Monday, February 01, 2010

ചില തുടര്‍ച്ചകള്‍

പാടം കടന്നുവേണം കല്ലാറുകുന്നിലെത്താന്‍.
കൊയ്ത്തൊഴിഞ്ഞ് നരച്ച് പടര്ന്ന്‍ കിടക്കുന്ന പാടത്തിനപ്പുറം കാവാണ്.

കാവു കഴിഞ്ഞാണ് കല്ലാറുകുന്നിലേക്കുള്ള വഴി.

പാടത്തിനിപ്പുറം നിന്നു നോക്കിയാല്‍ കാവിലേക്കെത്തുമ്പോഴേക്കും
കാഴ്ച ഇതള്‍ കൊഴിക്കാന്‍ തുടങ്ങും.

രാത്രി പാടത്തൂടെ ആരും ഒറ്റക്ക് നടക്കാറില്ല. അവിടെ പൊട്ടനുണ്ടാവും!
അമ്മുമ്മ പറയാറുള്ളത് ഉണ്ണിക്ക് ഓര്‍മ്മ വന്നു.
ഒറ്റക്ക് പാടത്തിലൂടെ പോകുന്നവരെ പൊട്ടന്‍ വഴിതെറ്റിക്കും.
നടന്ന വഴികള്‍ മുഴുവന്‍ വീണ്ടും നടത്തിക്കും.
പുലര്‍ന്നാലും പാടം നടന്നു തീര്‍ന്നിട്ടുണ്ടാവില്ല.
ചിലപ്പോള്‍ പൊട്ടക്കിണറില്‍ തള്ളിയിടും.
മനപ്പറമ്പിലെ പൊട്ടക്കിണറിലേക്ക് കല്ലിട്ടാല്‍
താഴെചെന്നു വീഴുന്ന ഒച്ച കേള്‍ക്കാറെയില്ല.
താഴേക്കു നോക്കിയാല്‍ ഇരുട്ടുമാത്രം കാണം.
കിണറിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന വെള്ളിലകളുടെ ഇടയില്‍
ഒരു വലിയ ഇലഞ്ഞിമരംണ്ട്.
ഉണ്ണി ആഞ്ഞു ശ്വസിച്ചു. ഇവിടേക്കു പോലും കിട്ടുന്നുണ്ട് പൂത്ത ഇലഞ്ഞിപ്പുക്കളുടെ മണം.

ആ ഇലഞ്ഞിമരത്തിലെ യക്ഷിയെപ്പറ്റി ആദ്യം പറഞ്ഞത് അമ്മുവായിരുന്നോ?
ആരേയും ഉപദ്രവിക്കാത്ത, പൊട്ടന്‍ വഴിതെറ്റിക്കുന്നവര്‍ക്ക് വിളക്കുകാണിച്ചുകൊടുക്കുന്ന,
വെളുത്ത മുണ്ടും നേരീതുമുടുത്ത ചുമന്ന ചുണ്ടുകളുള്ള യക്ഷിയെ പക്ഷെ ആദ്യം അടുത്ത് കണ്ടത് ചെറ്യമ്മാവനായിരുന്നു. രാത്രി കളിയും കഴിഞ്ഞ് തറവാട്ടിലേക്കു പോന്ന അമ്മാവന്‍ മനപ്പറമ്പിലെ പൊട്ടക്കിണറ്റിനടുത്തല്ലെ രാവിലെ ഉണര്‍ന്നെഴുന്നേറ്റത്, വല്യമ്പൂരി ചെന്നുവിളിക്കുമ്പോള്‍ വിയര്‍ത്ത് കിടക്ക്വായിരുന്നു. വഴിതെറ്റി കിണറ്റിലേക്ക് വീഴാന്‍ പോയ അമ്മാവനെ പിന്നീന്ന് പിടിച്ചു നിര്‍ത്തിയത് യക്ഷ്യായിരുന്നൂത്രെ! ഒരു നോട്ടേ കണ്ടുള്ളൂ. പിന്നൊന്നോര്‍മ്മല്ല്യാ. ആരേം ഉപദ്രവിക്കണില്യാന്നൊക്കെ വെര്‍തേ പറയ്യാവും. ഉപദ്രവിക്ക്യാത്ത യക്ഷ്യോ? ഇടക്ക് ചോര കുടിക്കണുണ്ടാവും അല്ലെങ്കില്‍ ചുണ്ടെങ്ങന്യാ ഇത്ര ചുമന്നിരിക്കാ? തൊണ്ടിപ്പഴും കുറേ കഴിച്ചാലും മതി. മുത്തച്ഛന്‍റെ കയ്യുപിടിച്ചു പോവുമ്പോ ദൂരേന്നെത്ര്യാ കണ്ടിരിക്കണെ കിണറിനുചുറ്റും ചിരിച്ചുനില്‍ക്കണ തൊണ്ടിപ്പഴങ്ങള്‍! കൊത്യാവും.

കാവിലെ ദേവസ്വം കച്ചേരി ഇപ്പോള്‍ നിലം പൊത്താറായിരിക്കണു. പണ്ടൊക്കെ മുത്തച്ഛനും അമ്മാവനും വല്ല്യമ്പൂരീംല്ലാരും കൂടി അതിന്‍റെ മുകളിലിരുന്ന് ചീട്ടു കളിക്കാറുണ്ടായിരുന്നൂന്ന് അമ്മുമ്മ പറയാറുണ്ട്. ചീട്ടുകളീം കഴിഞ്ഞ് അമ്പലക്കുളത്തില് കുളിക്കാന്‍ പോയപ്പോഴല്ലേ മുത്തച്ഛന് പേടികിട്ടിയത്. അല്ലെങ്കില്‍ പാതിരാത്രീം കഴിഞ്ഞേക്കണ സമയത്ത് ആരെങ്കിലും അമ്പലക്കുളത്തില്‍ കുളിക്കാന്‍ പൂവ്വോ, അതും ധനുമാസത്തിലെ തിരുവാതിരേടന്ന്! അമ്പലക്കുളത്തിനടുത്തെത്തിയപ്പോള്‍ ആരോ തുടിച്ചുകുളിക്കുന്ന ശബ്ദം. കുളത്തിലേക്ക് നോക്കാന്‍ തോന്നാഞ്ഞത് മുത്തച്ഛന്‍ ചെയ്ത പുണ്യം. വല്യ മാന്ത്രികനായിരുന്നിട്ടുപോലും പേടികിട്ടി! വീട്ടിലെത്തിയപ്പോള്‍ ദേഹം മുഴുവന്‍ ചുട്ടുപൊള്ളി. നേരം വേളുത്തപ്പോഴേക്കും മുഖത്തടക്കം കുരുപൊന്തീരുന്നു. എല്ലാരും കൂട്ടക്കരച്ചിലായി. ഉടുതുണിയാലെ മുത്തച്ഛന്‍ കരോട്ടയ്ക്കോടി. അമ്മയുടെ നടയില്‍ സാഷ്ടാംഗം വീണു. ജലപാനമില്ലാതെ ദിവസം മുഴുവന്‍ ഒരേകിടപ്പ്. കുരുപൊട്ടിയൊലിച്ചും തുടങ്ങി. രാത്രിയായപ്പോള്‍ എല്ലാവരും നിര്‍ബന്ധിച്ചു വീട്ടിലേക്കുപോവാന്‍, കൂട്ടാക്കീല്ല്യ. രാത്രീലെപ്പോഴോ അമ്മാവന്‍റെ ചന്തിക്ക് ചൂരലുകൊണ്ട് അടിവീണു, കൂടെ ഒരലര്‍ച്ചയും ‘അസമയത്താണോടാ ഇവിടെ വന്നു കിടക്കണതെന്ന്‘. ശരീരത്തോട് നനഞ്ഞൊട്ടിയ ഉടുമുണ്ടാലെ ഇറങ്ങിയോടി. വീട്ടിലെത്തിയപ്പോഴേക്കും കുരു മുഴുവന്‍ അവിഞ്ഞുപോയി.

സൂര്യന്‍ അസ്തമിക്കാന്‍ ഇനി നാഴികകളേയുള്ളൂ.
വേഗം കുന്നിറങ്ങണം.
കയ്യിലെ സഞ്ചികള്‍ മാറോട് ചേര്‍ത്തുപിടിച്ചു.
അവന്‍ കാത്തിരുന്നു മുഷിഞ്ഞുകാണും.
കൈമാറുന്നത് വെറും വേരും പടലും പച്ചിലകളുമല്ല,
കൈമാറിക്കിട്ടിയ കുറേ പൈതൃകങ്ങളും
മരിച്ചു തലക്കുമുകളില്‍ നില്‍ക്കുന്ന കാരണവന്മാരുടെ വിശ്വാസങ്ങളുമാണ്.
മുത്തച്ഛാ മാപ്പ്! ശങ്കുമ്മാവാ മാപ്പ്!
ദീര്‍ഘനിശ്വാസങ്ങളുടെ കറപുരണ്ടൊരു തറവാടും
ദാഹിച്ചുവരണ്ടൊരു കാരണവത്തറയെങ്കിലും എനിക്കു ബാക്കിവേണം.
ഇതവസാനത്തെ വരവാണ്.
ഇനിയൊരിക്കലും വിഷം തീണ്ട മുറിവായുണക്കാനല്ലാതെ ഈ കുന്നേറില്ല.

ഉണ്ണി നടത്തത്തിന് വേഗതകൂട്ടി.
അഞ്ചുമണികഴിയുമ്പോഴേക്കും കല്ലാറുകരയില്‍ സൂര്യനസ്തമിക്കും.
ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണഞ്ഞ് കല്ലാറുകര വിജനമാവും.
പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട്
വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും.
കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്.
കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല്‍ വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും.
അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും.
ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും
ചോരയൊഴുകാന്‍ തുടങ്ങും.
ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കല്ലാറുകുന്നിലേക്കു പറക്കും.
നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കല്ലാറുകുന്നിലെ ഗന്ധര്‍വ്വന്‍ പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.

അഞ്ചുമണിക്കു മുമ്പേ തിരിച്ചെത്തണം.
പണ്ട് മുത്തച്ഛന്‍റെ കൈപിടിച്ച് കുന്ന് എത്ര കേറിയിരിക്കുന്നു.
രാവെന്നുമിരവെന്നുമില്ലാതെ.
മുത്തച്ഛന്‍റെ നിഴലുകണ്ടാല്‍ പാടത്തെ ഇരുട്ടില്‍ പൊട്ടന്‍ പതുങ്ങിനില്‍ക്കും.
അലറാന്‍ മറന്ന കാളികൂളികള്‍ വരമ്പിറങ്ങി നടക്കും.
‘കൈ പിടിവിടാതെ മുറുക്കെപ്പിടിച്ചോളൂട്ടോ‘. മുത്തച്ഛന്‍ ഓര്‍മ്മിപ്പിക്കും.
വിഷം തീണ്ടിയെത്തുവര്‍ ആരായാലും എത്ര രാത്രിയായാലും മുത്തച്ഛന്‍ തിരിച്ചയക്കില്ല.
അരിക്കലാമ്പുമെടുത്ത് ഇറങ്ങും കല്ലാറുകുന്നിലേക്ക്! കൂടെ ഉണ്ണിയും.
മരത്തില്‍ നിന്നും തൊലിചീമ്പിയെടുക്കുമ്പോള്‍ വിളക്കുകാണിച്ചുകൊടുക്കേണ്ടേ?
മരുന്നെടുക്കാന്‍ പോവുമ്പോള്‍ ചെരുപ്പിടാന്‍ പാടില്ല.
കുന്നുകേറുമ്പോള്‍ കരിമ്പാറകളുടെ കൂര്‍ത്തമുനകള്‍ തുളച്ചുകയറി
ഉണ്ണിയുടെ കാലുമുഴുവന്‍ മുറിയും.
പക്ഷെ കല്ലാറുകുന്നിലെ പൊടിയേറ്റ് തിരിച്ചിറങ്ങുമ്പോഴേക്കും മുറിവായകള്‍ കറുക്കും.
കല്ലാറുകുന്നിലെ മണ്ണിനു വരേണ്ടത്രേ ഔഷധവീര്യം!

ഉണ്ണിയ്ക്കു പിന്നില്‍ കല്ലാറുകുന്ന്
ഒരു സുരതത്തിന്‍റെ തളര്‍ച്ചയിലെന്നപോലെ
വിയര്ത്തു കിതച്ച് മലര്‍ന്ന് കിടന്നു.
പാടം ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞിരുന്നു.
കറുത്തുതടിച്ച ദേഹവും കണ്ണില്‍ ലഹരിയുടെ ചുവപ്പുമായി ഇരുട്ടില്‍ പൊട്ടന്‍ ചിരിച്ചു.
അലറിയടുക്കുന്ന വെളിച്ചപ്പൊട്ടുകള്‍.
മുത്താച്ഛാ!
‘കയ്യില്‍ നിന്നുപിടി വിടരുതെന്നു ഞാന്‍ പറഞ്ഞതല്ലേയുണ്ണീ.’

Labels: , ,

Monday, January 18, 2010

ദൈവങ്ങള്‍ ഉണ്ടാകുന്നത്..

അയാള്‍ നരച്ച തല ചുമലുകളില്‍ തൂക്കിയിട്ട് കാല്പാദത്തില്‍ മിഴികളൂന്നിയിരുന്നു.
ചവിട്ടുന്ന മണ്ണിന് ചോരയുടെ നനവ്,
ശ്വസിക്കുന്ന വായുവിന് ചീഞ്ഞമാംസത്തിന്‍റെ ഗന്ധം.
ചെവികളില്‍ അത്മാക്കളുടെ കരച്ചില്‍.
അയാള്‍ പരീക്ഷണീയനായിരുന്നു.
"പലായനം!"
ചുറ്റുമുള്ള നിഴലുകള്‍ അയാളോടു് അലറി.

"പിതാവേ, നിന്‍റെ മക്കള്‍ ഓരോരുത്തരായി പിടഞ്ഞു വീഴുന്നതു നീ കാണുന്നില്ലേ.
നീ അനുഗ്രഹിച്ച, പോറ്റിവളര്ത്തിയ, എന്‍റെ വംശം
ഇവിടെ അവസാനിക്കണമെന്നാണോ? "
അയാള്‍ ആകാശത്തേക്കു നോക്കി; അധികാരദണ്ഡില്‍ തെരുപ്പിടിച്ചു.
"എവിടെ വഴികാട്ടിയായി നീ അയച്ച ദൂതന്‍? "

തിരിഞ്ഞുനോക്കാന്‍ അയാള്‍ ഭയന്നു.
കണ്ണുകളിലേക്കു നീളുന്ന കുറ്റപ്പെടുത്തലുകളുടെ കുന്തമുനകള്‍
എങ്ങനെ പ്രതിരോധിക്കും?
കണ്ണടച്ചാലും വരുന്നതിരുട്ടല്ലല്ലോ പിന്നില്‍ വീണുപോയ പ്രിയപ്പെട്ടവരുടെ
അവസാന നോട്ടങ്ങളല്ലെ.
പിറന്നുവീണ മണ്ണും മാടവുമുപേക്ഷിച്ച് കൂടെവരാന്‍ നീ വിളിച്ചത് മരണത്തിലേക്കായിരുന്നോ?
മഴക്കൊരു ദൈവം, കാറ്റിനൊരു ദൈവം, പകലിനൊരു ദൈവം രാവിനൊരു ദൈവം, കാലത്തിനു മറ്റൊരു ദൈവം..
തീയിനും നീരിനും കാടിനും കടലിനും എന്തിന് ചവിട്ടുന്ന മണ്ണിനു വരെയുണ്ടായിരുന്ന ദൈവങ്ങളെയുപേക്ഷിച്ച് ഞങ്ങള്‍ വന്നില്ലേ? എന്നിട്ടെവിടെ നീ പറഞ്ഞ സ്വപ്നഭൂമി?
എന്തു മറുപടി പറയും?
ഇന്ന് മുഖത്ത് തെറിച്ചുവീണത് പക്ഷെ തന്‍റെ പ്രിയപുത്രന്‍റെ രക്തമായിരുന്നു.
ആദ്യം അറ്റുവീഴേണ്ട ശിരസ്സ് ഇനിയും ബാക്കി.

അയാള്‍ വീണ്ടും ആകാശത്തേക്കു നോക്കി.
ചന്ദ്രനെ മറച്ചുകൊണ്ട് മേഖങ്ങള്‍ നിറയാന്‍ തുടങ്ങിയോ. കാറ്റില്‍ വെളിച്ചം ചിതറിത്തെറിച്ചു.
അയാളടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.
ചെവിയോര്‍ത്തപ്പോള്‍ അകലെ മഴയുടെ ഇരമ്പം.
പ്രിയജനങ്ങളുടെ വിയോഗത്തിലും അലറിച്ചിരിച്ചുപോയി.
തിരിഞ്ഞ് നിന്ന് അധികാര ദണ്ഡ് തലക്കുമുകളിലുയര്ത്തിപ്പിടിച്ചു.
"കുഞ്ഞുങ്ങളെ ഒരുങ്ങിക്കൊള്ളുക.
പുറപ്പെടാന്‍ സമയമായി.
പിതാവ് നമുക്കായി അയച്ചിരിക്കുന്ന വഴികാട്ടി നമ്മെ കാത്തു നില്‍ക്കുന്നു.
പിതാവ് നമുക്ക് അടയാള ചിഹ്നങ്ങള്‍ കാട്ടിത്തന്നിരിക്കുന്നു"

അവര്‍ ചിലമ്പി;
"പലായനം.. പലായനം"
അവര്‍ പകുതിയിലും താഴെയായി ചുരുങ്ങിയിരുന്നു.

" നമുക്ക് പടിഞ്ഞാറു ദിക്കിലേക്ക് യാത്രതിരിക്കാം.
നമ്മുടെ ദൂതന്‍ അവിടെ കാത്തു നില്‍ക്കുന്നു.
വഴികാണിക്കാന്‍ ഇനി നമുക്ക് ദിക് ദൈവങ്ങള്‍ വേണ്ട.
എല്ലാ ദൈവങ്ങള്‍ക്കും മുകളിലേക്കാണീ യാത്ര.
നമുക്കിനി നമ്മളാണ് ദൈവങ്ങള്‍.
എന്‍റെ പിന്നില്‍ അണിചേരുക.
ശത്രുക്കളുടെ ചതിക്കുഴികളില്‍ ആദ്യം ഞാന്‍ വീണുകൊള്ളാം.
നാഗത്തിന്‍റെ ആദ്യത്തെ ദംശനം എന്‍റെ പാദത്തിലായിരിക്കട്ടെ."
പിന്നില്‍ നിന്നുയര്ന്ന തേങ്ങല്‍ അയാള്‍ കേട്ടില്ലെന്നു നടിച്ചു.

"സ്ത്രീകളെ നിങ്ങള്‍ ചുമലില്‍ ചുമന്നുകൊള്ളുക.
അവര്‍ നാളത്തെ നമ്മുടെ വംശപരമ്പരയുടെ വിളനിലങ്ങളാണ്.
നമ്മുടെ നാളെയെ അവര്‍ ഉദരത്തില്‍ ചുമന്നുകൊള്ളും.
അവസാനത്തെ ആണും പെണ്ണും ബാക്കിയാവുന്നതു വരെ യാത്രതുടരുക."

അയാള്‍ നടന്നുകൊണ്ടേയിരുന്നു. പടിഞ്ഞാറു ദിക്കില്‍ ദൂതന്‍ കാത്തുനില്‍പ്പുണ്ട്,
സ്വപ്നഭൂമിയിലേക്ക് അവരെ വഴികാണിക്കാനായി.
അവിടെ മഴയും കാറ്റും പകലും രാവും തീയും നീരും കാടും കടലും മണ്ണും മാനവും
ശ്വസിക്കുന്ന വായുവും എല്ലാം അവരുടേതാണ്.
എല്ലാത്തിന്റേയും ദൈവം അവര്‍ തന്നെയാണ്.
അയാള്‍ നടന്നുകൊണ്ടേയിരുന്നു.

