Saturday, December 31, 2005
Tuesday, December 27, 2005
മംഗല്യഭാഗ്യം
"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം. ഒരുമാതിരി സംശ്യങ്ങളൊക്കെ അമ്മുമ്മ തീര്‍ത്തുതരുമെന്ന് ഉണ്ണിക്കറിയാം. ചിലപ്പോഴൊക്കെ അമ്മുമ്മയ്ക്ക് ഭയങ്കര ദേഷ്യം വരും. പക്ഷെ ചോദിക്കണത് പഴേ കാര്യങ്ങളാണെങ്കില്‍ അമ്മുമ്മ ഉണ്ണ്യേ അടുത്ത് പിടിച്ചിരുത്തും. ചൂടുള്ള നെഞ്ചിലേക്ക് ചാച്ച് കിടത്തി തലമുടിക്കിടയിലൂടെ വിരലോടിക്കും. എന്നിട്ട് ചേര്‍ത്തുപിടിച്ചാടിക്കൊണ്ട് പറഞ്ഞുതരും. അമ്മുമ്മ തലമുടിയിലൂടെ വിരലോടിക്കുന്നത് ഉണ്ണിക്ക് വല്യ ഇഷ്ടാ.
"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
അമ്മുമ്മ ഉണ്ണിയെ അടുത്ത് ചേര്‍ത്തിരുത്തി.
"പടിപ്പുര അടഞ്ഞുകിടന്നാ എങ്ങന്യാ ഉണ്ണീ ശ്രീ പാറോതി ഉള്ളിലേക്കു വര്വാ"
ഉണ്ണിക്ക് ഒട്ടും പിടികിട്ടീല്യ. അമ്പലത്തിലിരിക്കണ ശ്രീ പാര്‍വ്വതിയെന്തിനാപ്പോ വീട്ടിലേക്കു വരണത്.
അപ്പൊപ്പിന്നെ അമ്പലത്തിലാരാ. ഉണ്ണിക്ക് ചോദിക്കണംന്നുണ്ടായിരുന്നു. ഇഷ്ടായില്ലെങ്കില്‍ അമ്മുമ്മ പിണങ്ങും. ചിലപ്പോള്‍ കരയേം ചെയ്യും. ഉണ്ണീടമ്മ വഴക്കുപറയുമ്പോ അമ്മിക്കല്ലിനടുത്തെ തിണ്ണയില്‍ ഇരുട്ടത്തിരുന്ന് അമ്മുമ്മ കരയുന്നത് എത്ര്യാ ഉണ്ണീ കണ്ടിരിക്കണെ.
"ശ്രീ പാറോതി എന്തിനാ വരണെന്നറിയ്വോ ഉണ്ണിക്ക്?"
"ഇല്യാ" ഉണ്ണിക്ക് സന്തോഷായി. അമ്മുമ്മ പറയാറുള്ളത് പോലെ, വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്.
"ഈ തട്ടകത്ത് മംഗല്യഭാഗ്യൊല്യാത്ത കുട്ട്യോളുണ്ടാവില്യാ. വിളിച്ചാ വിളിപ്പുറത്താ ദേവി! അങ്ങിനെ അനുഗ്രഹിക്കാന്‍ വരുന്ന ദേവി അടഞ്ഞ പടിപ്പുര കണ്ട് തിരിച്ചു പോവാതിരിക്കാന്‍ ഈ കരയിലെ വീടുകളില്‍ പടിപ്പുര പാടില്യാന്ന വിശ്വാസം."
ഉണ്ണിക്കത് ശരിക്കും മനസ്സിലായില്ല.
"നമ്മുടെ വീടിനും പടിപ്പുരല്യലോ അമ്മുമ്മേ"
"ഇല്യാ ഉണ്ണ്യേ"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം.
"എന്നിട്ടും എന്തേ.."
ഉണ്ണി തിരിഞ്ഞ് അകത്തെ ഇരുട്ടിലേക്കു നോക്കി. പിന്നെ അമ്മുമ്മയോടു പറ്റിച്ചേര്‍ന്നു. അമ്മുമ്മ്യുടെ നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത് ഉണ്ണി കേട്ടു. ശിരസ്സില്‍ ഇറ്റുവീണ കണ്ണുനീരിന്‍റെ ചൂട് ഉണ്ണി അറിയാതെ അമ്മുമ്മ തലോടിയെടുത്തു.
