Monday, February 01, 2010

ചില തുടര്‍ച്ചകള്‍

പാടം കടന്നുവേണം കല്ലാറുകുന്നിലെത്താന്‍.
കൊയ്ത്തൊഴിഞ്ഞ് നരച്ച് പടര്ന്ന്‍ കിടക്കുന്ന പാടത്തിനപ്പുറം കാവാണ്.

കാവു കഴിഞ്ഞാണ് കല്ലാറുകുന്നിലേക്കുള്ള വഴി.

പാടത്തിനിപ്പുറം നിന്നു നോക്കിയാല്‍ കാവിലേക്കെത്തുമ്പോഴേക്കും
കാഴ്ച ഇതള്‍ കൊഴിക്കാന്‍ തുടങ്ങും.

രാത്രി പാടത്തൂടെ ആരും ഒറ്റക്ക് നടക്കാറില്ല. അവിടെ പൊട്ടനുണ്ടാവും!
അമ്മുമ്മ പറയാറുള്ളത് ഉണ്ണിക്ക് ഓര്‍മ്മ വന്നു.
ഒറ്റക്ക് പാടത്തിലൂടെ പോകുന്നവരെ പൊട്ടന്‍ വഴിതെറ്റിക്കും.
നടന്ന വഴികള്‍ മുഴുവന്‍ വീണ്ടും നടത്തിക്കും.
പുലര്‍ന്നാലും പാടം നടന്നു തീര്‍ന്നിട്ടുണ്ടാവില്ല.
ചിലപ്പോള്‍ പൊട്ടക്കിണറില്‍ തള്ളിയിടും.
മനപ്പറമ്പിലെ പൊട്ടക്കിണറിലേക്ക് കല്ലിട്ടാല്‍
താഴെചെന്നു വീഴുന്ന ഒച്ച കേള്‍ക്കാറെയില്ല.
താഴേക്കു നോക്കിയാല്‍ ഇരുട്ടുമാത്രം കാണം.
കിണറിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന വെള്ളിലകളുടെ ഇടയില്‍
ഒരു വലിയ ഇലഞ്ഞിമരംണ്ട്.
ഉണ്ണി ആഞ്ഞു ശ്വസിച്ചു. ഇവിടേക്കു പോലും കിട്ടുന്നുണ്ട് പൂത്ത ഇലഞ്ഞിപ്പുക്കളുടെ മണം.

ആ ഇലഞ്ഞിമരത്തിലെ യക്ഷിയെപ്പറ്റി ആദ്യം പറഞ്ഞത് അമ്മുവായിരുന്നോ?
ആരേയും ഉപദ്രവിക്കാത്ത, പൊട്ടന്‍ വഴിതെറ്റിക്കുന്നവര്‍ക്ക് വിളക്കുകാണിച്ചുകൊടുക്കുന്ന,
വെളുത്ത മുണ്ടും നേരീതുമുടുത്ത ചുമന്ന ചുണ്ടുകളുള്ള യക്ഷിയെ പക്ഷെ ആദ്യം അടുത്ത് കണ്ടത് ചെറ്യമ്മാവനായിരുന്നു. രാത്രി കളിയും കഴിഞ്ഞ് തറവാട്ടിലേക്കു പോന്ന അമ്മാവന്‍ മനപ്പറമ്പിലെ പൊട്ടക്കിണറ്റിനടുത്തല്ലെ രാവിലെ ഉണര്‍ന്നെഴുന്നേറ്റത്, വല്യമ്പൂരി ചെന്നുവിളിക്കുമ്പോള്‍ വിയര്‍ത്ത് കിടക്ക്വായിരുന്നു. വഴിതെറ്റി കിണറ്റിലേക്ക് വീഴാന്‍ പോയ അമ്മാവനെ പിന്നീന്ന് പിടിച്ചു നിര്‍ത്തിയത് യക്ഷ്യായിരുന്നൂത്രെ! ഒരു നോട്ടേ കണ്ടുള്ളൂ. പിന്നൊന്നോര്‍മ്മല്ല്യാ. ആരേം ഉപദ്രവിക്കണില്യാന്നൊക്കെ വെര്‍തേ പറയ്യാവും. ഉപദ്രവിക്ക്യാത്ത യക്ഷ്യോ? ഇടക്ക് ചോര കുടിക്കണുണ്ടാവും അല്ലെങ്കില്‍ ചുണ്ടെങ്ങന്യാ ഇത്ര ചുമന്നിരിക്കാ? തൊണ്ടിപ്പഴും കുറേ കഴിച്ചാലും മതി. മുത്തച്ഛന്‍റെ കയ്യുപിടിച്ചു പോവുമ്പോ ദൂരേന്നെത്ര്യാ കണ്ടിരിക്കണെ കിണറിനുചുറ്റും ചിരിച്ചുനില്‍ക്കണ തൊണ്ടിപ്പഴങ്ങള്‍! കൊത്യാവും.

