച്ഛനെ തന്നെ നോക്കി നില്ക്കുകയായിരുന്നു.
"പെയുന്നുണ്ടല്ലോ ഉണ്ണീ. ഉണ്ണി കാണാഞ്ഞിട്ടാണ്."
മുത്തച്ഛന്‍റെ കണ്ണിലെ ചിരിയില്‍ ഉണ്ണിക്കുള്ള ഉത്തരം ബാക്കി നിര്‍ത്തിയിരുന്നു.
"എവിടെ?"
"ആ വലിയ തുള്ളികളുടെ കൂട്ടത്തില്‍ അച്ഛനും അമ്മയും കാണാതെ
ചില ഉണ്ണിത്തുള്ളികള്‍ മുകളിലോട്ടാ പെയ്യുന്നത്."
മുത്തച്ഛന്‍റെ കണ്ണുകളെ പിന്തുടര്‍ന്ന് ഉണ്ണിയും മഴയിലേക്ക് നോക്കി.
ഉണ്ണിയുടെ കണ്ണുകള്‍ തിരിച്ച് മുത്തച്ഛന്‍റെ കണ്ണുകളിലെത്തിയപ്പോഴും
മുത്തച്ഛന്‍റെ കണ്ണുകള്‍ മഴയില്‍ തന്നെയായിരുന്നു.
"ഉവ്വോ? അതെന്തിനാ അച്ഛനും അമ്മയും കാണാതെ പെയ്യുന്നത്?"
മുത്തച്ഛന്‍ തിരിഞ്ഞുണ്ണിയെ നോക്കി.
"എല്ലാരും വീടിനകത്തേക്ക് കേറുമ്പോള്
ഉണ്ണി പുറത്തേക്കോടിയാല്‍ ഉണ്ണീടമ്മയാണേല്‍ സമ്മതിക്കോ?"
ഉണ്ണി മെല്ലെ തലകുലുക്കി.
"അച്ഛനാണേല്‍ സമ്മതിച്ചേനെ. ല്ലേ മുത്തച്ഛാ?"
കാഴ്ച ഉണ്ണിയില്‍ നിന്ന് മഴയും കടന്നുപോയി.
"മുകളിലേക്ക് പോയ ഉണ്ണിത്തുള്ളികള്‍ ഇനി തിരിച്ചു വരില്ലേ മുത്തച്ഛാ?"
"ഉവ്വുണ്ണീ. അവയ്ക്ക് മുകളിലേക്ക് പെയ്തു മതിയാവുമ്പോള്‍
അവ താഴേക്ക് പെയ്തു തുടങ്ങും."
ഉണ്ണി മഴയില്‍ ഉണ്ണിത്തുള്ളികളെ തിരഞ്ഞു.

മഴയില്‍ തന്നെ നോക്കി നിന്നപ്പോള്‍
മുത്തച്ഛന്‍റെ കാഴ്ചയില്‍ മഴപെയ്യാന്‍ തുടങ്ങി.
ഇരുട്ടുകനത്തു.
കറുപ്പില് നിന്നും പതുക്കെ ചുമപ്പ് പെയ്തിറങ്ങി.
തല പിളര്‍ന്ന് നെറ്റിയിലൂടെ കാഴ്ച്ച പാടകെട്ടുന്ന ചോരയുടെ ചുമപ്പ്.
ചുമപ്പ് ഇഴപിരിഞ്ഞു മുഖത്ത് ചാലുകള് കീറിയൊഴുകി.
കൈകളില്‍ നിന്നും വാളും ചിലമ്പും കൊഴിഞ്ഞു വീണിരുന്നു.
തലയില്‍ പൊത്തിയ മഞ്ഞള്‍പ്പൊടിക്കിടയിലൂടെ
ചോര വീണ്ടും നാക്കു നീട്ടി ഇഴഞ്ഞു.
കരോട്ടെത്തിയതേയുള്ളൂ. പറയെടുപ്പിനിയും തുടങ്ങിയിട്ടില്ല.
പൂര്ത്തിയാക്കാനാച്ഛനെക്കൊണ്ടാവില്ല ഉറപ്പ്.
ഒരു നോട്ടം, ചങ്കു തകര്ന്നൊരു വിളി..
മനസ്സിലുയര്‍ത്തിപ്പിടിച്ചിരുന്ന കൊടി ചിലപ്പോള്‍
പട്ടായി അരയിലുടുത്തുപോകും.
അതിനുമുമ്പേ തിരിഞ്ഞു നടന്നു.