Labels: കഥ
Saturday, December 24, 2005
മുത്തശ്ശിക്കഥ
ഊണു കഴിഞ്ഞതും ഞങ്ങളെല്ലാവരും മുത്തശ്ശീക്കു ചുറ്റുംകൂടി. "എന്തേ?" നീട്ടി വെച്ച കാലിന്‍റെ മുട്ടില്‍ കുഴമ്പിട്ടു തിരുമ്മിക്കൊണ്ടു മുത്തശ്ശി ചോദിച്ചു.
"കഥ പറഞ്ഞു തരണം."
മുത്തശ്ശിക്ക് സന്തോഷായി. ഈ തലമുറയിലും തന്‍റെ കഥ കേള്‍ക്കാന്‍ കുട്ട്യോളുണ്ടല്ലോ.
"നിയ്ക്കതിനു പുത്യേ കതകളൊന്നും വശ്ശോല്യാലോ."
എല്ലാവരും വട്ടമിട്ടിരുന്നു.
"ഡാഡി പറഞ്ഞൂലോ മുത്തശ്ശിക്ക് ഒത്തിരി കഥകളറിയാംന്ന്.
അവരൊക്കെ കുട്ട്യായിരുന്നപ്പോള്‍ മുത്തശ്ശീടെ കഥ കേട്ടാ ഉറങ്ങാറെന്ന്"
അവനൊന്നും മറന്നിട്ടില്ല. മറന്നൂച്ചാ പേര്‍ഷ്യേന്ന് ഇത്രേം പണോക്കെ ചെലവാക്കി ഇപ്പളിങ്ങട്ട് വര്വോ.
ഈ തറവാടും തൊടീം കുളോക്കെ പണ്ടും ഒത്തിരി ഇഷ്ടായിരുന്നു അവന്.
ഇപ്പോത്തന്നെ എത്ര പേര്യാ പട്ടണത്തീന്നൊക്കെ തറവാട് കൊണ്ടു നടന്ന് കണിച്ചു കൊടുക്കുന്നത്.
"ആഷ്യൂം പിഷ്യൂം"ന്ന് എന്തൊക്ക്യോ കൊറെ സംസാരിക്കണേം കേട്ടു. ഇംഗരീസ്സാ. നിയ്ക്കൊട്ടും തിരിഞ്ഞില്ല.
"മുത്തശ്ശ്യെന്താ കഥ പറയാണ്ട് വെറുതെയിരുന്നു ചിരിക്കുന്നേ" മുത്തശ്ശി ഞങ്ങളെ നോക്കി തൊണ്ണകാട്ടി ചിരിച്ചു.
"കത പറഞ്ഞു തരാം. പക്ഷേ കത കേള്‍ക്കുമ്പോ മൂളാന്‍ മറക്കരുത്. മൂളല്‍ നിര്‍ത്ത്യാ കതേം നിര്‍ത്തും.
പിന്നെ ഉറങ്ങ്യ കുട്ടികള്‍ ഉറങ്ങ്യ കുട്ടികള്‍ കാലാട്ടുകേം വേണം. സമ്മതിച്ചോ?"
എല്ലാവരും തലയാട്ടി.
"ആട്ടെ. രാജകുമാരീടെ കത വേണോ, കാക്കയുടെ കത വേണോ?" മുത്തശ്ശി ചോദിച്ചു.
"ഞങ്ങള്‍ക്ക് ഫാന്‍റത്തിന്‍റെ കഥ മതി" ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു.
"ഈശ്വരാ!" മുത്തശ്ശിയുടെ കണ്ണു നിറഞ്ഞു. ഞങ്ങളെ മാറിമാറിനോക്കിയിട്ട് മുത്തശ്ശി കഥ പറയാന്‍ തുടങ്ങി.
"പണ്ട്. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട് പാന്‍റം എന്നൊരു രാജാവുണ്ടായിരുന്നു."
ഞങ്ങള്‍ കൂട്ടത്തോടെ മൂളി.
"അദ്ദേഹത്തിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു."
ഞങ്ങള്‍ വീണ്ടും മൂളി.
"പെട്ടന്നൊരു ദിവസം രാജകുമാരിയെ കാണാതായി"
"രാജകുമാരിയെ ക്ണ്ടു മോഹിച്ച ഒരു രാക്ഷസന്‍ അവളെ തട്ടിക്കൊണ്ടുപോയതാ"
"ഏഴു മലകള്‍ക്കപ്പുറം, ഏഴു കടലുകള്‍ക്കപ്പുറം ഒരു ഗുഹയില്‍ രാജകുമാരിയെ അടച്ചിട്ടു."
