Monday, April 21, 2008

വെള്ളെഴുത്തുകാഴ്ചകള്‍


'എന്തേയ് ഒന്നും മിണ്ടാതിരിക്കണേ'യെന്നവര്‍‍‍ ചോദിച്ചപ്പോണ്
അക്കാര്യം ശ്രദ്ധയില്‍പ്പെടുന്നതു തന്നെ.
കുറച്ചു ദിവസങ്ങളായെന്നു തോന്നുന്നു എന്തെങ്കിലുമൊന്ന് സംസാരിച്ചിട്ട്.
അപ്പുക്കുട്ടന്‍റെ കടയില്‍ അവസാനമായി ചായകുടിക്കാന്‍ പോയതെന്നായിരുന്നു?
അന്നവനോടെന്തോ സംസാരിച്ചതോര്‍മ്മയുണ്ട്.
പിന്നെ.. ഇല്ല. അതിനുശേഷം ഇല്ല!

ഇവരുടെ കഷായം വാങ്ങാന്‍ പടിഞ്ഞാറോട്ട് പോയത് അതിനും മുമ്പാണ്.
പിന്നെ കശുണ്ടി പെറുക്കാന്‍ പൊക്കത്തുപോയിരുന്നു.
പോയപ്പോള്‍ കല്യാണിയേയോ വറുതപ്പനേയോ കണ്ടിരുന്നോ?
ചായക്കടയില്‍ പോയി ചായ കുടിക്കുന്നത് ഇഷടമല്ലെങ്കില്‍
നേരിട്ട് പറയാമായിരുന്നല്ലോ.
ഏതായാലും ഇനി അപ്പുക്കുട്ടനൊരു ബുദ്ധിമുട്ടാവണ്ട.
അതും നിര്‍ത്തി.
'ഉണ്ണി വന്നോ?'
മുഖമുയര്‍ത്തി നോക്കി.
ആ ചോദ്യത്തിനു അവര്‍ മറുപടി പ്രതീക്ഷിക്കുന്നില്ല.
അതിനെന്നല്ല,
ചോദിക്കുന്നതെല്ലാം അപ്പോള്‍ തന്നെ മറന്നുപോകുന്നതുകൊണ്ട്
എന്തുപറയുമെന്നോര്‍ത്ത് വിഷമിക്കേണ്ട.
ആദ്യമൊക്കെ എന്തു ചോദിച്ചാലും പറഞ്ഞുകൊടുത്തിരുന്നു.
ദിവസം പത്തും ഇരുപതും തവണ ഒരേ ചോദ്യങ്ങള്‍ക്ക്
ഒരുപാടുത്തരങ്ങള്‍.
അത്താഴമായോ?
പാടത്തെ കൊയ്ത്തുകഴിഞോ?
എന്നാ ആശുപത്രീല്‍ പോവണ്ടേ?
ആ ചുമന്ന ഗുളിക കഴിഞോ?
ചാച്ചട്ടി ഇറക്കിമേഞ്ഞോ?
പുറത്ത് മഴ പെയ്യണുണ്ടോ?
ന്‍റെ മുണ്ടലക്കാന്‍ കൊടുത്തോ?
അവള്‍ക്കിതേതാ മാസം?
ഓരോ ദിവസോം പുതിയ പുതിയ ഉത്തരങ്ങള്‍ ഒരു രസായിരുന്നു.
പിന്നെ ആ കളിയും മടുത്തു.
ഇനി താന്‍ ചോദ്യങ്ങള്‍ ചോദിക്കേം അവരുത്തരം പറയേം ചെയ്തിരുന്നെങ്കില്‍
കുറച്ചുകാലം കൂടി കളി തുടരായിരുന്നു.
കുറേ കാലാമായി അവര്‍ ചോദ്യങ്ങളില്‍ കൂടി മാത്രമായിരുന്നു
തന്നോട് സംസാരിച്ചിരുന്നത്.
ഉത്തരങ്ങളില്ലാത്ത ജീവിതം അവര്‍ക്കൊരു ശീലമായിക്കഴിഞു.
പക്ഷെ ആ ചോദ്യങ്ങളില്ലാത്തൊരു ജീവിതം തന്‍റെ കേള്വിയേക്കൂടി കവര്‍ന്നെടുത്തേക്കും.
ചോദ്യങ്ങളില്ലാത്തെ ഇടവേളകള്‍ തന്ന വിരസതയാണ്,
ഉമ്മറത്തെ ഫൈബര്‍ കസേരയിലെ തലതൂക്കിയിട്ടുള്ള പകലുറക്കം ശീലിപ്പിച്ചത്.
പകരം രാത്രികളില്‍ ഗതി കിട്ടാതെ വീടിനുചുറ്റും പറന്നുനടന്നു.
ആ നടത്തം ഒരു സുഖാണ്.
വഴിയില്‍ വീണുപോയോരൊക്കെ കൂടെ കൂടും.
നീരുവന്ന കാലു വലിച്ചുവെച്ച് ഏട്ടന്‍ വരും.
കയ്യിലെ കുപ്പി വായിലോട്ടു കമിഴ്ത്തി,
