നിയോഗങ്ങള്‍

അവളുടെ അടിവയറില്‍ മുഖമമര്‍ത്തികിടന്ന രാത്രിയില്‍
അയാള്‍ വീണ്ടും നിയോഗത്തെപ്പറ്റി പറഞ്ഞു.
വേരുകള്‍ തേടിയുള്ള യാത്ര.
അച്ഛനും മുത്തച്ഛനും വല്യമുത്തശ്ശന്മാരും നടന്ന വഴികളിലൂടെ..
അയാള്‍ ജനിയ്ക്കുന്നതിനു മുമ്പ് തന്നെ അച്ഛന് യാത്ര തുടങ്ങിയിരുന്നുവത്രെ.
"അച്ഛന് എന്നെ വിളിക്കുന്നുണ്ട്."
അവളുടെ വയറില്‍ അയാള്‍ മൃദുവായി തലോടി.
"ഇന്നലെ രാത്രിയും വന്നിരുന്നു, സ്വപ്നത്തില്‍" വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു.
ചെരുപ്പിടാത്ത, നീരുവന്ന കാലുകള്‍ വലിച്ചുവെച്ച്..
മുഖം പിന്നെ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ, സ്വപ്നത്തില്‍ അയാള്‍ ഒറ്റനോട്ടത്തില്‍ അച്ഛനെ തിരിച്ചറിഞ്ഞു,
അവരാദ്യമായി പരസ്പരം കാണുകയായിരുന്നിട്ടുകൂടി.
കല്ലാറുകുന്നിലെ കത്തുന്ന വെയിലില്‍
കറുത്ത ഗന്ധര്വ്വന് പാറയുടെ തണലിലിരുന്ന് അച്ഛന് ചോദിച്ചു.
"നീ എന്തേ വരാന്‍ വൈകുന്നു. എനിക്കു സമയമായി."
ഗന്ധര്വ്വന് പാറയുടെ നിഴലിന് കട്ടികൂടി.
കറുത്ത നിഴല്‍ വന്ന് അച്ഛനെ പൊതിയുന്നത് അയാള്‍ നോക്കിനിന്നു.
"ഇതു നിയോഗമാണ്.
കാരണവന്മാരായി തുടര്‍ന്നു വരുന്ന നിയോഗം.
അച്ഛന്, മുത്തശ്ശന്, വല്യമുത്തശ്ശന്, അതിനും മുമ്പ്..
കല്ലാറിന്റെ കരയിലെവിടെയോ എന്റെ വേരുകളുണ്ട്.
അവിടെ പാതി തുറന്ന ഉമ്മറവാതിലിലൂടെ എനിക്ക്
ഇരുട്ടത്തൊഴുകുന്ന വെളിച്ചപ്പൊട്ടുകളെ കാണണം.
കന്യകയെ കാത്ത് മലര്‍ന്ന് കിടന്ന് കിതയ്ക്കുന്ന
ഗന്ധര്വ്വന് പാറയില്‍ ഒരു ഈയ്യാമ്പാറ്റയാവണം”
ഉറക്കത്തിലെന്നോണം അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
"എത്ര കേട്ടിരിക്കുന്നു. ഒന്നു നിര്‍ത്തൂ"
അയാള്‍ വിശ്വാസം വരാതെ അവളെ നോക്കി.
കേട്ടത് അവളുടെ ശബ്ദം തന്നെയാണെന്ന് അയാള്‍ക്കുറപ്പില്ലായിരുന്നു.
അവളാണെങ്കില്‍ ഫാനിന്റെ കറക്കത്തില്‍ കണ്ണുറപ്പിച്ച് കിടക്കുകയായിരുന്നു.
“നീ വല്ലതും പറഞ്ഞോ”
അവള് അയാളെ നോക്കി.
"ഞാനും വരുന്നു."
"എവിടേയ്ക്ക്?"
അവള് കണ്ണടച്ചുകിടന്നു
"നടന്നു തന്നെ പോകണം.
കുന്നും പുഴയും താണ്ടണം.
കൂര്‍ത്ത പാറകളില്‍ ചവുട്ടി കാലുകള്‍ വിണ്ടുപൊട്ടും.
വഴുവഴുത്ത ഉമിനീരില്‍ ശ്വാസം പോലും ചീയാന്‍തുടങ്ങും.
സൂര്യനണയും മുമ്പ് പുഴ കടക്കണം.
പുഴയ്ക്കപ്പുറമാണ് കല്ലാറുകുന്ന്.
അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,
കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും.
പിന്നെ ഇരുട്ടില്‍ വെളിച്ചപ്പൊട്ടുകള്‍ പോലെ ശിവഭൂതങ്ങള്‍ ഇറങ്ങിനടക്കും."
അയാളുടെ കണ്ണുകള്‍ തിളങ്ങി.
അവള് അയാളെ ചേര്‍ത്തുപിടിച്ചു മുടിയില്‍ തലോടി.
"ഉറങ്ങിക്കോളൂ. നാളെ നേരത്തേ യാത്ര തിരിക്കാനുള്ളതല്ലെ."
ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും അയാള്‍ക്കപ്പോള്‍ കണ്ണുകളടയ്ക്കാന് പേടിതോന്നി.
ഇരുട്ടത്ത് ചെരുപ്പിടാത്ത കാലുകള്‍ വലിച്ചുവെച്ച് അച്ഛന് വരും.
"പോയേ തീരു. ഇത് നിയോഗമാണ്"
അവളുടെ ചുണ്ടിന്റെ ചൂടില്‍ നിന്നും അയാള്‍ മുഖം തിരിച്ചു.
'നമ്മുടെ മോന് വളരുമ്പോള്‍ നീ പറഞ്ഞുകൊടുക്കണം,
എന്നെ കുറിച്ച്,
കല്ലാറുകുന്നിനെ കുറിച്ച്,
പിന്നെ തലമുറകളുടെ നിയോഗത്തെക്കുറിച്ച്.
അവനും വരാതിരിക്കാനാവില്ല. ഇതു നിയോഗമാണ്"
അവളാണെങ്കിലൊയെന്ന് ചോദിച്ചില്ല.
അവളായിരിയ്ക്കുമെന്ന് ഉറപ്പായിരുന്നിട്ടും.
അയാളുടെ കണ്ണിലെ തിളക്കം കെടാതിരിക്കട്ടെ.
"ഉറങ്ങിക്കോളൂ" എന്നുമാത്രം പറഞ്ഞു.
അയാളുടെ കണ്ണുകളില്‍ ഗന്ധര്വ്വന് പാറ നിഴല്‍വിരിച്ചു.
നേരം വെളുക്കുന്നതിമുമ്പ് തന്നെ അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.
കോലായിലെ ഒരു മൂലയിലൊറ്റയ്ക്കിരുന്ന് അമ്മുമ്മ
മുണ്ടിന്റെ കോന്തല കൊണ്ട് ചങ്ങലയിലെ കറ ഉരച്ചു കളയുകയായിരുന്നു.
എത്ര ഉരച്ചിട്ടും അത് പോയില്ല,
തലമുറകളുടെ കാലിലെ പഴുപ്പിന്റെ കറ.
Labels: കഥ