Thursday, January 03, 2008

കടുംകെട്ടുകള്‍



“ഇന്നലെ ഞാന്‍ വീണ്ടും നിന്‍റെ ഏട്ടനെ സ്വപ്നം കണ്ടു.”
പ്രകാശന്‍റെ കണ്ണുകളില്‍ ബാക്കിവന്ന ഉറക്കത്തിന്‍റെ ചീളുകള്‍
ചുമന്നുകിടക്കുന്നുണ്ടായിരുന്നു.
കണ്‍പോളകള്‍ വിങ്ങിയും കണ്‍തടം പതിവിലും കൂടുതല്‍ കുഴിഞ്ഞും കണ്ടു.
“നീയിന്നലെ കുറേയേറെ കരഞ്ഞോ?”
ഉണ്ണിയുടെ ചോദ്യം പ്രകാശന്‍ കേട്ടില്ല.
അര്‍ഷാദിനാണെങ്കില്‍ ആ സായാഹ്നം വിരസമായിതുടങ്ങിയിരുന്നു.
കാലിയായ കുപ്പിയുടെ കഴുത്തില്‍പ്പിടിച്ചു മുകളിലേക്കുയര്‍ത്തി അര്‍ഷാദ് ഉറക്കെച്ചിരിച്ചു.
“ദേവകീ, ഇതാ നിന്‍റെ മൂന്നാമത്തെ കുഞ്ഞ്!”
മുറിയുടെ മൂലയില്‍ തലതകര്ന്ന്‍ അത് മരിച്ചുവീണു.

“കറുപ്പില്‍ കുറുകെ നീല വരകളുള്ള ഷര്‍ട്ടായിരുന്നു ഏട്ടനിട്ടിരുന്നത്.
ഷര്‍ട്ടിന്‍റെ കൈകള്‍ മുട്ടുവരെ മടക്കിവച്ചിരുന്നു”
കറുപ്പില്‍ നീലവരകളുള്ള ഷര്‍ട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു ഉണ്ണി.
സുധേടത്തിക്ക് ആ ഷര്‍ട്ടായിരുന്നു ഏറ്റവും ഇഷ്ടം.
സുധേടത്തി മരിച്ചതില്‍പ്പിന്നെ ആ ഷര്‍ട്ടിട്ട് ഏട്ടനെ കണ്ടിട്ടില്ല.
പ്രകാശന്‍റെ നോട്ടം ഉണ്ണിയെകടന്ന് ഏതോഒരു ബിന്ദുവില്‍
ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു.

“ഞങ്ങള്‍ ഒരുമിച്ചിരുന്നു ക്രിക്കറ്റ് കാണുകയായിരുന്നു.
പിന്നീടെപ്പോഴാണ് ഞാനും കളിച്ചു തുടങ്ങിയതെന്നോര്‍മ്മയില്ല.
അത്രയും ആളുകളുടെ ഇടയിലും ഏട്ടനെ എനിക്കു കാണാമായിരുന്നു.
ഇടക്കെപ്പോഴോ ഏട്ടന്‍ എനിക്കു നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.
കളി കഴിഞ്ഞു ഞങ്ങള്‍ ഒരുമിച്ചു പുറത്തേക്കിറങ്ങി.
പിന്നിലൂടെ നടന്നുവന്നിരുന്ന കളിക്കാരനെ ചൂണ്ടി ഏട്ടന്‍ പറഞ്ഞു;
“സ്വാര്ത്ഥനാണയാള്‍. സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്നതെല്ലാം
മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരുകയാണ്.”
ഏട്ടന്‍ എന്‍റെ കണ്ണുകളില്‍ നോക്കി.
“നീ എന്നോട് ചെയ്തതുപോലെ.”
തരിച്ചുനിന്നുപോയ എന്‍റെ കയ്യിലേക്ക് ഏട്ടന്‍ മഴക്കോട്ടെടുത്തു തന്നു.
“ഇതു ഉണ്ണിക്കു കൊടുത്തേക്കൂ. ഞാന്‍ ഇറങ്ങട്ടെ, മഴ വരുന്നുണ്ട്”
ഏട്ടന്‍ ബൈക്കിനടുത്തേക്ക് പോയപ്പോള്‍ ഞാന്‍ തിരിച്ചുനടന്നു.
നീ അവിടെ കാത്തു നില്പ്പുണ്ടായിരുന്നു.
“ഏട്ടനെവിടെ?”
“ഏട്ടന്‍ പോയി”
ഞാന്‍ പറഞ്ഞു.
“ഈ പെരും മഴയത്തോ?”
ഞാന്‍ കോട്ടെടുത്ത് നിനക്കു നീട്ടിയപ്പോള്‍
നീയതുമായി ഏട്ടനടുത്തേക്കോടി.
മഴയെ പിന്നിലിരുത്തി ഏട്ടന്‍ അകലേയ്ക്ക് ഓടിച്ചുപോവുകയായിരുന്നു.
നിന്‍റെ വിളി മഴകൊണ്ടുപോയി.
മഴവന്നുപൊതിഞ്ഞപ്പോള്‍ എനിക്കു നിന്നെയും കാണാന്‍ കഴിയാതെയായി.”

