Wednesday, February 22, 2006

അവന്‍കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും. ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണയും. പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട് വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും. കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്. കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല്‍ വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും. അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും. ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും ചോരയൊഴുകാന്‍ തുടങ്ങും. ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കണ്ണേറാക്കുന്നിലേക്കു പറക്കും. നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കണ്ണേറാക്കുന്നിലെ ഗന്ധര്‍വ്വന്‍ പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.

പാറയിലെ ഗന്ധര്‍വ്വന്‍, ശാപമോക്ഷത്തിന്‍റെ വെളിച്ചവും കൊണ്ട് കടക്കണ്ണില്‍ കാമവുമായി കണ്ണേറാക്കുന്നേറി വരുന്ന കന്യകയെ സ്വപ്നം കണ്ട് വിജൃംഭിതനായി. പാറവിണ്ട് കന്മദമൊഴുകി. ഗന്ധര്‍വ്വന്‍റെ അലര്‍ച്ചയില്‍ ഒഴുകാന്‍ മറന്ന കല്ലാറില്‍ നിലാവ് മരിച്ചുകിടന്നു. ഉണ്ണി കണ്ണുകളിറുക്കിയടച്ച് അമ്മുമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.

അമ്മുമ്മ ഉണ്ണിയ്ക്ക് കണ്ണേറാക്കുന്നിന്‍റെയും ഗന്ധര്‍വ്വന്‍റെയും കഥകള്‍ പറഞ്ഞുകൊടുത്തു.
കല്ലാറുകുന്ന് കണ്ണേറാക്കുന്നായ കഥ.

'സുന്ദരികളായിരുന്നു, കല്ലാറുകരയിലെ പെണ്ണുങ്ങള്‍. ലക്ഷണമൊത്തവര്‍, അരയും മുലയും തികഞ്ഞവര്‍. ഒരിക്കല്‍ കൊതി മൂത്തൊരു ഗന്ധര്‍വ്വന്‍ കല്ലാറുക്കുന്നില്‍ ചേക്കേറി. ആണിന്‍റെ ചൂരും ചൂടുമറിയാത്ത വയസ്സറിയിച്ച പെണ്‍കൊടികള്‍ ഉറക്കത്തില്‍ ഇറങ്ങി നടന്നു. ഒറ്റക്കിരുന്ന് പാടി. വീടുകളില്‍ ഉറങ്ങുന്ന കന്യകകള്‍ കല്ലാറുകുന്നിലെ പാറയില്‍ ഉണര്‍ന്നെഴുന്നേറ്റു. രാവിലെ അഴിഞ്ഞുലഞ്ഞ മുടിയുമായ് കല്ലാറുകുന്നിറങ്ങിവരുന്ന വരുന്ന പെണ്ണുങ്ങള്‍ പതിവുകാഴ്ചയായി.'

കണ്ണേറാക്കുന്നിലെ ഭൂതഗണങ്ങളുടെ അലര്‍ച്ചയ്ക്ക് കാതോര്‍ക്കാന്‍ ഉണ്ണി മറന്നു. വെളിച്ചപ്പൊട്ടുകള്‍ മാഞ്ഞു.
അമ്മുമ്മയുടെ കണ്ണുകള്‍ മുറ്റത്തെ ചെമ്പരത്തിയുടെ ചുറ്റും കട്ടകുത്തി നിന്ന ഇരുട്ടില്‍ നിന്നും വാക്കുകള്‍ വലിച്ചെടുത്തു.

'വഴിതെറ്റിയെത്തിയ പരദേശി മാന്ത്രികനു മുന്നില്‍ തോറ്റ ഗന്ധര്‍വ്വന്‍ പാറയില്‍ ലയിച്ചു.
കല്ലാറുകുന്നില്‍ പെരുവിരലൂന്നുന്ന കന്യകകള്‍ മാത്രം ഗന്ധര്‍വ്വന്‍റെ അവകാശമായി. ചകിരിയിട്ടൊരച്ചു കുളിപ്പിച്ച് തിറ്റമ്പേറ്റാനൊരുക്കിയ കൊമ്പന്‍റെ പോലെ കറുത്തിരുണ്ട ഗന്ധര്‍വ്വന്‍ പാറ. ദൂരെ നിന്നുകണ്ടവര്‍ തൊട്ടുനോക്കാന്‍ കൊതിച്ചു. തൊട്ടുനോക്കിയവര്‍ ഈയാംപാറ്റകളായി. അവരുടെ ചോരയില്‍ ഗന്ധര്‍വ്വന്‍ പാറ ഒന്നുകൂടി കറുത്തു. കല്ലേറാക്കുന്ന് കന്യകകേറാക്കുന്നും കണ്ണേറാക്കുന്നുമായി'

ഉണ്ണി എപ്പോഴോ ഉറങ്ങിതുടങ്ങിയിരുന്നു. ഉണ്ണിയുടെ മുന്നില്‍ പരദേശി മാന്ത്രികന്‍ മലത്തിലും ച്ഛലത്തിലും കുളിച്ചുകിടന്നു. മാന്ത്രികന്‍റെ നെഞ്ചിലെ അവസാന ശ്വാസത്തിനുമുകളില്‍ കാലമര്‍ത്തി നിന്നു ഗന്ധര്‍വ്വന്‍ ചിരിച്ചു. 'ഞാന്‍ തിരിച്ചു വരും' .