മാനത്തു നിറഞ്ഞ മഴക്കാര്‍ കാറ്റ് കൊണ്ടുപോയത് അയാളറിഞ്ഞില്ല.
ദിക്കറിയാന്‍ പിതാവു നല്‍കിയ അടയാളങ്ങള്‍ അയാള്‍ കണ്ടില്ല.
കണ്ണുകളിലപ്പോഴും പെയ്തൊഴിയാത്ത മഴമേഘങ്ങളായിരുന്നല്ലോ.
അടയാളങ്ങള്‍ കൊടുത്ത് പിതാവിനും മടുത്തുതുടങ്ങിയിരുന്നു.
കാലടി തെറ്റാതെ പിന്തുടരേണ്ടവര്‍ ദിക്കു തെറ്റിയും തെറ്റിച്ചും വഴിപിരിഞ്ഞു പോയതുമറിയാതെ
അയാള്‍ നടന്നുകൊണ്ടേയിരുന്നു.
പാദങ്ങള്‍ ചോര കിനിഞ്ഞതും അധികാരദണ്ഡ് ചിതലരിച്ചതും അയാളറിഞ്ഞില്ല.
അയാള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.
കാത്തുനിന്ന ദൂതനോ കാത്ത് കാത്ത് വേരിറങ്ങി മറ്റൊരു മരദൈവമായി.

Labels: ,

Thursday, December 18, 2008

ശീര്‍ഷകങ്ങള്‍ പറയാത്തത്

എത്ര നേരമായി ഇവിടെയങ്ങിനെയിരിക്കുന്നുവെന്ന് ഓര്‍മ്മയില്ല.
കുറച്ചധികം നേരമായിക്കാണണം. വെയിലിനിപ്പോള്‍ മഞ്ഞനിറമാണ്.
വെയിലിന് ഒരു നിറമുണ്ടെന്ന് ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. ഈ ബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ കടലില്‍ വെറുതെ ഒഴുകി നടക്കുകയായിരുന്ന വെയില്‍ ഇപ്പോള്‍ തൊട്ടടുത്ത് വന്നുകിടന്ന് നാക്കുനീട്ടി കാലുകള്‍ നക്കാന്‍ തുടങ്ങിയിരിക്കുന്നു. അനിത ബാഗ് തുറന്ന് കത്ത് അതില്‍ത്തന്നെയുണ്ടെന്നുറപ്പു വരുത്തി. ആ കത്തൊഴുവാക്കിയതുകൊണ്ട് ഇനിയൊരു ചിറകടി ശബ്ദംകേട്ട് ഞെട്ടിയുണരില്ലെന്നോ മഞ്ഞൊഴുകുന്ന ജനാലയില്‍ മൂക്കുവളഞ്ഞൊരു പെണ്ണിന്‍റെ കാഴ്ച്ചമറക്കാന്‍ ജനല്‍ വിരികള്‍ വലിച്ചിടേണ്ടി വരില്ലെന്നോ അവള്‍ വിശ്വസിക്കുന്നില്ല.
പക്ഷെ നീനയുടെ അവസാനത്തെ അടയാളവും അവള്‍ തുടച്ചുനീക്കുകയായിരുന്നു.
തീയിലെറിഞ്ഞ് നശിപ്പിക്കുകയോ തെരുവിലെ മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിക്കുകയോ ചെയ്യാമെന്നാണവള്‍ ആദ്യം ചിന്തിച്ചത്. പക്ഷെ തിരിച്ചുവരുമ്പോള്‍ മേശയില്‍ അതവളേയും നോക്കികിടക്കുന്നുണ്ടാവുമെന്നവള്‍ ഭയന്നു. പൊലീസിനു കൈമാറാമായിരുന്നു; അവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കേണ്ടുന്ന ഉത്തരങ്ങള്‍ സ്വയം വിശ്വസിക്കാന്‍ തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് എങ്ങിനെയും അനിലനെ കണ്ടെത്തി കത്തേല്പ്പിക്കാന്‍ അനിത തീരുമാനിച്ചത്.

“ഞാന്‍ അനിത. നീനയെക്കുറിച്ചുള്ള നിങ്ങളുടെ ലേഖനം കണ്ടു.“
മുഖവുരയില്ലാത്ത പരിചയപ്പെടുത്തലും തിടുക്കത്തിലുള്ള അവളുടെ ചലനങ്ങളും
ഒട്ടൊന്നുമല്ല അനിലനെ അത്ഭുതപ്പെടുത്തിയത്.
“വിലാസം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി..
നീന എനിക്ക് അവസാനമായി എഴുതിയ കത്ത് നിങ്ങളെയേല്‍പ്പിക്കാന്‍ വന്നതാണ്. നിങ്ങള്‍ക്കതുപകരിച്ചേക്കുമെന്ന് ഞാന്‍ കരുതുന്നു”
മുഖത്തുനോക്കാതെയാണവള്‍ സംസാരിക്കുന്നത്. ഒരു തുമ്പിയുടെ വാലില് പിടിക്കുന്നപോലെ ചൂണ്ടു വിരല്‍കൊണ്ടും പെരുവിരല്‍കൊണ്ടും കത്തിന്‍റെ മൂലയില് പിടിച്ച് അവളത് ബാഗില് നിന്നും പുറത്തെടുത്തു. അതിന്‍റെ മറ്റേ മൂല വളഞ്ഞുവന്നവളെ കടിച്ചേക്കുമെന്ന് ഭയപ്പെടുന്ന പോലെ! തനിക്കുപകാരപ്പെട്ടേക്കാവുന്ന ഒരു സ്കൂപ്പ് സമ്മാനിക്കുകയെന്നതിലുപരി ആ കത്തെങ്ങനെയെങ്കിലും കയ്യൊഴിക്കുകയെന്നതായിരുന്നു അവളുടെ ഉദ്ദേശം എന്നാണയാള് മനസ്സിലാക്കിയത്. കത്ത് കൊടുത്ത ശേഷം യാത്ര പോലും പറയാതെ അവള്‍ വേഗത്തില്‍ തിരിഞ്ഞു നടന്നത് അയാളുടെ സംശയത്തെ ഉറപ്പിച്ചു. അനിലന്‍ നില്‍ക്കാനാവശ്യപ്പെട്ടിട്ടും അവള്‍ നിന്നില്ല. അയാള് പുറകേ വന്നേക്കുമെന്ന് ഭയന്നായിരിക്കണം നടത്തത്തിന് വേഗതകൂട്ടി, കൂടെക്കൂടെ തിരിഞ്ഞു നോക്കിയാണ് അവള്‍ പോയത്.

അനിലന്‍ കത്തെടുത്ത് നിവര്‍ത്തി. നോട്ടം പതിഞ്ഞപ്പോള്‍ ചാരിയും ചെരിഞ്ഞും
ഉറക്കം തൂങ്ങിയും ചിതറിക്കിടന്നിരുന്ന അക്ഷരങ്ങള്‍ അയാള്‍ക്കു മുന്നില്‍ നിരന്നുനിന്നു. ചില അക്ഷരങ്ങള്‍ ഏത്തായി ഒലിച്ച് പരന്നിരുന്നു.

അനിതാ, ഒരു പക്ഷെ ഇതു നിനക്കുള്ള എന്രെ അവസാനത്തെ കത്തായിരിക്കും.
അല്ല. ഇതെന്രെ അവസാനത്തെ കത്തുതന്നെയാണ്. ഡ്രൈവിങ്ങ് എനിക്കെത്രയിഷ്ടമാണെന്ന് നിനക്കറിയാമല്ലോ. തിരക്കുപിടിച്ച നഗരത്തെ പിന്നിലാക്കി ഡ്രൈവു ചെയ്യുമ്പോള് വേഗതകൂടുന്നതു ഞാന് അറിയുന്നില്ല. പോകെ പോകെ ആകാശം താഴേക്കിറങ്ങിവരുകയും മുന്നില് മേഘങ്ങള് നിറയുകയും ചെയ്യും. ശരീരത്തിന്‍റെ ഭാരം നഷ്ടപ്പെട്ട് മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ട് പോകുന്നതുപോലെ എനിക്കു തോന്നും.
നിനക്കറിയാമോ കഴിഞ്ഞ ജന്മത്തില് ഞാനൊരു കിളിയായിരുന്നു.
അല്ലെങ്കില് എന്തിനാണെനിക്കെപ്പോഴും പറന്നുനടക്കാന് തോന്നുന്നത്.
കൈകള്‍ക്ക് പുറകില് ചിറകുകളുടെ ഭാരം പലപ്പോഴും ഞാനറിഞ്ഞിട്ടുണ്ട്.
എനിക്കുറപ്പാണ് കഴിഞ്ഞ ജന്മത്തില് ഞാനൊരു കിളിയായിരുന്നു.
അതോ ഈ ജന്മത്തില് തന്നെയോ?
ഞാന്‍ പോകുന്നു.
നിന്‍റെ ഉമിനീരും വിയര്‍പ്പും അടിവയറിന്‍റെ ചൂടും എന്നെ ഇപ്പോള്‍ ഉണര്‍ത്താറില്ല.
എന്നെപ്പൊതിയുന്നൊരുചിറകു ഞാന്‍ തിരയുകയാണ്.
എന്‍റെ മാറവന്‍ കൊത്തി നീറ്റണം..
എന്‍റെ തുടകളിലവന്‍ നഖങ്ങളിറക്കണം..
ഞങ്ങള്‍ക്കൊരുമിച്ചു പറന്നു നടക്കണം.. കൂടുകൂട്ടണം!
പുഴയ്ക്കരികില്‍ ഞാന്‍ നോക്കിനില്‍ക്കാറുള്ള ആ മരമില്ലേ..?
കാ‍ലുകളകത്തി കൈകള്‍ മേലോട്ടുയര്‍ത്തി മുടിയഴിച്ച് നില്‍ക്കുന്ന ആ ഒറ്റ മുലച്ചി മരം.. അതില്‍ ഞാനൊരു കൂടുകൂട്ടും, മുട്ടയിട്ടടയിരിക്കും.

പറഞ്ഞുതീര്‍ത്ത് അക്ഷരങ്ങള്‍ തളര്‍ന്നുവീണുറങ്ങി.
ആ കത്ത് ഇതുവരെയുള്ള അയാളുടെ നിഗമനങ്ങളെ ഒരു പൊളിച്ചെഴുത്തിനു പ്രേരിപ്പിച്ചു.
ഒരുപക്ഷേ അമിതവേഗതയില്‍ വാഹവമോടിച്ച് ഏതെങ്കിലും അപകടത്തില്‍പ്പെട്ട് അവള്‍ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില് തിരിച്ചറിയപ്പെടാനാവാതെ ഏതെങ്കിലും മെഡിക്കല് കോളേജിലെ തീവ്രപരിചരണ വിഭാഗത്തില് അബോധാവസ്ഥയില് മരണത്തോട് മല്ലിടുകയായിരിക്കും. ഇതൊന്നുമല്ലാത്ത, രസകരമായ മറ്റൊരു സാധ്യതകൂടിയുണ്ട്. മൂക്കു നീണ്ട് ചിറക് മുളച്ച് ഒരു വലിയ കിളിയായി അവളിവിടെയൊക്കെ തന്നെ പറന്നു നടക്കുന്നുണ്ടായിരിക്കും. അനിലന്‍ അപ്പോള്‍ ചിന്തിച്ചത് ആ കിളിയുടെ നഗ്നതയെക്കുറിച്ചായിരുന്നു. മാറിലെ ചെറിയ തൂവലുകള്‍ക്ക് അവളുടെ മുലകളെ എങ്ങിനെ മറയ്ക്കാന്‍ കഴിയും. അറിയാതെ ചിരിച്ചുപോയി.

റാഫിയുടെ സ്റ്റേഷനിലെ 'കാണാതായ യുവതികളുടെ' ഫയലില്‍ നിന്നാണ് നീനയെ അനിലന്‍ കണ്ടെടുക്കുന്നത്. 'Too hoT' എന്നു ചിതലരിച്ച അക്ഷരത്തില്‍ വിളിച്ചുപറയുന്ന ഇറുകിയ കുപ്പായമിട്ട് അവളാ ഫയലില് ശ്വാസം മുട്ടിയിരിക്കുകയായിരുന്നു. അവളുടെ ആ കറുത്ത കുപ്പായത്തിലെ രണ്ടു 'T' കളുടെ മുഴുപ്പുമതിയായിരുന്നു അയാള്‍ക്ക് ഒരു ചൂടന്‍ കഥ മെനെഞ്ഞെടുക്കാന്‍.

അവള്‍ ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ടുവെന്നോ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കൊണ്ടുനടന്ന് പീഢിപ്പിക്കപ്പെട്ടുവെന്നോയുള്ള ആദ്യ നിഗമനങ്ങളില്‍ കടിച്ചുതുങ്ങാന്‍ അനിലന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. അവളെ ഉദ്ദരിച്ച് ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന അരക്ഷികാവസ്ഥയെ കൊട്ടിഘോഷിച്ചവതരിപ്പിച്ച മാധ്യമധര്‍മ്മത്തെ അങ്ങനെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ കഴിയില്ലല്ലോ. പിന്നെ, അവളുടെ ബഹുവര്‍ണ്ണച്ചിത്രത്തിനു താഴെ ഒരു അപകടമരണത്തിന്‍റെ തണുപ്പ് വായിക്കാനെത്ര വായനക്കാരിഷ്ടപ്പെടും. സൂര്യപ്രകാശം കടന്നുചെല്ലുന്നിടത്തൊക്കെ വായിക്കപ്പെടുന്നതെന്നുദ്ഘോഷിക്കുന്ന ഒരു പത്രത്തിലെ കൂലിയെഴുത്തുകാരന് അവന്‍റെ പ്രതിബദ്ധതകളെ പെട്ടെന്ന് വിസ്മരിക്കാനുമാവില്ലല്ലോ. അതുകൊണ്ടാണ്‍ ആ എഴുത്തയാള്‍ ഫയലില്‍ വയ്ക്കാതെ നാലായി മടക്കി പേഴ്സിനുള്ളില്‍ തിരുകിയത്.

ചിറകടി ശബ്ദത്തില്‍ ഉറക്കം ഞെട്ടിയുണര്‍ന്നില്ലെങ്കിലും ചിറകുകള്‍ പിണച്ച് മാറുമറച്ചൊരു കിളി ജനാലച്ചില്ലില്‍ കൊക്കുരുമ്മി വിളിച്ചില്ലായിരുന്നെങ്കിലും അനിലന്‍ ഇന്ന് പുഴക്കരയില്‍ പോകുമായിരുന്നു. കാരണം ലേഖനപരമ്പരയില്‍, "അതോ അവളുടെ ശരീരം കാമക്കഴുകുകള്‍ കൊത്തിവലിച്ചുകാണുമോ?" എന്നൊരു ചോദ്യം വായനക്കാര്‍ക്കു ഭോഗിക്കാനിട്ടുകൊടുത്തതിനു താഴെ ബ്രാക്കറ്റില്‍ അയാള്‍ 'തുടരും' എന്നുകൊടുത്തിരുന്നു. അയാള്‍ക്ക് സ്വയം നീതീകരിക്കാനും ആ ഒരൊറ്റ വാചകം ധാരാളമായിരുന്നു. പുഴക്കരയിലെ ആ മരം കണ്ടെത്താന്‍ അനിലന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. രണ്ടു വലിയ മരങ്ങള്‍ വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ ഒന്നായി ചേരാന്‍ തീരുമാനിച്ച പോലെയായിരുന്നു അത് നിന്നിരുന്നത്. പക്ഷെ മരത്തിനുചുറ്റും ഏറെ‍ തിരഞ്ഞിട്ടും ഒരു തൂവല്‍ പോലും കാണാനായില്ല. കാമാതുരയായ ഒരു പെണ്‍കിളിയുടെ കരച്ചിലും ചിറകൊടിയൊച്ചയും അയാള്‍ പ്രതീക്ഷിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് ആ മരത്തിന്‍റെ അകന്നുനില്‍ക്കുന്ന കാലുകളുടെയിടയില്‍ നിറഞ്ഞു നില്‍ക്കുന്ന കൊഴുത്ത ഇരുട്ട് അനിലന്‍ ശ്രദ്ധിക്കുന്നതും മരത്തിനിടയിലൂടെ താഴേക്കൊലിച്ചിറങ്ങുന്ന ഇരുട്ടില്‍ ഒളിഞ്ഞുകിടക്കുന്ന വഴുക്കലുള്ള പടികളുടെ സാധ്യതകളെക്കുറിച്ചു ചിന്തിക്കുന്നതും.

അനിലന്‍റെ വീട്ടില്‍ അനിതയെത്തിയപ്പോള്‍ ഇരുട്ടു പെയ്യാന്‍ തുടങ്ങിയിരുന്നു. പൂട്ടിക്കിടക്കുകയായിരുന്ന വാതിലിനടിയിലൂടെ അവള്‍ കത്ത് അകത്തേക്കിട്ടപ്പോള്‍ സ്വീകരണ മുറിയില്‍ പരന്നൊഴുകിയിരുന്ന വെളിച്ചം അവളുടെ വിരലുകളില്‍ എത്തിച്ചുപിടിച്ചു. കൈ വലിച്ചെടുത്ത് തിരിഞ്ഞു നടക്കുമ്പോള്‍ പാതിതുറന്നുകിടന്നിരുന്ന ജാലകത്തിലൂടെ ഒരിക്കലെങ്കിലും അകത്തേക്ക് നോക്കണമെന്നും അയാളവിടെയുണ്ടെന്നുറപ്പു വരുത്തണമെന്നുമവള്‍ക്ക് തോന്നിയിരുന്നു. പക്ഷെ അയാളുടെ ജാലകത്തിനു താഴെ പൊഴിഞ്ഞ തൂവലുകളുണ്ടാവില്ലായെന്നു വിശ്വസിക്കാനായിരുന്നു അവള്‍ക്കിഷടം.

Labels:

Wednesday, April 23, 2008

മുകളിലേക്ക് പെയ്യുന്നവര്‍

"മഴത്തുള്ളികള്‍ മുകളിലേക്ക് പെയ്യാത്തതെന്താ മുത്തച്ഛാ?"
വെള്ളം ഉണ്ണിയുടെ കൈവിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന്
വരാന്തയിലൂടിഴഞ്ഞ് മുത്തച്ഛന്റെ കാല്‍വിരലുകളെ നക്കി.
മുത്തച്ഛന് കാലുമാറ്റിക്കൊടുത്തപ്പോള്‍ അത് ജീവനുംകൊണ്ട്
പിന്നിലെ ഇരുട്ടില് മറഞ്ഞു.

ഉണ്ണി മുത്തച്ഛനെ തന്നെ നോക്കി നില്ക്കുകയായിരുന്നു.
"പെയുന്നുണ്ടല്ലോ ഉണ്ണീ. ഉണ്ണി കാണാഞ്ഞിട്ടാണ്."
മുത്തച്ഛന്‍റെ കണ്ണിലെ ചിരിയില്‍ ഉണ്ണിക്കുള്ള ഉത്തരം ബാക്കി നിര്‍ത്തിയിരുന്നു.
"എവിടെ?"
"ആ വലിയ തുള്ളികളുടെ കൂട്ടത്തില്‍ അച്ഛനും അമ്മയും കാണാതെ
ചില ഉണ്ണിത്തുള്ളികള്‍ മുകളിലോട്ടാ പെയ്യുന്നത്."
മുത്തച്ഛന്‍റെ കണ്ണുകളെ പിന്തുടര്‍ന്ന് ഉണ്ണിയും മഴയിലേക്ക് നോക്കി.
ഉണ്ണിയുടെ കണ്ണുകള്‍ തിരിച്ച് മുത്തച്ഛന്‍റെ കണ്ണുകളിലെത്തിയപ്പോഴും
മുത്തച്ഛന്‍റെ കണ്ണുകള്‍ മഴയില്‍ തന്നെയായിരുന്നു.
"ഉവ്വോ? അതെന്തിനാ അച്ഛനും അമ്മയും കാണാതെ പെയ്യുന്നത്?"
മുത്തച്ഛന്‍ തിരിഞ്ഞുണ്ണിയെ നോക്കി.
"എല്ലാരും വീടിനകത്തേക്ക് കേറുമ്പോള്
ഉണ്ണി പുറത്തേക്കോടിയാല്‍ ഉണ്ണീടമ്മയാണേല്‍ സമ്മതിക്കോ?"
ഉണ്ണി മെല്ലെ തലകുലുക്കി.
"അച്ഛനാണേല്‍ സമ്മതിച്ചേനെ. ല്ലേ മുത്തച്ഛാ?"
കാഴ്ച ഉണ്ണിയില്‍ നിന്ന് മഴയും കടന്നുപോയി.
"മുകളിലേക്ക് പോയ ഉണ്ണിത്തുള്ളികള്‍ ഇനി തിരിച്ചു വരില്ലേ മുത്തച്ഛാ?"
"ഉവ്വുണ്ണീ. അവയ്ക്ക് മുകളിലേക്ക് പെയ്തു മതിയാവുമ്പോള്‍
അവ താഴേക്ക് പെയ്തു തുടങ്ങും."
ഉണ്ണി മഴയില്‍ ഉണ്ണിത്തുള്ളികളെ തിരഞ്ഞു.