നടന്നതില്‍ പാതി എല്ലാം വലിച്ചെറിയാനായിരുന്നെങ്കില്‍
‍പിന്നതില്‍ ബാക്കി അതെല്ലാം തിരിച്ചുപിടിക്കാനായിരുന്നു.
നടന്നകറ്റിയതിനേക്കാള്‍ പതിന്മടങ്ങ് നടന്നുകൂട്ടി തിരികെയെത്താന്‍.
വാളും ചിലമ്പും വണങ്ങി പട്ടുടുത്തപ്പോള്‍ പക്ഷെ സന്ധ്യയായിരുന്നു.
ന്നാലും അച്ഛന്‍ ചിരിച്ചു.
കൈകൊട്ടാന്‍ കാത്തുനില്‍ക്കാതെ ശ്രാദ്ധച്ചോറുകൊത്തിപ്പറന്നു.

"താലപ്പൊലിക്ക് അച്ഛന്‍ വര്വോ മുത്തച്ഛാ?"
പെയ്തിറങ്ങിയ മഴത്തുള്ളികള്‍ മുറ്റത്തവിടിവിടെ കൂട്ടംകൂടി നിന്നു.
ഉണ്ണി പെരുവിരല്‍കൊണ്ടവര്‍ക്ക് വഴികാട്ടി.
ഉണ്ണിക്കപ്പോള്‍ താനവരുടെ രാജാവാണെന്നു തോന്നി.
അറിയാതെ തുട തടവിപ്പോയി.
ഇന്നലെ തൂശനില മുറിക്കാന്‍ തന്ന കത്തികൊണ്ട്
വേനപ്പച്ച പടയാളികളുടെ ശിരസ്സെല്ലാം അരിഞ്ഞു കഴിഞ്ഞപ്പോള്‍
അതാ ശത്രു പക്ഷത്തെ ‍രാജാവുതന്നെ നേരിട്ടു വന്നിരിക്കുന്നു.
കുലക്കാറായ വാഴയെ ചന്നമ്പിന്നം വെട്ടി വീഴ്ത്തിയെന്നും പറഞ്ഞ്
അമ്മതന്ന സമ്മാനത്തിന്‍റെ വടു ഇപ്പോഴും രാജാവിന്‍റെ തുടയിലുണ്ട്.
ഇന്നലെ ഉണ്ണി എത്ര്യാ കരഞ്ഞേ.
ആച്ഛന്‍ വരട്ടെ,
ഉണ്ണിപറഞ്ഞാല്‍ മച്ചില്‍ പട്ടില്‍പ്പൊതിഞ്ഞു വച്ചിരിക്കുന്ന വാളൊരെണ്ണം
അച്ഛനെടുത്തു തരും. പിന്നെ കാണിച്ചുകൊടുക്കാം എല്ലാവരേം.

"അച്ചന്‍ വരില്ലേ മുത്തച്ഛാ?"
മുത്തച്ഛന്‍ ഉണ്ണിയെ ചേര്‍ത്തുപിടിച്ചു.
"വരും ഉണ്ണ്യേ. അവനും മുകളിലോട്ട് പെയ്തുമതിയാവട്ടെ."

Labels:

Monday, April 21, 2008

വെള്ളെഴുത്തുകാഴ്ചകള്‍


'എന്തേയ് ഒന്നും മിണ്ടാതിരിക്കണേ'യെന്നവര്‍‍‍ ചോദിച്ചപ്പോണ്
അക്കാര്യം ശ്രദ്ധയില്‍പ്പെടുന്നതു തന്നെ.
കുറച്ചു ദിവസങ്ങളായെന്നു തോന്നുന്നു എന്തെങ്കിലുമൊന്ന് സംസാരിച്ചിട്ട്.
അപ്പുക്കുട്ടന്‍റെ കടയില്‍ അവസാനമായി ചായകുടിക്കാന്‍ പോയതെന്നായിരുന്നു?
അന്നവനോടെന്തോ സംസാരിച്ചതോര്‍മ്മയുണ്ട്.
പിന്നെ.. ഇല്ല. അതിനുശേഷം ഇല്ല!