കാവിലെ ദേവസ്വം കച്ചേരി ഇപ്പോള്‍ നിലം പൊത്താറായിരിക്കണു. പണ്ടൊക്കെ മുത്തച്ഛനും അമ്മാവനും വല്ല്യമ്പൂരീംല്ലാരും കൂടി അതിന്‍റെ മുകളിലിരുന്ന് ചീട്ടു കളിക്കാറുണ്ടായിരുന്നൂന്ന് അമ്മുമ്മ പറയാറുണ്ട്. ചീട്ടുകളീം കഴിഞ്ഞ് അമ്പലക്കുളത്തില് കുളിക്കാന്‍ പോയപ്പോഴല്ലേ മുത്തച്ഛന് പേടികിട്ടിയത്. അല്ലെങ്കില്‍ പാതിരാത്രീം കഴിഞ്ഞേക്കണ സമയത്ത് ആരെങ്കിലും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പൂവ്വോ, അതും ധനുമാസത്തിലെ തിരുവാതിരേടന്ന്! അമ്പലക്കുളത്തിനടുത്തെത്തിയപ്പോള്‍ ആരോ തുടിച്ചുകുളിക്കുന്ന ശബ്ദം. കുളത്തിലേക്ക് നോക്കാന്‍ തോന്നാഞ്ഞത് മുത്തച്ഛന്‍ ചെയ്ത പുണ്യം. വല്യ മാന്ത്രികനായിരുന്നിട്ടുപോലും പേടികിട്ടി! വീട്ടിലെത്തിയപ്പോള്‍ ദേഹം മുഴുവന്‍ ചുട്ടുപൊള്ളി. നേരം വേളുത്തപ്പോഴേക്കും മുഖത്തടക്കം കുരുപൊന്തീരുന്നു. എല്ലാരും കൂട്ടക്കരച്ചിലായി. ഉടുതുണിയാലെ മുത്തച്ഛന്‍ കരോട്ടയ്ക്കോടി. അമ്മയുടെ നടയില്‍ സാഷ്ടാംഗം വീണു. ജലപാനമില്ലാതെ ദിവസം മുഴുവന്‍ ഒരേകിടപ്പ്. കുരുപൊട്ടിയൊലിച്ചും തുടങ്ങി. രാത്രിയായപ്പോള്‍ എല്ലാവരും നിര്‍ബന്ധിച്ചു വീട്ടിലേക്കുപോവാന്‍, കൂട്ടാക്കീല്ല്യ. രാത്രീലെപ്പോഴോ അമ്മാവന്‍റെ ചന്തിക്ക് ചൂരലുകൊണ്ട് അടിവീണു, കൂടെ ഒരലര്‍ച്ചയും ‘അസമയത്താണോടാ ഇവിടെ വന്നു കിടക്കണതെന്ന്‘. ശരീരത്തോട് നനഞ്ഞൊട്ടിയ ഉടുമുണ്ടാലെ ഇറങ്ങിയോടി. വീട്ടിലെത്തിയപ്പോഴേക്കും കുരു മുഴുവന്‍ അവിഞ്ഞുപോയി.

സൂര്യന്‍ അസ്തമിക്കാന്‍ ഇനി നാഴികകളേയുള്ളൂ.
വേഗം കുന്നിറങ്ങണം.
കയ്യിലെ സഞ്ചികള്‍ മാറോട് ചേര്‍ത്തുപിടിച്ചു.
അവന്‍ കാത്തിരുന്നു മുഷിഞ്ഞുകാണും.
കൈമാറുന്നത് വെറും വേരും പടലും പച്ചിലകളുമല്ല,
കൈമാറിക്കിട്ടിയ കുറേ പൈതൃകങ്ങളും
മരിച്ചു തലക്കുമുകളില്‍ നില്‍ക്കുന്ന കാരണവന്മാരുടെ വിശ്വാസങ്ങളുമാണ്.
മുത്തച്ഛാ മാപ്പ്! ശങ്കുമ്മാവാ മാപ്പ്!
ദീര്‍ഘനിശ്വാസങ്ങളുടെ കറപുരണ്ടൊരു തറവാടും
ദാഹിച്ചുവരണ്ടൊരു കാരണവത്തറയെങ്കിലും എനിക്കു ബാക്കിവേണം.
ഇതവസാനത്തെ വരവാണ്.
ഇനിയൊരിക്കലും വിഷം തീണ്ട മുറിവായുണക്കാനല്ലാതെ ഈ കുന്നേറില്ല.