മഴയില്‍ തന്നെ നോക്കി നിന്നപ്പോള്‍
മുത്തച്ഛന്‍റെ കാഴ്ചയില്‍ മഴപെയ്യാന്‍ തുടങ്ങി.
ഇരുട്ടുകനത്തു.
കറുപ്പില് നിന്നും പതുക്കെ ചുമപ്പ് പെയ്തിറങ്ങി.
തല പിളര്‍ന്ന് നെറ്റിയിലൂടെ കാഴ്ച്ച പാടകെട്ടുന്ന ചോരയുടെ ചുമപ്പ്.
ചുമപ്പ് ഇഴപിരിഞ്ഞു മുഖത്ത് ചാലുകള് കീറിയൊഴുകി.
കൈകളില്‍ നിന്നും വാളും ചിലമ്പും കൊഴിഞ്ഞു വീണിരുന്നു.
തലയില്‍ പൊത്തിയ മഞ്ഞള്‍പ്പൊടിക്കിടയിലൂടെ
ചോര വീണ്ടും നാക്കു നീട്ടി ഇഴഞ്ഞു.
കരോട്ടെത്തിയതേയുള്ളൂ. പറയെടുപ്പിനിയും തുടങ്ങിയിട്ടില്ല.
പൂര്ത്തിയാക്കാനാച്ഛനെക്കൊണ്ടാവില്ല ഉറപ്പ്.
ഒരു നോട്ടം, ചങ്കു തകര്ന്നൊരു വിളി..
മനസ്സിലുയര്‍ത്തിപ്പിടിച്ചിരുന്ന കൊടി ചിലപ്പോള്‍
പട്ടായി അരയിലുടുത്തുപോകും.
അതിനുമുമ്പേ തിരിഞ്ഞു നടന്നു.

നടന്നതില്‍ പാതി എല്ലാം വലിച്ചെറിയാനായിരുന്നെങ്കില്‍
‍പിന്നതില്‍ ബാക്കി അതെല്ലാം തിരിച്ചുപിടിക്കാനായിരുന്നു.
നടന്നകറ്റിയതിനേക്കാള്‍ പതിന്മടങ്ങ് നടന്നുകൂട്ടി തിരികെയെത്താന്‍.
വാളും ചിലമ്പും വണങ്ങി പട്ടുടുത്തപ്പോള്‍ പക്ഷെ സന്ധ്യയായിരുന്നു.
ന്നാലും അച്ഛന്‍ ചിരിച്ചു.
കൈകൊട്ടാന്‍ കാത്തുനില്‍ക്കാതെ ശ്രാദ്ധച്ചോറുകൊത്തിപ്പറന്നു.

"താലപ്പൊലിക്ക് അച്ഛന്‍ വര്വോ മുത്തച്ഛാ?"
പെയ്തിറങ്ങിയ മഴത്തുള്ളികള്‍ മുറ്റത്തവിടിവിടെ കൂട്ടംകൂടി നിന്നു.
ഉണ്ണി പെരുവിരല്‍കൊണ്ടവര്‍ക്ക് വഴികാട്ടി.
ഉണ്ണിക്കപ്പോള്‍ താനവരുടെ രാജാവാണെന്നു തോന്നി.
അറിയാതെ തുട തടവിപ്പോയി.
ഇന്നലെ തൂശനില മുറിക്കാന്‍ തന്ന കത്തികൊണ്ട്
വേനപ്പച്ച പടയാളികളുടെ ശിരസ്സെല്ലാം അരിഞ്ഞു കഴിഞ്ഞപ്പോള്‍
അതാ ശത്രു പക്ഷത്തെ ‍രാജാവുതന്നെ നേരിട്ടു വന്നിരിക്കുന്നു.
കുലക്കാറായ വാഴയെ ചന്നമ്പിന്നം വെട്ടി വീഴ്ത്തിയെന്നും പറഞ്ഞ്
അമ്മതന്ന സമ്മാനത്തിന്‍റെ വടു ഇപ്പോഴും രാജാവിന്‍റെ തുടയിലുണ്ട്.
ഇന്നലെ ഉണ്ണി എത്ര്യാ കരഞ്ഞേ.
ആച്ഛന്‍ വരട്ടെ,
ഉണ്ണിപറഞ്ഞാല്‍ മച്ചില്‍ പട്ടില്‍പ്പൊതിഞ്ഞു വച്ചിരിക്കുന്ന വാളൊരെണ്ണം
അച്ഛനെടുത്തു തരും. പിന്നെ കാണിച്ചുകൊടുക്കാം എല്ലാവരേം.

"അച്ചന്‍ വരില്ലേ മുത്തച്ഛാ?"
മുത്തച്ഛന്‍ ഉണ്ണിയെ ചേര്‍ത്തുപിടിച്ചു.
"വരും ഉണ്ണ്യേ. അവനും മുകളിലോട്ട് പെയ്തുമതിയാവട്ടെ."

Labels:

Monday, April 21, 2008

വെള്ളെഴുത്തുകാഴ്ചകള്‍


'എന്തേയ് ഒന്നും മിണ്ടാതിരിക്കണേ'യെന്നവര്‍‍‍ ചോദിച്ചപ്പോണ്
അക്കാര്യം ശ്രദ്ധയില്‍പ്പെടുന്നതു തന്നെ.
കുറച്ചു ദിവസങ്ങളായെന്നു തോന്നുന്നു എന്തെങ്കിലുമൊന്ന് സംസാരിച്ചിട്ട്.
അപ്പുക്കുട്ടന്‍റെ കടയില്‍ അവസാനമായി ചായകുടിക്കാന്‍ പോയതെന്നായിരുന്നു?
അന്നവനോടെന്തോ സംസാരിച്ചതോര്‍മ്മയുണ്ട്.
പിന്നെ.. ഇല്ല. അതിനുശേഷം ഇല്ല!

ഇവരുടെ കഷായം വാങ്ങാന്‍ പടിഞ്ഞാറോട്ട് പോയത് അതിനും മുമ്പാണ്.
പിന്നെ കശുണ്ടി പെറുക്കാന്‍ പൊക്കത്തുപോയിരുന്നു.
പോയപ്പോള്‍ കല്യാണിയേയോ വറുതപ്പനേയോ കണ്ടിരുന്നോ?
ചായക്കടയില്‍ പോയി ചായ കുടിക്കുന്നത് ഇഷടമല്ലെങ്കില്‍
നേരിട്ട് പറയാമായിരുന്നല്ലോ.
ഏതായാലും ഇനി അപ്പുക്കുട്ടനൊരു ബുദ്ധിമുട്ടാവണ്ട.
അതും നിര്‍ത്തി.
'ഉണ്ണി വന്നോ?'
മുഖമുയര്‍ത്തി നോക്കി.
ആ ചോദ്യത്തിനു അവര്‍ മറുപടി പ്രതീക്ഷിക്കുന്നില്ല.
അതിനെന്നല്ല,
ചോദിക്കുന്നതെല്ലാം അപ്പോള്‍ തന്നെ മറന്നുപോകുന്നതുകൊണ്ട്
എന്തുപറയുമെന്നോര്‍ത്ത് വിഷമിക്കേണ്ട.
ആദ്യമൊക്കെ എന്തു ചോദിച്ചാലും പറഞ്ഞുകൊടുത്തിരുന്നു.
ദിവസം പത്തും ഇരുപതും തവണ ഒരേ ചോദ്യങ്ങള്‍ക്ക്
ഒരുപാടുത്തരങ്ങള്‍.
അത്താഴമായോ?
പാടത്തെ കൊയ്ത്തുകഴിഞോ?
എന്നാ ആശുപത്രീല്‍ പോവണ്ടേ?
ആ ചുമന്ന ഗുളിക കഴിഞോ?
ചാച്ചട്ടി ഇറക്കിമേഞ്ഞോ?
പുറത്ത് മഴ പെയ്യണുണ്ടോ?
ന്‍റെ മുണ്ടലക്കാന്‍ കൊടുത്തോ?
അവള്‍ക്കിതേതാ മാസം?
ഓരോ ദിവസോം പുതിയ പുതിയ ഉത്തരങ്ങള്‍ ഒരു രസായിരുന്നു.
പിന്നെ ആ കളിയും മടുത്തു.
ഇനി താന്‍ ചോദ്യങ്ങള്‍ ചോദിക്കേം അവരുത്തരം പറയേം ചെയ്തിരുന്നെങ്കില്‍
കുറച്ചുകാലം കൂടി കളി തുടരായിരുന്നു.
കുറേ കാലാമായി അവര്‍ ചോദ്യങ്ങളില്‍ കൂടി മാത്രമായിരുന്നു
തന്നോട് സംസാരിച്ചിരുന്നത്.
ഉത്തരങ്ങളില്ലാത്ത ജീവിതം അവര്‍ക്കൊരു ശീലമായിക്കഴിഞു.
പക്ഷെ ആ ചോദ്യങ്ങളില്ലാത്തൊരു ജീവിതം തന്‍റെ കേള്വിയേക്കൂടി കവര്‍ന്നെടുത്തേക്കും.
ചോദ്യങ്ങളില്ലാത്തെ ഇടവേളകള്‍ തന്ന വിരസതയാണ്,
ഉമ്മറത്തെ ഫൈബര്‍ കസേരയിലെ തലതൂക്കിയിട്ടുള്ള പകലുറക്കം ശീലിപ്പിച്ചത്.
പകരം രാത്രികളില്‍ ഗതി കിട്ടാതെ വീടിനുചുറ്റും പറന്നുനടന്നു.
ആ നടത്തം ഒരു സുഖാണ്.
വഴിയില്‍ വീണുപോയോരൊക്കെ കൂടെ കൂടും.
നീരുവന്ന കാലു വലിച്ചുവെച്ച് ഏട്ടന്‍ വരും.
കയ്യിലെ കുപ്പി വായിലോട്ടു കമിഴ്ത്തി,
മുന്നിലേക്കുന്തി നില്‍ക്കുന്ന രണ്ട് പല്ലുകളും കാട്ടി ചിരിക്കും.
“ഈ കുടികാരണല്ലേയേട്ടാ നമുക്കിന്നിങ്ങനെ കാണേണ്ടി വരുന്നത്?”
കണ്ണുകള്‍ കുതിരുന്നതറിയാ‍തിരിക്കാന്‍ ഏട്ടന്‍ മൂവാണ്ടന്‍റെ
തുഞ്ചലായത്തേക്കു നോക്കും.
“ഇത്തവണ മാങ്ങ കുറവാ”
“ഇന്നമ്മുവോപ്പോളെ കണ്ടില്ലല്ലോയേട്ടാ.“
“അവളു വരുന്നുണ്ട്. നടക്കാന്‍ എന്‍റത്രൂടെ വയ്യ അവള്‍ക്ക്”
“വിശ്വം?“
“അവന്‍ ഇരുട്ടിലെവിടെയോ മാറിനില്‍പ്പുണ്ട്. നിനക്ക് മുഖം തരാന്‍ വയ്യ”
“നിക്ക് കാണണ്ട. കണ്ടാല്‍ തന്നോളായീന്ന് ഓര്‍ക്കില്ല.
ആ കുഞ്ഞിന്‍റെ മുഖമൊന്നോര്‍ത്താല്‍ ഇങ്ങനെ ചെയ്യാന്‍ തോന്ന്വോ?”
ചെന്തെങ്ങിനു പിന്നിലെ ഇരുട്ട് ഏങ്ങലടിച്ചു കരയുന്നതു കേള്‍ക്കാം.
കുറേ നേരം അങ്ങിനെ മിണ്ടീം പറഞ്ഞും ഒരുമിച്ചുനടക്കും.
പിന്നെ ഓരോരുത്തരായി വെളിച്ചത്തിലലിയും.
'എന്തേയ് ഒന്നും മിണ്ടാത്തെ?'
ഉത്തരം കിട്ടാതെ ചോദ്യം ആവര്‍ത്തിക്കുന്ന ശീലം ഇല്ലാത്തതാണല്ലോ?
മറുപടി പറയാന്‍ പറ്റണില്യാലോ.
കുറച്ചീസം മിണ്ടീല്യാച്ച് നാവുറയ്ക്കോ?
പിന്നേം ശ്രമിച്ചപ്പോള്‍ ഒരു വിക്രത ശബ്ദം പുറത്തേക്കു വന്നു.
നെഞ്ചില്‍ തടവിത്തരുന്നത് ഉണ്ണിയല്ലേ?
ഇവനെപ്പോഴാ പേര്‍ഷ്യേന്നു വന്നേ?
"ഇന്നലേം കൂടി അമ്മ ചോദിച്ചൊള്ളൂ നീ വന്നോന്ന്.
നീയ്യൊറ്റക്ക്യാ വന്നേ?
അവളും കുട്ട്യോളും എന്ത്യേ?
ചോദിച്ചതൊക്കെ തൊണ്ടയില്‍ കുടുങ്ങികുതറി.
കളി ഇപ്പോള്‍ തിരിഞ്ഞിരിക്കണു.
ഉത്തരം പറയാന്‍ അവരെവിടെ.
അവര്‍ക്ക് കേള്‍ക്കാന്‍ പറ്റിയേക്കും
കാണുന്നില്ലാലോ.
ഇത്ര നേരം ഇവടിണ്ടാരുന്നൂലോ.
ഉണ്ണി പക്ഷെ ഇവിടെത്തന്നെയുണ്ട്.
അവന്‍റെ ചാടി നിക്കണ വയറുകണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി.
"നീ വല്ലാതെ തടിച്ചിരിക്കണു"
"എന്തേ അച്ഛാ ഇങനെ ചിരിക്കുന്നേ"
ചിരി അല്പം കൂടിപ്പോയോ. നിര്‍ത്താന്‍ പറ്റണില്ല.
"ന്നെ ആ ഫൈബര്‍ കസേരയിലൊന്നിരുത്തോ. ഉറങ്ങാനാ."
അതും കേട്ടിട്ടുണ്ടാവില്ലേ.
കണ്ണുകളടഞ്ഞുപോകുന്നുണ്ട്. ഇരുട്ട് നിറയുന്നു.
കണ്ണിനുനേരെ വരുന്ന ഉണ്ണിയുടെ വിരലുകളായിരുന്നു അവസാനത്തെ കാഴ്ച.
"ഇനി കാലില്‍ നിന്നിതഴിക്കട്ടെ" ഉണ്ണിയല്ലേയത്.
അവസാനത്തെ കേള്വി.
കാലില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന ഇരുമ്പിന്‍റെ തണുപ്പ്.
പകരം വിരലിന്‍റെ ചൂട്.
അവസാനത്തെ സ്പര്‍ശം.
അവരെവിടെ, നമുക്കിനി കളിമാറ്റിക്കളിക്കണ്ടേ.

Labels:

Thursday, January 03, 2008

കടുംകെട്ടുകള്‍



“ഇന്നലെ ഞാന്‍ വീണ്ടും നിന്‍റെ ഏട്ടനെ സ്വപ്നം കണ്ടു.”
പ്രകാശന്‍റെ കണ്ണുകളില്‍ ബാക്കിവന്ന ഉറക്കത്തിന്‍റെ ചീളുകള്‍
ചുമന്നുകിടക്കുന്നുണ്ടായിരുന്നു.
കണ്‍പോളകള്‍ വിങ്ങിയും കണ്‍തടം പതിവിലും കൂടുതല്‍ കുഴിഞ്ഞും കണ്ടു.
“നീയിന്നലെ കുറേയേറെ കരഞ്ഞോ?”
ഉണ്ണിയുടെ ചോദ്യം പ്രകാശന്‍ കേട്ടില്ല.
അര്‍ഷാദിനാണെങ്കില്‍ ആ സായാഹ്നം വിരസമായിതുടങ്ങിയിരുന്നു.
കാലിയായ കുപ്പിയുടെ കഴുത്തില്‍പ്പിടിച്ചു മുകളിലേക്കുയര്‍ത്തി അര്‍ഷാദ് ഉറക്കെച്ചിരിച്ചു.
“ദേവകീ, ഇതാ നിന്‍റെ മൂന്നാമത്തെ കുഞ്ഞ്!”
മുറിയുടെ മൂലയില്‍ തലതകര്ന്ന്‍ അത് മരിച്ചുവീണു.

“കറുപ്പില്‍ കുറുകെ നീല വരകളുള്ള ഷര്‍ട്ടായിരുന്നു ഏട്ടനിട്ടിരുന്നത്.
ഷര്‍ട്ടിന്‍റെ കൈകള്‍ മുട്ടുവരെ മടക്കിവച്ചിരുന്നു”
കറുപ്പില്‍ നീലവരകളുള്ള ഷര്‍ട്ടിനെക്കുറിച്ചാലോചിക്കുകയായിരുന്നു ഉണ്ണി.
സുധേടത്തിക്ക് ആ ഷര്‍ട്ടായിരുന്നു ഏറ്റവും ഇഷ്ടം.
സുധേടത്തി മരിച്ചതില്‍പ്പിന്നെ ആ ഷര്‍ട്ടിട്ട് ഏട്ടനെ കണ്ടിട്ടില്ല.
പ്രകാശന്‍റെ നോട്ടം ഉണ്ണിയെകടന്ന് ഏതോഒരു ബിന്ദുവില്‍
ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു.

“ഞങ്ങള്‍ ഒരുമിച്ചിരുന്നു ക്രിക്കറ്റ് കാണുകയായിരുന്നു.
പിന്നീടെപ്പോഴാണ് ഞാനും കളിച്ചു തുടങ്ങിയതെന്നോര്‍മ്മയില്ല.
അത്രയും ആളുകളുടെ ഇടയിലും ഏട്ടനെ എനിക്കു കാണാമായിരുന്നു.
ഇടക്കെപ്പോഴോ ഏട്ടന്‍ എനിക്കു നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു.
കളി കഴിഞ്ഞു ഞങ്ങള്‍ ഒരുമിച്ചു പുറത്തേക്കിറങ്ങി.
പിന്നിലൂടെ നടന്നുവന്നിരുന്ന കളിക്കാരനെ ചൂണ്ടി ഏട്ടന്‍ പറഞ്ഞു;
“സ്വാര്ത്ഥനാണയാള്‍. സ്വന്തം സുഖത്തിനു വേണ്ടി ചെയ്യുന്നതെല്ലാം
മറ്റുള്ളവര്‍ക്ക് ദ്രോഹമായി തീരുകയാണ്.”
ഏട്ടന്‍ എന്‍റെ കണ്ണുകളില്‍ നോക്കി.
“നീ എന്നോട് ചെയ്തതുപോലെ.”
തരിച്ചുനിന്നുപോയ എന്‍റെ കയ്യിലേക്ക് ഏട്ടന്‍ മഴക്കോട്ടെടുത്തു തന്നു.
“ഇതു ഉണ്ണിക്കു കൊടുത്തേക്കൂ. ഞാന്‍ ഇറങ്ങട്ടെ, മഴ വരുന്നുണ്ട്”
ഏട്ടന്‍ ബൈക്കിനടുത്തേക്ക് പോയപ്പോള്‍ ഞാന്‍ തിരിച്ചുനടന്നു.
നീ അവിടെ കാത്തു നില്പ്പുണ്ടായിരുന്നു.
“ഏട്ടനെവിടെ?”
“ഏട്ടന്‍ പോയി”
ഞാന്‍ പറഞ്ഞു.
“ഈ പെരും മഴയത്തോ?”
ഞാന്‍ കോട്ടെടുത്ത് നിനക്കു നീട്ടിയപ്പോള്‍
നീയതുമായി ഏട്ടനടുത്തേക്കോടി.
മഴയെ പിന്നിലിരുത്തി ഏട്ടന്‍ അകലേയ്ക്ക് ഓടിച്ചുപോവുകയായിരുന്നു.
നിന്‍റെ വിളി മഴകൊണ്ടുപോയി.
മഴവന്നുപൊതിഞ്ഞപ്പോള്‍ എനിക്കു നിന്നെയും കാണാന്‍ കഴിയാതെയായി.”

