Wednesday, April 23, 2008

മുകളിലേക്ക് പെയ്യുന്നവര്‍

"മഴത്തുള്ളികള്‍ മുകളിലേക്ക് പെയ്യാത്തതെന്താ മുത്തച്ഛാ?"
വെള്ളം ഉണ്ണിയുടെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന്
വരാന്തയിലൂടിഴഞ്ഞ് മുത്തച്ഛന്റെ കാല്‍വിരലുകളെ നക്കി.
മുത്തച്ഛന് കാലുമാറ്റിക്കൊടുത്തപ്പോള്‍ അത് ജീവനുംകൊണ്ട്
പിന്നിലെ ഇരുട്ടില് മറഞ്ഞു.

ഉണ്ണി മുത്തച്ഛനെ തന്നെ നോക്കി നില്ക്കുകയായിരുന്നു.
"പെയുന്നുണ്ടല്ലോ ഉണ്ണീ. ഉണ്ണി കാണാഞ്ഞിട്ടാണ്."
മുത്തച്ഛന്‍റെ കണ്ണിലെ ചിരിയില്‍ ഉണ്ണിക്കുള്ള ഉത്തരം ബാക്കി നിര്‍ത്തിയിരുന്നു.
"എവിടെ?"
"ആ വലിയ തുള്ളികളുടെ കൂട്ടത്തില്‍ അച്ഛനും അമ്മയും കാണാതെ
ചില ഉണ്ണിത്തുള്ളികള്‍ മുകളിലോട്ടാ പെയ്യുന്നത്."
മുത്തച്ഛന്‍റെ കണ്ണുകളെ പിന്തുടര്‍ന്ന് ഉണ്ണിയും മഴയിലേക്ക് നോക്കി.
ഉണ്ണിയുടെ കണ്ണുകള്‍ തിരിച്ച് മുത്തച്ഛന്‍റെ കണ്ണുകളിലെത്തിയപ്പോഴും
മുത്തച്ഛന്‍റെ കണ്ണുകള്‍ മഴയില്‍ തന്നെയായിരുന്നു.
"ഉവ്വോ? അതെന്തിനാ അച്ഛനും അമ്മയും കാണാതെ പെയ്യുന്നത്?"
മുത്തച്ഛന്‍ തിരിഞ്ഞുണ്ണിയെ നോക്കി.
"എല്ലാരും വീടിനകത്തേക്ക് കേറുമ്പോള്
ഉണ്ണി പുറത്തേക്കോടിയാല്‍ ഉണ്ണീടമ്മയാണേല്‍ സമ്മതിക്കോ?"
ഉണ്ണി മെല്ലെ തലകുലുക്കി.
"അച്ഛനാണേല്‍ സമ്മതിച്ചേനെ. ല്ലേ മുത്തച്ഛാ?"
കാഴ്ച ഉണ്ണിയില്‍ നിന്ന് മഴയും കടന്നുപോയി.
"മുകളിലേക്ക് പോയ ഉണ്ണിത്തുള്ളികള്‍ ഇനി തിരിച്ചു വരില്ലേ മുത്തച്ഛാ?"
"ഉവ്വുണ്ണീ. അവയ്ക്ക് മുകളിലേക്ക് പെയ്തു മതിയാവുമ്പോള്‍
അവ താഴേക്ക് പെയ്തു തുടങ്ങും."
ഉണ്ണി മഴയില്‍ ഉണ്ണിത്തുള്ളികളെ തിരഞ്ഞു.

മഴയില്‍ തന്നെ നോക്കി നിന്നപ്പോള്‍
മുത്തച്ഛന്‍റെ കാഴ്ചയില്‍ മഴപെയ്യാന്‍ തുടങ്ങി.
ഇരുട്ടുകനത്തു.
കറുപ്പില് നിന്നും പതുക്കെ ചുമപ്പ് പെയ്തിറങ്ങി.
തല പിളര്‍ന്ന് നെറ്റിയിലൂടെ കാഴ്ച്ച പാടകെട്ടുന്ന ചോരയുടെ ചുമപ്പ്.
ചുമപ്പ് ഇഴപിരിഞ്ഞു മുഖത്ത് ചാലുകള് കീറിയൊഴുകി.
കൈകളില്‍ നിന്നും വാളും ചിലമ്പും കൊഴിഞ്ഞു വീണിരുന്നു.
തലയില്‍ പൊത്തിയ മഞ്ഞള്‍പ്പൊടിക്കിടയിലൂടെ
ചോര വീണ്ടും നാക്കു നീട്ടി ഇഴഞ്ഞു.
കരോട്ടെത്തിയതേയുള്ളൂ. പറയെടുപ്പിനിയും തുടങ്ങിയിട്ടില്ല.
പൂര്ത്തിയാക്കാനാച്ഛനെക്കൊണ്ടാവില്ല ഉറപ്പ്.
ഒരു നോട്ടം, ചങ്കു തകര്ന്നൊരു വിളി..
മനസ്സിലുയര്‍ത്തിപ്പിടിച്ചിരുന്ന കൊടി ചിലപ്പോള്‍
പട്ടായി അരയിലുടുത്തുപോകും.
അതിനുമുമ്പേ തിരിഞ്ഞു നടന്നു.