രാത്രി ഉണ്ണിയ്ക്ക് പനിച്ചു. ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു.
'അവന്‍ വരുന്നു.' അമ്മുമ്മ തെക്കേടത്തപ്പന് നേര്‍ച്ചകള്‍ നേര്‍ന്നു.
'ന്‍റുണ്ണ്യേ കാത്തോളണേ കാര്‍ന്നോമ്മാരേ'
ഉണ്ണി ഉറക്കത്തില്‍ കണ്ണേറാക്കുന്നു കണ്ടു.
അഴിഞ്ഞുലഞ്ഞ മുടിയുമായി കണ്ണില്‍ സുരതത്തിന്‍റെ തളര്‍ച്ചയുമായി പെണ്ണൊരുത്തി കണ്ണേറാക്കുന്നിറങ്ങി വന്നു. കല്ലാറുകരയെ നോക്കി ഗന്ധര്‍വ്വന്‍ ചിരിച്ചു.
ഉണ്ണി പറഞ്ഞു 'അവന്‍ വന്നു.'

പനി മാറി ഉണ്ണി വിയര്‍ത്തു.
അമ്മുമ്മയുടെ പൊടി വലിച്ചു വലുതായ മൂക്കില്‍ നോക്കി ഉണ്ണി ചിരിച്ചപ്പോള്‍
അമ്മുമ്മ പോയി ഉപ്പിട്ട പൊടിയരിക്കഞ്ഞികൊണ്ടു വന്നു.
കഞ്ഞിയുടെ ഉപ്പ് നാവറിഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുട്ട പപ്പടം തിന്നാന്‍ തോന്നി.
ഉണ്ണിയുടെ കാഴ്ചയുടെ മേല്‍ പാല് പാടകെട്ടാന്‍ തുടങ്ങിയിരുന്നു.
അമ്മുമ്മ വായില്‍ വച്ചുകൊടുത്ത പപ്പടത്തിന്‍റെ തുണ്ട് ഉമിനീരില്‍ കുതിര്‍ന്നു.

വടക്കോപ്രത്തെ മൂവാണ്ടന്‍ മാവിന്‍റെ കൊമ്പ് വീണ ഒച്ച കേട്ട്
കിണറ്റിലെ പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ചു പറന്നുപോയി.
ഉമ്മറത്തെ ചാച്ചിറക്കില്‍ ഉണ്ണി കോടിപുതച്ചുകിടന്നു.
നാലുകെട്ടിലെ ഇരുട്ടില്‍ ഉണ്ണിയുടെ ഏടത്തി ചമ്രംമടിഞ്ഞിരുന്ന് പാടാന്‍ തുടങ്ങി.

Labels:

15 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

:-)

2/26/2006 4:47 AM  
Blogger Visala Manaskan said...

'കഞ്ഞിയുടെ ഉപ്പ് നാവറിഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുട്ട പപ്പടം തിന്നാന്‍ തോന്നി'

എനിക്കും! :)

2/26/2006 7:46 AM  
Blogger അതുല്യ said...

സാക്ഷീ, ദയവായി പടം മാറ്റൂ. എനിക്ക് പേടിയാവുന്നു. കുറെ നേരം നോക്കിയപ്പോ,ഏതോ ഒരു തടിച്ച രോമമുള്ള കശ്മലൻ എന്റെ തോളിലു കൈ വച്ച പോലെ. ഇറങ്ങി വരുന്ന ചിത്രങ്ങൾ... അഭിനന്ദനങ്ങൾ.

ഇനി ഇപ്പോ ഉണ്ണിയ്കു പനിയുമായി. എപ്പഴാ ഇനി ഈ ഉണ്ണിനേം മുത്തശ്ശീനേം ഒന്ന് ഫ്രീയാക്കുക?

2/26/2006 12:44 PM  
Blogger viswaprabha വിശ്വപ്രഭ said...

രാജീവ്,


This is PURE EXCELLENCE!

I must read it many more times before I can write any more comments!


GREAT!

-വിശ്വം

2/26/2006 1:44 PM  
Blogger ദേവന്‍ said...

