Wednesday, February 22, 2006

അവന്‍കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും. ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണയും. പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട് വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും. കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്. കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല്‍ വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും. അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും. ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും ചോരയൊഴുകാന്‍ തുടങ്ങും. ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കണ്ണേറാക്കുന്നിലേക്കു പറക്കും. നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കണ്ണേറാക്കുന്നിലെ ഗന്ധര്‍വ്വന്‍ പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.

പാറയിലെ ഗന്ധര്‍വ്വന്‍, ശാപമോക്ഷത്തിന്‍റെ വെളിച്ചവും കൊണ്ട് കടക്കണ്ണില്‍ കാമവുമായി കണ്ണേറാക്കുന്നേറി വരുന്ന കന്യകയെ സ്വപ്നം കണ്ട് വിജൃംഭിതനായി. പാറവിണ്ട് കന്മദമൊഴുകി. ഗന്ധര്‍വ്വന്‍റെ അലര്‍ച്ചയില്‍ ഒഴുകാന്‍ മറന്ന കല്ലാറില്‍ നിലാവ് മരിച്ചുകിടന്നു. ഉണ്ണി കണ്ണുകളിറുക്കിയടച്ച് അമ്മുമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.

അമ്മുമ്മ ഉണ്ണിയ്ക്ക് കണ്ണേറാക്കുന്നിന്‍റെയും ഗന്ധര്‍വ്വന്‍റെയും കഥകള്‍ പറഞ്ഞുകൊടുത്തു.
കല്ലാറുകുന്ന് കണ്ണേറാക്കുന്നായ കഥ.

'സുന്ദരികളായിരുന്നു, കല്ലാറുകരയിലെ പെണ്ണുങ്ങള്‍. ലക്ഷണമൊത്തവര്‍, അരയും മുലയും തികഞ്ഞവര്‍. ഒരിക്കല്‍ കൊതി മൂത്തൊരു ഗന്ധര്‍വ്വന്‍ കല്ലാറുക്കുന്നില്‍ ചേക്കേറി. ആണിന്‍റെ ചൂരും ചൂടുമറിയാത്ത വയസ്സറിയിച്ച പെണ്‍കൊടികള്‍ ഉറക്കത്തില്‍ ഇറങ്ങി നടന്നു. ഒറ്റക്കിരുന്ന് പാടി. വീടുകളില്‍ ഉറങ്ങുന്ന കന്യകകള്‍ കല്ലാറുകുന്നിലെ പാറയില്‍ ഉണര്‍ന്നെഴുന്നേറ്റു. രാവിലെ അഴിഞ്ഞുലഞ്ഞ മുടിയുമായ് കല്ലാറുകുന്നിറങ്ങിവരുന്ന വരുന്ന പെണ്ണുങ്ങള്‍ പതിവുകാഴ്ചയായി.'

കണ്ണേറാക്കുന്നിലെ ഭൂതഗണങ്ങളുടെ അലര്‍ച്ചയ്ക്ക് കാതോര്‍ക്കാന്‍ ഉണ്ണി മറന്നു. വെളിച്ചപ്പൊട്ടുകള്‍ മാഞ്ഞു.
അമ്മുമ്മയുടെ കണ്ണുകള്‍ മുറ്റത്തെ ചെമ്പരത്തിയുടെ ചുറ്റും കട്ടകുത്തി നിന്ന ഇരുട്ടില്‍ നിന്നും വാക്കുകള്‍ വലിച്ചെടുത്തു.