നടന്നതില്‍ പാതി എല്ലാം വലിച്ചെറിയാനായിരുന്നെങ്കില്‍
‍പിന്നതില്‍ ബാക്കി അതെല്ലാം തിരിച്ചുപിടിക്കാനായിരുന്നു.
നടന്നകറ്റിയതിനേക്കാള്‍ പതിന്മടങ്ങ് നടന്നുകൂട്ടി തിരികെയെത്താന്‍.
വാളും ചിലമ്പും വണങ്ങി പട്ടുടുത്തപ്പോള്‍ പക്ഷെ സന്ധ്യയായിരുന്നു.
ന്നാലും അച്ഛന്‍ ചിരിച്ചു.
കൈകൊട്ടാന്‍ കാത്തുനില്‍ക്കാതെ ശ്രാദ്ധച്ചോറുകൊത്തിപ്പറന്നു.

"താലപ്പൊലിക്ക് അച്ഛന്‍ വര്വോ മുത്തച്ഛാ?"
പെയ്തിറങ്ങിയ മഴത്തുള്ളികള്‍ മുറ്റത്തവിടിവിടെ കൂട്ടംകൂടി നിന്നു.
ഉണ്ണി പെരുവിരല്‍കൊണ്ടവര്‍ക്ക് വഴികാട്ടി.
ഉണ്ണിക്കപ്പോള്‍ താനവരുടെ രാജാവാണെന്നു തോന്നി.
അറിയാതെ തുട തടവിപ്പോയി.
ഇന്നലെ തൂശനില മുറിക്കാന്‍ തന്ന കത്തികൊണ്ട്
വേനപ്പച്ച പടയാളികളുടെ ശിരസ്സെല്ലാം അരിഞ്ഞു കഴിഞ്ഞപ്പോള്‍
അതാ ശത്രു പക്ഷത്തെ ‍രാജാവുതന്നെ നേരിട്ടു വന്നിരിക്കുന്നു.
കുലക്കാറായ വാഴയെ ചന്നമ്പിന്നം വെട്ടി വീഴ്ത്തിയെന്നും പറഞ്ഞ്
അമ്മതന്ന സമ്മാനത്തിന്‍റെ വടു ഇപ്പോഴും രാജാവിന്‍റെ തുടയിലുണ്ട്.
ഇന്നലെ ഉണ്ണി എത്ര്യാ കരഞ്ഞേ.
ആച്ഛന്‍ വരട്ടെ,
ഉണ്ണിപറഞ്ഞാല്‍ മച്ചില്‍ പട്ടില്‍പ്പൊതിഞ്ഞു വച്ചിരിക്കുന്ന വാളൊരെണ്ണം
അച്ഛനെടുത്തു തരും. പിന്നെ കാണിച്ചുകൊടുക്കാം എല്ലാവരേം.

"അച്ചന്‍ വരില്ലേ മുത്തച്ഛാ?"
മുത്തച്ഛന്‍ ഉണ്ണിയെ ചേര്‍ത്തുപിടിച്ചു.
"വരും ഉണ്ണ്യേ. അവനും മുകളിലോട്ട് പെയ്തുമതിയാവട്ടെ."

Labels:

15 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

രാജിന്‍റെ ചതുരവളപ്പിലെ പൂന്തോട്ട
മെന്ന കവിതയിലെ “മേല്പോട്ടു
മഴയുന്നതിന്റെ ആശ്ചര്യത്തില്‍ പ്ലാശും ചമ്പയും“ എന്ന വരിക്ക് കടപ്പാട്.

4/23/2008 1:20 PM  
Anonymous Anonymous said...

കടിപ്പാടോ? ഇതിനെ മോഷണം എന്നല്ലേ പറയാ?

4/24/2008 10:25 AM  
Blogger ദൃക്‌സാക്ഷി said...

യ്യോ...മോഷണം...മോഷണം... കൊണ്ട് കേസ് കൊട്...

4/24/2008 12:15 PM  
Blogger സജീവ് കടവനാട് said...