ഞാന്‍ ചെറിയ കുട്ടിയായിരിക്കുന്ന നാളിലൊന്നില്‍ പി സി സര്‍ക്കാരിന്‍റെ മിസ്റ്റിക്ക് നൈറ്റ് ക്ണ്ടു. സാക്ഷിയുടെയും സൂഫിയുടെയും ബ്ലോഗ്ഗുവായിക്കുന്നത് ‍അതുപോലത്തെ അനുഭവമാണ്.

2/26/2006 1:56 PM  
Blogger രാജ് said...

രാജീവിന് ഈ കഥ ഇനിയും നന്നാക്കാമായിരുന്നു.

2/26/2006 2:24 PM  
Anonymous Anonymous said...

aTuththakaalathth~ vaayichchathil nalla blOg pOst! Congrats.-S-

2/26/2006 6:32 PM  
Blogger nalan::നളന്‍ said...

വെളിച്ചപ്പാടിന്റേയും ഏട്ടത്തിയുടേയും വരകളായിരുന്നു എന്നെ കൂടുതല്‍ സ്വാധീനിച്ചത്. മൌസുകൊണ്ടെങ്ങനെയിതുസാധിക്കുന്നു (ടാബ്ലറ്റാണോ സാക്ഷി ഉപയോഗിക്കുന്നത് ?) അതിശയമയ!

ഇതില്‍ പക്ഷെ എഴുത്ത് മുഴച്ചുനില്‍ക്കുന്നു. തീവ്രത കൂടിവരുന്നത് വായനക്കാരന്റെ നല്ല കാലം!
പണ്ട് പറഞ്ഞപോലെ സാക്ഷിയുടെ ഭാഷ അനുഭവത്തിന്റെ ഭാഷയായിട്ടാണെനിക്കു തോന്നിയിട്ടുള്ളത്.
“ഉണ്ണിയുടെ കാഴ്ചയുടെ മേല്‍ പാല് പാടകെട്ടാന്‍ “ കഥകളെല്ലാമിങ്ങനെ പാടകെട്ടിയവസാനിപ്പിക്കേണ്ടതുണ്ടോ ?
ആശംസകളോടെ..

2/26/2006 11:45 PM  
Blogger ഇന്ദു | Preethy said...

നളന്‍ പറഞ്ഞ പോലെ തീവ്രമായ വായനാനുഭവം! വരയ്ക്ക് ഒരു പുതിയ ശൈലി പരീക്ഷിച്ചതാണോ?

2/26/2006 11:59 PM  
Blogger അരവിന്ദ് :: aravind said...

ഈ ഭാഷയേയും ഭാവനയേയും പറ്റി വിവരമില്ലാത്ത ഞാനെന്തു പറയാന്‍! അത്യുഗ്രന്‍ എന്നോ? അതു പോരാ.
ഈ ഭാഷ വശത്താക്കാനുള്ള വിദ്യ പറഞ്ഞു തരാമോ സാക്ഷീ, പെരിങ്ങോടരെ?

2/27/2006 11:50 AM  
Blogger സൂഫി said...

കണ്ണേറാക്കുന്നിലെ ഭൂതഗണങ്ങളും
കല്ലാറുകരയിലെ കന്യകമാരും സാക്ഷിയുടെ വരികളിൽ നിറഞ്ഞാടട്ടെ...

പെരിങ്ങോടര് പറഞ്ഞ പോലെ, കുറച്ച് കൂടി ഏകാഗ്രമാക്കേണ്ടിയിരുന്ന ഒരു കഥയായിരുന്നു ഇതു എന്നെനിക്കും തോന്നുന്നു..

കല്ലാറുകരയും കണ്ണേറാക്കുന്നും ഗന്ധര്‍വ്വന്‍ പാറയും കല്ലേറാക്കന്നുമായി ചിതറിക്കിടക്കുന്ന രൂപകങ്ങൾ
സാക്ഷി, താങ്കൾക്കു ഇതിലും നന്നായി എഴുതാൻ കഴിയും എന്നാണെന്റെ വിശ്വാസം!

2/27/2006 12:33 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

എന്താപ്പാ വരയും വാക്കുകളും..!

2/27/2006 3:33 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ശനിയന്‍, വിശാലന്‍, ദേവന്‍, അനോണി, വര്‍ണ്ണമേഖങ്ങള്‍ നന്ദി.

അതുല്യേച്ചി, പടം മാറ്റില്ല.
ഉണ്ണ്യേം മുത്തശ്ശ്യേം ഫ്രീയാക്കൂല്യ.
അപ്പൊഴോ?

ഇങ്ങനൊന്നും പറയല്ലേ വിശ്വേട്ടാ.