കണ്ണില്‍ മഴക്കാറു നിറയാന്‍ തുടങ്ങിയപ്പോള്‍
ഉണ്ണി എഴുന്നേറ്റു ജനാലയ്ക്കരുകില്‍ പോയിനിന്നു.
അര്‍ഷാദ് ദേവകിയുടെ നാലാമത്തെ കുഞ്ഞിനെയും കൊന്നു കഴിഞ്ഞിരുന്നു.

ഇന്നാണോ തിരുവാതിര?
ഉണ്ണി കാതോര്‍ത്തു.
പ്രായായിട്ടും മൂകാമ്മ്യേച്ചീടെ ശബ്ദം ഇപ്പോഴും തിരിച്ചറിയാം.
പണ്ട് പൂത്താങ്കീരീന്നു വിളിച്ച് എത്ര കളിയാക്കീരിക്കണു.
കേള്‍ക്കാന്‍ സുഖം സുധേടത്തി പാടുന്നതായിരുന്നു.
സുധേടത്തി കളിക്കണ കാണാനും രസായിരുന്നു.
എന്തേയിപ്പോ സുധേടത്തിയെപ്പറ്റി ഓര്‍ക്കാന്‍?
മുറിയിലാകെ ചെമ്പകത്തിന്‍റെ മണം നിറഞ്ഞു.
സുധേടത്തിക്ക് ചെമ്പകപ്പൂ ജീവനായിരുന്നു.
ധനുമാസത്തിലാണോ ചെമ്പകം പൂക്കുന്നത്?
ഈ കേച്ചേരിയിലെ മുറികളിലെന്നും ചെമ്പകം പൂത്തുനിന്നിരുന്നു.
ഇവിടെ വെറും നിലത്ത് വിയര്ത്ത് തളര്‍ന്നുകിടക്കുമ്പോള്
‍പലപ്പോഴും രമ്യയുടെ കണ്ണുകള്‍ ചെമ്പകപ്പൂവിനുവേണ്ടി പരതും.
കച്ചേരി നിലവറയില്‍ കള്ളിനുപോലും ചെമ്പകമണമാണെന്ന്
കൊതിപ്പിച്ച്എത്രപേരെ ഇവിടേക്കാകര്‍ഷിച്ചിരിക്കുന്നു.
ഒരുപക്ഷേ നിലവറയില്‍ കാണാമറയത്തെപ്പോഴും
ഒരു ചെമ്പകം പൂത്തുനില്പ്പുണ്ടാവാം.

“പണ്ട് നമ്മുടെ എത്രയെത്ര ‌വീരസാഹസിക കഥകള്‍ക്ക്
കാതോര്‍ത്തുനിന്ന ചുമരുകളാണിത്”.
‘പണ്ട്” എന്നവാക്കിന്‍ പിന്തുണ കിട്ടാനാവണം താടിയിലെ നരച്ച് രോമങ്ങള്‍ പിടിച്ച്
മെല്ലെ വലിച്ചുകൊണ്ട് ഈര്‍പ്പമുള്ള ചുമില്‍ അര്‍ഷാദ് മുഖം ചേര്ത്ത്നിന്നു.
“നാളെ ജെസിബി കടപുഴക്കിക്കൊണ്ടുപോകുന്നത്
ചോര്‍ന്നൊലിക്കുന്ന പഴയൊരു കച്ചേരി മാളികമാത്രമല്ല;
നമ്മുടെ ഇനിയും ചോര്‍ന്നൊലിക്കാത്ത ഓര്‍മ്മകളുടെ സ്മാരകത്തേയാണ്.”
അര്‍ഷാദിലെ ഉറങ്ങിക്കിടന്ന പഴയ നാടക നടന്‍ ഉണര്‍ന്നു കഴിഞ്ഞു.

“എന്നാലും ആ ചെമ്പകമണം ബാക്കിയുണ്ടാവും”
പ്രകാശന്‍ അതു പറഞ്ഞപ്പോള്‍ ഉണ്ണിയുടെ കണ്ണൊന്നു പിടഞ്ഞു.
അവനും അതുതന്നെ ചിന്തിക്കുകയായിരുന്നോ?
ദേവകിയുടെ അഞ്ചാമത്തെകുഞ്ഞ് ഒരു മൂലയില്‍ മരിച്ചുകിടന്നു.

“ചെമ്പകമണത്തിനൊരാളെക്കൊല്ലാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിയാമോ?”
പ്രകാശന്‍ ആരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ദേ ഇവന് പിന്നെയും പ്രാന്തിളകി”
തറയില്‍ കൈകള്‍ ആഞ്ഞുതല്ലി അര്‍ഷാദ് അലറിച്ചിരിച്ചു.
ഉണ്ണി പക്ഷേ ചിരിച്ചില്ല.
അര്‍ഷാദ് രണ്ടുപേരെയും മാറിമാറിനോക്കി ചിരി നിര്ത്തി.
പ്രകാശന്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
“വായിലും മൂക്കിലും ചെമ്പകമണം നിറഞ്ഞ്…ശ്വാസം മുട്ടി..
ഉവ്വ്. എന്‍റെ മരണം അങ്ങിനെയായിരിക്കും”
അര്‍ഷാദിന്‍റെ ചിരി വീണ്ടും മുറിനിറഞ്ഞ് പുറത്തേക്കൊഴുകി.

അസ്തമയ സൂര്യനെ നിറച്ചുവച്ച സ്ഫടിക ഗ്ലാസ്സിനോടു പ്രകാശന്‍ സംസാരിച്ചുകൊണ്ടിരുന്നു.
“ഈ കേച്ചേരിയുടെ താഴെയുള്ള നിലവറയിലാണ്
ഞാനെന്‍റെ ഓപ്പോളിനെ അവസാനം കാണുന്നത്.
ആടുന്ന മലമുണങ്ങിപ്പിടിച്ച രണ്ടുകാലുകള്‍ മാത്രമേ എനിക്കോര്മ്മയുള്ളൂ.
പിന്നെ മുറിയില്‍ നിറഞ്ഞുനിന്നിരുന്ന ചെമ്പകംപൂത്തമണവും.
ഓപ്പോളുടെ മുടിയില്‍ എപ്പോഴും ചെമ്പകപ്പൂക്കളുണ്ടാവും”
പറഞ്ഞുകൊണ്ടിരുന്ന ഭ്രാന്തിന്‍റെ തുടര്‍ച്ചക്കായി കരുതിയിരുന്ന ചിരികളുടെ
അവസാന ഇതളും മുറിയില്‍ കൊഴിഞ്ഞു വീണു.
ഇന്നത്തെ ഒത്തുചേരലിന്‍ ഈ പഴയ കേച്ചേരിമതിയെന്നു
തീരുമാനിക്കാന്‍ തോന്നിയ നിമിഷത്തെ അര്‍ഷാദ് ശപിച്ചുതുടങ്ങിയിരുന്നു.
ഉണ്ണിക്ക് തലയൊന്നുയര്‍ത്താന്‍ പോലുമായില്ല.
സുധേടത്തി അമ്പലക്കുളത്തില്‍ വീണുമരിച്ചൂന്നാ ഈ നിമിഷം വരെ കരുതീര്ന്നത്.
അതൊരു ആത്മഹത്യയായിരുന്നൂ എന്നുള്ളതിനേക്കാള്
‍ഇവിടുത്തെ നിലവറയ്ക്കുള്ളിലായിരുന്നൂന്നുള്ള അറിവാണ് തലപെരുപ്പിക്കുന്നത്.
ആറാമത്തെ കുഞ്ഞിന്‍റെ കഴുത്തില്‍ അര്ഷാദിന്‍റെ പിടിമുറുകി.

“ഓപ്പോളുടെ വയറ്റില്‍ വളര്‍ച്ച തുടങ്ങിയിരുന്ന കുഞ്ഞ്
നാളെ എന്നെ എന്തു വിളിക്കുമെന്നോര്‍ത്ത് പിന്നെ തലപെരുപ്പിക്കേണ്ടി വന്നില്ല.
പക്ഷെ, വീര്‍ത്തവയറുമായി പീന്നീടെന്‍റെ ഉറക്കങ്ങളില്‍ ഓപ്പോള്‍ ഇഴഞ്ഞുകയറി.
ഉറക്കം പിടഞ്ഞുണരുമ്പോള്‍ മുറിക്കുള്ളില്‍ തുളുമ്പി നില്ക്കുന്ന ചെമ്പകത്തിന്‍റെ മണം ഞാനറിഞ്ഞിരുന്നു.”
പ്രകാശന്‍ ആഞ്ഞു ശ്വസിച്ചു. എന്നിട്ട് ചിരിച്ചു.
“ഒരുപക്ഷേ ഇന്നത്തെ കഴിഞ്ഞാല്‍ അതുണ്ടാവില്ല.”

തണുപ്പ് ശരീരവും കടന്ന് മനസ്സിലേക്കിറങ്ങിയപ്പോള്‍ ഉണ്ണി മുറിതുറന്ന് പുറത്തേക്കിറങ്ങി.
ചെമ്പകപ്പൂവിന്‍റെ മണം ഉണ്ണിയുടെ കവിളില്‍ തലോടി തിരികെപോയി.
ഇരുട്ട് വഴിവിഴുങ്ങിക്കഴിഞ്ഞിരുന്നു.
പേടി തോന്നിയപ്പോള്‍ ഉണ്ണി ഏട്ടനെ വിളിച്ചു.
“രാത്രിയിങ്ങനെ ഒറ്റക്കെറങ്ങി നടക്കരുതെന്നു ഞാന്‍ പറയാറില്ലേ?
പേടിണ്ടെങ്കില്‍ ന്‍റെ കയ്യില്‍ മുറുകെ പിടിച്ചോളൂ ഉണ്ണി,”
മുന്നില്‍ കണ്ട ചൂണ്ടുവിരലില്‍ കൈമുറുക്കിയപ്പോള്‍ ഏട്ടന്‍ ശബ്ദമടക്കി ചിരിച്ചു.
“നിന്‍റെ നിഴലായുണ്ടാവും മാടനും മറുതയും.
വഴിയും ദിശയും മറച്ച് നിന്നെ കളിപ്പിക്കാന്‍ ഇരുളുപുതച്ച്
പൊട്ടന്‍ പതുങ്ങിനില്പ്പുണ്ടാവും.
ഏട്ടന്‍റെ ശ്വാസത്തിന്‍റെ ചൂട് ഉണ്ണിയുടെ ചെവിയറിഞ്ഞു.
“നിന്നെ കാക്കാന്‍ ചെമ്പകപ്പുവിന്‍റെ മണമിനിയില്ലുണ്ണീ.”

ഏഴാമത്തെ കുഞ്ഞും അര്ഷാദും ഏത്തായി ഒലിപ്പിച്ച്
മുഖത്തോട് മുഖം നോക്കി കിടന്നു.
പ്രകാശന്‍ കൈകള്‍ വിടര്ത്തി ചിരിച്ചു.
“വന്നുവല്ലേ!”

Labels:

Tuesday, August 14, 2007

ഇര


“ഉണരൂ.. ഉണരൂ.. സമയമായി”
എന്‍റെ ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലുള്ള നേര്‍ത്ത അതിരിലിരുന്ന്
അലാം വിളിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി.
എന്നോടല്ലെന്നു കരുതി ഉറക്കത്തിലേക്കാഴാന്‍ ശ്രമിക്കുകയായിരുന്നു.
ഇപ്പോള്‍ ആ വിളിക്ക് കുറച്ചുകൂടി വ്യക്തത വന്നിരിക്കുന്നു.
പറയുന്നതെന്നോടു തന്നെയാണെന്ന് ഉറപ്പ്.
നീരുവന്നതുപോലെ കനത്ത കണ്‍പോളകള്‍ തുറക്കാനാവുന്നതേയില്ല.
ബ്ലാങ്കറ്റ് തലക്കുമുകളില്ലുടെ വലിച്ചിട്ട് ചുരുണ്ടുകൂടി കിടക്കാനാണപ്പോള്‍ തോന്നിയത്.
കുട്ടിക്കാലത്താരാണ് ചെമ്മീനെന്നു വിളിക്കാറ്.
അ വിളിയിപ്പോഴും ഓര്‍മ്മയുടെ തുമ്പിലിരുന്നാടി കളിക്കുന്നുണ്ട്.
പക്ഷെ എത്ര ശ്രമിച്ചിട്ടും മുഖം വ്യക്തമാകുന്നില്ല.
ഇനി ആ വിളിക്കുമുകളിലും മൂടല്മഞ്ഞു നിറയും.
ഓര്‍മ്മകള്‍ തെളിഞ്ഞുകാണാനൊരു വെള്ളെഴുത്ത് കണ്ണട വേണം.

പാതിതുറന്ന കണ്ണുകളില്‍ മുറിഞ്ഞുപോയ ഉറക്കത്തിന്‍റെ പുളിപ്പ്.
കൈകള്‍ തലക്കു പുറകിലോട്ടാക്കി ഒന്നു മൂരിനിവര്ന്നു.
ഉണങ്ങിനില്ക്കുന്ന പുല്ലുകളില്‍ മഴപെയ്യുന്ന മണം.
അങ്ങനെ ഒരു മണം ഞാന്‍ ഇതിനുമുമ്പ് അനുഭവിച്ചിട്ടില്ല.
പക്ഷെ എനിക്കുറപ്പായിരുന്നു അതു വെയിലേറ്റ് പച്ചപ്പ് മറഞ്ഞുകൊണ്ടിരിക്കുന്ന പുല്ലുകളില്‍ ആദ്യത്തെ മഴത്തുള്ളികള്‍ വീഴുന്ന മണം തന്നെയാണെന്ന്.
ഞാന്‍ ആഞ്ഞാഞ്ഞ് വലിച്ചു. നാസാരന്ദ്രങ്ങളിലും ശ്വാസകോശങ്ങളിലും മണം നിറഞ്ഞു.

ഇനിയും വൈകിക്കൂടാ. ഇര കൈവിട്ടുപോകും.
ഒരു വേട്ടക്കാരന് ഏറ്റവും കൂടുതല്‍ ആവശ്യം ഇരയെ മണത്തറിയാനുള്ള കഴിവാണ്.
ഒന്നു ശ്വാസം പിടിച്ചുനോക്കി. പക്ഷെ ഒരു മണം മാത്രമേ കിട്ടുന്നുള്ളൂ.
പച്ചപ്പ് മറന്നുപോയ ഗലികള്‍ക്കിടയിലൂടെ ഒരു ശ്വാനനെപ്പോലെ നടന്നു.
യാത്രക്കിടയില്‍ വീണു കിട്ടുന്ന മണങ്ങള്‍ ശേഖരിച്ചു വയ്ക്കാനൊരുപെട്ടിവേണം.
മുത്തശ്ശന്‍റെ മരുന്നുപെട്ടിപോലെ ഒരുപാട് കുഞ്ഞറകളുള്ളൊരു വലിയ പെട്ടി.
കുഞ്ഞുനാളില്‍ ആ പെട്ടിയുടെ മുകളില്‍ കിടന്നാണുറങ്ങാറ്.
“ഊഞ്ഞാലേ പൊന്നൂഞ്ഞാലേ..
മുത്തിയമ്മ മുട്ടയിട്ടു
മുട്ടതോണ്ടി തോട്ടിലിട്ടു
ആരിരോആരാരിരോ”
ചന്തിയില്‍ മുത്തശ്ശന്‍റ കയ്യിന്‍റെ താളം.

അരയില്‍ പരതി ആയുധം അവിടെത്തന്നെയുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി.
പക്ഷെ ആരാണിര?
മൂടല്മഞ്ഞ് ആ മുഖത്തേയും മറച്ചുകളഞ്ഞോ
അടുത്തറിയാവുന്ന ആരോ ആണ്?
വെള്ളിയാഴ്ചയുടെ പലചരക്കുകട,
പറമാട് ഷാപ്പ്,
ടാഗോര്‍ സ്മാരക വായനശാല
അങ്ങിനെ സ്ഥിരമായി പോകുന്നിടത്തെല്ലാം കണ്ടിട്ടുമുണ്ട്.
രാജമ്മയുടെ വീട്ടില്‍ നിന്നും വാതില്‍ പാതി തുറന്ന് ഒരു വശം കോടിയ ചിരിയുമായി
ഇരുട്ടില്‍ മറയാറുള്ളതും അവന്‍ തന്നെയാണ്.

എന്തിനാ‌ണവനെ കൊല്ലുന്നത്?
അവനെന്‍റെ പെങ്ങളെ പെഴപ്പിച്ചുകാണുമോ?
എന്‍റെ ഭൂമി കയ്യേറിയിരിക്കുമോ?
ഞാനൊരു കൂലിക്കൊലയാളിയാവനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
എന്തിനുകൊല്ലുന്നതിനു എന്നതിനേക്കാളേറെ എന്നെ അപ്പോള്‍
അലട്ടിയിരുന്നത് ആരെക്കൊല്ലുന്നു എന്നുള്ളതായിരുന്നു.
ആരാണെന്‍റെ ഇര?
കണ്ണടച്ച് ഓര്മ്മകളെ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.

മുഖം വ്യക്തമല്ലെങ്കിലും ആളെ കാണാന്‍ കഴിയുന്നുണ്ട്.
അവന്‍ പതുങ്ങി നില്ക്കുന്നത് പടിഞ്ഞാപ്രത്തെ മൂവാണ്ടന്മാവിന്‍റെ പിന്നിലല്ലേ?
ഇരുമ്പുവടി പിടിച്ച വലതുകൈ പിന്നിലേക്ക് മറച്ചുപിടിച്ചിട്ടുണ്ട്.
ഈശ്വരാ! ഇന്നു വീട്ടില്‍ മുത്തശ്ശന്‍ തനിച്ചാണെന്ന് വേറെ ആര്‍ക്കറിയാം?
പൊക്കത്തെ പറമ്പു വിറ്റുകിട്ടിയ പൈസ ബാങ്കിലിട്ടിട്ടില്ലാന്ന്
മുത്തശ്ശന്‍ പറഞ്ഞത് എന്നോടുമാത്രമായിരുന്നല്ലോ.
മുത്തശ്ശന്‍റെ മുറിയിലെ വെളിച്ചവും അണഞ്ഞുകഴിഞ്ഞപ്പോള്
‍അയാള്‍ പതുങ്ങി പതുങ്ങി ‌വീടിന്‍റെ നിഴലിലലിഞ്ഞു.
“ഉണ്ണീ”ന്നുള്ള വിളി എത്ര അടുത്തു നിന്നാണ് കേട്ടത്.

ചോരയൊഴുകുന്ന ഇരുമ്പുവടി കിണറ്റിലേക്കെറിഞ്ഞിട്ട്‌
അയാള്‍ തിരിഞ്ഞപ്പോള്‍ മുഖം വ്യക്തമായിക്കണ്ടു; ഒരു കണ്ണാടിയിലെന്നപോലെ!
മാറത്തടക്കിപ്പിടിച്ച പൊതിക്കെട്ടുമായി നടന്നകലുമ്പോള്‍
ഒന്നുകരഞ്ഞിരുന്നെങ്കില്‍, ഒരു പക്ഷെ ഇന്ന് ഇങ്ങനൊരു തീരുമാനമെടുക്കില്ലായിരുന്നു.

ഇരയെത്തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് ഇനി താമസിക്കേണ്ട.
അരയില്‍ തിരുകിയിരുന്ന ആയുധം വലിച്ചെടുക്കുമ്പോഴും
ഒരു സംശയം ബാക്കിയായിരുന്നു;
മുത്തശ്ശന്‍ 'ഉണ്ണീ'യെന്നു വിളിച്ചത് തന്നെ തിരിച്ചറിഞ്ഞിട്ടു തന്നെയായിരുന്നോ?

Labels:

Tuesday, November 07, 2006

മൂന്നാമതൊരാള്‍

ഓഫീസില്‍ നിന്നാണ് രഘുരാമന് അത് കിട്ടിയത്.
അതെങ്ങിനെ തന്‍റെ മേശപ്പുറത്തു വന്നുവെന്നെയാള്‍ക്കറിയില്ല.
രാവിലെ ചെല്ലുമ്പോള്‍ അതവിടെയുണ്ടായിരുന്നു.
കീബോര്‍ഡിനടുത്ത്, പെരുവിരലിനോളം മാത്രം വലുപ്പമുള്ള
ഇളം നീല നിറമുള്ള ഒരു പ്രതിമ!
ഒരുപക്ഷെ ഗര്‍ഭപാത്രം എടുത്തുകളയാന്‍ പോയ സെക്രട്ടറി
മറന്നു വച്ചിട്ടുപോയതായിരിക്കും.
അല്ലെങ്കില്‍ ചുണ്ടിനുമുകളില്‍ കാക്കാപ്പുള്ളിയുള്ള, ബോസിന്‍റെ ഭാര്യ
സമ്മാനമായി അവിടെ വച്ചതായിരിക്കും.
വാഷ്റൂമിലേക്കുള്ള ഇടുങ്ങിയ വരാന്തയില്‍ വച്ചൊരിക്കല്‍ അയാള്‍‍
‍ആ കാക്കാപ്പുള്ളിയില്‍ ഉമ്മ വച്ചു.
അന്നവള്‍ ശരീരത്തിലെ ഇനിയൊരു കാക്കാപ്പുള്ളിയെപ്പറ്റി
പറഞ്ഞുകൊതിപ്പിച്ചു.