'വഴിതെറ്റിയെത്തിയ പരദേശി മാന്ത്രികനു മുന്നില്‍ തോറ്റ ഗന്ധര്‍വ്വന്‍ പാറയില്‍ ലയിച്ചു.
കല്ലാറുകുന്നില്‍ പെരുവിരലൂന്നുന്ന കന്യകകള്‍ മാത്രം ഗന്ധര്‍വ്വന്‍റെ അവകാശമായി. ചകിരിയിട്ടൊരച്ചു കുളിപ്പിച്ച് തിറ്റമ്പേറ്റാനൊരുക്കിയ കൊമ്പന്‍റെ പോലെ കറുത്തിരുണ്ട ഗന്ധര്‍വ്വന്‍ പാറ. ദൂരെ നിന്നുകണ്ടവര്‍ തൊട്ടുനോക്കാന്‍ കൊതിച്ചു. തൊട്ടുനോക്കിയവര്‍ ഈയാംപാറ്റകളായി. അവരുടെ ചോരയില്‍ ഗന്ധര്‍വ്വന്‍ പാറ ഒന്നുകൂടി കറുത്തു. കല്ലേറാക്കുന്ന് കന്യകകേറാക്കുന്നും കണ്ണേറാക്കുന്നുമായി'

ഉണ്ണി എപ്പോഴോ ഉറങ്ങിതുടങ്ങിയിരുന്നു. ഉണ്ണിയുടെ മുന്നില്‍ പരദേശി മാന്ത്രികന്‍ മലത്തിലും ച്ഛലത്തിലും കുളിച്ചുകിടന്നു. മാന്ത്രികന്‍റെ നെഞ്ചിലെ അവസാന ശ്വാസത്തിനുമുകളില്‍ കാലമര്‍ത്തി നിന്നു ഗന്ധര്‍വ്വന്‍ ചിരിച്ചു. 'ഞാന്‍ തിരിച്ചു വരും' .

രാത്രി ഉണ്ണിയ്ക്ക് പനിച്ചു. ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു.
'അവന്‍ വരുന്നു.' അമ്മുമ്മ തെക്കേടത്തപ്പന് നേര്‍ച്ചകള്‍ നേര്‍ന്നു.
'ന്‍റുണ്ണ്യേ കാത്തോളണേ കാര്‍ന്നോമ്മാരേ'
ഉണ്ണി ഉറക്കത്തില്‍ കണ്ണേറാക്കുന്നു കണ്ടു.
അഴിഞ്ഞുലഞ്ഞ മുടിയുമായി കണ്ണില്‍ സുരതത്തിന്‍റെ തളര്‍ച്ചയുമായി പെണ്ണൊരുത്തി കണ്ണേറാക്കുന്നിറങ്ങി വന്നു. കല്ലാറുകരയെ നോക്കി ഗന്ധര്‍വ്വന്‍ ചിരിച്ചു.
ഉണ്ണി പറഞ്ഞു 'അവന്‍ വന്നു.'

പനി മാറി ഉണ്ണി വിയര്‍ത്തു.
അമ്മുമ്മയുടെ പൊടി വലിച്ചു വലുതായ മൂക്കില്‍ നോക്കി ഉണ്ണി ചിരിച്ചപ്പോള്‍
അമ്മുമ്മ പോയി ഉപ്പിട്ട പൊടിയരിക്കഞ്ഞികൊണ്ടു വന്നു.
കഞ്ഞിയുടെ ഉപ്പ് നാവറിഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുട്ട പപ്പടം തിന്നാന്‍ തോന്നി.
ഉണ്ണിയുടെ കാഴ്ചയുടെ മേല്‍ പാല് പാടകെട്ടാന്‍ തുടങ്ങിയിരുന്നു.
അമ്മുമ്മ വായില്‍ വച്ചുകൊടുത്ത പപ്പടത്തിന്‍റെ തുണ്ട് ഉമിനീരില്‍ കുതിര്‍ന്നു.

വടക്കോപ്രത്തെ മൂവാണ്ടന്‍ മാവിന്‍റെ കൊമ്പ് വീണ ഒച്ച കേട്ട്
കിണറ്റിലെ പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ചു പറന്നുപോയി.
ഉമ്മറത്തെ ചാച്ചിറക്കില്‍ ഉണ്ണി കോടിപുതച്ചുകിടന്നു.
നാലുകെട്ടിലെ ഇരുട്ടില്‍ ഉണ്ണിയുടെ ഏടത്തി ചമ്രംമടിഞ്ഞിരുന്ന് പാടാന്‍ തുടങ്ങി.