മുന്നിലേക്കുന്തി നില്‍ക്കുന്ന രണ്ട് പല്ലുകളും കാട്ടി ചിരിക്കും.
“ഈ കുടികാരണല്ലേയേട്ടാ നമുക്കിന്നിങ്ങനെ കാണേണ്ടി വരുന്നത്?”
കണ്ണുകള്‍ കുതിരുന്നതറിയാ‍തിരിക്കാന്‍ ഏട്ടന്‍ മൂവാണ്ടന്‍റെ
തുഞ്ചലായത്തേക്കു നോക്കും.
“ഇത്തവണ മാങ്ങ കുറവാ”
“ഇന്നമ്മുവോപ്പോളെ കണ്ടില്ലല്ലോയേട്ടാ.“
“അവളു വരുന്നുണ്ട്. നടക്കാന്‍ എന്‍റത്രൂടെ വയ്യ അവള്‍ക്ക്”
“വിശ്വം?“
“അവന്‍ ഇരുട്ടിലെവിടെയോ മാറിനില്‍പ്പുണ്ട്. നിനക്ക് മുഖം തരാന്‍ വയ്യ”
“നിക്ക് കാണണ്ട. കണ്ടാല്‍ തന്നോളായീന്ന് ഓര്‍ക്കില്ല.
ആ കുഞ്ഞിന്‍റെ മുഖമൊന്നോര്‍ത്താല്‍ ഇങ്ങനെ ചെയ്യാന്‍ തോന്ന്വോ?”
ചെന്തെങ്ങിനു പിന്നിലെ ഇരുട്ട് ഏങ്ങലടിച്ചു കരയുന്നതു കേള്‍ക്കാം.
കുറേ നേരം അങ്ങിനെ മിണ്ടീം പറഞ്ഞും ഒരുമിച്ചുനടക്കും.
പിന്നെ ഓരോരുത്തരായി വെളിച്ചത്തിലലിയും.
'എന്തേയ് ഒന്നും മിണ്ടാത്തെ?'
ഉത്തരം കിട്ടാതെ ചോദ്യം ആവര്‍ത്തിക്കുന്ന ശീലം ഇല്ലാത്തതാണല്ലോ?
മറുപടി പറയാന്‍ പറ്റണില്യാലോ.
കുറച്ചീസം മിണ്ടീല്യാച്ച് നാവുറയ്ക്കോ?
പിന്നേം ശ്രമിച്ചപ്പോള്‍ ഒരു വിക്രത ശബ്ദം പുറത്തേക്കു വന്നു.
നെഞ്ചില്‍ തടവിത്തരുന്നത് ഉണ്ണിയല്ലേ?
ഇവനെപ്പോഴാ പേര്‍ഷ്യേന്നു വന്നേ?
"ഇന്നലേം കൂടി അമ്മ ചോദിച്ചൊള്ളൂ നീ വന്നോന്ന്.
നീയ്യൊറ്റക്ക്യാ വന്നേ?
അവളും കുട്ട്യോളും എന്ത്യേ?
ചോദിച്ചതൊക്കെ തൊണ്ടയില്‍ കുടുങ്ങികുതറി.
കളി ഇപ്പോള്‍ തിരിഞ്ഞിരിക്കണു.
ഉത്തരം പറയാന്‍ അവരെവിടെ.
അവര്‍ക്ക് കേള്‍ക്കാന്‍ പറ്റിയേക്കും
കാണുന്നില്ലാലോ.
ഇത്ര നേരം ഇവടിണ്ടാരുന്നൂലോ.
ഉണ്ണി പക്ഷെ ഇവിടെത്തന്നെയുണ്ട്.
അവന്‍റെ ചാടി നിക്കണ വയറുകണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി.
"നീ വല്ലാതെ തടിച്ചിരിക്കണു"
"എന്തേ അച്ഛാ ഇങനെ ചിരിക്കുന്നേ"
ചിരി അല്പം കൂടിപ്പോയോ. നിര്‍ത്താന്‍ പറ്റണില്ല.
"ന്നെ ആ ഫൈബര്‍ കസേരയിലൊന്നിരുത്തോ. ഉറങ്ങാനാ."
അതും കേട്ടിട്ടുണ്ടാവില്ലേ.
കണ്ണുകളടഞ്ഞുപോകുന്നുണ്ട്. ഇരുട്ട് നിറയുന്നു.
കണ്ണിനുനേരെ വരുന്ന ഉണ്ണിയുടെ വിരലുകളായിരുന്നു അവസാനത്തെ കാഴ്ച.
"ഇനി കാലില്‍ നിന്നിതഴിക്കട്ടെ" ഉണ്ണിയല്ലേയത്.
അവസാനത്തെ കേള്വി.
കാലില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ഇരുമ്പിന്‍റെ തണുപ്പ്.
പകരം വിരലിന്‍റെ ചൂട്.
അവസാനത്തെ സ്പര്‍ശം.
അവരെവിടെ, നമുക്കിനി കളിമാറ്റിക്കളിക്കണ്ടേ.

