Saturday, March 04, 2006

ശങ്കുമ്മാന്‍


ശങ്കുമ്മാന് ദാഹിച്ചു.
പടിഞ്ഞാപ്രത്തെ പ്ലാവിന്‍റെ കടയ്ക്കലിരുന്ന് ശങ്കുമ്മാന്‍ പറഞ്ഞു.
"നിയ്ക്ക് ദാഹിക്കുന്നു."
ഉറക്കത്തില്‍ അമ്മുമ്മ പറഞ്ഞു.
"ശങ്കുമ്മാന് ദാഹിക്കുന്നു."
കൊഴിഞ്ഞുകിടക്കുന്ന ഉണ്ണിയെ നെഞ്ചോടു ചേര്‍ത്ത് ചുട്ടുപൊള്ളുന്ന പനിയില്‍ തുണി നനച്ചിട്ട് അമ്മുമ്മ പറഞ്ഞു.
"കാരണവന്മാര്‍ക്ക് കോപംണ്ട്. കലശം നടത്തണം"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍കടയ്ക്കല്‍ ചാരി വെച്ചിരുന്ന ശങ്കുമ്മാന്‍റെ ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു. തലയറുത്ത കോഴി ചരലില്‍ പിടഞ്ഞുയര്‍ന്നത് മുഖം പൊത്തിയ വിരലുകള്‍ക്കിടയിലൂടെ ഉണ്ണി കണ്ടു.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
തേങ്ങാക്കൊത്തിട്ട് വറുത്തരച്ചു വെച്ച കോഴിക്കറിയും കുത്തരിയുടെ ചോറും കാര്‍ന്നോന്മാര്‍ക്ക് വീതം വെച്ചു. അടച്ചിട്ട വാതിലിനു വിടവിലൂടെ കാരണവന്മാരെ കാണാന്‍ ഒളിഞ്ഞുനോക്കിയ ഉണ്ണിയെ അമ്മുമ്മ തൂശനില മുറിയ്ക്കാന്‍ കൂടെ കൂട്ടി.
ഉണ്ണി പടിഞ്ഞാപ്രത്ത് ചെന്ന് ശങ്കുമ്മാനെ നോക്കി.
പ്ലാവില്‍ ചാരിവെച്ചിരുന്ന കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു.
ഉച്ചിയില്‍ മാത്രം അല്പം ചോര കട്ടപിടിച്ചു നില്പ്പുണ്ട്
"ശങ്കുമ്മാന് കോഴിച്ചോര വല്യ ഇഷ്ടാ"
കല്ലില്‍ പറ്റിപ്പിടിച്ച് നിന്നിരുന്ന പ്ലാവില എടുത്തു കളഞ്ഞ് അമ്മുമ്മ പറഞ്ഞു.
പണ്ട് ദാരുകന്‍ തുള്ളലിന് കച്ചകെട്ടിയപ്പോഴും ശങ്കുമ്മാന് ദാഹിച്ചു.
വെള്ളം എത്ര കുടിച്ചിട്ടും ദാഹം ശമിയ്ക്കണില്യ.
"ഉടപ്പിറന്നോളെ നിയ്ക്ക് കോഴിച്ചോര വേണം."
കഴുത്തറുത്ത് ചോര കുടിച്ചു.
മാന്ത്രികനായിരുന്നു ശങ്കുമ്മാന്‍.
മരണം ചുവന്ന പട്ടുടുത്ത് കാത്തുനില്‍ക്കുന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം ഉടപ്പിറന്നോളെ വിളിച്ചു.
"എന്തു വന്നാലും മണ്‍കുടം തുറക്കരുത്.'
ശങ്കുമ്മാന്‍ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്‍കുടം ഉടപ്പിറന്നോളുടെ മുന്നില്‍ നിന്ന് വിറച്ചു
"ന്‍റെ ഭഗോതി ദെന്താപ്പൊ ങ്ങനെ."
വിറയല് കൂടി കൂടി വന്നു, മണ്‍കുടം തുള്ളാന്‍ തുടങ്ങി.
പേടിച്ച ഉടപ്പിറന്നോള്‍ മണ്‍കുടത്തിന്‍റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് ശങ്കുമ്മാന്‍റെ കൈ മുറിച്ചു.
ശങ്കുമ്മാനെല്ലാമറിഞ്ഞു.
മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ് ചോരയൊലിപ്പിക്കുന്ന വാളുമായ് ദാരുകനു മുന്നില്‍ നിന്നലറി.
ശങ്കുമാന്‍ ഓടി കിണറ്റില്‍ ചാടി.
പിറകെ ചാടിയ കാളി ദാരുകന്‍റെ തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍ ചോര തിളച്ചുമറിഞ്ഞു.
ശങ്കുമ്മാന്‍ തലക്കു മുകളില്‍ നിന്നു വിളിച്ചു.
"എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍ചുവട്ടില്‍ ഇരിക്കാന്‍ തറയൊരുക്കി.
ദാഹം തീര്‍ക്കാന്‍ കോഴിച്ചോരവീഴ്ത്തി.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
ഉണ്ണി ശങ്കുമ്മാനെ നോക്കി.
ഉണ്ണിയെ നോക്കി ശങ്കുമ്മാന്‍ ചിരിച്ചു.
ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു.
പനി മാറി ഉണ്ണി വിയര്‍ക്കാന്‍ തുടങ്ങി.