കണ്ണില്‍ മഴക്കാറു നിറയാന്‍ തുടങ്ങിയപ്പോള്‍
ഉണ്ണി എഴുന്നേറ്റു ജനാലയ്ക്കരുകില്‍ പോയിനിന്നു.
അര്‍ഷാദ് ദേവകിയുടെ നാലാമത്തെ കുഞ്ഞിനെയും കൊന്നു കഴിഞ്ഞിരുന്നു.

ഇന്നാണോ തിരുവാതിര?
ഉണ്ണി കാതോര്‍ത്തു.
പ്രായായിട്ടും മൂകാമ്മ്യേച്ചീടെ ശബ്ദം ഇപ്പോഴും തിരിച്ചറിയാം.
പണ്ട് പൂത്താങ്കീരീന്നു വിളിച്ച് എത്ര കളിയാക്കീരിക്കണു.
കേള്‍ക്കാന്‍ സുഖം സുധേടത്തി പാടുന്നതായിരുന്നു.
സുധേടത്തി കളിക്കണ കാണാനും രസായിരുന്നു.
എന്തേയിപ്പോ സുധേടത്തിയെപ്പറ്റി ഓര്‍ക്കാന്‍?
മുറിയിലാകെ ചെമ്പകത്തിന്‍റെ മണം നിറഞ്ഞു.
സുധേടത്തിക്ക് ചെമ്പകപ്പൂ ജീവനായിരുന്നു.
ധനുമാസത്തിലാണോ ചെമ്പകം പൂക്കുന്നത്?
ഈ കേച്ചേരിയിലെ മുറികളിലെന്നും ചെമ്പകം പൂത്തുനിന്നിരുന്നു.
ഇവിടെ വെറും നിലത്ത് വിയര്ത്ത് തളര്‍ന്നുകിടക്കുമ്പോള്
‍പലപ്പോഴും രമ്യയുടെ കണ്ണുകള്‍ ചെമ്പകപ്പൂവിനുവേണ്ടി പരതും.
കച്ചേരി നിലവറയില്‍ കള്ളിനുപോലും ചെമ്പകമണമാണെന്ന്
കൊതിപ്പിച്ച്എത്രപേരെ ഇവിടേക്കാകര്‍ഷിച്ചിരിക്കുന്നു.
ഒരുപക്ഷേ നിലവറയില്‍ കാണാമറയത്തെപ്പോഴും
ഒരു ചെമ്പകം പൂത്തുനില്പ്പുണ്ടാവാം.