അങ്ങിനെ കഥ പറഞ്ഞ് കഥ പറഞ്ഞ് മുത്തശ്ശി ഉറങ്ങിപ്പോയി.
ഇടയ്ക്ക് മൂളാന്‍ ഞങ്ങളും മറന്നുപോയിരുന്നു. ഞങ്ങളെല്ലാവരും കാലാട്ടാന്‍ തുടങ്ങി.
Labels: കഥ
Sunday, December 18, 2005
ഗര്‍ഭിണി
ഞാനിന്നൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി
എനിക്കൊന്നു പ്രസവിക്കണം
എനിക്ക് കവിതകളെ പ്രസവിക്കുന്നതാണിഷ്ടം
പക്ഷേ ഡിസി രവിയെന്നെ ഭീഷണിപ്പെടുത്തുന്നു
ഇനിയും കവിതകളെപ്പെറ്റാല്‍ എന്നെ 'ഡൈവോഴ്സ്' ചെയ്യുമത്രേ!
പിന്നെ ഞാന്‍ തെരുവിലേക്കിറങ്ങേണ്ടി വരും.
അതുകൊണ്ട് ഞാന്‍ കവിതകളെ ഗര്‍ഭത്തിലേ കൊന്നു.
മാസം തികയാതെ പെറ്റ കവിതകളെ
ട്രങ്കുപെട്ടിയുടെ ഇരുട്ടില്‍ മുക്കിത്താഴ്ത്തി.
നോവലുകളെ മാത്രം പെറ്റു, ചിലപ്പോള്‍ കഥകളേയും.
അതല്ല ഇപ്പോഴെന്‍റെ പ്രശ്നം
ഇന്ന് ഞാനൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി.
എനിക്കൊന്നു പ്രസവിക്കണം.
മാസം തികഞ്ഞിട്ട് കൊല്ലം കഴിഞ്ഞു, ഞാന്‍ പെറുന്നില്ല.
ആഞ്ഞു മുക്കി നോക്കി,
അനക്കിയും ഞെക്കിയും നോക്കി,
നോവല്‍ പുറത്തേക്കു വരുന്നില്ല.
വല്ലാതെ വൈകി, ഇനി കൊല്ലുന്നതെങ്ങിനെ?
എനിക്കു പ്രസവിക്കണം.
ഈ ഗര്‍ഭവും താങ്ങി ഇനി വയ്യ
എനിക്കൊന്നുറങ്ങണം.
മറ്റൊരു സുരതത്തിനായ് മനസ്സുതുറന്നു വെച്ച്,
ഒരു കവിതയുടെ ബീജം സ്വപ്നം കണ്ടെനിക്കുറങ്ങണം.
പക്ഷേ ആദ്യം ഈ മനസ്സൊന്നൊഴിക്കേണ്ടേ.
ഇത്ര വലിയൊരു നോവലിനെ ഗര്‍ഭം ധരിക്കേണ്ടായിരുന്നു.
കഥകളായിരുന്നു ബെസ്റ്റ്.
ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കിട്ടും.
ആറുവരെ കിട്ടിയവരുണ്ടത്രെ!
പിറക്കാനിരിക്കുന്ന കുഞ്ഞിക്കണ്ണുള്ള കവിതകളെ
സ്വപ്നം കണ്ടെനിക്കൊന്നുറങ്ങാന്‍
എനിക്കു പ്രസവിച്ചേ മതിയാവൂ.
ഞാന്‍ ഗുജറാത്തില്‍ പോവും.
അവിടെ ഗര്‍ഭം വെട്ടിപ്പൊളിച്ച്
കുഞ്ഞിനെ വാളിലും ശൂലത്തിലും കോര്‍ത്തെടുക്കുന്ന
സര്‍ക്കാര്‍ ഡോക്ടര്‍മാരുണ്ടത്രെ!*
(അതിനു ഞാനെന്‍റെ നെറ്റിയിലെ ചന്ദനക്കുറി മായ്ക്കണം)
എന്തായാലും എനിക്ക് പ്രസവിച്ചാല്‍ മതി
അതിന് ഞാന്‍ ഗുജറാത്തില്‍ തന്നെ പോവും!!
___________________________________________
* നിങ്ങളും വായിച്ചിരിക്കും ആ വാര്‍ത്ത. സച്ചിതാനന്ദന്‍റെ കവിതയും.
പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയര്‍ വാളാല്‍ നെടുകെപ്പിളര്‍ന്ന്
ചോരക്കുഞ്ഞിനെ ശൂലത്തില്‍ കോര്‍ത്തെടുത്ത രാക്ഷസര്‍
പിറന്നതും ഈ മണ്ണില്‍ തന്നെയല്ലേ, നമുക്ക് ഒട്ടകപ്പക്ഷികളാവാം..
കണ്ണടച്ച് ഇരുട്ടാക്കാം.
Wednesday, December 14, 2005
കുട്ടിശങ്കരനിടഞ്ഞു!
ഞങ്ങളുടെ അമ്പലത്തില്‍ ആന ഇടഞ്ഞില്ല.
കുട്ടിശങ്കരനാണ് തിടമ്പേറ്റുന്നത്.
എന്നിട്ടും ഞങ്ങളുടെ അമ്പലത്തില്‍ മാത്രം ആനയിടഞ്ഞില്ല.
ഉത്സവം കഴിഞ്ഞിട്ടില്ല. നാളെ ഇടയുമായിരിക്കും.
കുട്ടിശങ്കരനെ അറിയില്ലേ?
കുഴൂരമ്പലത്തില്‍ ഇടഞ്ഞ ആന.
അതിനു മുമ്പ് അന്നമനട അമ്പലത്തിലും കുട്ടിശങ്കരനിടഞ്ഞു.
അമ്പലം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു.
അന്നുതന്നെ കമ്മിറ്റിക്കാര്‍ തീരുമാനിച്ചു.
'കുഴൂരമ്പലത്തിലും കുട്ടിശങ്കരന്‍ മതി.'
കുട്ടിശങ്കരനെ കാണാന്‍ കുഴൂരിലും ജനമൊഴുകി.
ആനയുടെ കൈപ്പാങ്ങില്‍ നിന്നെല്ലാം ഒഴിഞ്ഞ്,
വേണ്ട മുന്‍കരുതലുകളെല്ലാമെടുത്ത്,
സ്റ്റാര്‍ട്ട് പറഞ്ഞാല്‍ ഓടാന്‍ റെഡിയായി ആളുകള്‍ നിന്നു.
ചുറ്റുമുള്ള പറമ്പുകളിലെ വേലിക്കെട്ടുകളെല്ലാം പൊളിച്ചുമാറ്റി,
തൊട്ടാവാടിയെല്ലാം ചെത്തിയൊതുക്കി, അങ്ങനെ
ഓടിരക്ഷപ്പെടാനുള്ള എല്ലാ സൌകര്യങ്ങളും
കമ്മിറ്റിക്കാര്‍ ഒരുക്കിയിരുന്നു.
ഉത്സവം കാണാന്‍ നാനാഭാഗത്തുനിന്നും ജാതിമതഭേദമെന്യേ എത്തിച്ചേര്‍ന്ന
ഭക്തജനങ്ങളെ കുട്ടിശങ്കരന്‍ നിരാശ്ശരാക്കിയില്ല.
കുട്ടിശങ്കരനിടഞ്ഞു.
തെങ്ങു നാലഞ്ചെണ്ണം പിഴുതു. ചുറ്റുമതില്‍ ചവുട്ടിപ്പൊളിച്ചു.
എന്നാലെന്താ ഉത്സവം കെങ്കേമം.
അതോടെ ഞങ്ങള്‍ ഐരാണിക്കുളത്തുകാരും വിട്ടില്ല.
ഞങ്ങള്‍ക്കും കുട്ടിശങ്കരന്‍ വേണം.
പക്ഷേ കുട്ടിശങ്കരനിടയണം.
"ഞാന്‍ പറഞ്ഞാല്‍ അവനിടയും" ഒന്നാം പാപ്പാന്‍ ഗ്യാരണ്ടി.
പൊന്നുംവില കൊടുത്ത് ഞങ്ങളും കൊണ്ടുവന്നു കുട്ടിശങ്കരനെ!
ഒന്നാം ഉത്സവവും രണ്ടാം ഉത്സവവും മൂന്നാം ഉത്സവവും കഴിഞ്ഞു.
കുട്ടിശങ്കരനിടഞ്ഞില്ല.
കാലേക്കൂട്ടി ടിക്കറ്റെടുത്ത് തമ്പടിച്ചു കഴിഞ്ഞിരുന്ന
ഭക്തരും ടിവി ചാനലുകാരും പ്രതീക്ഷ കൈവിട്ടുതുടങ്ങി.