ഉണ്ണി പിന്നേം വന്നൂലോ...ഇദ്ദാണോ മോഷണം, മോഷണം ന്ന് പറേണ സംഗതി...? ഇപ്പളാ പിടി കിട്ട്യേ...

4/24/2008 2:26 PM  
Blogger അനംഗാരി said...

സാക്ഷി, കഥ ഇഷ്ടപ്പെട്ടു. ഇടക്ക് ഒരു വരി എവിടെയോ വിട്ടുപോയീട്ടുണ്ട്. ഒന്നുകൂടി വായിച്ച് തിരുത്തി പോസ്റ്റുമോ?

4/25/2008 6:13 AM  
Blogger Cartoonist said...

നല്ല എഴുത്ത്. പ്രചോദനം ആരുടേതെന്നറിയാന്‍ തല്‍ക്കാലം താല്പര്യമില്ല.

പിന്നെ, ആ വര താങ്കളുടെയോ ?
ചെറുതായി മുന്നിലേയ്ക്കാഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ ശരീരഭാഷ ഉഗ്രന്‍ ! വാട്ടര്‍ കളര്‍ അസ്സലായി. അഭിനന്ദനങ്ങള്‍ !

4/25/2008 6:47 AM  
Blogger Cartoonist said...

ഞാനിത് ആദ്യമായാണു കാണുന്നത്.
താങ്കള്‍ വളരെ നന്നായി വരയ്ക്കുന്നല്ലൊ !

‘കടുംകെട്ടുകള്‍‘ ‍ക്കു വരച്ചത് മനോഹരമായി. അതിനു ശേഷം ശൈലി മാറ്റിയൊ ?
ശങ്കുമ്മാനിലേം അവനിലേം പടങ്ങള്‍ വളരെ നന്നായി.

കഥകള്‍ക്ക് ഒന്നിലധികം പടങ്ങളും വരയ്ക്കാമല്ലൊ...

4/25/2008 7:08 AM  
Blogger എതിരന്‍ കതിരവന്‍ said...

സാക്ഷിയുടെ കഥ മുകളിലേയ്ക്കു തന്നെ പെയ്തു കയറുന്നു. ഉണ്ണിയ്ക്ക് സംശയങ്ങള്‍ ബാക്കി കിടക്കട്ടെ. ഇതുപോലെ കഥകള്‍ വരുമല്ലൊ.

4/25/2008 7:45 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

This comment has been removed by the author.

4/25/2008 11:23 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അനാംഗരി, വായനയിലെവിടെയാണു മിസിംഗ്?
ഞാന്‍ ചിലപ്പോള്‍ മനസ്സുകൊണ്ടെഴുതിപ്പോയിക്കാണും.

വാട്ടര്‍കളര്‍ അല്ല സജീവ് ഭായ്, ഇലുസ്ട്രേറ്റര്‍ ആണ്.
സ്ഥിരമായി ഒരു ശൈലിയൊന്നുമില്ലന്നെ.
വായില്‍ തോന്നിയതു കോതയ്ക്കു പാട്ട്.

4/25/2008 11:24 AM  
Blogger മുസാഫിര്‍ said...

രാജീവ്, എഴുത്തില്‍ വീണ്ടും സജീവമായതില്‍ സന്തോഷം.നല്ല സൌന്ദര്യമുള്ള ഭാഷ.ഉണ്ണിയെ ഇനിയും കാണാമെന്ന് പ്രതീക്ഷിക്കാമല്ലോ.

4/27/2008 4:55 PM  
Blogger ഉപാസന || Upasana said...

സാക്ഷി,

വളരെ നന്നായി എഴുതിയിരിക്കുന്നു.
ടച്ചിങ്ങ്
:-)
ഉപാസന

4/28/2008 4:57 PM  
Blogger Sunith Somasekharan said...

mukalilekku peyyunnavar kollaam nalla tittle..

5/05/2008 3:28 PM  
Blogger Shabeeribm said...

"സാക്ഷി " എന്ന പേരില്‍ ഇവിടെ ഒരാള്‍ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല ..കുറെ ആലോചിച്ച ശേഷമാ ഒരു പേരു കിട്ടിയത് .. നമ്മുക്ക് രണ്ടു പേര്‍ക്കും സഹകരിച്ചു പോയ്കുടെ ???

6/03/2008 12:53 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സാക്ഷിയുടെ വരയ്ക്കുള്ളിലെ വാക്കുകള്‍ എനിക്കിഷ്ടമാണ്‌. വാക്കുകളിലെ നേര്‌ അതിലേറെ ഇഷ്ടവും.

10/17/2008 2:39 PM  

Post a Comment

<< Home

Creative Commons License