ഇവരുടെ കഷായം വാങ്ങാന്‍ പടിഞ്ഞാറോട്ട് പോയത് അതിനും മുമ്പാണ്.
പിന്നെ കശുണ്ടി പെറുക്കാന്‍ പൊക്കത്തുപോയിരുന്നു.
പോയപ്പോള്‍ കല്യാണിയേയോ വറുതപ്പനേയോ കണ്ടിരുന്നോ?
ചായക്കടയില്‍ പോയി ചായ കുടിക്കുന്നത് ഇഷടമല്ലെങ്കില്‍
നേരിട്ട് പറയാമായിരുന്നല്ലോ.
ഏതായാലും ഇനി അപ്പുക്കുട്ടനൊരു ബുദ്ധിമുട്ടാവണ്ട.
അതും നിര്‍ത്തി.
'ഉണ്ണി വന്നോ?'
മുഖമുയര്‍ത്തി നോക്കി.
ആ ചോദ്യത്തിനു അവര്‍ മറുപടി പ്രതീക്ഷിക്കുന്നില്ല.
അതിനെന്നല്ല,
ചോദിക്കുന്നതെല്ലാം അപ്പോള്‍ തന്നെ മറന്നുപോകുന്നതുകൊണ്ട്
എന്തുപറയുമെന്നോര്‍ത്ത് വിഷമിക്കേണ്ട.
ആദ്യമൊക്കെ എന്തു ചോദിച്ചാലും പറഞ്ഞുകൊടുത്തിരുന്നു.
ദിവസം പത്തും ഇരുപതും തവണ ഒരേ ചോദ്യങ്ങള്‍ക്ക്
ഒരുപാടുത്തരങ്ങള്‍.
അത്താഴമായോ?
പാടത്തെ കൊയ്ത്തുകഴിഞോ?
എന്നാ ആശുപത്രീല്‍ പോവണ്ടേ?
ആ ചുമന്ന ഗുളിക കഴിഞോ?
ചാച്ചട്ടി ഇറക്കിമേഞ്ഞോ?
പുറത്ത് മഴ പെയ്യണുണ്ടോ?
ന്‍റെ മുണ്ടലക്കാന്‍ കൊടുത്തോ?
അവള്‍ക്കിതേതാ മാസം?
ഓരോ ദിവസോം പുതിയ പുതിയ ഉത്തരങ്ങള്‍ ഒരു രസായിരുന്നു.
പിന്നെ ആ കളിയും മടുത്തു.
ഇനി താന്‍ ചോദ്യങ്ങള്‍ ചോദിക്കേം അവരുത്തരം പറയേം ചെയ്തിരുന്നെങ്കില്‍
കുറച്ചുകാലം കൂടി കളി തുടരായിരുന്നു.
കുറേ കാലാമായി അവര്‍ ചോദ്യങ്ങളില്‍ കൂടി മാത്രമായിരുന്നു
തന്നോട് സംസാരിച്ചിരുന്നത്.
ഉത്തരങ്ങളില്ലാത്ത ജീവിതം അവര്‍ക്കൊരു ശീലമായിക്കഴിഞു.
പക്ഷെ ആ ചോദ്യങ്ങളില്ലാത്തൊരു ജീവിതം തന്‍റെ കേള്വിയേക്കൂടി കവര്‍ന്നെടുത്തേക്കും.
ചോദ്യങ്ങളില്ലാത്തെ ഇടവേളകള്‍ തന്ന വിരസതയാണ്,
ഉമ്മറത്തെ ഫൈബര്‍ കസേരയിലെ തലതൂക്കിയിട്ടുള്ള പകലുറക്കം ശീലിപ്പിച്ചത്.
പകരം രാത്രികളില്‍ ഗതി കിട്ടാതെ വീടിനുചുറ്റും പറന്നുനടന്നു.
ആ നടത്തം ഒരു സുഖാണ്.
വഴിയില്‍ വീണുപോയോരൊക്കെ കൂടെ കൂടും.
നീരുവന്ന കാലു വലിച്ചുവെച്ച് ഏട്ടന്‍ വരും.
കയ്യിലെ കുപ്പി വായിലോട്ടു കമിഴ്ത്തി,
മുന്നിലേക്കുന്തി നില്‍ക്കുന്ന രണ്ട് പല്ലുകളും കാട്ടി ചിരിക്കും.
“ഈ കുടികാരണല്ലേയേട്ടാ നമുക്കിന്നിങ്ങനെ കാണേണ്ടി വരുന്നത്?”
കണ്ണുകള്‍ കുതിരുന്നതറിയാ‍തിരിക്കാന്‍ ഏട്ടന്‍ മൂവാണ്ടന്‍റെ
തുഞ്ചലായത്തേക്കു നോക്കും.