പപ്പാന്‍ പറഞ്ഞു. " ദേ ദിപ്പിടയും, ദൊക്കവെന്‍റൊരു നമ്പറല്ലേ"
ഒന്നാം പാപ്പാന്‍ സ്നേഹത്തോടെ പറഞ്ഞു "ഇടയട മോനെ"
രണ്ടാം പാപ്പാന്‍ തോട്ടിയിട്ടു വലിച്ചു "ഇവിടിടയാനെ"
കുട്ടിശങ്കരന്‍ ഇടഞ്ഞില്ല.
ഞങ്ങള്‍ പാപ്പാനോടിടഞ്ഞു.
പാപ്പാന്‍ കരഞ്ഞുപറഞ്ഞു
"പൊന്നുമോനെ, ഞാനല്ലേടാ പറയുന്നത് ഒന്നിടയടാ"
കുട്ടിശങ്കരന്‍റെ മനസ്സലിഞ്ഞു.
പുറത്തിരുന്ന ഒന്നാം പാപ്പാനെത്തന്നെ ചുഴറ്റി നിലത്തടിച്ചു.
"ചതിച്ചല്ലോ മോനെ"യെന്ന വിളി
പാപ്പാന്‍റെ തൊണ്ടയില്‍ തടഞ്ഞുനിന്നു.
എന്നലെന്താ കുട്ടിശങ്കരനിടഞ്ഞു.
ഭക്തജനങ്ങള്‍ ആര്‍ത്തിരമ്പി.
ഭക്തിയോടെ കൈകള്‍ കൂപ്പി.
ചിതറിയ തലച്ചോറിനുചുറ്റും
ബലിക്കാക്കകള്‍ പോലെ ചാനലുകാര്‍ കൊത്തിപ്പെറുക്കി.
കുട്ടിശങ്കരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞങ്ങള്‍ പറഞ്ഞു "സംശ്യല്യാ, മദപ്പാട് തന്നെ!"
എന്നാലെന്താ,
ഐരാണിക്കുളത്തപ്പന്‍റെ ഉത്സവവും കെങ്കേമം!!
Labels: കഥ
Saturday, December 10, 2005
എന്‍റെ സാക്‍ഷ്യം
"...... മുമ്പാകെ സത്യം മാത്രമേ പറയൂ. സത്യമല്ലാതെ മറ്റൊന്നും........."
ഒരു കാര്യം ആദ്യമേ പറയട്ടെ. നിങ്ങളുടെ മുമ്പാകെ ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ ഞാനൊരുക്കമല്ല. മുമ്പു സൂചിപ്പിച്ചിരുന്നു, ഞാനൊരു കള്ളസാക്ഷിയാണ്. എന്‍റെ സാക്‍ഷ്യത്തില്‍ നിന്ന് സത്യവും അസത്യവും തിരിച്ചറിഞ്ഞ് വിധി പ്രസ്താവിക്കേണ്ടത് നിങ്ങളാണ്.
ഇനി കാര്യത്തിലേക്കു കടക്കാം. വര്‍ഷങ്ങള്‍ക്കുമുമ്പു നടന്നതാണ്. എനിക്കന്ന് 12-13 വയസ്സ് പ്രായം. കോട്ടയം പുഷ്പനാഥിന്‍റെ ഡിക്റ്റ്ക്ടീവ് നോവലുകളും എറ്റുമാനൂര്‍ ശിവകുമാറിന്‍റെ മാന്ത്രിക നോവലുകളും വായിച്ചു ത്രില്ലടിച്ചു നടക്കുന്ന സമയം. ഒരു മണ്ഡലക്കാലത്താണ് സംഭവം നടക്കുന്നത്. മണ്ഡലക്കാലമായാല്‍ അതുവരെ നിര്‍ഭയം തുടര്‍ന്നുവന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കും. കാക്കൂട്ടില്‍ കയ്യുംതിരുകി 7 മണിവരെയുള്ള