Saturday, March 25, 2006

ഈയാമ്പാറ്റകള്‍


പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ പോയിനിന്നു. എത്ര കയ്യെത്തിച്ചിട്ടും അവള്‍ക്ക് മഴ തൊടാന്‍ കഴിഞ്ഞില്ല. കൈ നീട്ടും തോറും കാറ്റ് മഴയെ അവളില്‍ നിന്നും ദൂരത്തേക്ക് കൊണ്ടുപോയി. നാട്ടിലെ മഴയുടെ കരിമ്പച്ച നിറമില്ല. പുതുമണ്ണിന്‍റെ ഗന്ധമില്ല. നരച്ച മഴ. കാറ്റിന് ഉള്ളി ചീഞ്ഞ മണം. എന്നാണ് അവസാനാമായി ഒരു മഴ കണ്ടത്? പ്രതീക്ഷിക്കാതെയുള്ള മഴയായ കാരണം താഴെ ആളുകള്‍ ചിതറിയോടുന്നതു കാണാം. അതുകണ്ടപ്പോള്‍ അവള്‍ക്ക് കുതിര്‍ന്ന മണ്ണില്‍ നിന്നും ചീറ്റിത്തെറിച്ചുയരുന്ന ഈയാമ്പാറ്റകളെ ഓര്‍മ്മ വന്നു. വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മെഴുകുതിരി കത്തിച്ചുവെച്ച് അവള്‍ ഈയാമ്പാറ്റകളെ കൊല്ലാറുണ്ടായിരുന്നു. വെള്ളത്തില്‍ വീണ് ചിറകുകള്‍ വേര്‍പെട്ട് പുഴുക്കളെപ്പോലെ പിടഞ്ഞ്. ഒരു വലിയ പാത്രം കിട്ടിയിരുന്നെങ്കില്‍.. മെഴുകുതിരിക്കു ചുറ്റും പറന്ന് പാത്രത്തില്‍ വന്നുവീണ് പിടയുന്ന കന്തൂറയിട്ട ഈയാമ്പാറ്റകള്‍.. അവള്‍ക്കു ചിരിവന്നു. പറക്കാന്‍ മോഹിച്ച പുഴുക്കള്‍ തപസ്സുചെയ്തു ചിറകുനേടിയ കഥ പറഞ്ഞുതന്നതാരാണ്. അമ്മുമ്മയായിരിക്കും. സന്ധ്യയ്ക്ക് നാമം ചൊല്ലിക്കഴിഞ്ഞാല്‍ അമ്മുമ്മ ഉണ്ണിയെ വിളിച്ചടുത്തിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കും. കരിന്തിരി കത്തിത്തുടങ്ങിയ നിലവിളക്ക് എടുത്ത് അകത്തു വയ്ക്കുമ്പോഴോ അമ്മുമ്മയ്ക്ക‍് കാലിന്‍റെമുട്ടുഴിയാനുള്ള കുഴമ്പെടുത്തുകൊടുക്കുമ്പോഴോ മാത്രം വീണുകിട്ടുന്ന വാക്കുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഉണ്ണിയിപ്പോള്‍ വല്യ ചെക്കനായിട്ടുണ്ടാവും. വടക്കേടത്തമ്പലത്തിലെ നന്ദിയുടെ അടുത്ത് ഇരുട്ടത്ത് ഒറ്റയ്ക്ക് വിതുമ്പിനില്‍ക്കുന്ന അവന്‍റെ മുഖം വര്‍ഷമെത്ര കഴിഞ്ഞിട്ടും മായാതെ മനസ്സിലിണ്ട്. ഏടത്ത്യെന്തിനാ അന്ന് ഒറ്റയ്ക്കാക്കീട്ടുപോയേന്ന് അവനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ശപിക്കണുണ്ടാവും ഉണ്ണി ഈയ്യേടത്ത്യേ.