Labels:

Wednesday, February 15, 2006

ഏടത്തി


"ഒന്നിങ്ങട്ടു വേഗം നടക്കുണ്ണ്യേ"
ഏടത്തി തിരക്കുകൂട്ടി. ഏടത്തിക്കതു പറയാം.
ഉണ്ണീടെ കാലില് തൊട്ടാവാടീടെ മുള്ളു കേറിക്കോട്ടെന്ന്.
ചെരുപ്പെടുക്കാന്നു പറഞ്ഞാല്‍ ഏടത്തി സമ്മതിക്കില്യ.
നടയ്ക്കല് ഊരിയിട്ടാല്‍ ആരെങ്കിലും എടുത്തോണ്ടു പോവൂത്രെ.
ഏടത്തിക്കേയ് അസൂയ്യാ.
ഉണ്ണീടെ ചെരുപ്പ് പുതീതാണേയ്.
അച്ഛന്‍ കഴിഞ്ഞ ലീവിനു വന്നപ്പോള്‍ കൊണ്ടുവന്നതാ.
പുതിയ ഉടുപ്പും കൊണ്ടുവന്നു.
ഏടത്തിക്ക് ഒന്നുംകൊണ്ടുവന്നില്ല. അതിന്‍റെ അസൂയ.
അന്നെത്ര നേരാ അമ്മെ കെട്ടിപ്പിടിച്ച് ഏടത്തി കരഞ്ഞത്.
അതുകണ്ട് സങ്കടായിട്ടല്ലെ അച്ഛന്‍ കൊടുത്ത ഓറഞ്ചിന്‍റെ ഒരല്ലി
ഉണ്ണി ഏടത്തിക്കു കൊടുത്തത്.
ഏടത്തി അതുവാങ്ങി ജനാലയിലൂടെ ഒറ്റേറായിരുന്നു.
വെര്‍ത്യല്ല അച്ഛന്‍ പറേണേ
'ആരടെങ്കിലും കൂടെ എറങ്ങിപോയ ശല്യൊഴിവാകുംന്ന്'.

ന്നാലും ഉണ്ണിക്ക് ഏടത്ത്യെ വല്യെ ഇഷ്ടാ.
ഉണ്ണ്യേ കുളിപ്പിക്കുന്നതും തലയീരി കൊടുക്കുന്നതും
പടിഞ്ഞാറെ പറമ്പീന്ന് മുളച്ച കശുവണ്ടി കൊണ്ടുവന്നു കൊടുക്കുന്നതും
ഒക്കെ ഏടത്ത്യാ. ഏടത്തിക്ക് എത്ര്യാ കഥകളറിയാന്നോ.
ചില ദിവസം കഥകളു പറഞ്ഞ് ഏടത്തി ഉണ്ണിയുടെ അടുത്ത് കിടന്നാ ഉറങ്ങാ.
ഉണ്ണ്യേങ്ങനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്..
ഏടത്തി കെട്ടിപ്പിടിക്കുമ്പോ മുറ്റത്തു വീണുകിടക്കണ ലാങ്കിപ്പൂവിന്‍റെ മണാ.
പക്ഷെ എടത്തി മുഖം നിറയെ ഉമ്മ വയ്ക്കുന്നത് ഉണ്ണിക്കിഷ്ടല്ല.
ഏടത്തീടെ മൂക്കിലെ പല്ലെങ്ങാന്‍ മുഖത്ത് കുത്തിക്കേറിയാലോ.
അമ്മുമ്മ എപ്പഴും പറയും ഏടത്തീടെ മൂക്കില്‍ പല്ലുമുളച്ചൂന്ന്.
അപ്പൊഴൊക്കെ ഏടത്തി മുറ്റത്തെ ലാങ്കിമരത്തിന്‍റെ ചുവട്ടില്‍ പോയിരുന്ന് കരയും.
കുറേ വയസ്സായാല്‍ ഉണ്ണീടെ മൂക്കിലും പല്ലുമുളയ്ക്കോ?

