Sunday, February 12, 2006

വെളിച്ചപ്പാട്


വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയായിരുന്നു. കണ്ണെടുക്കാതെ അവന്‍ അച്ഛനെത്തന്നെ നോക്കി നിന്നു. എന്തെങ്കിലും വയ്യായ്ക, തളര്‍ച്ച.. വയസ്സൊരുപാടായി. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നതാണ്. അച്ഛന്‍ കൂട്ടാക്കിയില്ല. കുളിച്ചീറനായി ചുവന്ന പട്ടുടുത്ത് അവനൊരുങ്ങിയിറങ്ങിയതാ, കരഞ്ഞു കാലു പിടിച്ചിട്ടും സമ്മതിച്ചില്ല.

കിഴക്കേ നടയില്‍ നിന്നും അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് കരോട്ടേക്കോടിക്കയറി. അച്ഛന്‍റെ ശബ്ദം ഇടറുന്നുണ്ട്. ശരീരം വേച്ചുപോവുന്നുണ്ടോ? അരമണിയുടെ കിലുക്കത്തിലും താളംതെറ്റിയ കിതപ്പവന്‍ തിരിച്ചറിഞ്ഞു. കരോട്ടമ്മേ അച്ഛനെ കാത്തോളണേ.

"ദേവീ.." വെളിച്ചപ്പാട് അലറി വിളിച്ചു. അതോ കരഞ്ഞതോ. വാളെടുത്ത് തലയില്‍ അഞ്ഞാഞ്ഞ് വെട്ടിയപ്പോള്‍ അവന് അച്ഛന്‍റെ കയ്യില്‍ കയറി പിടിക്കണമെന്നുണ്ടായിരുന്നു. തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകി. ചോര മൂടുന്ന കാഴ്ച്ചയ്ക്കിടയിലൂടെ മുഖം പൊത്തി നില്‍ക്കുന്ന മകനെ അയാള്‍ നോക്കി, പിന്നെ ദേവിയേയും. ചിരിക്കുന്ന സ്വര്‍ണ്ണ ഗോളകക്കുള്ളില്‍ ദേവിയും മുഖം മറച്ചിരുന്നു.

Labels:

13 Comments:

Blogger അതുല്യ said...

എനിക്കു പേടിയാവുന്നു സാക്ഷീ... ഇങ്ങനെത്തെ ഒന്നും എഴുതണ്ട. പണ്ടേ എനിക്കു പേടിയാ ഈ കൂട്ടത്തെയും പിന്നെ അമ്മൻ കൊട തുള്ളി, നാവിലു ശൂലം തറച്ചു വരുന്നവരേയും. വീട്ടിലു പറയും, ഈ ആളുകളു വന്നാ, കുട്ടികളുടെ കള്ളം ഒക്കെ വിളിച്ചു പറയും, പ്രത്യേകിച്ച്‌, പ്രോഗ്രസ്സ്‌ റിപ്പോർട്ട്‌ കാട്ടാത്ത കുട്ടികളുടെ കാര്യം. ഭസ്മം തരാൻ അന്വേഷിക്കുമ്പോ, ഞാൻ മാത്രം ഓവു മുറീലു ഇരിയ്കും. അത്രയ്കു നല്ല മാർക്ക്‌ ആയിരുന്ന്. (ഏതിലാടാ 85 ന്ന് ചോദിച്ചപ്പോ..... അതു അമ്മമ്മേ... എല്ലാത്തിന്റെയും കൂടി കൂട്ടുമ്പോ....).

പടം....... ഇതാണു വര......... ആ ഹൂസൈനോട്‌ ഒന്ന് കണ്ൺ തുറക്കാൻ പറയ്‌വോ ആരെങ്കിലും....

2/13/2006 1:12 PM  
Blogger Sreejith K. said...

ഇതിത്തിരി post modern ആയിപ്പോയി. എന്നാലും നന്നായിട്ടുണ്ട്. അതുല്യചേച്ചിയുടെ കമ്മന്റും കസറി. പടം ഇതുവരേക്കുല്ലതിലും വച്ചു ഏറ്റവും മികച്ചത്. അഭിനന്ദനങ്ങള്‍.