Labels:

14 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നേരില്‍ കാണുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴുമെല്ലാം ഉണ്ണിയെ തിരികെത്തരാന്‍ വാശിപിടിക്കുന്ന കുറുമാന്..

4/21/2008 3:11 PM  
Blogger അപര്‍ണ്ണ said...

കളി മാറ്റിക്കളിക്കണമെന്ന് ഒരാഗ്രഹം ഇവിടെയും ഉണ്ട്‌ രാജീവേട്ടാ.
എനിക്കു നന്നേ പരിചയമുള്ള ആരെയൊക്കെയോ മുന്‍ നിര്‍ത്തി പറയുന്നതു കൊണ്ട്‌ വായിച്ചാലും വായിച്ചാലും മതിയാവില്ല. :)

4/21/2008 3:30 PM  
Blogger കരീം മാഷ്‌ said...

ആ വരകളൊന്നാദ്യം ആസ്വദിക്കട്ടെ എന്നിട്ടാവാം വരികള്‍.
തിരിച്ചു വരാന്‍ തോന്നിയ സന്മനസ്സിനാദ്യം നന്ദി.
കോറിയിടുന്ന വരകള്‍ക്കും ഓരായിരം നന്ദി

4/21/2008 3:36 PM  
Blogger വെള്ളെഴുത്ത് said...

എന്നെ ആരോ വിളിച്ചെന്നു വിചാരിച്ച് ഓടിപ്പിടച്ച്ക്കിതച്ചെത്തിയതാണ്.. അയ്യടാന്നായിപ്പോയി.. എതായാലും വന്നതല്ലേ.. ഇനി ഉണ്ടിട്ടു പോകാമെന്ന്.. ഉണ്ടു..കൊള്ളാം.. അച്ചാറ് ഗംഭീരം. :)

4/21/2008 9:57 PM  
Anonymous Anonymous said...

എഴുത്ത് ഇത്രയും കുറയ്ക്കുന്നത് കഷ്ടമാണ്. ഉണ്ണിക്ക് ഇടക്കൊന്നു വന്നു പൊയ്ക്കൂടേ..

4/21/2008 10:34 PM  
Blogger കുറുമാന്‍ said...