ആ പ്രതിമയ്ക്ക് ഒരു പൂവിന്‍റെ ആകൃതിയായിരുന്നു.
വലിയ വയറും വയറിലൂടെ പിണഞ്ഞുകിടക്കുന്ന ഒരു കുഞ്ഞു നാഗവും
കണ്ടപ്പോള്‍ രഘുരാമനാദ്യം കരുതിയത് അതൊരു ചമ്രം മടിഞ്ഞിരിക്കുന്ന
ഗണപതി പ്രതിമയാണെന്നാണ്.
അതിന് കൊമ്പും തുമ്പിക്കയ്യുമൊന്നുമില്ലെന്ന് കണ്ടുപിടിച്ചത് അനിതയാണ്.
മറ്റൊന്നുകൂടി അവള്‍ കണ്ടെത്തി. പ്രതിമയിലെ മനുഷ്യന്‍ നഗ്നനായിരുന്നു.
വലിയ വയറൊഴിച്ച് എല്ലാം പൂവിന്‍റെ ഓരോ ഇതളുകള്‍ പോലെയായിരുന്നു.
അല്ല, ഇതളുകള്‍ തന്നെയായിരുന്നു.
എന്നിട്ടും മുഖവും കണ്ണുകളും കൈകളുമെല്ലാം അയാള്‍ ഊഹിച്ചെടുത്തു.
പക്ഷെ പ്രതിമയുടെ നഗ്നത കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
ആ പ്രതിമയെ ഒരു മനുഷ്യനായി കാണുന്നതിലുമെളുപ്പം
ഒരു പൂവായിക്കാണാനായിരുന്നു.
അതുകൊണ്ടായിരുന്നു അതയാള്‍ അനിതയ്ക്ക് സമ്മാനിച്ചത്.
അതു വരെ അയാള്‍ക്കതിനോട് പ്രത്യേകിച്ചൊരടുപ്പവുമില്ലാതിരുന്നെങ്കിലും
അനിതയുടെ കണ്ണുകളില്‍ പേടിയുടെ അലകള്‍ കണ്ടപ്പോള്‍
അയാളതിനെ സ്നേഹിച്ചുതുടങ്ങി.
അവള്‍ സ്നേഹിക്കുന്നതിനെ മുഴുവന്‍ വെറുക്കുന്നത് നേരത്തേ
അയാളൊരു ശീലമാക്കി കഴിഞ്ഞിരുന്നല്ലോ.
അല്ലെങ്കില്‍ കുഞ്ഞുടുപ്പുകള്‍ തുന്നാനവള്‍ കാത്തുവച്ച വെളള്ത്തുണികളില്‍
അവളുടെ ചോരപുരളില്ലായിരുന്നു.
പക്ഷെ അനിതയുടെ മുഖത്തുകണ്ട പേരറിയാനാവാത്ത വികാരം
പേടിയാണെന്ന് അയാള്‍ സ്വയം ധരിക്കുകയായിരുന്നു.
തെറ്റായ കണക്കുകള്‍ കൂട്ടുകയും കൂട്ടിയ കണക്കുകള്‍ക്കനുസരിച്ച് ജീവിതത്തെ
മാറ്റുകയുമായിരുന്നു ഇതു വരെയും അയാള്‍ ചെയ്തിരുന്നത്.

“റാം അതവിടെനിന്നെടുത്തു മാറ്റൂ.”
വല്ലാത്തൊരു കുറ്റബോധത്തോടെ പിടഞ്ഞുമാറിയിട്ട് അനിത പറഞ്ഞു.
“അതെന്നെത്തന്നെ തുറിച്ചുനോക്കുന്നു.”
അവരുടെ തൊട്ടരികെ ബെഡ് ലാമ്പിന്‍റെ വെളിച്ചത്തില്‍
കുളിച്ചിരിക്കുകയായിരുന്നു അത്.
നോക്കിനില്ക്കെ പ്രതിമ വിജൃംഭിതനാവുന്നതായും
അവളുടെ നേരെ കയ്യുകള്‍ നീട്ടുന്നതായും അവള്‍ക്ക് തോന്നി.
ഉള്ളിലേക്ക് കൂടുതല്‍ ഒതുങ്ങിയിട്ടും ബ്ലാങ്കറ്റിനുള്ളിലും താന്‍ നഗ്നയാണല്ലോയെന്ന
ചിന്തയവളെ അലോസരപ്പെടുത്തി.
മൂന്നമതൊരാളുടെ കണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്നു തന്നെ അവള്‍ വിശ്വസിച്ചു.
അങ്ങിനെ ആ പ്രതിമയ്ക്ക് തങ്ങളെ കാണാന്‍ കഴിയുമെങ്കില്‍,
അതിനു മുന്നില്‍ വച്ചുതന്നെ രഘുരാമാന് അവളെ പ്രാപിക്കണമെന്നുതോന്നി.
പക്ഷെ അവള്‍ വഴങ്ങാതായപ്പോള്‍ അയാള്‍ തിരിഞ്ഞു കിടന്നു.
ഉറക്കം മടിച്ചുനിന്ന നേരമത്രയും ഒരു കാക്കാപ്പുള്ളിയുടെ ചിന്ത മനസ്സിലേക്കു
കടന്നുവരാഞ്ഞതില്‍ അയാള്‍ക്ക് നിരാശതോന്നി.
രഘുരാമന്റെ അകന്നകന്ന് പോകുന്ന കാലടികള്‍ക്ക് പിന്നില്‍
വാതില്‍ ശക്തിയായി തുറന്നടയുന്ന ഒച്ച അവള്‍ കേട്ടു.
ഒപ്പം പുറത്തുപെയ്യുന്ന മഴയുടെ ശ്വാസം അനുവാദമില്ലാതെ
മുറിക്കുള്ളിലേക്ക് ഇടിച്ചുകടന്നു.

മഴതുള്ളിയിട്ട വെളുപ്പാന്‍ കാലത്ത് ഈറന്‍ കാലുകളോടെ രഘുരാമന്‍
അവളുടെ കിടപ്പുമുറിയിലേക്ക് വീണ്ടും കടന്നുവന്നതവള്‍ അറിഞ്ഞു.
മഴയുടെ തണുപ്പുമായ് അയാളവളുടെ പുതപ്പിന്നുള്ളിലേക്ക് നുഴഞ്ഞുകയറി.
അവളെ‍ പ്രേമപൂര്വ്വം ചുംബിക്കുകയും.
പതിവില്ലാതെ മുടിയിഴകള്‍‌ തലോടുകയും ചെയ്തു.
അവളപ്പോള്‍ മൂന്നാമതൊരാളുടെ സാമിപ്യത്തെക്കുറിച്ചോര്ത്ത് വ്യാകുലപ്പെട്ടില്ല.
രഘുരാമന് കുടവയറുണ്ടെന്ന് ഇത്രനാളും എന്തേ അറിഞ്ഞില്ലാ?
എന്തേ അവന്‍റെ ശ്വാസത്തിനിന്ന് സിഗരറ്റിന്‍റെ മണമില്ലായിരുന്നു?
എപ്പോഴോ അവളുടെ തളര്ന്ന കിതപ്പുകള്‍ക്കുമുകളില് നിന്ന് അയാളിറങ്ങിപ്പോയി.
മുറിയിലേക്ക് കടന്നുവന്ന പോലെ മിണ്ടാതെ, വാതില്‍ തുറക്കാതെ!

കട്ടിയുള്ള പുതപ്പിന് വെളിയില്‍ വന്ന് അനിത പ്രതിമയെ നോക്കി.
അവളെ നോക്കി അത് ചിരിച്ചപ്പോള്‍ അവള്‍ കണ്ണുകള്‍ താഴ്ത്തിയില്ല.
ഉറക്കം തൂങ്ങിനിന്ന വെളിച്ചത്തിനു ചുവട്ടില്‍ അവരിരുവരും‍ നഗ്നരായിരുന്നു.

Labels:

Tuesday, August 08, 2006

രൂപാന്തരം


"എനിക്കു മലയാളം പഠിക്കണം"
അവള്‍ ദേവന്‍റെ മുഖത്തുനോക്കുന്നുണ്ടായിരുന്നില്ല.
എന്തിനെന്ന് ദേവന്‍ ചോദിക്കില്ലെന്നറിയാമായിരുന്നിട്ടും അവള്‍ വെറുതെ ആശിച്ചു.
ചോദിക്കുകയാണെങ്കില്‍ "എനിക്ക് ദേവന്‍റെ പുസ്തകങ്ങളെല്ലാം വായിക്കണമെന്ന്"
ആവേശത്തോടെ പറയണം.
പക്ഷെ ദേവന്‍ കൃഷ്ണമണികള്‍ മാത്രമുയര്‍ത്തി അവളെ നോക്കി.
കണ്ണുകളില്‍ അവള്‍ക്കുമാത്രം തിരിച്ചറിയാവുന്ന ചിരി.

ദേവനിത് പ്രതീക്ഷിച്ചിരുന്നു.
പത്രക്കാരുടെ ചോദ്യം അയാളും കേട്ടിരുന്നുവല്ലോ.
മലയാളമറിയില്ലെന്നും ദേവന്‍റെ ഒരു പുസ്തകവും ഇതു വരെ വായിച്ചിട്ടില്ലെന്നും
എങ്ങിനെ അവരോട് പറയും.
ഒരുമിച്ചുള്ള ഒരു ഫോട്ടോയെടുക്കാനാണെന്നു പറഞ്ഞതുകൊണ്ടാണ്
അവള്‍ പൂമുഖത്തേയ്ക്കു വന്നത്.
അല്ലെങ്കില്‍ എല്ലാം കേട്ടുകൊണ്ട് അകത്തെ മുറിയില്‍ കമിഴ്ന്നു കിടക്കുകയേയുള്ളൂ.
എവിടെയും താന്‍ ഒരധികപ്പറ്റാണെന്ന് അവള്‍ കരുതി.
എത്ര ശ്രമിച്ചിട്ടും മറിച്ചൊന്ന് സ്ഥാപിക്കാനോ
അവളെ വിശ്വസിപ്പിക്കാനോ ദേവന് കഴിഞ്ഞുമില്ല.

ഫോട്ടോ സെഷനിടയില്‍ അങ്ങനെ ഒരു ചോദ്യം ദേവനും പ്രതീക്ഷിച്ചിരുന്നില്ല.
അശ്വിനിയോടു ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന്
ദേവന്‍ പ്രത്യേകം പറയുകയും ചെയ്തിരുന്നു.
പേരു ചോദിച്ചപ്പോള്‍ അവള്‍ സോഫിയയെന്നും
ദേവന്‍ അശ്വിനിയെന്നും പറഞ്ഞതുതന്നെ പത്രക്കാരില്‍ ചിരി പടര്‍ത്തി.
ദേവനെ ദയനീയമായൊന്നു നോക്കിയിട്ട് അവള്‍ തിരുത്തി "അശ്വിനി സോഫിയ'!

അവളെന്നും സോഫിയയെന്നു വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്.
സോഫിയ അവളുടെ അമ്മയുടെ പേരായിരുന്നു.
അശ്വിനി അവള്‍ക്ക് അച്ഛനിട്ട പേരും.
അതുകൊണ്ടു തന്നെ പേരിന്‍റെ ആദ്യഭാഗത്തോട് അവള്‍ക്ക് വെറുപ്പായിരുന്നു.
അശ്വിനിയുടെ കൂടെ സോഫിയയെന്നുള്ള പേര് അവള്‍ സ്വയം കൂട്ടിച്ചേര്‍ത്തു,
അവളൊറ്റയ്ക്കല്ലെന്നു ബോധ്യപ്പെടാന്‍.
ദേവന്‍ ഒരിക്കലും അവളെ സോഫിയയെന്നുവിളിച്ചിട്ടില്ല.
അശ്വിനിയായിരുന്നു ദേവനിഷ്ടം.
ദേവനോടൊഴികെ‌‌ അശ്വിനിനിയെന്നു വിളിച്ചവരോടൊക്കെ സോഫിയ കയര്‍ത്തു.
അറിയാവുന്ന മലയാളത്തില്‍ അര്‍ത്ഥമറിയാതെ ചീത്ത വിളിച്ചു.
അശ്വിനിയെന്ന വിളി അച്ഛനെയോര്‍മ്മിപ്പി‍ക്കുന്നു.
അപ്പോള്‍ വായില്‍ ചോരയുടെ ഉപ്പ് ചവര്‍ക്കും.
പിന്നെ കയ്യിലെ ചോര കാണാതിരിക്കാന്‍ ഇരുട്ടില്‍ മുഖം പൂഴ്ത്തുന്ന
അമ്മയുടെ കണ്ണീരിന്‍റെ തിളക്കം.
അവള്‍ ദേവന്‍റെ മാറില്‍ മുഖം ചേര്‍ത്ത് കരയും.

മലയാളം വായിക്കാനറിയാത്തതില്‍ അവളേറ്റം വേദനിച്ച ദിവസമായിരുന്നുവത്.
രാത്രി ദേവന്‍റെ മാലയിലെ ആലിലകൃഷ്ണനെ തലോടി സോഫിയ വീണ്ടും പറഞ്ഞു,
"എനിക്ക് ദേവനെഴുതിയതെല്ലാം വായിക്കണം.
ഉണ്ണിയോടൊന്നു പറയൂ എന്നെ മലയാളം പഠിപ്പിക്കാന്‍"
ദേവന്‍ അപ്പോഴും കണ്ണുകള്‍ കൊണ്ടു ചിരിച്ചു.

അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സോഫിയക്ക് കുഞ്ഞുങ്ങളുടെ മനസ്സായി.
'ആ' തുമ്പിക്കൈ താഴ്ത്തി നില്ക്കുന്ന ആനയെപ്പോലെയാണെന്നും
'ഇ' കൂഞ്ഞിക്കൂടിയിരിക്കുന്ന ഒരമ്മുമ്മയാണെന്നും അവള്‍ ദേവനോടു പറഞ്ഞു.
ഒരു രാത്രി അയാളോട് ചേര്‍ന്ന് കിടന്ന് അവള്‍ പറഞ്ഞത്
'ഋ'ന് അവളുടെ അച്ഛന്‍റെ ഛായയുണ്ടെന്നാണ്.
അവളെ പൊള്ളുന്നുണ്ടായിരുന്നു!
രാത്രിയില്‍ ഒന്നുരണ്ടു പ്രാവശ്യം അവള്‍ ഞെട്ടിയുണര്‍ന്നു.
രോമങ്ങള്‍ നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ള 'ഋ'
അവളുടെ മേല്‍ അമര്‍ന്ന് കിടന്ന് അവളെ ശ്വാസം മുട്ടിക്കുന്നതായി
അവള്‍ സ്വപ്നം കണ്ടു,
കൂടെ ചോരപുരണ്ട അമ്മയുടെ വെളുത്ത കൈകളും!

രാവിലെ സോഫിയ ഓഫീസിലേക്കു വിളിച്ചു,
അവള്‍ അയാളുടെ പുസ്തകം വായിക്കാന്‍ തുടങ്ങിയത്രെ!
ഭാഗ്യം അവള്‍ അക്ഷരങ്ങളെ അക്ഷരങ്ങളായി കണ്ടുതുടങ്ങിയിരിക്കുന്നു.
രാത്രി വന്നപ്പോള്‍ ഇരുട്ടിന്‍റെ മൂലയില്‍
സോഫിയ ചുരുണ്ടുകൂടിയിരിക്കുന്നുണ്ടായിരുന്നു,
മറച്ചുപിടിച്ച കൈകളിലെ ചോര കറുത്തുതുടങ്ങിയിരുന്നു.
"രോമം നിറഞ്ഞ കറുത്ത കൈകളും ചുവന്ന കണ്ണുകളുമുള്ളൊരു ഋ.."
അവള്‍ മൂലയിലേയ്ക്ക് കൂടുതലൊതുങ്ങി.
"ഉണ്ണിയെവിടെ?"
അറിയാതെ പുറകിലേക്കു ചാരിയത് ചുമരിലല്ല ഇരുട്ടിലായിരുന്നെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.

Labels:

Tuesday, July 04, 2006

ശിശിരം


മുറ്റം നിറയെ പേരയുടെ ഇലകള്‍ കൊഴിഞ്ഞുകിടന്നിരുന്നു.
കൂടുതലും മഞ്ഞനിറത്തിലുള്ള ഇലകള്‍.
മരങ്ങള്‍ ഇലകള്‍ പൊഴിച്ചുകളയുന്നത് ശിശിരത്തിലാണോ?
ശി..ശി..രം ആ വാക്കിനോടപ്പോള്‍ വല്ലാത്തൊരു അപരിചിതത്വം തോന്നി.
ഇതിനു മുമ്പൊരിക്കലും ഈ വാക്ക് മനസ്സിലേക്ക് കടന്നു വന്നിട്ടില്ലല്ലോ.
ഇപ്പോഴിതെവിടെനിന്നു വന്നു.
ഏതായാലും ഒരു വല്ലാത്ത വാക്ക് തന്നെ.
മെലിഞ്ഞ എല്ലുന്തിയ ഒരു ഇറാഖി ബാലനെപ്പോലെ തോന്നി ആ വാക്ക്.
ഒരു പറ്റം ശിശിരങ്ങള്‍ ഒരു റൊട്ടിയ്ക്കുവേണ്ടി തല്ലുപിടിക്കുന്നത് സങ്കല്പ്പിച്ചു നോക്കി.

"രണ്ടു മൂന്നു ദിവസമായി മുറ്റമടിച്ചിട്ട്. നീ കേറിയിരിക്ക്"
ചുരിദാറിന്‍റെ കോട്ടണ്‍ ടോപ്പിനും നരച്ച പാ‌വാടയ്ക്കും ഉള്ളില്‍
അവള്‍ ഒന്നു കൂടി മെലിഞ്ഞപോലെ.
പതിവുപോലെ അവളുടെ മുഖത്തുനോക്കാതെ ഉമ്മറത്തെ തിണ്ണയില്‍ കയറിയിരുന്നു.
പത്രമെടുത്ത് വെറുതെ നിവര്‍ത്തി.
"നീയെന്നാ തിരിച്ചു പോകുന്നത്"
"നാളെ" മുഖമുയര്‍ത്താതെ പറഞ്ഞു.
ഇനിയൊരു തിരിച്ചുപോക്കില്ലെന്നു അവളോടു പറഞ്ഞത് മറന്നുകാണും.
"കഴിഞ്ഞ തവണ വന്നപ്പോള്‍ നീ അച്ഛനോട് എന്തൊക്കെ പറഞ്ഞെന്നോര്‍മ്മയുണ്ടോ?"
പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്നു.
"അച്ഛന്‍ അന്നൊരുപാട് കരഞ്ഞു.
ജാതകവും തലക്കുറിയുമെല്ലാമെടുത്ത് കത്തിച്ചുകളഞ്ഞു.
അവന്‍ നാട്ടിലു വരുമ്പോള്‍ പോയി കാണാമെന്നും പറഞ്ഞു."
മുഖമുയര്‍ത്തിയപ്പോള്‍ അവളുടെ കവിളിലെ പെരുകിവരുന്ന മുഖക്കുരുകള്‍ ചുവന്നു.