പെരിങ്ങോടാ, സൂഫി
ഓരോ പോസ്റ്റിടുമ്പോഴും ആള്‍ക്കൂട്ടത്തില്‍ നഗ്നനാക്കപ്പെട്ട കൌമാരക്കാരന്‍റെ അവസ്ഥാണ് എന്‍റെ. ഒന്നും ഒളിച്ചു വയ്ക്കാന്‍ കഴിയാതെ. ഞാനിത്രേയുള്ളൂ.. എനിക്കിത്രേയുള്ളൂ എന്ന് എല്ലാവരുടെയും മുന്നില്‍ തുറന്നുകാണിക്കുമ്പോള്‍ കണ്ണടച്ച് വെറുതെ ഇരുട്ടാക്കും. ഇതെഴുതുമ്പോള്‍ എന്‍റെ നഗ്നത എന്നത്തേക്കാളും ഞാനറിഞ്ഞിരുന്നു.

ഭാഷയും വാക്കുകളും ആശയവും കൂടുതല്‍ വ്യക്തതയുള്ളതാക്കാന്‍ മേലില്‍ ശ്രമിക്കാം.
നന്ദി. എന്നോടു കാണിച്ച താല്പര്യത്തിന്!!

നന്ദി ഇന്ദു. പരീക്ഷണങ്ങള്‍ ഒന്നുമില്ല. അറിയാതെ വന്നുപോകുന്നതാണ്.

നന്ദി നളന്‍. ഞാനൊരു സത്യം പറയട്ടെ. ഒരിക്കലും ഒരു ചിത്രവും ഞാനുദ്ദേശിക്കുന്ന പോലെ അവസാനിപ്പിക്കാന്‍ എനിക്കു കഴിയാറില്ല.
അപ്പോള്‍ ഞാനതിനെ അതിന്‍റെ വഴിക്കു വിടുന്നു.

എന്നെ പെരിങ്ങോടരോടു ചേര്‍ത്തെഴുതല്ലേ അരവിന്ദാ.
ബ്ലോഗുലകം ഒരിക്കലും മാപ്പുതരില്ല.
ആല്‍ത്തറയ്ക്കു ചുറ്റും വെറും നിലത്ത് ചമ്രം മടിഞ്ഞിരുന്ന് പെരിങ്ങോടരെ കേട്ടുകൊണ്ടിരിക്കുന്ന അനേകം ബ്ലോഗരുടെയിടയിലാണ് എന്‍റെയും സ്ഥാനം.

2/27/2006 4:33 PM  
Blogger അതുല്യ said...

സാക്ഷിക്കു ഭയങ്കര ഗമയായീലൊ, ഈ അതി വിനയം ഒക്കെ ഇത്രയ്യ്ക്കു വേണോ? ഞാനും പണ്ടു അങ്ങനെ ആയിരുന്നു.

കമന്റ്‌ എഴുത്യവരു ഒക്കെ ചിലപ്പോ വായിചിട്ടും കൂടി ഉണ്ടാവില്ല, എന്നാലും പറയും, ഒരുപാടു നന്നായിട്ടുണ്ടു, ഇനിയും ഇതു പോലേതെയ്‌ സംഭവങ്ങള്‍ എഴുതു എന്ന്. ചിലപ്പോ അതു അവരുടെ ആരെങ്കിലും മരിച്ചതിന്റെ ഖേദമറിയിപ്പാവനും സാധ്യത ഉണ്ടു.

2/27/2006 5:47 PM  
Blogger Sreejith K. said...

സാക്ഷി അല്ലാതെ അതുല്യച്ചേച്ചി പറയുന്നതു കേട്ട്‌ തുള്ളാന്‍ നില്‍ക്കുമോ. കുറേ ദിവസമായി നല്ല പോസ്റ്റ്‌ ഒന്നും എഴുതാന്‍ കിട്ടാത്തതിന്റെ ചൊരുക്കാ അതുല്യച്ചേച്ചിക്ക്‌. സാക്ഷിയുടെ പോസ്റ്റ്‌ കലക്കിയിട്ടുണ്ട്‌ സാക്ഷീ, ഞാനുണ്ട്‌ കൂടെ.

പിന്നെ വിനയവും എളിമയും. അത്‌ സാക്ഷിക്കും, എനിക്കുമൊക്കെ ഇത്തിരി കൂടിപ്പോയി. അതിന്‌ അസൂയപ്പെട്ടിട്ട്‌ ഒരു കാര്യവുമില്ല അതുല്യച്ചേച്ചി. ദൈര്യമുണ്ടെങ്കില്‍ ഒരു കഥ പെട്ടെന്ന് എഴുത്തിത്തീര്‍ത്തേ, നോക്കട്ടെ.

2/28/2006 10:46 PM  

Post a Comment

<< Home

Creative Commons License