Sunday, May 14, 2006

പൂര്‍ണ്ണത തേടുന്ന അര്‍ദ്ധവിരാമങ്ങള്‍


പൂര്‍ത്തിയാക്കാത്ത മരണക്കുറിപ്പില്‍ മഷിപടര്‍ന്നിട്ടുണ്ട്.
പകുതിയെഴുതി നിര്‍ത്തിയ വാചകം അയാളുടെ കയ്യില്‍ നിന്നും വഴുതിവീണ
പേനയെ പ്രതീക്ഷയോടെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു.
ഫാനിന്‍‌റെ കറക്കം അയാളുടെ മുടിയില്‍ ജീവന്‍ ബാക്കിവെച്ചിരുന്നു.

അയാള്‍ ഉറങ്ങുന്നതും ഇങ്ങനെ തന്നെയാണ്.
വായതുറന്നു വച്ച്, കടവായിലൂടെ ഏത്തായി ഒലിപ്പിച്ച്...
പക്ഷെ, പതിവുള്ള കൂര്‍ക്കംവലി മാത്രമുണ്ടായിരുന്നില്ല.
അയാള്‍ മരിച്ചുകിടക്കുകയാണെന്ന് ആദ്യം അവള്‍ക്ക് മനസ്സിലായില്ല.
പതിവുപോലെ അവള്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഓഫ് ചെയ്തു.
തറയില്‍ അഴിഞ്ഞുകിടന്നിരുന്ന മുണ്ടെടുത്ത് അയാളുടെ മേലേക്കിട്ടു.
മുറി തൂത്തുവാരി.
മേശയില്‍ ചിതറിക്കിടന്ന പുസ്തകങ്ങളും പേപ്പറുകളും അടുക്കിവച്ചപ്പോഴാണ്
ആ മരണക്കുറിപ്പ് കണ്ടത്.
മുകളില്‍ മരണക്കുറിപ്പെന്നെഴുതിയിരുന്നതുകൊണ്ടുമാത്രമാണ് അവളത് ശ്രദ്ധിച്ചത്.
അതു വായിച്ചിട്ട് അവള്‍ക്കൊന്നും മനസ്സിലായില്ല.
അവള്‍ക്കെഴുതാറുള്ള പ്രണയലേഖനങ്ങള്‍ പോലെത്തന്നെ.
അയാള്‍ പറയുന്നതില്‍ പകുതിയും എഴുതുന്നതില്‍ തീരെയും അവള്‍ക്ക് മനസ്സിലായിരുന്നില്ല.
മനസ്സിലായിരുന്നെങ്കില്‍ വടക്കിനിയിലെ തണുപ്പില്‍ അവളൊറ്റയ്ക്കുറങ്ങില്ലായിരുന്നു.

അവളതു ഒരിക്കല്‍ക്കൂടി വായിച്ചു.
അതിലിങ്ങനെ എഴുതിയിരുന്നു;
“മഴ പെയ്തുതോര്‍ന്നിരുന്നില്ല.
പറഞ്ഞുവന്നത് പാതിവഴിയില്‍ നിര്‍ത്തി അവന്‍ മഴയിലലിഞ്ഞു.
മുറ്റത്തെ ചെളിയില്‍ പതിഞ്ഞ അവന്‍റെ കാലടികള്‍ വെള്ളം നിറഞ്ഞ് മാഞ്ഞു.
പിന്നെ അവളവനെ കണ്ടപ്പൊള്‍ അവനുറങ്ങുകയായിരുന്നു.
അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
അത് ആലിപ്പഴം പോലെ തണുത്തിരുന്നു. പിന്നെ... “
ഒന്നും മുഴുമിപ്പിക്കുന്ന ശീലം പണ്ടേ അയാള്‍ക്കില്ലല്ലോ.

മരണക്കുറിപ്പ് മേശപ്പുറത്തു തന്നെ വച്ച് അവള്‍ അയാളുടെ അടുത്തേക്കു ചെന്നു.
കയ്യില്‍ തൊട്ടു. മരണത്തിന്‍റെ മരവിപ്പ്.
രാത്രിയിലെപ്പോഴോ മരിച്ചിരിക്കാം.
താഴേക്കു വീണുകിടന്നിരുന്ന കാലെടുത്ത് അവള്‍ കട്ടിലിലേയ്ക്കു വച്ചു.
മുണ്ട് അരയില്‍ ചുറ്റി.
അമ്മാവന് ഫോണ്‍ ചെയ്തു.

നാളികേരം, കോടിമുണ്ട്, നിലവിളക്ക്, അരി ഇനിയെന്താ വേണ്ടത്.
പിന്നൊന്നും ഓര്‍മ്മ വരുന്നില്ല.
അവസാനം അവള്‍ കണ്ട മരണം അച്ഛന്‍റേതായിരുന്നു.
പിന്നെ, തുറന്ന വായില്‍ നിറയെ അരിയുമായി അച്ഛന്‍
അവളുടെ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകനായി, കുറേക്കാലം.
തൊഴുത്തില്‍ പോയി ചാണകമെടുത്തുകൊണ്ട് വന്ന് അവള്‍ മുറ്റം മെഴുകി.
ബാക്കി മൂവാണ്ടന്‍റെ കടയ്ക്കലേക്കിട്ടു.
പടിഞ്ഞാട്ടുള്ള ചില്ല മുറിയ്ക്കേണ്ടെന്ന് അമ്മാവനോട് പറയണം.
അതില്‍ ഇന്നലെയാണ് ഒരു കിളിക്കൂട് കണ്ടത്.
അടുക്കളയില്‍ ചെന്ന് ചൂടാറാന്‍ വച്ചിരുന്ന പാലെടുത്ത് കുടിച്ചു.
ബോഡി വീക്കാണെന്ന് കഴിഞ്ഞ തവണയും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
ഒന്നുറക്കെ കരയണമെന്നവള്‍ക്ക് തോന്നി.

പിന്നെയും അയാള്‍ തന്നെ ജയിച്ചു.
അയാളെ തോല്പ്പിക്കാനായി പാല്‍പ്പാത്രത്തിനടുത്തു വച്ചിരുന്ന
ചെറിയ കുപ്പിയെടുത്ത് അവള്‍ പറമ്പിലേക്കെറിഞ്ഞു.
വയറില്‍ കൈപ്പടമമര്‍ത്തി അവള്‍ പറഞ്ഞു;
'നിനക്കിനി പൊക്കിള്‍ക്കൊടിയുടെ ബന്ധനം മാത്രം.'
പാതി തുന്നിനിര്‍ത്തിയ കുഞ്ഞുടുപ്പുകള്‍
വലിച്ചെറിഞ്ഞതെവിടെയായിരുന്നു.
തിരക്കൊന്നൊഴിയട്ടെ.
അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എങ്ങിനെയാണ് കരഞ്ഞത്?
അവളോര്‍ത്തുനോക്കി.

Labels:

Creative Commons License