"അവനിന്നലെ രാത്രിയും വിളിച്ചിരുന്നു."
ആരെന്നുള്ള ചോദ്യം പ്രതീക്ഷിച്ച് അവള്‍ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ തുടര്‍ന്നു,
"അവിടെയെല്ലാരും കള്ളു കുടിയ്ക്കും അല്ലേ?"
അവള്‍ മറുപടി പ്രതീക്ഷിച്ചിരുന്നില്ലല്ലോ.
'ഇന്നലെ സിഗരറ്റും വലിച്ചിട്ടുണ്ടായിരുന്നു.
സംസാരിക്കുമ്പോഴെല്ലാം സിഗരറ്റിന്‍റെ മണം ഗുമുഗുമാന്ന്.."
ഫോണിലൂടെ നിനക്കെങ്ങിനെ സിഗരറ്റിന്‍റെ മണം കിട്ടിയെന്നു ചോദിച്ചില്ല.
അവള്‍ സംസാരിച്ചുകൊണ്ടിരുന്നു.
"പാതിരാത്രിയിലുള്ള അവന്‍റെ കോളുകള്‍ കാരണം ഫോണ്‍ ഞാന്‍ ബെഡ്റൂമിലേക്കു മാറ്റി.
എന്തിന് അച്ഛന്‍റെ ഉറക്കം കൂടി കളയണം."

വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഇനിയും അവളുടെ മുന്നില്‍ ഇരിക്കാന്‍ വയ്യ.
പേപ്പര്‍ മടക്കിവച്ച് എഴുന്നേറ്റു.
"ചായയെടുക്കട്ടെ."
പുതിയതായി എന്തൊ കേട്ടതുപോലെ അവളെ നോക്കി.
ചായകുടിക്കാറില്ലെന്ന് അവള്‍ മറന്നതാണോ.
"നീയെന്താ ഇതുവരെ അച്ഛനെ തിരക്കാഞ്ഞത്?"
ഓര്ത്തില്ല.
എല്ലാം എന്നത്തേയും പോലെയായിരുന്നു.
അടച്ചിട്ടിരുന്ന ഗേറ്റ്, തിണ്ണയില്‍ ചിതറിക്കിടന്നിരുന്ന പത്രത്താളുകള്‍,
പൂമുഖക്കോണില്‍ ചാരി വച്ചിരുന്ന സട്രച്ചര്‍,
ഒഴിഞ്ഞുകിടന്നിരുന്ന ചാരുകസേര ഒഴികെ എല്ലാം.
വല്ലാത്ത കുറ്റബോധം തോന്നി.
"അച്ഛന്‍ മരിച്ചു"
തെക്കേമൂലയിലേക്ക് അവള്‍ കാണാതെ കണ്ണോടിച്ചു. കരിഞ്ഞ മണ്ണ്.
പുതിയ തുടിപ്പ് തേടുന്ന തെങ്ങിന്‍ തൈ.
മഞ്ഞയിലകള്‍ അവിടെയും ചിതറിക്കിടപ്പുണ്ട്.
"എന്നെ ഒറ്റയ്ക്കാക്കിയിട്ട് അച്ഛന്‍ അത്മഹത്യചെയ്യുംന്ന് നീ കരുതണ്ടോ?"
അയാള്‍ക്കതേ ചെയ്യുവാനാകുമായിരുന്നുള്ളൂ. അവള്‍ക്കെന്തറിയാം.
"ഇവിടെ നീയിപ്പോള്‍ ഒറ്റയ്ക്കാണോ?"
എന്തെങ്കിലും ചോദിക്കണമല്ലൊ.
"എല്ലാരുംണ്ട്. തിരിച്ചു പോകാനൊരുങ്ങുന്നു."
"ഞാനും പോകും.
ഒന്നുകില്‍ വല്യേച്ചിയുടെ കൂടെ മസ്ക്കറ്റിലേയ്ക്ക്.
മിക്കവാറും മീനൂന്‍റെ കൂടെ ബോംബയ്ക്കായിരിക്കും.
രവിയ്ക്കാ കൂടുതല്‍ വിഷമം,
ഭാര്യയുടെ ചേച്ചിയെ ഒറ്റയ്ക്കാക്കി പോകാന്‍.
പ്രായം തികഞ്ഞ പെണ്ണല്ലേ."
അവള്‍ ചിരിച്ചു.

"പോയാല്‍ പിന്നെ അവന്‍ വരുമ്പോള്‍..?"
ആരെന്ന് അവള്‍ ചോദിക്കുമെന്നു ഭയന്നു.
കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
"അവന്‍ കള്ളു കുടിയ്ക്കും. ഇന്നലെ വിളിച്ചപ്പോള്‍ സിഗരറ്റും വലിച്ചിരുന്നു"
കണ്ണില്‍ നോക്കിയപ്പോള്‍ അവള്‍ മുഖം താഴ്ത്തി.

യാത്ര പറയാതെയിറങ്ങി.
ആകാശം മൂടിക്കെട്ടി തുടങ്ങിയിരുന്നു.
മഴപെയ്യും.
ഒരു മഴ പെയ്തെങ്കില്‍ എന്ന് അല്പം മുമ്പ് കൊതിച്ചപോലെ.
ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കില്‍...
പഴയ ശീലങ്ങള്‍ തിരിച്ചു വരുകയാണോ?
ഒരുപക്ഷെ അവയും മഴകാത്തു കിടക്കുകയായിരുന്നിരിക്കാം
പൊട്ടിമുളയ്ക്കാന്‍!
"മഴ പെയ്യും"
അവള്‍ വിളിച്ചുപറഞ്ഞു.
അതെ മഴ പെയ്യും.
പടിഞ്ഞാറുനിന്ന് മഴയിരമ്പി വരുന്നതു കാണാമായിരുന്നു.
ശിശിരം അവസാനിക്കുമ്പോഴാണോ മഴ പെയ്യുന്നത്?
അയാള്‍ മഴയുടെ നേര്‍ക്ക് നടന്നു.
പിന്നില്‍ മഞ്ഞയിലകള്‍ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.

Labels:

Tuesday, June 13, 2006

നിയോഗങ്ങള്‍

പൊടിച്ചു വരുന്ന ജീവന്‍റെ തുടിപ്പിന് കാതോര്‍ത്ത്
അവളുടെ അടിവയറില്‍ മുഖമമര്‍ത്തികിടന്ന രാത്രിയില്‍
അയാള്‍ വീണ്ടും നിയോഗത്തെപ്പറ്റി പറഞ്ഞു.
വേരുകള്‍ തേടിയുള്ള യാത്ര.
അച്ഛനും മുത്തച്ഛനും വല്യമുത്തശ്ശന്മാരും നടന്ന വഴികളിലൂടെ..
അയാള്‍ ജനിയ്ക്കുന്നതിനു മുമ്പ് തന്നെ അച്ഛന്‍ യാത്ര തുടങ്ങിയിരുന്നുവത്രെ.

"അച്ഛന്‍ എന്നെ വിളിക്കുന്നുണ്ട്."
അവളുടെ വയറില്‍ അയാള്‍ മൃദുവായി തലോടി.
"ഇന്നലെ രാത്രിയും വന്നിരുന്നു, സ്വപ്നത്തില്‍" വസ്ത്രങ്ങള്‍ മുഷിഞ്ഞിരുന്നു.
ചെരുപ്പിടാത്ത, നീരുവന്ന കാലുകള്‍ വലിച്ചുവെച്ച്..
മുഖം പിന്നെ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
പക്ഷെ, സ്വപ്നത്തില്‍ അയാള്‍ ഒറ്റനോട്ടത്തില്‍ അച്ഛനെ തിരിച്ചറിഞ്ഞു,
അവരാദ്യമായി പരസ്പരം കാണുകയായിരുന്നിട്ടുകൂടി.
കല്ലാറുകുന്നിലെ കത്തുന്ന വെയിലില്‍
കറുത്ത ഗന്ധര്‍വ്വന്‍ പാറയുടെ തണലിലിരുന്ന് അച്ഛന്‍ ചോദിച്ചു.
"നീ എന്തേ വരാന്‍ വൈകുന്നു. എനിക്കു സമയമായി."
ഗന്ധര്‍വ്വന്‍ പാറയുടെ നിഴലിന് കട്ടികൂടി.
കറുത്ത നിഴല്‍ വന്ന് അച്ഛനെ പൊതിയുന്നത് അയാള്‍ നോക്കിനിന്നു.

"ഇതു നിയോഗമാണ്.
കാരണവന്മാരായി തുടര്‍ന്നു വരുന്ന നിയോഗം.
അച്ഛന്‍, മുത്തശ്ശന്‍, വല്യമുത്തശ്ശന്‍, അതിനും മുമ്പ്..
കല്ലാറിന്‍റെ കരയിലെവിടെയോ എന്‍റെ വേരുകളുണ്ട്.
അവിടെ പാതി തുറന്ന ഉമ്മറവാതിലിലൂടെ എനിക്ക്
ഇരുട്ടത്തൊഴുകുന്ന വെളിച്ചപ്പൊട്ടുകളെ കാണണം.
കന്യകയെ കാത്ത് മലര്‍ന്ന് കിടന്ന് കിതയ്ക്കുന്ന
ഗന്ധര്‍വ്വന്‍ പാറയില്‍ ഒരു ഈയ്യാമ്പാറ്റയാവണം”
ഉറക്കത്തിലെന്നോണം അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.
"എത്ര കേട്ടിരിക്കുന്നു. ഒന്നു നിര്‍ത്തൂ"
അയാള്‍ വിശ്വാസം വരാതെ അവളെ നോക്കി.
കേട്ടത് അവളുടെ ശബ്ദം തന്നെയാണെന്ന് അയാള്‍ക്കുറപ്പില്ലായിരുന്നു.
അവളാണെങ്കില്‍ ഫാനിന്‍‌റെ കറക്കത്തില്‍ കണ്ണുറപ്പിച്ച് കിടക്കുകയായിരുന്നു.
“നീ വല്ലതും പറഞ്ഞോ”
അവള്‍ അയാളെ നോക്കി.
"ഞാനും വരുന്നു."
"എവിടേയ്ക്ക്?"
അവള്‍ കണ്ണടച്ചുകിടന്നു
"നടന്നു തന്നെ പോകണം.
കുന്നും പുഴയും താണ്ടണം.
കൂര്‍ത്ത പാറകളില്‍ ചവുട്ടി കാലുകള്‍ വിണ്ടുപൊട്ടും.
വഴുവഴുത്ത ഉമിനീരില്‍ ശ്വാസം പോലും ചീയാന്‍തുടങ്ങും.
സൂര്യനണയും മുമ്പ് പുഴ കടക്കണം.
പുഴയ്ക്കപ്പുറമാണ് കല്ലാറുകുന്ന്.
അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,
കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും.
പിന്നെ ഇരുട്ടില്‍ വെളിച്ചപ്പൊട്ടുകള്‍ പോലെ ശിവഭൂതങ്ങള്‍ ഇറങ്ങിനടക്കും."
അയാളുടെ കണ്ണുകള്‍ തിളങ്ങി.
അവള്‍ അയാളെ ചേര്ത്തുപിടിച്ചു മുടിയില്‍ തലോടി.
"ഉറങ്ങിക്കോളൂ. നാളെ നേരത്തേ യാത്ര തിരിക്കാനുള്ളതല്ലെ."

ഉറക്കം വരുന്നുണ്ടായിരുന്നെങ്കിലും അയാള്‍ക്കപ്പോള്‍ കണ്ണുകളടയ്ക്കാന്‍ പേടിതോന്നി.
ഇരുട്ടത്ത് ചെരുപ്പിടാത്ത കാലുകള്‍ വലിച്ചുവെച്ച് അച്ഛന്‍ വരും.
"പോയേ തീരു. ഇത് നിയോഗമാണ്"
അവളുടെ ചുണ്ടിന്‍റെ ചൂടില്‍ നിന്നും അയാള്‍ മുഖം തിരിച്ചു.
'നമ്മുടെ മോന്‍ വളരുമ്പോള്‍ നീ പറഞ്ഞുകൊടുക്കണം,
എന്നെ കുറിച്ച്,
കല്ലാറുകുന്നിനെ കുറിച്ച്,
പിന്നെ തലമുറകളുടെ നിയോഗത്തെക്കുറിച്ച്.
അവനും വരാതിരിക്കാനാവില്ല. ഇതു നിയോഗമാണ്"
അവളാണെങ്കിലൊയെന്ന് ചോദിച്ചില്ല.
അവളായിരിയ്ക്കുമെന്ന് ഉറപ്പായിരുന്നിട്ടും.
അയാളുടെ കണ്ണിലെ തിളക്കം കെടാതിരിക്കട്ടെ.
"ഉറങ്ങിക്കോളൂ" എന്നുമാത്രം പറഞ്ഞു.
അയാളുടെ കണ്ണുകളില്‍ ഗന്ധര്‍വ്വന്‍ പാറ നിഴല്‍വിരിച്ചു.
നേരം വെളുക്കുന്നതിമുമ്പ് തന്നെ അയാള്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

കോലായിലെ ഒരു മൂലയിലൊറ്റയ്ക്കിരുന്ന് അമ്മുമ്മ
മുണ്ടിന്‍റെ കോന്തല കൊണ്ട് ചങ്ങലയിലെ കറ ഉരച്ചു കളയുകയായിരുന്നു.
എത്ര ഉരച്ചിട്ടും അത് പോയില്ല,
തലമുറകളുടെ കാലിലെ പഴുപ്പിന്‍റെ കറ.

Labels:

Sunday, May 14, 2006

പൂര്‍ണ്ണത തേടുന്ന അര്‍ദ്ധവിരാമങ്ങള്‍


പൂര്‍ത്തിയാക്കാത്ത മരണക്കുറിപ്പില്‍ മഷിപടര്‍ന്നിട്ടുണ്ട്.
പകുതിയെഴുതി നിര്‍ത്തിയ വാചകം അയാളുടെ കയ്യില്‍ നിന്നും വഴുതിവീണ
പേനയെ പ്രതീക്ഷയോടെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു.
ഫാനിന്‍‌റെ കറക്കം അയാളുടെ മുടിയില്‍ ജീവന്‍ ബാക്കിവെച്ചിരുന്നു.

അയാള്‍ ഉറങ്ങുന്നതും ഇങ്ങനെ തന്നെയാണ്.
വായതുറന്നു വച്ച്, കടവായിലൂടെ ഏത്തായി ഒലിപ്പിച്ച്...
പക്ഷെ, പതിവുള്ള കൂര്‍ക്കംവലി മാത്രമുണ്ടായിരുന്നില്ല.
അയാള്‍ മരിച്ചുകിടക്കുകയാണെന്ന് ആദ്യം അവള്‍ക്ക് മനസ്സിലായില്ല.
പതിവുപോലെ അവള്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഓഫ് ചെയ്തു.
തറയില്‍ അഴിഞ്ഞുകിടന്നിരുന്ന മുണ്ടെടുത്ത് അയാളുടെ മേലേക്കിട്ടു.
മുറി തൂത്തുവാരി.
മേശയില്‍ ചിതറിക്കിടന്ന പുസ്തകങ്ങളും പേപ്പറുകളും അടുക്കിവച്ചപ്പോഴാണ്
ആ മരണക്കുറിപ്പ് കണ്ടത്.
മുകളില്‍ മരണക്കുറിപ്പെന്നെഴുതിയിരുന്നതുകൊണ്ടുമാത്രമാണ് അവളത് ശ്രദ്ധിച്ചത്.
അതു വായിച്ചിട്ട് അവള്‍ക്കൊന്നും മനസ്സിലായില്ല.
അവള്‍ക്കെഴുതാറുള്ള പ്രണയലേഖനങ്ങള്‍ പോലെത്തന്നെ.
അയാള്‍ പറയുന്നതില്‍ പകുതിയും എഴുതുന്നതില്‍ തീരെയും അവള്‍ക്ക് മനസ്സിലായിരുന്നില്ല.
മനസ്സിലായിരുന്നെങ്കില്‍ വടക്കിനിയിലെ തണുപ്പില്‍ അവളൊറ്റയ്ക്കുറങ്ങില്ലായിരുന്നു.

അവളതു ഒരിക്കല്‍ക്കൂടി വായിച്ചു.
അതിലിങ്ങനെ എഴുതിയിരുന്നു;
“മഴ പെയ്തുതോര്‍ന്നിരുന്നില്ല.
പറഞ്ഞുവന്നത് പാതിവഴിയില്‍ നിര്‍ത്തി അവന്‍ മഴയിലലിഞ്ഞു.
മുറ്റത്തെ ചെളിയില്‍ പതിഞ്ഞ അവന്‍റെ കാലടികള്‍ വെള്ളം നിറഞ്ഞ് മാഞ്ഞു.
പിന്നെ അവളവനെ കണ്ടപ്പൊള്‍ അവനുറങ്ങുകയായിരുന്നു.
അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചു.
അത് ആലിപ്പഴം പോലെ തണുത്തിരുന്നു. പിന്നെ... “
ഒന്നും മുഴുമിപ്പിക്കുന്ന ശീലം പണ്ടേ അയാള്‍ക്കില്ലല്ലോ.

മരണക്കുറിപ്പ് മേശപ്പുറത്തു തന്നെ വച്ച് അവള്‍ അയാളുടെ അടുത്തേക്കു ചെന്നു.
കയ്യില്‍ തൊട്ടു. മരണത്തിന്‍റെ മരവിപ്പ്.
രാത്രിയിലെപ്പോഴോ മരിച്ചിരിക്കാം.
താഴേക്കു വീണുകിടന്നിരുന്ന കാലെടുത്ത് അവള്‍ കട്ടിലിലേയ്ക്കു വച്ചു.
മുണ്ട് അരയില്‍ ചുറ്റി.
അമ്മാവന് ഫോണ്‍ ചെയ്തു.

നാളികേരം, കോടിമുണ്ട്, നിലവിളക്ക്, അരി ഇനിയെന്താ വേണ്ടത്.
പിന്നൊന്നും ഓര്‍മ്മ വരുന്നില്ല.
അവസാനം അവള്‍ കണ്ട മരണം അച്ഛന്‍റേതായിരുന്നു.
പിന്നെ, തുറന്ന വായില്‍ നിറയെ അരിയുമായി അച്ഛന്‍
അവളുടെ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകനായി, കുറേക്കാലം.
തൊഴുത്തില്‍ പോയി ചാണകമെടുത്തുകൊണ്ട് വന്ന് അവള്‍ മുറ്റം മെഴുകി.
ബാക്കി മൂവാണ്ടന്‍റെ കടയ്ക്കലേക്കിട്ടു.
പടിഞ്ഞാട്ടുള്ള ചില്ല മുറിയ്ക്കേണ്ടെന്ന് അമ്മാവനോട് പറയണം.
അതില്‍ ഇന്നലെയാണ് ഒരു കിളിക്കൂട് കണ്ടത്.
അടുക്കളയില്‍ ചെന്ന് ചൂടാറാന്‍ വച്ചിരുന്ന പാലെടുത്ത് കുടിച്ചു.
ബോഡി വീക്കാണെന്ന് കഴിഞ്ഞ തവണയും ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
ഒന്നുറക്കെ കരയണമെന്നവള്‍ക്ക് തോന്നി.

പിന്നെയും അയാള്‍ തന്നെ ജയിച്ചു.
അയാളെ തോല്പ്പിക്കാനായി പാല്‍പ്പാത്രത്തിനടുത്തു വച്ചിരുന്ന
ചെറിയ കുപ്പിയെടുത്ത് അവള്‍ പറമ്പിലേക്കെറിഞ്ഞു.
വയറില്‍ കൈപ്പടമമര്‍ത്തി അവള്‍ പറഞ്ഞു;
'നിനക്കിനി പൊക്കിള്‍ക്കൊടിയുടെ ബന്ധനം മാത്രം.'
പാതി തുന്നിനിര്‍ത്തിയ കുഞ്ഞുടുപ്പുകള്‍
വലിച്ചെറിഞ്ഞതെവിടെയായിരുന്നു.
തിരക്കൊന്നൊഴിയട്ടെ.
അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എങ്ങിനെയാണ് കരഞ്ഞത്?
അവളോര്‍ത്തുനോക്കി.