"ഒന്നിങ്ങട്ടു വരൂ എന്‍റുണ്ണീ"
ഏടത്ത്യെന്തിനാങ്ങനെ പായണെ. ഷാരടി അമ്പലം തുറന്നിട്ടുംകൂടിണ്ടാവില്യ.
രാത്രി തന്നെ ഏടത്തി ഉണ്ണ്യേ ചട്ടം കെട്ടീരുന്നു.
വെളുപ്പിനെ അമ്പലത്തില്‍ കൂട്ടുവരാന്‍.
ഒറ്റക്കു പോവാന്‍ ഏടത്തിക്കു പേട്യാ. ഉണ്ണിയ്ക്കു പേടില്യ. ഉണ്ണി ആങ്കുട്ട്യല്ലേ.
സര്‍പ്പക്കാവിന്‍റടുത്ത് വവ്വാല് ചപ്പിയിട്ടട്ടുപോയ ബദാം എത്ര്യാന്നലെ തല്ലിപ്പൊളിച്ച് ഉണ്ണിക്ക് തന്നത്.
രാത്രി മുഴുവന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. ബദാം പരിപ്പ് വായില് തന്നപ്പോഴും ഏടത്തി കരയണത് ഉണ്ണി കണ്ടതാ. ന്നട്ട് നാര് കണ്ണിപ്പോയതാന്ന് നൊണേം പറഞ്ഞു.
ന്നലെ ദീപാരാധന തൊഴാന്‍ വന്നപ്പോള്‍ വടക്കേടത്ത് ശാന്തിക്ക് നിക്കണ ഉണ്ണ്യമ്പൂരി ചന്ദനത്തിന്‍റൊപ്പം
ഏടത്തിക്കൊരു കടലാസ് കൊടുക്കണതും ഉണ്ണി കണ്ടതാ. അപ്പൊഴും ഏടത്തി നൊണപറഞ്ഞു.
സര്‍പ്പത്തിന് നൂറും പാലും കൊടുക്കണേന്‍റെ ശീട്ടാണെന്ന്.
ന്നാപ്പിന്നെന്തിനാ ആരോടും പറയരുതെന്ന് കരോട്ടമ്മേടെ നടേല് ഉണ്ണ്യേക്കൊണ്ട് സത്യൊടീപ്പിച്ചെ.

വടക്കേടത്തു പുറത്തു കിടക്കണ നന്ദീടെ അടുത്തെത്ത്യപ്പൊ ഏടത്തി നിന്നു.
കണ്ടോ നട തുറന്നട്ടുംകൂടില്യ.
ആല്‍ത്തറേല് മാത്രം ആരൊ ഇരിക്കണ്ട്.
ഉണ്ണിക്ക് ദേഷ്യം വന്നു.
തൊട്ടാവാടി മുള്ള് കൊണ്ട് ഉണ്ണീടെ കാലെത്ര്യാ മുറിഞ്ഞേ.
കറുകപ്പുല്ലില് പറ്റിനില്ക്കണ മഞ്ഞുവെള്ളം മുറിവിലു പുരളുമ്പോഴുള്ള
സുഖോള്ള നീറ്റല് പക്ഷെ ഉണ്ണിക്ക് വല്യഷ്ടാ.
"ന്‍റെ മോന്‍ ഒറ്റക്ക് തിരിച്ചു പോവൂലോ ല്ലേ?"
ഏടത്തി ഉണ്ണീടെ തലയില്‍ തലോടി.
തലയാട്ടീങ്കിലും ഏടത്തിള്ളപ്പോ ഉണ്ണ്യെന്തിനാപ്പോ ഒറ്റക്ക് പോണേന്നാ.
ഉണ്ണീടെ മുഖം നിറയെ ഏടത്തി ഉമ്മവച്ചു.
ചുണ്ടിലെ കണ്ണീരിന്‍റെ നനവ് ഉണ്ണി നുണഞ്ഞിറക്കി.
ആല്‍ത്തറയിലെ ഇരുട്ടിലേക്ക് ഏടത്തി നടന്നകന്നപ്പോള്‍
ഉണ്ണിക്കു കരച്ചിലുവരുന്നുണ്ടായിരുന്നു.