ഉറക്കം, പല്ലുതേപ്പുകഴിയുമ്പോള്‍ അടുപ്പിനരുകില്‍ നില്‍ക്കുന്ന അമ്മുമ്മയുടെ ചൂടുമുഴുവന്‍ വലിച്ചെടുക്കുന്ന നീണ്ട കെട്ടിപ്പിടുത്തം. അമ്മുമ്മയുടെ കണ്ണുവെട്ടിച്ചെടുത്തുതിന്നുന്ന ചുടുദോശയുടെ സ്വാദ്,... നഷ്ട്ങ്ങളുടെ പട്ടികയങ്ങനെ നീണ്ടുപോകുന്നു. കുളിച്ച് അമ്പലത്തില്‍ പോയി തൊഴുതു വരാതെ ഒരെടപാടും നടക്കില്ല. അന്നൊരു വ്യാഴാഴ്ചയായിരുന്നു. അമ്മുമ്മയുടെ അടിയുടെ ചൂടറിഞ്ഞപ്പൊഴാണ് അത്രനേരവും കേട്ടുകൊണ്ടിരുന്ന വിളികള്‍ സ്വപ്നത്തിലേതല്ലെന്നു തിരിച്ചറിഞ്ഞത്. അലാറം തന്നെയേല്പ്പിച്ച ജോലി 5 മണി മുതല്‍ തന്നെയാരംഭിച്ചിട്ടുണ്ടായിരുന്നു. അതിന്‍റെ മണ്ട്യ്ക്കിട്ടൊരു കൊട്ടുംകൊടുത്ത് പുതപ്പിനുള്ളിലേക്ക് ഒന്നുംകൂടി ചുരുണ്ടുകൂടണമെന്നുണ്ടായിരുന്നെങ്കിലും എന്‍റെ മുഖത്തു കോണ്‍ക്രീറ്റുചെയ്ത അമ്മുമ്മയുടെ നോട്ടം എന്നെ അതില്‍ നിന്നും വിലക്കി. വിരലുകള്‍കൊണ്ട് താളം പിടിച്ച് മുഖത്ത് ക്രൂരമായൊരു ചിരിയും ഒളിപ്പിച്ചു നില്ക്കുന്ന ടോമിന്‍റെ മുന്നില്‍ കട്ടെടുത്ത ചീസുമായ് നില്ക്കുന്ന ജെറിയെപ്പോലെ ഞാനൊരു ചമ്മിയ ചിരി ചിരിച്ചുനോക്കി. ഇല്ല, ആ മുഖത്ത് ഒരു ഭാവമാറ്റവുമില്ല. ഞാന്‍ മെല്ലെ പുതപ്പെടുത്തു മാറ്റി വലത്തോട്ടുതിരിഞ്ഞുകിടന്ന് ഒന്ന് തൊഴുതെഴുന്നേറ്റു. പഴയ ചിരിയെടുത്ത് ഒന്നുംകൂടിയിട്ടുനോക്കി. രക്ഷയില്ല.. ഇതെന്നേംകൊണ്ടേ പോവൂ. പുറത്ത് ഡിസംബറിന്‍റെ മുഴുവന്‍ ഭാവവും ഉള്‍ക്കൊണ്ട് വിഴുങ്ങാന്‍ കാത്തുനില്ക്കുന്ന മഞ്ഞിന് ഇതിലും മനുഷ്യപ്പറ്റ് കാണും. തോര്‍ത്തും സോപ്പുമെടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ 'ഇരുട്ടുണ്ടാവും ടോര്‍ച്ചെടുത്തോ'യെന്നുള്ള ഔദാര്യം, അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞു. 'വെടിയുണ്ടകള്‍ കൊണ്ടമ്മാനമാടുന്ന, കൊടും ഭീകരരുടെ പേടിസ്വപ്നം, ഡിക്റ്റ്ക്ടീവ് പുഷ്പരാജിനു അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകാന്‍ ടോര്‍ച്ചോ? ച്ഛായ്!'