2/13/2006 1:20 PM  
Blogger Kumar Neelakantan © (Kumar NM) said...

സാക്ഷീ നല്ല വര.

2/13/2006 1:36 PM  
Blogger സൂഫി said...

സാക്ഷിക്ക്,
ഇല്ലസ്ടേഷൻ വളരെ മനോഹരമായിരിക്കുന്നു. ശരിക്കും, ഒരു വാട്ടറ് കളറ് ടച്ച്..

2/13/2006 1:45 PM  
Blogger Adithyan said...

സാക്ഷീ നന്നായിരിക്കുന്നു...

ഉറഞ്ഞുതുള്ളാനും അനുഗ്രഹിക്കാനും പ്രതിപുരുഷന്റെ ദേഹത്ത്‌ പരകായപ്രവേശം നടത്തുന്ന ദേവീസങ്കൽപ്പം ....

ബലി, ത്യാഗം, വേദന, സഹനം ഇവയൊക്കെ ഭക്തിയോട്‌ ചേർത്തുവെയ്ക്കപ്പെട്ടതെന്തെ?

2/13/2006 2:11 PM  
Blogger ചില നേരത്ത്.. said...

വളരെ മനോഹരമായിരിക്കുന്നു.
കടും ചുവപ്പിലുള്ള വസ്ത്രങ്ങളും കഴുത്തില്‍ കുങ്കുമപൂവ് കോര്‍ത്ത മാലയും കൂടെ വെളിച്ചപ്പാട് അണിഞ്ഞിരുന്നതായി കണ്ടിട്ടുണ്ട്.

2/13/2006 2:53 PM  
Blogger Visala Manaskan said...

വെളിച്ചപ്പാടും ഗംഭീരം.

അതുല്യ പറഞ്ഞപോലെ, ആ ഹുസൈനാരെ ഇതൊന്നു കാണിക്കേണ്ടത്‌ തന്നെ.

ഒരു ഓഫ്‌ റ്റോപ്പിക്ക്‌:
രണ്ടുകൊല്ലം മുൻപ്‌ കരാമയിൽ വച്ച്‌, ഹുസൈൻ ജി, എന്റെ വണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നോക്കി.

'ദെങ്ങട്‌ നോക്ക്യരോ നടക്കണേ' എന്ന തൃശ്ശൂരിയൻ ഡയലോഗ്‌ ഡെഡിക്കേറ്റ്‌ ചെയ്യാൻ ചില്ല് താഴ്ത്തിയപ്പോഴാല്ലേ ആളെ മനസ്സിലായേ.

സംഗതി, മൂപ്പരെ പടമാക്കിയിരുന്നെങ്കിൽ നമുക്ക്‌ ഇന്റർനാഷണൽ കവറേജൊക്കെ കിട്ടിപ്പോയേനേ.! കഷ്ടായിപ്പോയി!!

2/13/2006 3:16 PM  
Blogger അതുല്യ said...

ഇബ്രുവേ.. അല്ലെങ്കിലും സാക്ഷീടെ വരയിലൊന്നിലുമൊരിക്കലും (ഹാവു.....), ഞാൻ കണ്ണും, മൂക്കും, വായും, മുഖത്തെ ചുളിവും,മാറിലെ രോമവും, മുത്തശ്ശീടെ രൌക്കേടെ നെഞ്ച്‌ കുഴിയും ഒന്നും കണ്ടിട്ടില്ലാ. പണ്ട്‌ ഒരു മംഗല്യ ഭാഗ്യമില്ലാത്തെ ഒരു പൈങ്കിളി വാതിലിൻ മറവിലു നിൽപ്പുണ്ടായിരുന്നു. ഒരു കോവയ്കാ ഷേപ്പിലേ വര കൊണ്ട്‌ അവളെ ഒതുക്കി സാക്ഷീ. ഒക്കെ നമ്മളു മനസ്സിലു കണ്ട്‌, വരേലു നോക്കി അറിഞ്ഞോണം. അലെങ്കിലും പണ്ട്‌ ഒരു അധിക പ്രസംഗി വര മൽസരത്തിലു, ഒരു നീണ്ട വരയും,‌-------------- ഒരു "റ" യും അതിനു മുകളിലു വരച്ചു വച്ചു. ടീച്ചർ ചോദിച്ച പറഞ്ഞു, മതിലിന്റെ അപ്രത്തു കൂടെ ഒരു ആന പോണൂ ന്ന്....