Labels:

Sunday, February 12, 2006

വെളിച്ചപ്പാട്


വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയായിരുന്നു. കണ്ണെടുക്കാതെ അവന്‍ അച്ഛനെത്തന്നെ നോക്കി നിന്നു. എന്തെങ്കിലും വയ്യായ്ക, തളര്‍ച്ച.. വയസ്സൊരുപാടായി. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നതാണ്. അച്ഛന്‍ കൂട്ടാക്കിയില്ല. കുളിച്ചീറനായി ചുവന്ന പട്ടുടുത്ത് അവനൊരുങ്ങിയിറങ്ങിയതാ, കരഞ്ഞു കാലു പിടിച്ചിട്ടും സമ്മതിച്ചില്ല.

കിഴക്കേ നടയില്‍ നിന്നും അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് കരോട്ടേക്കോടിക്കയറി. അച്ഛന്‍റെ ശബ്ദം ഇടറുന്നുണ്ട്. ശരീരം വേച്ചുപോവുന്നുണ്ടോ? അരമണിയുടെ കിലുക്കത്തിലും താളംതെറ്റിയ കിതപ്പവന്‍ തിരിച്ചറിഞ്ഞു. കരോട്ടമ്മേ അച്ഛനെ കാത്തോളണേ.

"ദേവീ.." വെളിച്ചപ്പാട് അലറി വിളിച്ചു. അതോ കരഞ്ഞതോ. വാളെടുത്ത് തലയില്‍ അഞ്ഞാഞ്ഞ് വെട്ടിയപ്പോള്‍ അവന് അച്ഛന്‍റെ കയ്യില്‍ കയറി പിടിക്കണമെന്നുണ്ടായിരുന്നു. തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകി. ചോര മൂടുന്ന കാഴ്ച്ചയ്ക്കിടയിലൂടെ മുഖം പൊത്തി നില്‍ക്കുന്ന മകനെ അയാള്‍ നോക്കി, പിന്നെ ദേവിയേയും. ചിരിക്കുന്ന സ്വര്‍ണ്ണ ഗോളകക്കുള്ളില്‍ ദേവിയും മുഖം മറച്ചിരുന്നു.

Labels:

Wednesday, February 08, 2006

മടക്കയാത്ര


പിന്നിലേക്കോടി മറയുന്ന നഗരത്തെ നോക്കി അയാള്‍ പരിഹസിച്ചു ചിരിച്ചു. കോണ്‍ക്രീറ്റുകാടുകള്‍ക്കു പിന്നില്‍ വരാനിരിക്കുന്ന പച്ച നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളുമായിരുന്നു അയാളുടെ മനസ്സു നിറയെ.