Labels:

16 Comments:

Anonymous Anonymous said...

സാക്ഷീ,കര്‍ക്കിടക വാവിന്റേയും,ചത്തോര്‍ക്കു കൊടുക്കലിന്റേയും ഓര്‍മ്മകളുണര്‍ത്തിയ പോസ്റ്റ്‌. കര്‍ക്കിടകവാവു ദിവസം രാത്രിയാണ്‌ ചത്തോര്‍ക്കു കൊടുക്കല്‍ ചടങ്ങ്‌. തറവാട്ടിലെ പടിഞ്ഞാറ്റയില്‍ വിളക്കു വെച്ച്‌ വാഴയിലയില്‍ കോഴിക്കറിയും കുത്തരിയുടെ ചോറും വിളമ്പും, കൂടെ പറങ്കിമാങ്ങയിട്ട്‌ വാറ്റിയ റാക്കും. ഇപ്പൊ ഒക്കെ നിര്‍ത്തി ചാവടിയന്തിരം അടക്കം.

3/04/2006 10:29 AM  
Blogger സു | Su said...

:) നന്നായി.

3/04/2006 10:36 AM  
Anonymous Anonymous said...

sakshi,

puthiya ktha kandu. ishtappettu. ellam vayikkarundu.

kettu kelvikaluteyum muthassi kathakaluteyum oru maayaalokathil vannu kayariyathu pole.
njangaluteyokke manassukale aa pazhaya lokathekku idakkite ingane kondu pokunnathinu nandi.

oru samsayam chodichotte enthukondanu eppozum unniye kondu katha parayippikkunnathu?

Madhavan

3/05/2006 9:43 AM  
Blogger കണ്ണൂസ്‌ said...

തുളസി പറഞ്ഞ പോലെ, കണ്ടു മറന്ന നാലാമെടത്തിലെ പിതൃക്കള്‍ ഓര്‍മ്മയിലെത്തി.

ഞങ്ങടെ നാട്ടിലുമുണ്ടായിരുന്നു ഒരു മാന്ത്രികന്‍. ചാത്തുമ്മാന്‍ ആയിരുന്നു എന്ന് മാത്രം. കഠിന മന്ത്രങ്ങളിലൂടെ ഭഗവതിയെക്കൊണ്ട്‌ മീന്‍ കൊട്ട വരെ ചുമപ്പിച്ച ചാത്തുമ്മാനെ, ഉറുക്കും നൂലും മറന്നു വെച്ച ഒരു പ്രഭാതത്തില്‍ ഭഗവതി തലയറുത്തു. പ്രേതമായിട്ടും ഭഗവതിയെ വിടാതെ കൂടിയ ചാത്തുമ്മാന്‍ സ്വന്തം തറവാട്ടില്‍ സാക്ഷി വരച്ചിട്ട ചിത്രം പോലെയായിട്ട്‌ രണ്ട്‌ ദശാബ്ദം പോലും ആയിട്ടില്ല.

3/05/2006 11:25 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

സാക്ഷി ഉണ്ണീടെ കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ തന്നെ എനിക്കു പേടിയാ. ഭാഗ്യത്തിനു്‌ ഇത്തവണ പനി മാറി.

പനി മാറി എന്നു പറഞ്ഞാലും ഉള്ളില്‍ തീയാണു്‌ മാറിയോ ഭഗവാനേ!? ഇന്നാളൊരിക്കല്‍ പനി മാറിയിട്ടും....

3/05/2006 11:51 AM  
Blogger Visala Manaskan said...

സാക്ഷിയുടെ പടങ്ങള്‍ 'ഒരു വല്ലാത്ത പടങ്ങള്‍' തന്നെയാണ്‌ മാഷെ. വരച്ച പടങ്ങളെല്ലാം കൊണ്ട്‌ എന്നാണ്‌ എക്സിബിഷന്‍ നടത്തുന്നേ.?