“ഇത്തവണ മാങ്ങ കുറവാ”
“ഇന്നമ്മുവോപ്പോളെ കണ്ടില്ലല്ലോയേട്ടാ.“
“അവളു വരുന്നുണ്ട്. നടക്കാന്‍ എന്‍റത്രൂടെ വയ്യ അവള്‍ക്ക്”
“വിശ്വം?“
“അവന്‍ ഇരുട്ടിലെവിടെയോ മാറിനില്‍പ്പുണ്ട്. നിനക്ക് മുഖം തരാന്‍ വയ്യ”
“നിക്ക് കാണണ്ട. കണ്ടാല്‍ തന്നോളായീന്ന് ഓര്‍ക്കില്ല.
ആ കുഞ്ഞിന്‍റെ മുഖമൊന്നോര്‍ത്താല്‍ ഇങ്ങനെ ചെയ്യാന്‍ തോന്ന്വോ?”
ചെന്തെങ്ങിനു പിന്നിലെ ഇരുട്ട് ഏങ്ങലടിച്ചു കരയുന്നതു കേള്‍ക്കാം.
കുറേ നേരം അങ്ങിനെ മിണ്ടീം പറഞ്ഞും ഒരുമിച്ചുനടക്കും.
പിന്നെ ഓരോരുത്തരായി വെളിച്ചത്തിലലിയും.
'എന്തേയ് ഒന്നും മിണ്ടാത്തെ?'
ഉത്തരം കിട്ടാതെ ചോദ്യം ആവര്‍ത്തിക്കുന്ന ശീലം ഇല്ലാത്തതാണല്ലോ?
മറുപടി പറയാന്‍ പറ്റണില്യാലോ.
കുറച്ചീസം മിണ്ടീല്യാച്ച് നാവുറയ്ക്കോ?
പിന്നേം ശ്രമിച്ചപ്പോള്‍ ഒരു വിക്രത ശബ്ദം പുറത്തേക്കു വന്നു.
നെഞ്ചില്‍ തടവിത്തരുന്നത് ഉണ്ണിയല്ലേ?
ഇവനെപ്പോഴാ പേര്‍ഷ്യേന്നു വന്നേ?
"ഇന്നലേം കൂടി അമ്മ ചോദിച്ചൊള്ളൂ നീ വന്നോന്ന്.
നീയ്യൊറ്റക്ക്യാ വന്നേ?
അവളും കുട്ട്യോളും എന്ത്യേ?
ചോദിച്ചതൊക്കെ തൊണ്ടയില്‍ കുടുങ്ങികുതറി.
കളി ഇപ്പോള്‍ തിരിഞ്ഞിരിക്കണു.
ഉത്തരം പറയാന്‍ അവരെവിടെ.
അവര്‍ക്ക് കേള്‍ക്കാന്‍ പറ്റിയേക്കും
കാണുന്നില്ലാലോ.
ഇത്ര നേരം ഇവടിണ്ടാരുന്നൂലോ.
ഉണ്ണി പക്ഷെ ഇവിടെത്തന്നെയുണ്ട്.
അവന്‍റെ ചാടി നിക്കണ വയറുകണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി.
"നീ വല്ലാതെ തടിച്ചിരിക്കണു"
"എന്തേ അച്ഛാ ഇങനെ ചിരിക്കുന്നേ"
ചിരി അല്പം കൂടിപ്പോയോ. നിര്‍ത്താന്‍ പറ്റണില്ല.
"ന്നെ ആ ഫൈബര്‍ കസേരയിലൊന്നിരുത്തോ. ഉറങ്ങാനാ."
അതും കേട്ടിട്ടുണ്ടാവില്ലേ.
കണ്ണുകളടഞ്ഞുപോകുന്നുണ്ട്. ഇരുട്ട് നിറയുന്നു.
കണ്ണിനുനേരെ വരുന്ന ഉണ്ണിയുടെ വിരലുകളായിരുന്നു അവസാനത്തെ കാഴ്ച.
"ഇനി കാലില്‍ നിന്നിതഴിക്കട്ടെ" ഉണ്ണിയല്ലേയത്.
അവസാനത്തെ കേള്വി.
കാലില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ഇരുമ്പിന്‍റെ തണുപ്പ്.
പകരം വിരലിന്‍റെ ചൂട്.
അവസാനത്തെ സ്പര്‍ശം.
അവരെവിടെ, നമുക്കിനി കളിമാറ്റിക്കളിക്കണ്ടേ.

Labels:

Creative Commons License