അവന്

കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും. ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണയും. പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട് വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും. കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്. കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല് വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും. അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും. ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും ചോരയൊഴുകാന്‍ തുടങ്ങും. ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കണ്ണേറാക്കുന്നിലേക്കു പറക്കും. നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കണ്ണേറാക്കുന്നിലെ ഗന്ധര്വ്വന് പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.
പാറയിലെ ഗന്ധര്വ്വന്, ശാപമോക്ഷത്തിന്റെ വെളിച്ചവും കൊണ്ട് കടക്കണ്ണില്‍ കാമവുമായി കണ്ണേറാക്കുന്നേറി വരുന്ന കന്യകയെ സ്വപ്നം കണ്ട് വിജൃംഭിതനായി. പാറവിണ്ട് കന്മദമൊഴുകി. ഗന്ധര്‍വ്വന്റെ അലര്‍ച്ചയില്‍ ഒഴുകാന്‍ മറന്ന കല്ലാറില്‍ നിലാവ് മരിച്ചുകിടന്നു. ഉണ്ണി കണ്ണുകളിറുക്കിയടച്ച് അമ്മുമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.
അമ്മുമ്മ ഉണ്ണിയ്ക്ക് കണ്ണേറാക്കുന്നിന്റെയും ഗന്ധര്‍വ്വന്റെയും കഥകള്‍ പറഞ്ഞുകൊടുത്തു.
കല്ലാറുകുന്ന് കണ്ണേറാക്കുന്നായ കഥ.
'സുന്ദരികളായിരുന്നു, കല്ലാറുകരയിലെ പെണ്ണുങ്ങള്. ലക്ഷണമൊത്തവര്‍, അരയും മുലയും തികഞ്ഞവര്‍. ഒരിക്കല്‍ കൊതി മൂത്തൊരു ഗന്ധര്വ്വന് കല്ലാറുക്കുന്നില്‍ ചേക്കേറി. ആണിന്റെ ചൂരും ചൂടുമറിയാത്ത വയസ്സറിയിച്ച പെണ്‍കൊടികള്‍ ഉറക്കത്തില്‍ ഇറങ്ങി നടന്നു. ഒറ്റക്കിരുന്ന് പാടി. വീടുകളില്‍ ഉറങ്ങുന്ന കന്യകകള്‍ കല്ലാറുകുന്നിലെ പാറയില്‍ ഉണര്‍ന്നെഴുന്നേറ്റു. രാവിലെ അഴിഞ്ഞുലഞ്ഞ മുടിയുമായ് കല്ലാറുകുന്നിറങ്ങിവരുന്ന വരുന്ന പെണ്ണുങ്ങള് പതിവുകാഴ്ചയായി.'
കണ്ണേറാക്കുന്നിലെ ഭൂതഗണങ്ങളുടെ അലര്‍ച്ചയ്ക്ക് കാതോര്‍ക്കാന്‍ ഉണ്ണി മറന്നു. വെളിച്ചപ്പൊട്ടുകള്‍ മാഞ്ഞു.
അമ്മുമ്മയുടെ കണ്ണുകള്‍ മുറ്റത്തെ ചെമ്പരത്തിയുടെ ചുറ്റും കട്ടകുത്തി നിന്ന ഇരുട്ടില്‍ നിന്നും വാക്കുകള്‍ വലിച്ചെടുത്തു.
'വഴിതെറ്റിയെത്തിയ പരദേശി മാന്ത്രികനു മുന്നില്‍ തോറ്റ ഗന്ധര്വ്വന് പാറയില്‍ ലയിച്ചു.