“പണ്ട് നമ്മുടെ എത്രയെത്ര ‌വീരസാഹസിക കഥകള്‍ക്ക്
കാതോര്‍ത്തുനിന്ന ചുമരുകളാണിത്”.
‘പണ്ട്” എന്നവാക്കിന്‍ പിന്തുണ കിട്ടാനാവണം താടിയിലെ നരച്ച് രോമങ്ങള്‍ പിടിച്ച്
മെല്ലെ വലിച്ചുകൊണ്ട് ഈര്‍പ്പമുള്ള ചുമില്‍ അര്‍ഷാദ് മുഖം ചേര്ത്ത്നിന്നു.
“നാളെ ജെസിബി കടപുഴക്കിക്കൊണ്ടുപോകുന്നത്
ചോര്‍ന്നൊലിക്കുന്ന പഴയൊരു കച്ചേരി മാളികമാത്രമല്ല;
നമ്മുടെ ഇനിയും ചോര്‍ന്നൊലിക്കാത്ത ഓര്‍മ്മകളുടെ സ്മാരകത്തേയാണ്.”
അര്‍ഷാദിലെ ഉറങ്ങിക്കിടന്ന പഴയ നാടക നടന്‍ ഉണര്‍ന്നു കഴിഞ്ഞു.

“എന്നാലും ആ ചെമ്പകമണം ബാക്കിയുണ്ടാവും”
പ്രകാശന്‍ അതു പറഞ്ഞപ്പോള്‍ ഉണ്ണിയുടെ കണ്ണൊന്നു പിടഞ്ഞു.
അവനും അതുതന്നെ ചിന്തിക്കുകയായിരുന്നോ?
ദേവകിയുടെ അഞ്ചാമത്തെകുഞ്ഞ് ഒരു മൂലയില്‍ മരിച്ചുകിടന്നു.

“ചെമ്പകമണത്തിനൊരാളെക്കൊല്ലാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിയാമോ?”
പ്രകാശന്‍ ആരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ദേ ഇവന് പിന്നെയും പ്രാന്തിളകി”
തറയില്‍ കൈകള്‍ ആഞ്ഞുതല്ലി അര്‍ഷാദ് അലറിച്ചിരിച്ചു.
ഉണ്ണി പക്ഷേ ചിരിച്ചില്ല.
അര്‍ഷാദ് രണ്ടുപേരെയും മാറിമാറിനോക്കി ചിരി നിര്ത്തി.
പ്രകാശന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
“വായിലും മൂക്കിലും ചെമ്പകമണം നിറഞ്ഞ്…ശ്വാസം മുട്ടി..
ഉവ്വ്. എന്‍റെ മരണം അങ്ങിനെയായിരിക്കും”
അര്‍ഷാദിന്‍റെ ചിരി വീണ്ടും മുറിനിറഞ്ഞ് പുറത്തേക്കൊഴുകി.

അസ്തമയ സൂര്യനെ നിറച്ചുവച്ച സ്ഫടിക ഗ്ലാസ്സിനോടു പ്രകാശന്‍ സംസാരിച്ചുകൊണ്ടിരുന്നു.
“ഈ കേച്ചേരിയുടെ താഴെയുള്ള നിലവറയിലാണ്
ഞാനെന്‍റെ ഓപ്പോളിനെ അവസാനം കാണുന്നത്.
ആടുന്ന മലമുണങ്ങിപ്പിടിച്ച രണ്ടുകാലുകള്‍ മാത്രമേ എനിക്കോര്മ്മയുള്ളൂ.
പിന്നെ മുറിയില്‍ നിറഞ്ഞുനിന്നിരുന്ന ചെമ്പകംപൂത്തമണവും.
ഓപ്പോളുടെ മുടിയില്‍ എപ്പോഴും ചെമ്പകപ്പൂക്കളുണ്ടാവും”
പറഞ്ഞുകൊണ്ടിരുന്ന ഭ്രാന്തിന്‍റെ തുടര്‍ച്ചക്കായി കരുതിയിരുന്ന ചിരികളുടെ
അവസാന ഇതളും മുറിയില്‍ കൊഴിഞ്ഞു വീണു.
ഇന്നത്തെ ഒത്തുചേരലിന്‍ ഈ പഴയ കേച്ചേരിമതിയെന്നു
തീരുമാനിക്കാന്‍ തോന്നിയ നിമിഷത്തെ അര്‍ഷാദ് ശപിച്ചുതുടങ്ങിയിരുന്നു.
ഉണ്ണിക്ക് തലയൊന്നുയര്‍ത്താന്‍ പോലുമായില്ല.
സുധേടത്തി അമ്പലക്കുളത്തില്‍ വീണുമരിച്ചൂന്നാ ഈ നിമിഷം വരെ കരുതീര്ന്നത്.
അതൊരു ആത്മഹത്യയായിരുന്നൂ എന്നുള്ളതിനേക്കാള്
‍ഇവിടുത്തെ നിലവറയ്ക്കുള്ളിലായിരുന്നൂന്നുള്ള അറിവാണ് തലപെരുപ്പിക്കുന്നത്.
ആറാമത്തെ കുഞ്ഞിന്‍റെ കഴുത്തില്‍ അര്ഷാദിന്‍റെ പിടിമുറുകി.