മഴ കുറഞ്ഞപ്പോള്‍ അവള്‍ മീരയുടെ കരച്ചില്‍ കേട്ടു. വീര്‍ത്ത വയറിനുമുകളില്‍ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ മീര ഉറക്കെ കരയും. അവള്‍ ദിവസവും മീരയുടെ കരച്ചില്‍ എണ്ണും. ഇന്നത് പത്ത് വരെയെങ്കിലും പോവും. നേരം പുലരും വരെ കാണും ഊഴം കാത്ത് കഴുകന്മാര്‍. ചോരപുരണ്ട കിടക്കവിരികളുമായി ചുമരില്‍പിടിച്ച് വേച്ച് വേച്ച് നടന്നുവന്ന് വയറില്‍ മെല്ലെ തലോടി നാളെ മീര പറയും 'മേരാ ബച്ചാ മര്‍ ഗയാ ഹോഗാ, വൊ യെ മാകോ കഭി നഹി മാഫ് കരേഗാ, കഭീ നഹി". മിണ്ടാതെ നിന്നു കേള്‍ക്കും. വയറ്റിലൂടെ സൂചികോര്‍ത്ത് തുമ്പിയെ പറപ്പിച്ചതിന് ഒരിക്കല്‍ ഉണ്ണിയെ തല്ലിയപ്പോള്‍ അവന്‍ പറഞ്ഞു, എപ്പോഴും വാലില്‍ തന്നെ നൂലുകെട്ടിപറപ്പിച്ചിട്ട് ഒരു രസോല്യാത്രെ. വയറുപൊളിഞ്ഞു ചാവുന്ന തുമ്പിയെം കാത്തിരിക്കുന്ന കുഞ്ഞിത്തുമ്പികളേം പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ വിതുമ്പി. ഇന്നവനും പുതിയ പുതിയ രസങ്ങള്‍ തേടുന്നുണ്ടാവും.

മഴ തോര്‍ന്നു. മീരയുടെ കരച്ചിലും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കിടക്കയിലെ ചുവന്ന വൃത്തങ്ങള്‍ക്കുമുകളില്‍ വെളുത്തവിരികള്‍ വിരിക്കുകയാവും മീര ഇപ്പോള്‍. പിന്നില്‍ വാതില്‍ തുറക്കുന്നതവളറിഞ്ഞു. കഴുത്തില്‍ ശ്വാസത്തിന്‍റെ ചൂടും. മുഖമില്ലാത്ത നിഴലവളെ പൊതിഞ്ഞപ്പോള്‍ അവളോര്‍ത്തു വീണ്ടും ചിറകുകള്‍ കിട്ടാന്‍ ഇനി എത്രകാലം തപസ്സുചെയ്യണം. അടുത്ത മുറികളില്‍ ചിറകുമുറിഞ്ഞ ഈയാമ്പാറ്റകളുടെ കരച്ചില്‍. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സൂചിയില്‍ കോര്‍ത്ത തുമ്പിയുമായ് ഉണ്ണി വന്നു. "ഉണ്ണീ അരുത്. അവയെ വിട്ടേക്കൂ". സൂചിയില്‍ തുമ്പിയുടെ അവസാന പിടച്ചില്‍. ഏടത്തിയെ നോക്കി ഉണ്ണി ചിരിച്ചു.

Labels:

Friday, March 10, 2006

പിന്നിലേക്കു നടക്കുന്നവര്‍


"ത്രിസന്ധ്യായിട്ടും വിളക്കുകൊളുത്തീല്യേ?"
"വിളക്കൊക്കെ കൊളുത്തീണ്ട്. അമ്മ കിടന്നോളൂ"
എന്തേ ഈ കുട്ട്യോളു പറേണേ. വിളക്കുകൊളുത്ത്യാ കിടക്ക്വേ.
എണീക്ക്യാന്‍ കഴിയണില്യാലോ. ദേഹത്തിനു വല്ലാത്ത ഭാരം.
"രാമ രാമ രാമ"
എപ്പോത്തുടങ്ങ്യ കാറ്റാ ഇത്. ചെവിയൊക്കെ അടഞ്ഞേക്കണു. മഴപെയ്യണ്ണ്ടോ? ഉവ്വ് നല്ല തണവുണ്ട്. വെള്ളം ചോരണേടത്തൊക്കെ പാത്രം വച്ചിട്ടുണ്ടാവില്ലെ. ന്നലേം കൂടി പറഞ്ഞതാ ആ പൊട്ട്യ ഓടൊക്കെ ഒന്നു മാറ്റി വയ്ക്കണംന്ന്. ആരു കേള്‍ക്കാന്‍? കുഞ്ഞുമക്കളു ചോദിക്ക്യാ വാര്‍ക്കവീടെങ്ങന്യാ അച്ചമ്മേ ചോര്വാന്ന്. ന്നെ കളിപ്പിക്ക്യാനാണേയ്. വാര്‍ക്കവീടാത്രെ. ന്നട്ട് ഇപ്പൊ കണ്ടില്ലേ ചോര്‍ന്നൊലിക്കണത്. എവിട്യാ ഈ കുട്ട്യോള്. മുറ്റത്തിട്ട തുണികളെല്ലാം കിടന്നുനനയണ കാണണില്യേ. ക്കെ ടീവീടെ മുന്നിലിണ്ടാവും.
"ആരുല്യേ വിടെ. ഈ തുണികളൊക്കെ ഒന്നെടുത്തു വയ്ക്ക്യാ. എത്ര കഷ്ടപ്പെട്ട് അലക്കീതാ. മുഴുവന്‍ നനഞ്ഞു"
"അമ്മ ഒന്നവിടെ കിടക്കൂ. അത് തുണ്യല്ല. ആശുപത്രീടെ ചുമരാ."
ഞാനെന്താ കണ്ണുപൊട്ട്യാ. തുണീം ചുമരും തിരിച്ചറിയാതിരിക്കാന്‍. ആശുപത്രീടെ ചുമരാത്രെ. ഈ വീടെന്നുമുതലാണാവോ ആശുപത്ര്യാക്കീത്. ഞാനൊന്നും മിണ്ടണില്യാ. ഒരൂസം വയ്യാണ്ടായപ്പോഴേക്കും ആര്‍ക്കും വേണ്ടാതായി. ത്തിരി വല്ലതും കഴിച്ചെങ്കില്‍ ഒന്ന് തല ചായ്ക്ക്യാര്‍ന്നു. ഉറങ്ങാനും പേട്യായിരിക്കണു. കുറച്ചീസായി രാത്രീലു കണ്ണുതുറന്നാല്‍ അയാളിരിക്കണ്ണ്ടാവും അടുത്ത്. പറഞ്ഞപ്പോള്‍ കുട്ട്യോളു പറയ്യാ അത് അച്ഛനാത്രെ. വയറിനു ലേശം വേദനിണ്ട്, അകലേക്ക് കഴ്ച്ചക്കുറവൂണ്ട് എന്നാലും ഭ്രാന്തൊന്നൂല്യാ, കുട്ട്യോളുടെ അച്ഛനെ കണ്ടാ മനസ്സിലാവാണ്ടിരിക്കാന്‍. ആ നശിച്ച വയറുവേദന തുടങ്ങ്യാ പിന്നെ ഒന്നിനും കഴീല്യ. ദ്പ്പോ കൂടെ കൂടെ വരണ്ണ്ടല്ലോ. ന്തായാലും ഇനി പടിഞ്ഞാട്ട് പോയിട്ടു വരുമ്പോള്‍ ഒരുകുപ്പി ദശമൂലാരിഷ്ടോം ജീരകാരിഷ്ടോം വാങ്ങീട്ടു വരാന്‍ പറയണം.