ദേ സാക്ഷീയും പിണങ്ങി...

2/13/2006 4:35 PM  
Anonymous Anonymous said...

തെയ്യത്തിന്റെ ഫോട്ടൊ എടുത്തപ്പോ വെളിച്ചപാടിന്റെ ഫോട്ടൊയും എടുക്കാനിരുന്നതാ.വാളിലെ മണിയും കിലൂക്കി രൌദ്രഭാവത്തോടെ എന്റെ നേര്‍ക്കോടി വന്നു. പേടിച്ചു വിറച്ചു പോയി ഞാന്‍.ദേ, സാക്ഷീപ്പോ ന്നെ വീണ്ടും പേടിപ്പിച്ചു.

2/13/2006 4:58 PM  
Blogger സ്വാര്‍ത്ഥന്‍ said...

കരോട്ടമ്മേ... കാത്തോളണേ...

2/13/2006 8:46 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കളിയാക്കണ്ടാ അതുല്യേച്ചി. ജീവിച്ചുപൊക്കോട്ടെ.

ശ്രീജിത്ത്, കുമാര്‍, സൂഫി, ആദിത്യന്‍ നന്ദി.

ഇബ്രു, നമ്മുടെ വരയൊക്കെ ഒരു ഒപ്പിക്കലല്ലേ.
അതുല്യേച്ചി പറഞ്ഞ മതിലിന്‍റെ അപ്രത്തെ ആനപോലെ.

വിശാലന്‍, പടമുണ്ടാകുന്ന മൂപ്പരെ പടമാക്കി പത്രത്തില്‍ പടം വരുത്താനായിരുന്നു പ്ലാന്‍ അല്ലേ.

തുളസിയെക്കണ്ടു പേടിച്ച വെളിച്ചപ്പാട് പനിച്ചുകിടപ്പിലായെന്നാണല്ലോ ഞാനറിഞ്ഞത്.;)

സ്വാര്‍ത്ഥാ നന്ദി.

2/15/2006 3:32 PM  
Blogger അരവിന്ദ് :: aravind said...

സാക്ഷിയുടെ വരയ്ക്കു 100/100 മാര്‍ക്കാണ്. അതിന്റെ കൂടെ ഭാവനയുള്ള എഴുത്തും കൂടെ ആകുമ്പോള്‍...നമിച്ചു മച്ചാ, നമിച്ചു.

വെളിച്ചപ്പാടിനെ കണ്ടപ്പോള്‍ പാപ്പിനിക്കാവില്‍ ഉത്സവത്തിനു വെളിച്ചപ്പാടു തല വെട്ടി ചോര ഒഴുകി, കണ്‍‌പോളയ്ക്കു മുകളില്‍ കെട്ടി നിന്നതു കണ്ട്, ഞാന്‍ പതുക്കെ കാറ്റു പോണ ബലൂണ്‍ പോലെ , ആടിക്കുഴഞ്ഞ് നിലത്തേയ്ക്കമര്‍ന്നതോര്‍മ്മ വന്നു.

2/15/2006 4:00 PM  
Blogger Activevoid said...

"An image is equivalent to 1000 words" എന്ന് ഏതൊ ഒരു മഹാനുഭാവന്‍ പറഞ്ഞതോര്‍ക്കുന്നു.

3/06/2006 10:03 PM  

Post a Comment

<< Home

Creative Commons License