“ഓപ്പോളുടെ വയറ്റില്‍ വളര്‍ച്ച തുടങ്ങിയിരുന്ന കുഞ്ഞ്
നാളെ എന്നെ എന്തു വിളിക്കുമെന്നോര്‍ത്ത് പിന്നെ തലപെരുപ്പിക്കേണ്ടി വന്നില്ല.
പക്ഷെ, വീര്‍ത്തവയറുമായി പീന്നീടെന്‍റെ ഉറക്കങ്ങളില്‍ ഓപ്പോള്‍ ഇഴഞ്ഞുകയറി.
ഉറക്കം പിടഞ്ഞുണരുമ്പോള്‍ മുറിക്കുള്ളില്‍ തുളുമ്പി നില്ക്കുന്ന ചെമ്പകത്തിന്‍റെ മണം ഞാനറിഞ്ഞിരുന്നു.”
പ്രകാശന്‍ ആഞ്ഞു ശ്വസിച്ചു. എന്നിട്ട് ചിരിച്ചു.
“ഒരുപക്ഷേ ഇന്നത്തെ കഴിഞ്ഞാല്‍ അതുണ്ടാവില്ല.”

തണുപ്പ് ശരീരവും കടന്ന് മനസ്സിലേക്കിറങ്ങിയപ്പോള്‍ ഉണ്ണി മുറിതുറന്ന് പുറത്തേക്കിറങ്ങി.
ചെമ്പകപ്പൂവിന്‍റെ മണം ഉണ്ണിയുടെ കവിളില്‍ തലോടി തിരികെപോയി.
ഇരുട്ട് വഴിവിഴുങ്ങിക്കഴിഞ്ഞിരുന്നു.
പേടി തോന്നിയപ്പോള്‍ ഉണ്ണി ഏട്ടനെ വിളിച്ചു.
“രാത്രിയിങ്ങനെ ഒറ്റക്കെറങ്ങി നടക്കരുതെന്നു ഞാന്‍ പറയാറില്ലേ?
പേടിണ്ടെങ്കില്‍ ന്‍റെ കയ്യില്‍ മുറുകെ പിടിച്ചോളൂ ഉണ്ണി,”
മുന്നില്‍ കണ്ട ചൂണ്ടുവിരലില്‍ കൈമുറുക്കിയപ്പോള്‍ ഏട്ടന്‍ ശബ്ദമടക്കി ചിരിച്ചു.
“നിന്‍റെ നിഴലായുണ്ടാവും മാടനും മറുതയും.
വഴിയും ദിശയും മറച്ച് നിന്നെ കളിപ്പിക്കാന്‍ ഇരുളുപുതച്ച്
പൊട്ടന്‍ പതുങ്ങിനില്പ്പുണ്ടാവും.
ഏട്ടന്‍റെ ശ്വാസത്തിന്‍റെ ചൂട് ഉണ്ണിയുടെ ചെവിയറിഞ്ഞു.
“നിന്നെ കാക്കാന്‍ ചെമ്പകപ്പുവിന്‍റെ മണമിനിയില്ലുണ്ണീ.”

ഏഴാമത്തെ കുഞ്ഞും അര്ഷാദും ഏത്തായി ഒലിപ്പിച്ച്
മുഖത്തോട് മുഖം നോക്കി കിടന്നു.
പ്രകാശന്‍ കൈകള്‍ വിടര്ത്തി ചിരിച്ചു.
“വന്നുവല്ലേ!”

Labels:

11 Comments:

Blogger അതുല്യ said...