വേദനകൊണ്ട് പുളഞ്ഞിരുന്ന സമയത്തെപ്പോഴോ ആണ് ഉണ്ണി വന്നതെന്നു തോന്നുന്നു. കഴുത്തിന്‍റെ പിന്നിലെ മുടിയില്‍ അവനല്ലേ തലോടിയത്. മുലകുടിക്കുമ്പോഴേയുള്ള ശീലാണ്, ഒരു കൈ പതുക്കെ കഴുത്തിലേക്കു നീളും. വലുതായിട്ടും ആ ശീലം വിട്ടില്ല. അടുത്തു വന്നാല്‍ ആദ്യം കഴുത്തിനു പുറകില്‍ തലോടും. അഞ്ചു വയസ്സുവരെ ഈ മാറിലെ ചൂടേറ്റ് ഇല്ലാത്ത ഇഞ്ഞ ചപ്പിക്കുടിച്ച് വളര്‍ന്നതാ അവന്‍. ഏതുറക്കത്തിലും അവന്‍റെ കൈ ദേഹത്തു തൊട്ടാല്‍ മതി അപ്പോ അറിയും. എവിടെപ്പോയി അവന്‍?
"ഉണ്ണി വന്നിട്ടെന്തേ?"
"പ്പൊ വരും. ഡോക്ടറെ കാണാന്‍ പോയതാ അമ്മേ"
"എന്തേ അവന്? ഒറ്റയ്ക്കാ പോയത്?"
"ഒന്നൂല്യ. അമ്മ കിടന്നോളൂ. ദേഹം അനക്കണ്ട"
കുഞ്ഞായിരുന്നപ്പോഴും അവന് അസുഖം ഒഴിഞ്ഞട്ടുള്ള നേരംണ്ടായിട്ടില്യ. അവനേം എടുത്ത് ഒക്കത്തുവെച്ച് കൃഷ്ണന്‍കുട്ടി ഡോക്ടറുടെ അടുത്തേക്ക് ഓട്യ ഓട്ടം.
"ഉണ്ണിക്കന്ന് വയസ്സ് നാല്. തൊട്ടാപ്പൊള്ളുന്ന പനി. വയറെളകാനും തുടങ്ങി.
എത്ര്യായിട്ടും എളക്കം നിക്കണില്യ. അവനേം എടുത്ത് ഉടുമുണ്ടാലെ ഇറങ്ങിയോടി.
കയ്യിലും മുണ്ടിലും മുഴുവന്‍ അപ്പി ഒഴുക്വാ. ഒരു കാറ് വരണ കണ്ടപ്പോള്‍ കൈകാട്ടി നിര്‍ത്തി. ആരായാലും ന്നെ ഒന്നു ഡോക്ടറുടെ അടുത്തേക്കു കൊണ്ടോവൂന്ന് പറഞ്ഞ് നോക്ക്യപ്പൊ അരാ. കൃഷ്ണന്‍കുട്ടി ഡോക്ടറ്."
"ഒരുപാട് കേട്ടിരിക്കണു അമ്മേയിത്. കുറച്ചുനേരം ഒന്നു മിണ്ടാതെ കിടക്കൂ."
ഒന്നുകൂടി കേട്ടാല്‍ മാനം ഇടിഞ്ഞു വീഴ്വോ. നീം പറയും. ജീവനുള്ളേടത്തോളം പറയും. ത്രയ്ക്ക് കഷ്ടപ്പെട്ടണ്ട്. അതോണ്ടെന്താ അമ്മുമ്മാന്നു പറഞ്ഞാല്‍ അവനു പെറ്റ തള്ളേക്കാള്‍ സ്നേഹാ. ഉറക്കം വല്ലാണ്ടെ വരണ്ണ്ട്. മഴ പിന്നേം തുടങ്ങ്യോ. ചുമരിലൂടെല്ലാം വെള്ളം ഒലിച്ചെറങ്ങണൂലോ.
നാളെത്തന്നെ വറുതപ്പനെ വിളിച്ച് ചോര്‍ച്ച അടയ്ക്കണം. നേരൊന്ന് വെളുക്കട്ടെ. അത്താഴം കഴിച്ചോ. പപ്പടം ചുട്ടത് കൂട്ടി കഞ്ഞികുടിച്ചത് ഇന്നോ ഇന്നല്യോ. ഇന്നിനി ഒന്നും വേണ്ട. ഉറങ്ങണം. ഉണ്ണിയെവിടെ?

മായുന്ന നിഴലുകള്‍ക്കുള്ളിലൂടെ നടന്നു വരുന്നത് ഉണ്ണിയല്ലേ.
നോക്കി നടക്കൂ ഉണ്ണീ. മഴപെയ്ത് വഴുക്കി കിടക്ക്വാ. വീഴാണ്ട് അമ്മുമ്മേടെ കയ്യില്‍ പിടിച്ചോളൂ.
ഈ ഇരുട്ടത്ത് എന്തിനാ അവനിപ്പോ പുറത്തേക്ക് പോണത്.
"മുറ്റത്തേക്കിറങ്ങണ്ടാ ഉണ്ണ്യേ. കാലുമുഴുവന്‍ വളം കടിക്കും. ടോര്‍ച്ചെടുത്തിട്ടുണ്ടോ നീയ്യ്."
അവനും മാഞ്ഞു. ഇപ്പോള്‍ ഇരുട്ടു മാത്രം. കണ്ണടച്ചുകിടന്നു.
അയാള്‍ വരുന്നതും അടുത്തിരിക്കുന്നതും അറിയുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു.
കഴുത്തിനു പുറകില്‍ കയ്യിന്‍റെ ചൂട്. ഭാഗ്യായി ന്‍റെ ഉണ്ണി വന്നു.
നിയ്ക്ക് മന്‍സിലായി.
എല്ലാരും ഉറങ്ങ്യപ്പോള്‍ പതുങ്ങി പതുങ്ങി വന്നതാ, ഇഞ്ഞ കുടിക്കാന്‍.

Labels:

Saturday, March 04, 2006

ശങ്കുമ്മാന്‍


ശങ്കുമ്മാന് ദാഹിച്ചു.
പടിഞ്ഞാപ്രത്തെ പ്ലാവിന്‍റെ കടയ്ക്കലിരുന്ന് ശങ്കുമ്മാന്‍ പറഞ്ഞു.
"നിയ്ക്ക് ദാഹിക്കുന്നു."
ഉറക്കത്തില്‍ അമ്മുമ്മ പറഞ്ഞു.
"ശങ്കുമ്മാന് ദാഹിക്കുന്നു."
കൊഴിഞ്ഞുകിടക്കുന്ന ഉണ്ണിയെ നെഞ്ചോടു ചേര്‍ത്ത് ചുട്ടുപൊള്ളുന്ന പനിയില്‍ തുണി നനച്ചിട്ട് അമ്മുമ്മ പറഞ്ഞു.
"കാരണവന്മാര്‍ക്ക് കോപംണ്ട്. കലശം നടത്തണം"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍കടയ്ക്കല്‍ ചാരി വെച്ചിരുന്ന ശങ്കുമ്മാന്‍റെ ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു. തലയറുത്ത കോഴി ചരലില്‍ പിടഞ്ഞുയര്‍ന്നത് മുഖം പൊത്തിയ വിരലുകള്‍ക്കിടയിലൂടെ ഉണ്ണി കണ്ടു.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
തേങ്ങാക്കൊത്തിട്ട് വറുത്തരച്ചു വെച്ച കോഴിക്കറിയും കുത്തരിയുടെ ചോറും കാര്‍ന്നോന്മാര്‍ക്ക് വീതം വെച്ചു. അടച്ചിട്ട വാതിലിനു വിടവിലൂടെ കാരണവന്മാരെ കാണാന്‍ ഒളിഞ്ഞുനോക്കിയ ഉണ്ണിയെ അമ്മുമ്മ തൂശനില മുറിയ്ക്കാന്‍ കൂടെ കൂട്ടി.
ഉണ്ണി പടിഞ്ഞാപ്രത്ത് ചെന്ന് ശങ്കുമ്മാനെ നോക്കി.
പ്ലാവില്‍ ചാരിവെച്ചിരുന്ന കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു.
ഉച്ചിയില്‍ മാത്രം അല്പം ചോര കട്ടപിടിച്ചു നില്പ്പുണ്ട്
"ശങ്കുമ്മാന് കോഴിച്ചോര വല്യ ഇഷ്ടാ"
കല്ലില്‍ പറ്റിപ്പിടിച്ച് നിന്നിരുന്ന പ്ലാവില എടുത്തു കളഞ്ഞ് അമ്മുമ്മ പറഞ്ഞു.
പണ്ട് ദാരുകന്‍ തുള്ളലിന് കച്ചകെട്ടിയപ്പോഴും ശങ്കുമ്മാന് ദാഹിച്ചു.
വെള്ളം എത്ര കുടിച്ചിട്ടും ദാഹം ശമിയ്ക്കണില്യ.
"ഉടപ്പിറന്നോളെ നിയ്ക്ക് കോഴിച്ചോര വേണം."
കഴുത്തറുത്ത് ചോര കുടിച്ചു.
മാന്ത്രികനായിരുന്നു ശങ്കുമ്മാന്‍.
മരണം ചുവന്ന പട്ടുടുത്ത് കാത്തുനില്‍ക്കുന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം ഉടപ്പിറന്നോളെ വിളിച്ചു.
"എന്തു വന്നാലും മണ്‍കുടം തുറക്കരുത്.'
ശങ്കുമ്മാന്‍ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്‍കുടം ഉടപ്പിറന്നോളുടെ മുന്നില്‍ നിന്ന് വിറച്ചു
"ന്‍റെ ഭഗോതി ദെന്താപ്പൊ ങ്ങനെ."
വിറയല് കൂടി കൂടി വന്നു, മണ്‍കുടം തുള്ളാന്‍ തുടങ്ങി.
പേടിച്ച ഉടപ്പിറന്നോള്‍ മണ്‍കുടത്തിന്‍റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് ശങ്കുമ്മാന്‍റെ കൈ മുറിച്ചു.
ശങ്കുമ്മാനെല്ലാമറിഞ്ഞു.
മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ് ചോരയൊലിപ്പിക്കുന്ന വാളുമായ് ദാരുകനു മുന്നില്‍ നിന്നലറി.
ശങ്കുമാന്‍ ഓടി കിണറ്റില്‍ ചാടി.
പിറകെ ചാടിയ കാളി ദാരുകന്‍റെ തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍ ചോര തിളച്ചുമറിഞ്ഞു.
ശങ്കുമ്മാന്‍ തലക്കു മുകളില്‍ നിന്നു വിളിച്ചു.
"എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍ചുവട്ടില്‍ ഇരിക്കാന്‍ തറയൊരുക്കി.
ദാഹം തീര്‍ക്കാന്‍ കോഴിച്ചോരവീഴ്ത്തി.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
ഉണ്ണി ശങ്കുമ്മാനെ നോക്കി.
ഉണ്ണിയെ നോക്കി ശങ്കുമ്മാന്‍ ചിരിച്ചു.
ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു.
പനി മാറി ഉണ്ണി വിയര്‍ക്കാന്‍ തുടങ്ങി.

Labels:

Creative Commons License