ഉണ്ണി നടത്തത്തിന് വേഗതകൂട്ടി.
അഞ്ചുമണികഴിയുമ്പോഴേക്കും കല്ലാറുകരയില്‍ സൂര്യനസ്തമിക്കും.
ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണഞ്ഞ് കല്ലാറുകര വിജനമാവും.
പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട്
വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും.
കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്.
കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല്‍ വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും.
അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും.
ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും
ചോരയൊഴുകാന്‍ തുടങ്ങും.
ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കല്ലാറുകുന്നിലേക്കു പറക്കും.
നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കല്ലാറുകുന്നിലെ ഗന്ധര്‍വ്വന്‍ പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.

അഞ്ചുമണിക്കു മുമ്പേ തിരിച്ചെത്തണം.
പണ്ട് മുത്തച്ഛന്‍റെ കൈപിടിച്ച് കുന്ന് എത്ര കേറിയിരിക്കുന്നു.
രാവെന്നുമിരവെന്നുമില്ലാതെ.
മുത്തച്ഛന്‍റെ നിഴലുകണ്ടാല്‍ പാടത്തെ ഇരുട്ടില്‍ പൊട്ടന്‍ പതുങ്ങിനില്‍ക്കും.
അലറാന്‍ മറന്ന കാളികൂളികള്‍ വരമ്പിറങ്ങി നടക്കും.
‘കൈ പിടിവിടാതെ മുറുക്കെപ്പിടിച്ചോളൂട്ടോ‘. മുത്തച്ഛന്‍ ഓര്‍മ്മിപ്പിക്കും.
വിഷം തീണ്ടിയെത്തുവര്‍ ആരായാലും എത്ര രാത്രിയായാലും മുത്തച്ഛന്‍ തിരിച്ചയക്കില്ല.
അരിക്കലാമ്പുമെടുത്ത് ഇറങ്ങും കല്ലാറുകുന്നിലേക്ക്! കൂടെ ഉണ്ണിയും.
മരത്തില്‍ നിന്നും തൊലിചീമ്പിയെടുക്കുമ്പോള്‍ വിളക്കുകാണിച്ചുകൊടുക്കേണ്ടേ?
മരുന്നെടുക്കാന്‍ പോവുമ്പോള്‍ ചെരുപ്പിടാന്‍ പാടില്ല.
കുന്നുകേറുമ്പോള്‍ കരിമ്പാറകളുടെ കൂര്‍ത്തമുനകള്‍ തുളച്ചുകയറി
ഉണ്ണിയുടെ കാലുമുഴുവന്‍ മുറിയും.
പക്ഷെ കല്ലാറുകുന്നിലെ പൊടിയേറ്റ് തിരിച്ചിറങ്ങുമ്പോഴേക്കും മുറിവായകള്‍ കറുക്കും.
കല്ലാറുകുന്നിലെ മണ്ണിനു വരേണ്ടത്രേ ഔഷധവീര്യം!

ഉണ്ണിയ്ക്കു പിന്നില്‍ കല്ലാറുകുന്ന്
ഒരു സുരതത്തിന്‍റെ തളര്‍ച്ചയിലെന്നപോലെ
വിയര്ത്തു കിതച്ച് മലര്‍ന്ന് കിടന്നു.
പാടം ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു.
കറുത്തുതടിച്ച ദേഹവും കണ്ണില്‍ ലഹരിയുടെ ചുവപ്പുമായി ഇരുട്ടില്‍ പൊട്ടന്‍ ചിരിച്ചു.
അലറിയടുക്കുന്ന വെളിച്ചപ്പൊട്ടുകള്‍.
മുത്താച്ഛാ!
‘കയ്യില്‍ നിന്നുപിടി വിടരുതെന്നു ഞാന്‍ പറഞ്ഞതല്ലേയുണ്ണീ.’

Labels: , ,

Creative Commons License