കല്ലാറുകുന്നില്‍ പെരുവിരലൂന്നുന്ന കന്യകകള്‍ മാത്രം ഗന്ധര്‍വ്വന്റെ അവകാശമായി. ചകിരിയിട്ടൊരച്ചു കുളിപ്പിച്ച് തിറ്റമ്പേറ്റാനൊരുക്കിയ കൊമ്പന്റെ പോലെ കറുത്തിരുണ്ട ഗന്ധര്വ്വന് പാറ. ദൂരെ നിന്നുകണ്ടവര്‍ തൊട്ടുനോക്കാന്‍ കൊതിച്ചു. തൊട്ടുനോക്കിയവര്‍ ഈയാംപാറ്റകളായി. അവരുടെ ചോരയില്‍ ഗന്ധര്വ്വന് പാറ ഒന്നുകൂടി കറുത്തു. കല്ലേറാക്കുന്ന് കന്യകകേറാക്കുന്നും കണ്ണേറാക്കുന്നുമായി'
ഉണ്ണി എപ്പോഴോ ഉറങ്ങിതുടങ്ങിയിരുന്നു. ഉണ്ണിയുടെ മുന്നില്‍ പരദേശി മാന്ത്രികന് മലത്തിലും ച്ഛലത്തിലും കുളിച്ചുകിടന്നു. മാന്ത്രികന്റെ നെഞ്ചിലെ അവസാന ശ്വാസത്തിനുമുകളില്‍ കാലമര്‍ത്തി നിന്നു ഗന്ധര്വ്വന് ചിരിച്ചു. 'ഞാന്‍ തിരിച്ചു വരും' .
രാത്രി ഉണ്ണിയ്ക്ക് പനിച്ചു. ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു.
'അവന് വരുന്നു.' അമ്മുമ്മ തെക്കേടത്തപ്പന് നേര്‍ച്ചകള്‍ നേര്‍ന്നു.
'ന്റുണ്ണ്യേ കാത്തോളണേ കാര്‍ന്നോമ്മാരേ'
ഉണ്ണി ഉറക്കത്തില്‍ കണ്ണേറാക്കുന്നു കണ്ടു.
അഴിഞ്ഞുലഞ്ഞ മുടിയുമായി കണ്ണില്‍ സുരതത്തിന്റെ തളര്‍ച്ചയുമായി പെണ്ണൊരുത്തി കണ്ണേറാക്കുന്നിറങ്ങി വന്നു. കല്ലാറുകരയെ നോക്കി ഗന്ധര്വ്വന് ചിരിച്ചു.
ഉണ്ണി പറഞ്ഞു 'അവന് വന്നു.'
പനി മാറി ഉണ്ണി വിയര്‍ത്തു.
അമ്മുമ്മയുടെ പൊടി വലിച്ചു വലുതായ മൂക്കില്‍ നോക്കി ഉണ്ണി ചിരിച്ചപ്പോള്‍
അമ്മുമ്മ പോയി ഉപ്പിട്ട പൊടിയരിക്കഞ്ഞികൊണ്ടു വന്നു.
കഞ്ഞിയുടെ ഉപ്പ് നാവറിഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുട്ട പപ്പടം തിന്നാന്‍ തോന്നി.
ഉണ്ണിയുടെ കാഴ്ചയുടെ മേല്‍ പാല് പാടകെട്ടാന്‍ തുടങ്ങിയിരുന്നു.
അമ്മുമ്മ വായില്‍ വച്ചുകൊടുത്ത പപ്പടത്തിന്റെ തുണ്ട് ഉമിനീരില്‍ കുതിര്‍ന്നു.
വടക്കോപ്രത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പ് വീണ ഒച്ച കേട്ട്
കിണറ്റിലെ പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ചു പറന്നുപോയി.
ഉമ്മറത്തെ ചാച്ചിറക്കില്‍ ഉണ്ണി കോടിപുതച്ചുകിടന്നു.
നാലുകെട്ടിലെ ഇരുട്ടില്‍ ഉണ്ണിയുടെ ഏടത്തി ചമ്രംമടിഞ്ഞിരുന്ന് പാടാന്‍ തുടങ്ങി.
Labels: കഥ