എന്റെ വീട്ടിലും പ്ലാവിന്റെ കടക്കല്‍ പണ്ടൊരാളുണ്ടായിരുന്നു. ഒരു പാവം 'മുത്തപ്പന്‍'. മാസത്തിലൊരിക്കല്‍ മുത്തപ്പന്‌ ചിരട്ടയില്‍ ഒന്നര പെഗ്ഗ്‌ തെങ്ങും കള്ളൊഴിച്ച്‌ കൊടുക്കും. കൂടതല്‍ കൊടുക്കില്ല. ഓവറാവരുതല്ലോ..!

3/05/2006 4:19 PM  
Anonymous Anonymous said...

സാക്ഷി, മുടിയേറ്റ്‌ ല്ലേ? കാളിയുടെ കോപം തീര്‍ക്കാന്‍ ഒരു ഭൂതം ഉണ്ടായിരുന്നില്ലേ അവിടെ?? കാവിലെ മുടിയേറ്റു അടുത്തു.

ബിന്ദു

3/05/2006 8:31 PM  
Blogger അരവിന്ദ് :: aravind said...

സാക്ഷിയുടെ ബ്രില്ല്യന്റ് വര..
അതിനു താഴെ കോവിലന്റെ തട്ടകത്തെ അനുസ്മരിപ്പിയ്ക്കുന്ന വള്ളുവനാടന്‍ ശൈലിയിലുള്ള കഥകള്‍..
എന്താ ഇപ്പോ പറയാ..
ഡെഡ്‌ലി കോംബിനേഷന്‍...

ഇതിനു സാക്ഷിയാവാന്‍ കഴിഞ്ഞത് ബൂലോഗരുടെ ഭാഗ്യം.

3/07/2006 9:54 AM  
Blogger bodhappayi said...

എഴുത്ത്‌ വളരെ നന്നായി.
പണ്ടിതുപോലെൊന്നില്‍ പങ്കെടുത്ത ഞാന്‍ കള്ളടിച്ചു ബോറാക്കിയതു ഓര്‍മ്മവരുന്നു.

3/08/2006 5:05 PM  
Anonymous Anonymous said...

Nice Story!
Excellent Sketch!!
Thanks..

NT

3/09/2006 9:59 AM  
Anonymous Anonymous said...

edei sakshee,

njaan varunnu.
iniyum pidichu nilkkan vayya.
anybody can help me to create a blog in malayalam.

SOOTHRADHARAN

3/09/2006 10:12 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാവര്‍ക്കും നന്ദി.
ശങ്കുമ്മാന്‍ ഒരു സങ്കല്പമല്ല ഒരു മിത്താണ്.
വായിച്ചും കാരണവന്മാര്‍ പറഞ്ഞു കേട്ടും
മനസ്സില്‍ പണ്ടെങ്ങോ പതിഞ്ഞുപോയ
ഒരു ഐതിഹ്യത്തുണ്ട്.
കൂട്ടിച്ചേര്‍ക്കലുകളില്ലെന്നല്ല,
പക്ഷേ കുറച്ചുപേരുടെ മനസ്സുകളിലെങ്കിലും
ശങ്കുമ്മാന്‍ ഇന്നും ജീവിക്കുന്നുണ്ട്,
മണ്മറഞ്ഞ ഒരു നായര്‍ കാരണവരായിട്ട്.

(വൈകിയാണെങ്കിലും)സമര്‍പ്പണം : അമ്മവീട്ടില്‍ കളിപ്പുര വെച്ചുകളിക്കാറുള്ള പ്ലാവിന്‍ ചു‌വട്ടില്‍, കാലങ്ങളായി ദാഹിച്ചിരിക്കുന്ന കറുത്ത കല്ലിന്.

എല്ലാവര്‍ക്കും നന്ദി.

3/09/2006 10:36 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

Testing

3/09/2006 12:21 PM  
Anonymous Anonymous said...

:)

3/09/2006 2:46 PM  
Blogger evuraan said...

സാക്ഷീ,

നന്നായിരിക്കുന്നു.

ആ ചിത്രങ്ങളെങ്ങനെ വരയ്ക്കുന്നു എന്നതിശയവും? കൈകൊണ്ട് വരച്ച് സ്കാന്‍ ചെയ്യുന്നതാണോ? അതോ എല്ലാം കമ്പ്യൂട്ടറിലാണോ?

(കമ്മന്റിലെന്തേ വേര്‍ഡ് വേരിഫിക്കേഷന്‍ വേണ്ടാന്നു വെച്ചു?)

4/19/2006 11:31 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഏവൂരാനേ, എല്ലാം കമ്പ്യൂട്ടറിലാണ് വരയ്ക്കുന്നത്. :)

വെരിഫിക്കേഷനും ശരിയാക്കി.

4/20/2006 2:10 PM  

Post a Comment

<< Home

Creative Commons License