Labels:

Saturday, April 15, 2006

കുഴല്‍ക്കാഴ്ചകള്‍


“ഉണ്ണീ എണീക്കൂ. കണി കാണണ്ടേ.
എത്ര്യായി വിളിക്കണൂ. എന്തൊരു ഉറക്കായിത്.”
എല്ലാ വിഷുവിനും വെളുപ്പിന് അമ്മുമ്മ വന്ന് വിളിക്കുമ്പോള്‍ നല്ല രസോള്ള സ്വപ്നാവും കാണണ്ടാവാ.
പിന്നെ ഏത്രയങ്കട് ശ്രമിച്ചാലും അതെന്താന്ന് ഓര്‍മ്മ വരില്യാ.
കണ്ണിറുക്കിയടച്ച് പിടഞ്ഞെഴുന്നേറ്റു.
“വലത്തോട്ടു തിരിഞ്ഞെണീക്കു ഉണ്ണീ”
ഭഗവാനേ നല്ലതു വരുത്തണേ. നല്ല ബുദ്ധി തോന്നിക്കണേ.
നന്നായിട്ട് പഠിയ്ക്കാന്‍ തോന്നിക്കണേ. വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റു.
അറിയാതെ അമ്മുമ്മേടെ വെള്ളമുണ്ടിന്‍റെ തല കണ്ണില്‍ പെട്ടുപോയോ. കണ്ണ് ഒന്നുകൂടിയിറുക്കിപ്പിടിച്ചു. മുഖത്ത് തണുത്ത വിരലുകളുടെ സ്പര്‍ശം.
‘മുന്നില്‍ പടിയിണ്ട്ട്ടോ ഉണ്ണീ. കാല്‍ പൊക്കി വച്ച് നടന്നോളൂ.‘
മൂന്ന് പ്രാവശ്യം കാല്‍ പൊന്തിച്ചുവെച്ച് അവസാനം കൃത്യായിട്ട് പടിയില്‍ തന്നെ കാലിടിച്ചു.
“ശ്..“ പെരുവിരല്‍ ശരിക്കും നൊന്തു.
“ഞാന്‍ പറഞ്ഞില്ലേയുണ്ണീ കാലു നോക്കിവെയ്ക്കാന്‍“
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു. അമ്മുമ്മ പറഞ്ഞതുമുതല്‍ കാല്‍ പൊന്തിച്ചുവെച്ചാ നടന്നത്.
ന്നട്ട് കാലും നൊന്തു പിന്നേ ദേ ചീത്തേം.
“ചമ്രം മടിഞ്ഞ്ഞിരുക്കൂ ഉണ്ണീ“
“ഇനി കണ്ണു തുറന്നോളൂ“
കണ്ണു തുറന്നു.
മുന്നില്‍ ഇരുട്ടുമാത്രം.
കണിയില്ല, കണ്ണനില്ല, കൈനീട്ടവുമായി അച്ഛനില്ല,
അമ്മയുടെ ഉറക്കം വിടാത്ത കണ്ണുകളില്ല.
അമ്മുമ്മയുടെ സ്നേഹത്തിന്‍റെ തണവില്ല.
ഇരുട്ടുമാത്രം.

എ.സി.യിടെ നേര്‍ത്ത ഇരമ്പം.
ദൂരെ നിന്ന് അടുത്തടുത്ത് വരുന്ന പോലീസ് വണ്ടിയുടെ സൈറണ്‍.
എഴുന്നേറ്റ് തപ്പിത്തടഞ്ഞ് ബാല്‍ക്കണിയുടെയടുത്തെത്തി.
ചിലപ്പോഴിങ്ങനെയാണ് എത്ര ശ്രമിച്ചാലും ഈ ഗ്ലാസ് ഡോര്‍ അനങ്ങില്ല. ശക്തി മുഴുവന്‍ എടുത്തു വലിച്ചു. അകത്തേക്കു തള്ളിക്കയറാന്‍ കൊതിച്ച പതിവു കാഴ്ചകള്‍ ഗ്ലാസ്സില്‍ വന്നിടിച്ച് ചിതറിവീണു.
തിരിച്ച് വന്ന് കണ്ണടച്ചു കിടന്നു. രാത്രിയിലുണര്‍ന്നുപോയാല്‍ ഉറക്കം പിന്നെ പെരുവിരല്‍കൊണ്ട് ചിത്രമെഴുതി മറഞ്ഞുനില്ക്കും, വളകിലുക്കികൊതിപ്പിക്കും. ഇപ്പോഴിതൊരു പതിവായിട്ടുണ്ട്.
വീണ്ടും ഒന്നു മയങ്ങിത്തുടങ്ങിയപ്പോഴാണ് നൂറ വിളിച്ചത്. മൊബൈലിന്‍റെ ഹൃദയമിടിപ്പില്‍ വിരല്തൊട്ടുകിടന്നു. വിരല്‍ സ്പര്‍ശമേറ്റപ്പോള്‍ ബൊബൈലിന്‍‌റെ ബട്ടണ്‍ ഉണര്‍ന്ന് കല്ലിച്ചപോലെ. മിന്നിത്തെളിയുന്ന വെളിച്ചത്തില്‍ അക്ഷരങ്ങള്‍ ഒളിച്ചുകളിച്ചു. പേരറിയാത്ത കിളിയുടെ ചിലമ്പിച്ച ശബ്ദത്തില്‍ അവ കരഞ്ഞു. കരഞ്ഞ് കരഞ്ഞ് ഇരുട്ടിന്‍റ മൂലയില്‍ പട്ടിണികിടന്നുറങ്ങി.

നൂറയുടെ സ്ഫടികക്കണ്ണുകള്‍ ഇപ്പോള്‍ അലിയാന്‍ തുടങ്ങിയിരിക്കും.
ആ കണ്ണുകള്‍ കാണുമ്പോള്‍ അമ്മുമ്മ കാണാതെ കട്ടു തിന്നുന്ന കല്ക്കണ്ടത്തുണ്ടുകളോര്‍മ്മ വരും. നിരയിട്ടെത്തുന്ന ചോണനുറുമ്പുകള്‍ കല്ക്കണ്ട കണ്ണുകള്‍ പൊതിയുന്നത് വെറുതെ ഓര്‍ത്തു. അടുത്തുണ്ടായിരുന്നെങ്കില്‍ നൂറയുടെ നീണ്ട മൂക്കില്‍ ചുംബിക്കാമായിരുന്നു. അവസാനതുള്ളിയും വാറ്റിക്കുടിച്ചുകഴിയുമ്പോള്‍ അവളുടെ മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റു വീഴുന്ന മധുരം ഒപ്പിയെടുക്കാന്‍ മാത്രം എല്ലാ വെള്ളിയാഴ്ചകളിലും പായസം കരുതുമായിരുന്നു. ഇറുകിക്കിടക്കുന്ന കറുപ്പും വെളുപ്പും കലര്‍ന്ന നീളന്‍ കുപ്പായങ്ങളില്‍ നിന്ന് പുറത്ത് വന്ന് കിടക്കയില്‍ മലര്‍ന്ന് കിടന്ന് നൂറ നെടുവീര്‍പ്പിടും. മക്കനക്കുള്ളില്‍ മാനംകാട്ടാതെ വെച്ചിരുന്ന കറുത്തുനീണ്ട തലമുടി മാനം മറന്ന് വെളുത്ത കിടക്ക വിരിയില്‍ സ്വതന്ത്രയായി മേയും.
മൂക്കിന്‍തുമ്പിലെ ഉപ്പ് നാവറിയും.
പക്ഷെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ വെളിച്ചെണ്ണയുടെ മണമില്ലാതെ,
കറുത്തൊരു മറുകിന്‍റെ ഉണര്‍ത്തുന്ന ഓര്‍മ്മകളില്ലാതെ ഒരിക്കലും അവളോടൊത്തുറങ്ങാന്‍ കഴിഞ്ഞില്ല.
അവളുടെ കഴുത്തിനടിയില്‍ പേന കൊണ്ട് മറുകുവരച്ച് ഓര്‍മ്മകളെ ആവാഹിച്ചു. മറുകിന്‍റെ കറുപ്പു തെളിയാത്ത രാത്രികളില്‍ യാഗശാല മഴകാത്തുകിടന്നു.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ അവള്‍ പറയും
"ഇത്തവണയും നീ പേരു പറഞ്ഞ് വിളിച്ചത് എന്നെയല്ല..
എന്നാണ് നീ നിന്‍റെ മനസ്സുമായി എന്‍‌റെകൂടെയുറങ്ങുക.”
കല്ക്കണ്ടമലിയാന്‍ തുടങ്ങും.

ഇന്ന് ഈ വഴിയമ്പലത്തിലെ അവസാന രാത്രിയാണ്.
വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ വെളിച്ചത്തിലേക്കസ്തമിക്കുന്ന നഗരം ഇവിടെയുപേക്ഷിക്കുന്നു.
കല്ലാറുകുന്നില്‍ ഉദിച്ച് മൂവാണ്ടന്മാവിന്‍‌റെ തുഞ്ചലായത്ത് അസ്തമിക്കുന്ന പകലുകളിലേക്ക് തിരിച്ചുപോകുന്നു. തൈരുകൂട്ടിക്കുഴച്ച പാപ്പച്ചോറുമായി അമ്പിളിയമ്മാവനെ കാട്ടി സ്നേഹം വിറയാര്‍ന്ന ശബ്ദത്തില്‍ വിളിക്കുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. ചോറുരുളയില്‍ ഉപ്പേറുന്നതിനുമുമ്പെത്തണം. വയറുനിറച്ചുണ്ണണം, മടിയില്‍ തലവെച്ച് കഥകേട്ടുറങ്ങണം, സ്നേഹത്തിന്‍റെ നനവുതട്ടിയുണരണം. പാപബന്ധങ്ങളുടെ ഉറയുരിഞ്ഞ്, തിരിഞ്ഞുനോക്കാതെ, പിന്‍വിളിക്ക് കാതുകൊടുക്കാതെ..

എന്നിട്ടും രാവിലെ ഒരിക്കല്‍കൂടി നൂറയെ കാണേണ്ടി വന്നു.
അവളുറങ്ങുകയായിരുന്നു, കല്‍ക്കണ്ട കണ്ണുകള്‍ തുറന്നുവെച്ച്.
എവിടെനിന്നാണ് ഈ അറബിനാട്ടില്‍ ഇത്രയും ഉറുമ്പുകള്‍!
തിരിച്ചു നടന്നപ്പോള്‍ കാണാപ്പടിയില്‍ കാല്‍തട്ടി.
പെരുവിരല്‍ നൊന്തു.
മനസ്സിലിരുന്ന് അമ്മുമ്മ പറഞ്ഞു.
"നോക്കി നടക്കണംന്ന് ഞാന്‍ പറഞ്ഞില്ലേയുണ്ണീ.
ഓരോ ചുവടുകള്‍ക്കു മുന്നിലുംണ്ട് പടികള്‍"
ഉണ്ണിയ്ക്ക് കരച്ചിലു വരുന്നുണ്ടായിരുന്നു.

Labels:

Saturday, March 25, 2006

ഈയാമ്പാറ്റകള്‍


പുറത്ത് മഴപെയ്യുന്നുണ്ടായിരുന്നു. അവള്‍ ബാല്‍ക്കണിയില്‍ പോയിനിന്നു. എത്ര കയ്യെത്തിച്ചിട്ടും അവള്‍ക്ക് മഴ തൊടാന്‍ കഴിഞ്ഞില്ല. കൈ നീട്ടും തോറും കാറ്റ് മഴയെ അവളില്‍ നിന്നും ദൂരത്തേക്ക് കൊണ്ടുപോയി. നാട്ടിലെ മഴയുടെ കരിമ്പച്ച നിറമില്ല. പുതുമണ്ണിന്‍റെ ഗന്ധമില്ല. നരച്ച മഴ. കാറ്റിന് ഉള്ളി ചീഞ്ഞ മണം. എന്നാണ് അവസാനാമായി ഒരു മഴ കണ്ടത്? പ്രതീക്ഷിക്കാതെയുള്ള മഴയായ കാരണം താഴെ ആളുകള്‍ ചിതറിയോടുന്നതു കാണാം. അതുകണ്ടപ്പോള്‍ അവള്‍ക്ക് കുതിര്‍ന്ന മണ്ണില്‍ നിന്നും ചീറ്റിത്തെറിച്ചുയരുന്ന ഈയാമ്പാറ്റകളെ ഓര്‍മ്മ വന്നു. വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മെഴുകുതിരി കത്തിച്ചുവെച്ച് അവള്‍ ഈയാമ്പാറ്റകളെ കൊല്ലാറുണ്ടായിരുന്നു. വെള്ളത്തില്‍ വീണ് ചിറകുകള്‍ വേര്‍പെട്ട് പുഴുക്കളെപ്പോലെ പിടഞ്ഞ്. ഒരു വലിയ പാത്രം കിട്ടിയിരുന്നെങ്കില്‍.. മെഴുകുതിരിക്കു ചുറ്റും പറന്ന് പാത്രത്തില്‍ വന്നുവീണ് പിടയുന്ന കന്തൂറയിട്ട ഈയാമ്പാറ്റകള്‍.. അവള്‍ക്കു ചിരിവന്നു. പറക്കാന്‍ മോഹിച്ച പുഴുക്കള്‍ തപസ്സുചെയ്തു ചിറകുനേടിയ കഥ പറഞ്ഞുതന്നതാരാണ്. അമ്മുമ്മയായിരിക്കും. സന്ധ്യയ്ക്ക് നാമം ചൊല്ലിക്കഴിഞ്ഞാല്‍ അമ്മുമ്മ ഉണ്ണിയെ വിളിച്ചടുത്തിരുത്തി കഥകള്‍ പറഞ്ഞുകൊടുക്കും. കരിന്തിരി കത്തിത്തുടങ്ങിയ നിലവിളക്ക് എടുത്ത് അകത്തു വയ്ക്കുമ്പോഴോ അമ്മുമ്മയ്ക്ക‍് കാലിന്‍റെമുട്ടുഴിയാനുള്ള കുഴമ്പെടുത്തുകൊടുക്കുമ്പോഴോ മാത്രം വീണുകിട്ടുന്ന വാക്കുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഉണ്ണിയിപ്പോള്‍ വല്യ ചെക്കനായിട്ടുണ്ടാവും. വടക്കേടത്തമ്പലത്തിലെ നന്ദിയുടെ അടുത്ത് ഇരുട്ടത്ത് ഒറ്റയ്ക്ക് വിതുമ്പിനില്‍ക്കുന്ന അവന്‍റെ മുഖം വര്‍ഷമെത്ര കഴിഞ്ഞിട്ടും മായാതെ മനസ്സിലിണ്ട്. ഏടത്ത്യെന്തിനാ അന്ന് ഒറ്റയ്ക്കാക്കീട്ടുപോയേന്ന് അവനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവും. ശപിക്കണുണ്ടാവും ഉണ്ണി ഈയ്യേടത്ത്യേ.

മഴ കുറഞ്ഞപ്പോള്‍ അവള്‍ മീരയുടെ കരച്ചില്‍ കേട്ടു. വീര്‍ത്ത വയറിനുമുകളില്‍ ഭാരം താങ്ങാനാവാതെ വരുമ്പോള്‍ മീര ഉറക്കെ കരയും. അവള്‍ ദിവസവും മീരയുടെ കരച്ചില്‍ എണ്ണും. ഇന്നത് പത്ത് വരെയെങ്കിലും പോവും. നേരം പുലരും വരെ കാണും ഊഴം കാത്ത് കഴുകന്മാര്‍. ചോരപുരണ്ട കിടക്കവിരികളുമായി ചുമരില്‍പിടിച്ച് വേച്ച് വേച്ച് നടന്നുവന്ന് വയറില്‍ മെല്ലെ തലോടി നാളെ മീര പറയും 'മേരാ ബച്ചാ മര്‍ ഗയാ ഹോഗാ, വൊ യെ മാകോ കഭി നഹി മാഫ് കരേഗാ, കഭീ നഹി". മിണ്ടാതെ നിന്നു കേള്‍ക്കും. വയറ്റിലൂടെ സൂചികോര്‍ത്ത് തുമ്പിയെ പറപ്പിച്ചതിന് ഒരിക്കല്‍ ഉണ്ണിയെ തല്ലിയപ്പോള്‍ അവന്‍ പറഞ്ഞു, എപ്പോഴും വാലില്‍ തന്നെ നൂലുകെട്ടിപറപ്പിച്ചിട്ട് ഒരു രസോല്യാത്രെ. വയറുപൊളിഞ്ഞു ചാവുന്ന തുമ്പിയെം കാത്തിരിക്കുന്ന കുഞ്ഞിത്തുമ്പികളേം പറ്റി പറഞ്ഞപ്പോള്‍ അവന്‍റെ ചുണ്ടുകള്‍ വിതുമ്പി. ഇന്നവനും പുതിയ പുതിയ രസങ്ങള്‍ തേടുന്നുണ്ടാവും.

മഴ തോര്‍ന്നു. മീരയുടെ കരച്ചിലും ഇപ്പോള്‍ കേള്‍ക്കുന്നില്ല. കിടക്കയിലെ ചുവന്ന വൃത്തങ്ങള്‍ക്കുമുകളില്‍ വെളുത്തവിരികള്‍ വിരിക്കുകയാവും മീര ഇപ്പോള്‍. പിന്നില്‍ വാതില്‍ തുറക്കുന്നതവളറിഞ്ഞു. കഴുത്തില്‍ ശ്വാസത്തിന്‍റെ ചൂടും. മുഖമില്ലാത്ത നിഴലവളെ പൊതിഞ്ഞപ്പോള്‍ അവളോര്‍ത്തു വീണ്ടും ചിറകുകള്‍ കിട്ടാന്‍ ഇനി എത്രകാലം തപസ്സുചെയ്യണം. അടുത്ത മുറികളില്‍ ചിറകുമുറിഞ്ഞ ഈയാമ്പാറ്റകളുടെ കരച്ചില്‍. അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. സൂചിയില്‍ കോര്‍ത്ത തുമ്പിയുമായ് ഉണ്ണി വന്നു. "ഉണ്ണീ അരുത്. അവയെ വിട്ടേക്കൂ". സൂചിയില്‍ തുമ്പിയുടെ അവസാന പിടച്ചില്‍. ഏടത്തിയെ നോക്കി ഉണ്ണി ചിരിച്ചു.

Labels:

Friday, March 10, 2006

പിന്നിലേക്കു നടക്കുന്നവര്‍


"ത്രിസന്ധ്യായിട്ടും വിളക്കുകൊളുത്തീല്യേ?"
"വിളക്കൊക്കെ കൊളുത്തീണ്ട്. അമ്മ കിടന്നോളൂ"
എന്തേ ഈ കുട്ട്യോളു പറേണേ. വിളക്കുകൊളുത്ത്യാ കിടക്ക്വേ.
എണീക്ക്യാന്‍ കഴിയണില്യാലോ. ദേഹത്തിനു വല്ലാത്ത ഭാരം.
"രാമ രാമ രാമ"
എപ്പോത്തുടങ്ങ്യ കാറ്റാ ഇത്. ചെവിയൊക്കെ അടഞ്ഞേക്കണു. മഴപെയ്യണ്ണ്ടോ? ഉവ്വ് നല്ല തണവുണ്ട്. വെള്ളം ചോരണേടത്തൊക്കെ പാത്രം വച്ചിട്ടുണ്ടാവില്ലെ. ന്നലേം കൂടി പറഞ്ഞതാ ആ പൊട്ട്യ ഓടൊക്കെ ഒന്നു മാറ്റി വയ്ക്കണംന്ന്. ആരു കേള്‍ക്കാന്‍? കുഞ്ഞുമക്കളു ചോദിക്ക്യാ വാര്‍ക്കവീടെങ്ങന്യാ അച്ചമ്മേ ചോര്വാന്ന്. ന്നെ കളിപ്പിക്ക്യാനാണേയ്. വാര്‍ക്കവീടാത്രെ. ന്നട്ട് ഇപ്പൊ കണ്ടില്ലേ ചോര്‍ന്നൊലിക്കണത്. എവിട്യാ ഈ കുട്ട്യോള്. മുറ്റത്തിട്ട തുണികളെല്ലാം കിടന്നുനനയണ കാണണില്യേ. ക്കെ ടീവീടെ മുന്നിലിണ്ടാവും.
"ആരുല്യേ വിടെ. ഈ തുണികളൊക്കെ ഒന്നെടുത്തു വയ്ക്ക്യാ. എത്ര കഷ്ടപ്പെട്ട് അലക്കീതാ. മുഴുവന്‍ നനഞ്ഞു"
"അമ്മ ഒന്നവിടെ കിടക്കൂ. അത് തുണ്യല്ല. ആശുപത്രീടെ ചുമരാ."
ഞാനെന്താ കണ്ണുപൊട്ട്യാ. തുണീം ചുമരും തിരിച്ചറിയാതിരിക്കാന്‍. ആശുപത്രീടെ ചുമരാത്രെ. ഈ വീടെന്നുമുതലാണാവോ ആശുപത്ര്യാക്കീത്. ഞാനൊന്നും മിണ്ടണില്യാ. ഒരൂസം വയ്യാണ്ടായപ്പോഴേക്കും ആര്‍ക്കും വേണ്ടാതായി. ത്തിരി വല്ലതും കഴിച്ചെങ്കില്‍ ഒന്ന് തല ചായ്ക്ക്യാര്‍ന്നു. ഉറങ്ങാനും പേട്യായിരിക്കണു. കുറച്ചീസായി രാത്രീലു കണ്ണുതുറന്നാല്‍ അയാളിരിക്കണ്ണ്ടാവും അടുത്ത്. പറഞ്ഞപ്പോള്‍ കുട്ട്യോളു പറയ്യാ അത് അച്ഛനാത്രെ. വയറിനു ലേശം വേദനിണ്ട്, അകലേക്ക് കഴ്ച്ചക്കുറവൂണ്ട് എന്നാലും ഭ്രാന്തൊന്നൂല്യാ, കുട്ട്യോളുടെ അച്ഛനെ കണ്ടാ മനസ്സിലാവാണ്ടിരിക്കാന്‍. ആ നശിച്ച വയറുവേദന തുടങ്ങ്യാ പിന്നെ ഒന്നിനും കഴീല്യ. ദ്പ്പോ കൂടെ കൂടെ വരണ്ണ്ടല്ലോ. ന്തായാലും ഇനി പടിഞ്ഞാട്ട് പോയിട്ടു വരുമ്പോള്‍ ഒരുകുപ്പി ദശമൂലാരിഷ്ടോം ജീരകാരിഷ്ടോം വാങ്ങീട്ടു വരാന്‍ പറയണം.