പക്ഷേ അമ്പലക്കുളത്തില്‍ എത്തുന്നതിനുമുമ്പ് ചില ശബ്ദങ്ങള്‍ കേട്ട് ഞാനെടുത്തണിഞ്ഞ ഡിക്റ്റ്ക്ടീവ് പുഷ്പരാജിന്‍റെ മേലങ്കി പാമ്പ് ഉറയൂരുന്നതുപോലെ വഴിയിലുരിഞ്ഞുപോയി. ഇതിനുമുമ്പൊരിക്കലും ഈ പട്ടിയിങ്ങനെ ഓലിയിട്ടുകേട്ടിട്ടില്ലല്ലോ? സാധാരണ യക്ഷികള്‍ വരുമ്പോഴല്ലേ പട്ടികളിങ്ങനെ ഓലിയിടാറ്. എറ്റുമാനൂര്‍ ശിവകുമാറിന്‍റെ മാന്ത്രിക നോവലുകളില്‍ യക്ഷികള്‍ വെള്ളിയാഴ്ച്ചയാണല്ലോ ചോരകുടിക്കാന്‍ ഇറങ്ങാറ്. 'ഇന്ന് വ്യാഴാഴ്ച്ചയാണ്, ഇന്ന് വ്യാഴാഴ്ച്ചയാണെ'ന്ന് പുറകില്‍ പതുങ്ങി നില്‍ക്കാന്‍ സാധ്യതയുള്ള യക്ഷി കേള്‍ക്കാന്‍ പാകത്തിന് ഒന്നുരണ്ടു വട്ടം ഞാന്‍ പറഞ്ഞുനോക്കി. യക്ഷിക്ക് ദിവസം മാറിപ്പോയതാണെങ്കിലോ? നാശം. പണ്ട് അമ്പലക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്ത വേലായുധേട്ടന്‍റെ ബീഡിക്കറയുള്ള ചിരി എന്തിനപ്പോള്‍ മനസ്സിലേക്കു കടന്നുവന്നു. ഈശ്വരാ, പുറകില്‍ ആരുടേയൊ കാലടിശബ്ദം കേള്‍ക്കുന്നുണ്ടോ? ആരുടേയോ നേര്‍ത്ത ശ്വാസത്തിന്‍റെ ചൂട് കഴുത്തുനു പുറകില്‍..? ഇല്ല തോന്നലായിരിക്കും. മില്ലിലിട്ട് ആട്ടിയാലും അര ലിറ്റര്‍ ചോര തികച്ച് കിട്ടാന്‍ സാദ്ധ്യതയില്ലത്ത ഈ ശരീരത്തെപ്പോലും വെറുതെ വിടില്ലേ. ഇന്നസെന്‍റ് പറഞ്ഞപോലെ 'ചോരേം നീരൂള്ള ഒരുപാട് പേരുണ്ടല്ലോ ഈ നാട്ടില്‍'. അമ്മുമ്മ ചൊല്ലിത്തന്ന നാമം അറിയാതെ നാവില്‍ വന്നു. അര്‍ജ്ജുനന്‍..ഫല്ഗുനന്‍.. ഭാഗ്യം! അമ്പലക്കുളമെത്തി. കുളപ്പുരയുടെ ചുമരില്‍ പിടിച്ച് ശ്വാസം ആഞ്ഞുവലിച്ചുവിട്ടു.
ഇന്നെന്തേ ആരുമെത്തിയില്ല? കല്പ്പടവുകള്‍ക്കു താഴെ ഇരുട്ടില്‍ ഉറങ്ങിക്കിടക്കുന്ന അമ്പലക്കുളം. ഒന്നു ശങ്കിച്ചു നിന്നിട്ട് ഞാന്‍ പടികളിറങ്ങി. പെട്ടന്ന് എന്‍റെ കാലുകള്‍ ആരോ പിടിച്ചുകെട്ടിയപോലെ നിന്നു. അവസാന പടിയില്‍ ഇരുട്ടു പുതച്ച് ഒരാള്‍ കുന്തിച്ചിരുന്ന് ബീഡി വലിക്കുന്നു. അയാള്‍ എന്നെ നോക്കി ബീഡിക്കറയുള്ള പല്ലുകാട്ടി ചിരിച്ചു. പിന്നെ വെള്ളത്തിലേക്കെടുത്തൊരു ചാട്ടം! എന്‍റെ സപ്ത നാഡികളും തളര്‍ന്നു. നിന്നിടത്തു നിന്ന് ഒരടിപോലും അനങ്ങാന്‍ കഴിയുന്നില്ല. എന്‍റെ ഹൃദയം, ശിവമണി എ.ആര്‍. റഹ്മാന്‍റെ വേള്‍ഡ് ടൂറിലെന്ന പോലെ പെരുമ്പറകൊട്ടി. ഇല്ല, വെള്ളത്തിലേക്കു ചാടിയയാള്‍ ഇനിയും പൊന്തിവന്നിട്ടില്ല. ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് തിരിഞ്ഞോടി. ശക്തികിട്ടാന്‍ വേണ്ടിയിട്ടാണ് 'ബ്രൂസ് ലീ' ആ മാതിരി ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അന്നെനിക്ക് മനസ്സിലായി. ഉവ്വ്, എന്‍റെ പുറകിലാരോ ഉണ്ട്. ഏത് നിമിഷവും എന്‍റെ കഴുത്തില്‍ പിടിമുറുകും. ഞെരമ്പ് കടിച്ചുമുറിച്ച് ചോര ജൂസുപോലെ വലിച്ചുകുടിക്കും. വാതില്‍ തള്ളിത്തുറന്നതു മാത്രം എനിക്കോര്‍മ്മയുണ്ട്. പിന്നെ കണ്ണുതുറക്കുമ്പോള്‍ ഞാന്‍ വിയര്‍ത്തുകുളിച്ച് കിടക്കയില്‍ കിടക്കുകയാണ്. എന്‍റെ തലയില്‍ തലോടിക്കൊണ്ട് നിറകണ്ണുകളോടെ അമ്മുമ്മ.