"അച്ഛാ നമ്മുടെ നാടെത്തിയോ" ഉണ്ണി ഉറക്കത്തില്‍ നിന്നുണര്‍ന്നു പുറത്തേക്കു നോക്കി. ഇല്ല കാഴ്ചകള്‍ക്കിപ്പോഴും ചാരനിറം തന്നെ. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വീണു. അയാള്‍ക്കിതൊരു മടക്കയാത്രയാണ്‌, നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതും എല്ലാം തിരിച്ചുപിടിക്കാന്‍. മുണ്ടുമടക്കിക്കുത്തി വടക്കോപ്രത്തെ മൂവാണ്ടന്മാവിലെ പുളിയുറുമ്പുകളുടെ മേല്‍ ഒരിക്കല്‍ കൂടി മൂത്രമൊഴിക്കണം. അമ്പലക്കുളത്തില്‍ പോയി മുങ്ങിക്കുളിക്കണം. ഈരെഴതോര്‍ത്തില്‍ മീന്‍ പിടിക്കണം. സര്‍പ്പക്കാവിനു ചുറ്റും പടര്‍ന്നു നില്‍ക്കണ കറുത്ത കാട്ടില്‍ നിന്നും തൊണ്ടിപ്പഴം പറിച്ചു തിന്നണം. 'ശൂ' ന്ന് സര്‍പ്പം ചീറ്റുന്ന ഒച്ച കേള്‍ക്കുമ്പോള്‍ ഓടി അമ്മുമ്മയുടെ പിന്നില്‍ ഒളിക്കണം. അങ്ങിനെ എല്ലാം മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്‌.

ഇനിയും എത്താത്തതെന്തേ? തീവണ്ടിയിലെ ബോഗികള്‍ പോലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നു തുടങ്ങുന്നു. ആല്‍ത്തറയും ടാഗോര്‍ സ്മാരക വായനശാലയും ആരോഗ്യസ്വാമിയുടെ ചായക്കടയും എവിടെ? കോളിളക്കത്തിന്‍റെ പോസ്റ്ററൊട്ടിച്ച വേലായുധേട്ടന്‍റെ കള്ളു ഷാപ്പെവിടെ? എന്‍റെ മണ്ണെവിടെ? യാത്ര തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണോ?

"നാടെത്തിയോ അച്ഛാ" ഉണ്ണി ഉണര്‍ന്നുകഴിഞ്ഞു. അവന്‍റെ മനസ്സുനിറയെ ഇപ്പോള്‍ തൊടിയും തോടും ആമ്പല്‍പ്പുക്കളുമാണ്. എന്തു പറയും അവനോട്‌. അയാള്‍ അവനെ ഒന്നുകൂടെ തന്നോടു ചേര്‍ത്തുപിടിച്ചു. "ഉറക്കത്തില്‍ മോനെന്തു സ്വപ്നാ കണ്ടത്‌?" അവന്‍റെ കണ്ണുകളില്‍ ആമ്പലിന്‍റെ ഇതളുകള്‍ കൊഴിയുന്നതയാള്‍ കണ്ടു.

Labels:

Saturday, February 04, 2006

അവര്‍ക്കിടയില്‍ സംഭവിച്ചത്..


എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത്? അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു. കുറേ മാസങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ അതേ ലാഘവത്തോടെ അവള്‍ പിരിയുന്നതിനെ കുറിച്ചു സംസാരിച്ചു. അവന്‍ അവളോടു തര്‍ക്കിച്ചു.. അപേക്ഷിച്ചു.. അവസാനം കരഞ്ഞു. അവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, ഡോക്ടര്‍ അവള്‍ക്കു വെച്ചു നീട്ടിയ രണ്ടു ശതമാനം സാധ്യതയ്ക്കു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. അവനൊരു കുഞ്ഞിനെക്കൊടുക്കാന്‍ തനിക്കാവില്ലെന്ന് മനസ്സിലായപ്പോള്‍, അവര്‍ സ്വപ്നം കണ്ട കുഞ്ഞിക്കാലുകള്‍ ഓടി നടക്കുന്ന വീട് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും അവനെ അറിയിക്കാതെ പിരിയാന്‍ അവള്‍ തീരുമാനിച്ചു. ഇന്ന് മറ്റൊരു സീമന്തരേഖയ്ക്കായ് അവന്‍റെ വിരലുകള്‍ സിന്ദൂരം പുരളുമ്പോള്‍ അവള്‍ അറിയുന്നു, വരണ്ടുണങ്ങിയ ഗര്‍ഭപാത്രത്തില്‍ ഒരു പുതുനാമ്പിന്‍റെ തുടിപ്പ്.

Labels:

Creative Commons License