ഞാന്‍ ദേഷ്യത്തിലാണു ഉണ്ണിയോട്‌.

1/03/2008 8:26 PM  
Blogger പ്രയാസി said...

???
HO!

1/03/2008 8:41 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യൊ!!!

1/03/2008 10:23 PM  
Blogger അപര്‍ണ്ണ said...

കാത്തിരുന്നത്‌ വെറുതെയായില്ല. ചെമ്പകപ്പൂവിന്‌ പ്രണയത്തിന്റെ മണമായിരുന്നു മനസ്സിലിതുവരെ. മരണത്തിന്റെ മണമാണല്ലേ രാജീവേട്ടാ?(രണ്ടും ഒന്നു തന്നെയോ? :-)).
------
ഇതുങ്ങളുടെ ഇടയില്‍ പെട്ട്‌ പോയാല്‍ പാവം അര്‍ഷാദ്‌ കുപ്പി തല്ലിയുടക്കാതെ വേറെന്തു ചെയ്യാന്‍? ;-)
തിരുവാതിര പരാമര്‍ശിക്കുന്ന ഭാഗം - മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റം. ഹും, അന്നൊക്കെ ആരറിഞ്ഞു ഒക്കെ അതോടെ തീര്‍ന്നെന്ന്. :-(

1/03/2008 11:12 PM  
Blogger ശ്രീലാല്‍ said...

നാളത്തേയ്ക്കു വായിക്കാന്‍ മാര്‍ക്ക് ചെയ്യുന്നു ഈ കഥ.

1/04/2008 7:46 AM  
Blogger കുറുമാന്‍ said...

അയ്യോ കുറച്ച് മാസങ്ങള്‍ക്കുശേഷം ഉണ്ണി വന്നത് തികച്ചും വ്യത്യസ്തനായിട്ടാണല്ലോ രാജീവ്. ഉണ്ണിയുടെ ഈ സ്വഭാവം എനിക്കത്ര പിടിക്കുന്നില്ലാട്ടോ....പഴയ ഉണ്ണിയാ നല്ലത്.

1/04/2008 11:15 AM  
Blogger അഭിലാഷങ്ങള്‍ said...

ങേ!?

1/07/2008 8:30 AM  
Blogger aneeshans said...

എന്തൊക്കെ പറഞ്ഞാലും സംഭവം തൊട്ടു , വല്ലാതെ തൊട്ടു.

1/07/2008 8:44 AM  
Blogger ലേഖാവിജയ് said...

ചെമ്പകം മണക്കുന്നെങ്കിലും വല്ലാത്തൊരു വിമ്മിട്ടവും കൂടെ..

1/07/2008 2:25 PM  
Blogger asdfasdf asfdasdf said...

ധനുമാസത്തിലാണോ ചെമ്പകം പൂക്കുന്നത്?
അദന്ന്യ എനിക്കും ചോദിക്കാനുള്ളത് !

1/22/2008 12:41 PM  
Blogger ഉപാസന || Upasana said...

പ്രിയ സാക്ഷി,

ആദ്യമായാണിവിടെ എന്ന് തോന്നുന്നു.
പല കഥകളും വിസ്മയിപ്പിക്കുന്നു.
ബിംബങ്ങളുടെ കലവറ..!

ചെമ്പകം, ഓപ്പോള്‍, ഏട്ടന്‍...
എന്തോ ഞാനെന്റെ ഏട്ടനേയും കുട്ടിക്കാലത്ത് വീട്ടുമുറ്റത്തുണ്ടായിരുന്ന ചെമ്പകത്തേയും ഒക്കെ ഓര്‍ത്തു പോയി.
നൊസ്റ്റാള്‍ജിക്.

നല്ല എഴുത്തിന് ആശംസകള്‍
:-)
എന്നും സ്നേഃഅത്തോടെ
ഉപാസന

ഓ. ടോ: “ഉണ്ണി” എന്ന വിളിയില്‍ ഗുരുസാഗരത്തെ അറിയുന്നു ഞാന്‍. എന്തെങ്കിലും വിജയന്‍ എഫക്ട്..?
;-)

5/06/2008 2:56 PM  

Post a Comment

<< Home

Creative Commons License