വെള്ളത്തില്‍ ചാടിയതാരാണെന്നെനിക്കറിയില്ല. അയാള്‍ അപ്പോള്‍ത്തന്നെ പൊന്തിവന്ന് കുളിച്ചുകേറി പ്പോയോയെന്നറിയാന്‍ ഞാനവിടെ നിന്നുമില്ല. ഇത്രയും കാര്യങ്ങളേ എനിക്കറിയൂ. ഇനിയൊരു വിധി പറയേണ്ടത് നിങ്ങളാണ്.
Labels: കഥ
Tuesday, December 06, 2005
സാക്‍ഷ്യം
അറിയുമോ ഖലീല്‍ ജിബ്രാനെ? അമേരിക്കന്‍ നഗരങ്ങളിലെ മനം മയക്കുന്ന ജീവിതയാത്രയിലും ലബനന്‍ ഗ്രാമങ്ങളിലെ മനം കുളിര്‍ക്കുന്ന സഡാര്‍ മരത്തണലുകള്‍ കൊതിച്ച സ്നേഹത്തിന്‍റെ പ്രവാചകനെ? ജീവിതസായന്തനത്തില്‍ മനസ്സും ശരീരവും തളര്‍ന്ന് ശൂന്യമായ ചിന്തകളോടെ ഇനിയൊരിക്കലും തേടിയണയാത്ത മഴത്തുള്ളിയും സ്വഹ്നം കണ്ട് വരണ്ടുവിണ്ട് തരിശ്ശുപോലെ സ്വയം തീര്‍ത്ത തടവറക്കുള്ളില്‍ കിടന്നു ജിബ്രാന്‍ തന്‍റെ സുഹ്രുത്തിനെഴുതി "മുകള്‍ സുഷിരം അടഞ്ഞുപോയ അഗ്നിപര്‍വ്വതമാണിന്നു ഞ്ഞാന്‍. ഒന്നെഴുതാന്‍ കഴിഞ്ഞെങ്കില്‍, ഒന്നു പൊട്ടിത്തെറിക്കാന്‍ കഴിഞ്ഞെങ്കില്‍ എല്ലാം ഒന്നു ശാന്തമായേനെ." പക്ഷേ പിന്നീടൊരു വരിപോലും ജിബ്രാന്‍ എഴുതിയില്ല.
സക്ഷിയുടെ ആദ്യത്തെ പോസ്റ്റ് ഖലീല്‍ ജിബ്രാന്‍റെ വരികളാവട്ടെ.
സാക്‍ഷ്യം : എഴു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴു വെള്ളരിപ്രാവുകള്‍ ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയി. അതു കണ്ടുനിന്ന എഴു പേരില്‍ എഴാമന്‍ സാക്‍ഷ്യം പറഞ്ഞു "അതില്‍ ഒരു പ്രവിന്‍റെ ചിറകിനു പുറകില്‍ ഒരു കറുത്ത പാടുണ്ട്." ഇന്ന് ആളുകള്‍ സംസാരിക്കുന്നത് പണ്ടു ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയ എഴു കറുത്ത പ്രാവുകളെക്കുറിച്ചാണു.
സക്ഷിയുടെ ആദ്യത്തെ പോസ്റ്റ് ഖലീല്‍ ജിബ്രാന്‍റെ വരികളാവട്ടെ.
സാക്‍ഷ്യം : എഴു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴു വെള്ളരിപ്രാവുകള്‍ ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയി. അതു കണ്ടുനിന്ന എഴു പേരില്‍ എഴാമന്‍ സാക്‍ഷ്യം പറഞ്ഞു "അതില്‍ ഒരു പ്രവിന്‍റെ ചിറകിനു പുറകില്‍ ഒരു കറുത്ത പാടുണ്ട്." ഇന്ന് ആളുകള്‍ സംസാരിക്കുന്നത് പണ്ടു ഹിമഗിരിശൈലങ്ങള്‍ക്കു മുകളിലേക്കു പറന്നുപോയ എഴു കറുത്ത പ്രാവുകളെക്കുറിച്ചാണു.