സാക്ഷീ, ഉണ്ണിയെ തിരികെ തന്നതിന് നന്ദി.

നിറഞ്ഞു, വയറു നിറഞ്ഞു. സന്തോഷായി. ഇനി ഉണ്ണി ഇവിട്യോക്കെ തന്നെ കാണണം. ഞങ്ങള് വിട്ട് ദൂരത്തേക്കൊന്നും പോകരുത്.

ഈ വെള്ളെഴുത്തുകാഴ്ചകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.


വേഡ് വെരി വേണോ?

4/22/2008 9:12 AM  
Blogger കുറുമാന്‍ said...

This comment has been removed by the author.

4/22/2008 9:13 AM  
Blogger asdfasdf asfdasdf said...

ഉണ്ണി വന്നൂല്ലേ..ഇനി ങ്ടും പോണ്ടാ ട്ടോ..

4/22/2008 9:38 AM  
Blogger അനില്‍ശ്രീ... said...

രാജീവേ .. നന്നായി.. ഇനി ഇവിടെ തന്നെ കാണുമെന്ന് പ്രതീക്ഷിക്കട്ടെ. ..

NB:
ഒരു ദുബായ് മീറ്റ് കൊണ്ട് ഇത്രയെങ്കിലും ആയല്ലോ,, ഉണ്ണി തിരികെ വന്നില്ലേ...

4/22/2008 11:40 AM  
Blogger സജീവ് കടവനാട് said...

അരണ്ട നിലാവിലൂടെ ഉണ്ണ്യേം അച്ഛനേം അച്ഛമ്മയേം കണ്ടു. വഴീലു വിണ്ണുപോയോരുടെ ആത്മാക്കളേം...

ഉണ്ണി ഇനി എങ്ങടും പോണ്ട...കഥയുടെ ഈ ചങ്ങല കാലില്‍ കുരുക്കി ഇവിടിരുന്നോളണ്ടൂ...

4/22/2008 1:14 PM  
Blogger കണ്ണൂസ്‌ said...

നീ കല്യാണം കഴിക്കണ്ടാര്‍ന്നു. :)

4/22/2008 10:03 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കണ്ണൂസ് ഭായ്, പണ്ട് ഞാന്‍ നാട്ടീന്ന് ഇവിടേക്ക് കുറ്റീം പറിച്ച് പോരുന്നതിനു വളരെ മുമ്പുണ്ടായ സംഭവാണ്. ഞങ്ങള്‍ കുറച്ചുപേര്‍ അവിടെ ജംഗ്ഷനില്‍ കത്തിയടിച്ചു നില്‍ക്കുവായിരുന്നു. അപ്പോള്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരു നാട്ടുകാരന്‍ ഞങ്ങളുടെ അടുത്തു കാറുനിര്‍ത്തിയിറങ്ങി വന്നു. എന്‍റെ കയ്യില്‍ നിന്നും സൈക്കിള്‍ വാങ്ങി ചവുട്ടീട്ട് പറഞ്ഞു; "കുറേ കാലായി ചവിട്ടാതിരുന്നപ്പോള്‍ എല്ലാം മറന്നുപോയി" അന്നു അയാളെ കുറേയേറെ കളിയാക്കീരുന്നു.
പക്ഷെ ഇപ്പൊ അയാളു പറഞ്ഞതു ശ്ശര്യാന്നു മനസ്സിലായി. കുറച്ചുകാലം ചവുട്ടാതിരുന്നാല്‍ സൈക്കിളു ചവിട്ടാനും മറക്കും ട്ടോ. ;)

4/22/2008 11:03 PM  
Blogger Visala Manaskan said...

:) ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. ഒരുപാട് കാരണങ്ങള്‍!

4/23/2008 7:26 AM  
Blogger കുഞ്ഞന്‍ said...

വായിച്ചു കഴിയുമ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന രൂപങ്ങള്‍ ചിരിക്കുന്നു, കളി മാറ്റാന്‍..!

ഇഷ്ടപ്പെട്ടു.

4/23/2008 8:03 AM  

Post a Comment

<< Home

Creative Commons License