വേദനകൊണ്ട് പുളഞ്ഞിരുന്ന സമയത്തെപ്പോഴോ ആണ് ഉണ്ണി വന്നതെന്നു തോന്നുന്നു. കഴുത്തിന്‍റെ പിന്നിലെ മുടിയില്‍ അവനല്ലേ തലോടിയത്. മുലകുടിക്കുമ്പോഴേയുള്ള ശീലാണ്, ഒരു കൈ പതുക്കെ കഴുത്തിലേക്കു നീളും. വലുതായിട്ടും ആ ശീലം വിട്ടില്ല. അടുത്തു വന്നാല്‍ ആദ്യം കഴുത്തിനു പുറകില്‍ തലോടും. അഞ്ചു വയസ്സുവരെ ഈ മാറിലെ ചൂടേറ്റ് ഇല്ലാത്ത ഇഞ്ഞ ചപ്പിക്കുടിച്ച് വളര്‍ന്നതാ അവന്‍. ഏതുറക്കത്തിലും അവന്‍റെ കൈ ദേഹത്തു തൊട്ടാല്‍ മതി അപ്പോ അറിയും. എവിടെപ്പോയി അവന്‍?
"ഉണ്ണി വന്നിട്ടെന്തേ?"
"പ്പൊ വരും. ഡോക്ടറെ കാണാന്‍ പോയതാ അമ്മേ"
"എന്തേ അവന്? ഒറ്റയ്ക്കാ പോയത്?"
"ഒന്നൂല്യ. അമ്മ കിടന്നോളൂ. ദേഹം അനക്കണ്ട"
കുഞ്ഞായിരുന്നപ്പോഴും അവന് അസുഖം ഒഴിഞ്ഞട്ടുള്ള നേരംണ്ടായിട്ടില്യ. അവനേം എടുത്ത് ഒക്കത്തുവെച്ച് കൃഷ്ണന്‍കുട്ടി ഡോക്ടറുടെ അടുത്തേക്ക് ഓട്യ ഓട്ടം.
"ഉണ്ണിക്കന്ന് വയസ്സ് നാല്. തൊട്ടാപ്പൊള്ളുന്ന പനി. വയറെളകാനും തുടങ്ങി.
എത്ര്യായിട്ടും എളക്കം നിക്കണില്യ. അവനേം എടുത്ത് ഉടുമുണ്ടാലെ ഇറങ്ങിയോടി.
കയ്യിലും മുണ്ടിലും മുഴുവന്‍ അപ്പി ഒഴുക്വാ. ഒരു കാറ് വരണ കണ്ടപ്പോള്‍ കൈകാട്ടി നിര്‍ത്തി. ആരായാലും ന്നെ ഒന്നു ഡോക്ടറുടെ അടുത്തേക്കു കൊണ്ടോവൂന്ന് പറഞ്ഞ് നോക്ക്യപ്പൊ അരാ. കൃഷ്ണന്‍കുട്ടി ഡോക്ടറ്."
"ഒരുപാട് കേട്ടിരിക്കണു അമ്മേയിത്. കുറച്ചുനേരം ഒന്നു മിണ്ടാതെ കിടക്കൂ."
ഒന്നുകൂടി കേട്ടാല്‍ മാനം ഇടിഞ്ഞു വീഴ്വോ. നീം പറയും. ജീവനുള്ളേടത്തോളം പറയും. ത്രയ്ക്ക് കഷ്ടപ്പെട്ടണ്ട്. അതോണ്ടെന്താ അമ്മുമ്മാന്നു പറഞ്ഞാല്‍ അവനു പെറ്റ തള്ളേക്കാള്‍ സ്നേഹാ. ഉറക്കം വല്ലാണ്ടെ വരണ്ണ്ട്. മഴ പിന്നേം തുടങ്ങ്യോ. ചുമരിലൂടെല്ലാം വെള്ളം ഒലിച്ചെറങ്ങണൂലോ.
നാളെത്തന്നെ വറുതപ്പനെ വിളിച്ച് ചോര്‍ച്ച അടയ്ക്കണം. നേരൊന്ന് വെളുക്കട്ടെ. അത്താഴം കഴിച്ചോ. പപ്പടം ചുട്ടത് കൂട്ടി കഞ്ഞികുടിച്ചത് ഇന്നോ ഇന്നല്യോ. ഇന്നിനി ഒന്നും വേണ്ട. ഉറങ്ങണം. ഉണ്ണിയെവിടെ?

മായുന്ന നിഴലുകള്‍ക്കുള്ളിലൂടെ നടന്നു വരുന്നത് ഉണ്ണിയല്ലേ.
നോക്കി നടക്കൂ ഉണ്ണീ. മഴപെയ്ത് വഴുക്കി കിടക്ക്വാ. വീഴാണ്ട് അമ്മുമ്മേടെ കയ്യില്‍ പിടിച്ചോളൂ.
ഈ ഇരുട്ടത്ത് എന്തിനാ അവനിപ്പോ പുറത്തേക്ക് പോണത്.
"മുറ്റത്തേക്കിറങ്ങണ്ടാ ഉണ്ണ്യേ. കാലുമുഴുവന്‍ വളം കടിക്കും. ടോര്‍ച്ചെടുത്തിട്ടുണ്ടോ നീയ്യ്."
അവനും മാഞ്ഞു. ഇപ്പോള്‍ ഇരുട്ടു മാത്രം. കണ്ണടച്ചുകിടന്നു.
അയാള്‍ വരുന്നതും അടുത്തിരിക്കുന്നതും അറിയുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു.
കഴുത്തിനു പുറകില്‍ കയ്യിന്‍റെ ചൂട്. ഭാഗ്യായി ന്‍റെ ഉണ്ണി വന്നു.
നിയ്ക്ക് മന്‍സിലായി.
എല്ലാരും ഉറങ്ങ്യപ്പോള്‍ പതുങ്ങി പതുങ്ങി വന്നതാ, ഇഞ്ഞ കുടിക്കാന്‍.

Labels:

Saturday, March 04, 2006

ശങ്കുമ്മാന്‍


ശങ്കുമ്മാന് ദാഹിച്ചു.
പടിഞ്ഞാപ്രത്തെ പ്ലാവിന്‍റെ കടയ്ക്കലിരുന്ന് ശങ്കുമ്മാന്‍ പറഞ്ഞു.
"നിയ്ക്ക് ദാഹിക്കുന്നു."
ഉറക്കത്തില്‍ അമ്മുമ്മ പറഞ്ഞു.
"ശങ്കുമ്മാന് ദാഹിക്കുന്നു."
കൊഴിഞ്ഞുകിടക്കുന്ന ഉണ്ണിയെ നെഞ്ചോടു ചേര്‍ത്ത് ചുട്ടുപൊള്ളുന്ന പനിയില്‍ തുണി നനച്ചിട്ട് അമ്മുമ്മ പറഞ്ഞു.
"കാരണവന്മാര്‍ക്ക് കോപംണ്ട്. കലശം നടത്തണം"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍കടയ്ക്കല്‍ ചാരി വെച്ചിരുന്ന ശങ്കുമ്മാന്‍റെ ശിരസ് കോഴിച്ചോരയില്‍ നനഞ്ഞു. തലയറുത്ത കോഴി ചരലില്‍ പിടഞ്ഞുയര്‍ന്നത് മുഖം പൊത്തിയ വിരലുകള്‍ക്കിടയിലൂടെ ഉണ്ണി കണ്ടു.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
തേങ്ങാക്കൊത്തിട്ട് വറുത്തരച്ചു വെച്ച കോഴിക്കറിയും കുത്തരിയുടെ ചോറും കാര്‍ന്നോന്മാര്‍ക്ക് വീതം വെച്ചു. അടച്ചിട്ട വാതിലിനു വിടവിലൂടെ കാരണവന്മാരെ കാണാന്‍ ഒളിഞ്ഞുനോക്കിയ ഉണ്ണിയെ അമ്മുമ്മ തൂശനില മുറിയ്ക്കാന്‍ കൂടെ കൂട്ടി.
ഉണ്ണി പടിഞ്ഞാപ്രത്ത് ചെന്ന് ശങ്കുമ്മാനെ നോക്കി.
പ്ലാവില്‍ ചാരിവെച്ചിരുന്ന കല്ല് ചോരകുടിച്ച് വീണ്ടും കറുത്തു.
ഉച്ചിയില്‍ മാത്രം അല്പം ചോര കട്ടപിടിച്ചു നില്പ്പുണ്ട്
"ശങ്കുമ്മാന് കോഴിച്ചോര വല്യ ഇഷ്ടാ"
കല്ലില്‍ പറ്റിപ്പിടിച്ച് നിന്നിരുന്ന പ്ലാവില എടുത്തു കളഞ്ഞ് അമ്മുമ്മ പറഞ്ഞു.
പണ്ട് ദാരുകന്‍ തുള്ളലിന് കച്ചകെട്ടിയപ്പോഴും ശങ്കുമ്മാന് ദാഹിച്ചു.
വെള്ളം എത്ര കുടിച്ചിട്ടും ദാഹം ശമിയ്ക്കണില്യ.
"ഉടപ്പിറന്നോളെ നിയ്ക്ക് കോഴിച്ചോര വേണം."
കഴുത്തറുത്ത് ചോര കുടിച്ചു.
മാന്ത്രികനായിരുന്നു ശങ്കുമ്മാന്‍.
മരണം ചുവന്ന പട്ടുടുത്ത് കാത്തുനില്‍ക്കുന്നത് കാലെയറിഞ്ഞു.
പടിയിറങ്ങാന്‍ നേരം ഉടപ്പിറന്നോളെ വിളിച്ചു.
"എന്തു വന്നാലും മണ്‍കുടം തുറക്കരുത്.'
ശങ്കുമ്മാന്‍ കാവിലേക്കുപോയി.
അരമണികെട്ടി വാളെടുത്തു.
കാളി അലറി വന്നു.
ദാരുകന്‍ ഉറഞ്ഞുതുള്ളി.
അടച്ചുകെട്ടിയ മണ്‍കുടം ഉടപ്പിറന്നോളുടെ മുന്നില്‍ നിന്ന് വിറച്ചു
"ന്‍റെ ഭഗോതി ദെന്താപ്പൊ ങ്ങനെ."
വിറയല് കൂടി കൂടി വന്നു, മണ്‍കുടം തുള്ളാന്‍ തുടങ്ങി.
പേടിച്ച ഉടപ്പിറന്നോള്‍ മണ്‍കുടത്തിന്‍റെ കെട്ടഴിച്ചു.
കാളിയുടെ വെട്ട് ശങ്കുമ്മാന്‍റെ കൈ മുറിച്ചു.
ശങ്കുമ്മാനെല്ലാമറിഞ്ഞു.
മരണം പട്ടുടുത്ത് ചിലമ്പണിഞ്ഞ് ചോരയൊലിപ്പിക്കുന്ന വാളുമായ് ദാരുകനു മുന്നില്‍ നിന്നലറി.
ശങ്കുമാന്‍ ഓടി കിണറ്റില്‍ ചാടി.
പിറകെ ചാടിയ കാളി ദാരുകന്‍റെ തലയുമായി പൊന്തിവന്നു.
കിണറ്റിലെ വെള്ളത്തില്‍ ചോര തിളച്ചുമറിഞ്ഞു.
ശങ്കുമ്മാന്‍ തലക്കു മുകളില്‍ നിന്നു വിളിച്ചു.
"എനിക്കു ദാഹിക്കുന്നു, കാലുകടയുന്നു"
പടിഞ്ഞാപ്രത്തെ പ്ലാവിന്‍ചുവട്ടില്‍ ഇരിക്കാന്‍ തറയൊരുക്കി.
ദാഹം തീര്‍ക്കാന്‍ കോഴിച്ചോരവീഴ്ത്തി.
ശങ്കുമ്മാന്‍ ചുടുചോര കുടിച്ചു. കള്ളുകുടിച്ചു.
ശങ്കുമ്മാന്‍റെ ദാഹം മാറി.
ഉണ്ണി ശങ്കുമ്മാനെ നോക്കി.
ഉണ്ണിയെ നോക്കി ശങ്കുമ്മാന്‍ ചിരിച്ചു.
ഉണ്ണിക്ക് ചിരിയില്‍ കോഴിച്ചോര മണത്തു.
നെറ്റിയില്‍ നനച്ചിട്ട തുണി ചൂടുകാത്തുനനഞ്ഞുതന്നെകിടന്നു.
പനി മാറി ഉണ്ണി വിയര്‍ക്കാന്‍ തുടങ്ങി.

Labels:

Wednesday, February 22, 2006

അവന്‍



കല്ലാറുകരയില്‍ അഞ്ചു മണിക്ക് സൂര്യനസ്തമിക്കും. ആറുമണി കഴിയുമ്പോഴേക്കും ദീപങ്ങളണയും. പിന്നെ ഇരുട്ടില്‍ ചിരാതുകള്‍ പോലെ മിന്നിക്കൊണ്ട് വെളിച്ചപ്പൊട്ടുകള്‍ ഇറങ്ങിനടക്കും. കണ്ണേറാക്കുന്നിലേക്കുള്ള ശിവഭൂതങ്ങളുടെ യാത്രയാണ്. കരയാനായുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് അമ്മമാര്‍ പാല്‍ വറ്റിയ മുലകള്‍ തിരുകി, ചേര്‍ത്തുപിടിക്കും. അമ്പലം കാക്കുന്ന നന്ദി പ്രതിമകള്‍ ഉണര്‍ന്നെഴുന്നേറ്റ് പച്ചപ്പ് തേടിയലയും. തെക്കേടത്താവാഹിച്ചിരുത്തിയിരിക്കുന്ന ബ്രഹ്മരക്ഷസ് മുടിയഴിച്ചിട്ടലറും. ദ്വാരപാലകരുടെ, വെട്ടേറ്റു മുറിഞ്ഞുപോയ കൈകളില്‍ നിന്നും ചോരയൊഴുകാന്‍ തുടങ്ങും. ശ്രീകോവിലിനുള്ളില്‍ നിന്നും നരിച്ചിലുകള്‍ ചിറകടിച്ച് കണ്ണേറാക്കുന്നിലേക്കു പറക്കും. നാഗത്തറ വിട്ട് പുറത്തേക്കിഴയുന്ന സര്‍പ്പങ്ങള്‍ കണ്ണേറാക്കുന്നിലെ ഗന്ധര്‍വ്വന്‍ പാറയ്ക്കുമുന്നില്‍ വാല്‍ത്തുമ്പിലുയര്‍ന്നിണചേരും.

പാറയിലെ ഗന്ധര്‍വ്വന്‍, ശാപമോക്ഷത്തിന്‍റെ വെളിച്ചവും കൊണ്ട് കടക്കണ്ണില്‍ കാമവുമായി കണ്ണേറാക്കുന്നേറി വരുന്ന കന്യകയെ സ്വപ്നം കണ്ട് വിജൃംഭിതനായി. പാറവിണ്ട് കന്മദമൊഴുകി. ഗന്ധര്‍വ്വന്‍റെ അലര്‍ച്ചയില്‍ ഒഴുകാന്‍ മറന്ന കല്ലാറില്‍ നിലാവ് മരിച്ചുകിടന്നു. ഉണ്ണി കണ്ണുകളിറുക്കിയടച്ച് അമ്മുമ്മയുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.

അമ്മുമ്മ ഉണ്ണിയ്ക്ക് കണ്ണേറാക്കുന്നിന്‍റെയും ഗന്ധര്‍വ്വന്‍റെയും കഥകള്‍ പറഞ്ഞുകൊടുത്തു.
കല്ലാറുകുന്ന് കണ്ണേറാക്കുന്നായ കഥ.

'സുന്ദരികളായിരുന്നു, കല്ലാറുകരയിലെ പെണ്ണുങ്ങള്‍. ലക്ഷണമൊത്തവര്‍, അരയും മുലയും തികഞ്ഞവര്‍. ഒരിക്കല്‍ കൊതി മൂത്തൊരു ഗന്ധര്‍വ്വന്‍ കല്ലാറുക്കുന്നില്‍ ചേക്കേറി. ആണിന്‍റെ ചൂരും ചൂടുമറിയാത്ത വയസ്സറിയിച്ച പെണ്‍കൊടികള്‍ ഉറക്കത്തില്‍ ഇറങ്ങി നടന്നു. ഒറ്റക്കിരുന്ന് പാടി. വീടുകളില്‍ ഉറങ്ങുന്ന കന്യകകള്‍ കല്ലാറുകുന്നിലെ പാറയില്‍ ഉണര്‍ന്നെഴുന്നേറ്റു. രാവിലെ അഴിഞ്ഞുലഞ്ഞ മുടിയുമായ് കല്ലാറുകുന്നിറങ്ങിവരുന്ന വരുന്ന പെണ്ണുങ്ങള്‍ പതിവുകാഴ്ചയായി.'

കണ്ണേറാക്കുന്നിലെ ഭൂതഗണങ്ങളുടെ അലര്‍ച്ചയ്ക്ക് കാതോര്‍ക്കാന്‍ ഉണ്ണി മറന്നു. വെളിച്ചപ്പൊട്ടുകള്‍ മാഞ്ഞു.
അമ്മുമ്മയുടെ കണ്ണുകള്‍ മുറ്റത്തെ ചെമ്പരത്തിയുടെ ചുറ്റും കട്ടകുത്തി നിന്ന ഇരുട്ടില്‍ നിന്നും വാക്കുകള്‍ വലിച്ചെടുത്തു.

'വഴിതെറ്റിയെത്തിയ പരദേശി മാന്ത്രികനു മുന്നില്‍ തോറ്റ ഗന്ധര്‍വ്വന്‍ പാറയില്‍ ലയിച്ചു.
കല്ലാറുകുന്നില്‍ പെരുവിരലൂന്നുന്ന കന്യകകള്‍ മാത്രം ഗന്ധര്‍വ്വന്‍റെ അവകാശമായി. ചകിരിയിട്ടൊരച്ചു കുളിപ്പിച്ച് തിറ്റമ്പേറ്റാനൊരുക്കിയ കൊമ്പന്‍റെ പോലെ കറുത്തിരുണ്ട ഗന്ധര്‍വ്വന്‍ പാറ. ദൂരെ നിന്നുകണ്ടവര്‍ തൊട്ടുനോക്കാന്‍ കൊതിച്ചു. തൊട്ടുനോക്കിയവര്‍ ഈയാംപാറ്റകളായി. അവരുടെ ചോരയില്‍ ഗന്ധര്‍വ്വന്‍ പാറ ഒന്നുകൂടി കറുത്തു. കല്ലേറാക്കുന്ന് കന്യകകേറാക്കുന്നും കണ്ണേറാക്കുന്നുമായി'

ഉണ്ണി എപ്പോഴോ ഉറങ്ങിതുടങ്ങിയിരുന്നു. ഉണ്ണിയുടെ മുന്നില്‍ പരദേശി മാന്ത്രികന്‍ മലത്തിലും ച്ഛലത്തിലും കുളിച്ചുകിടന്നു. മാന്ത്രികന്‍റെ നെഞ്ചിലെ അവസാന ശ്വാസത്തിനുമുകളില്‍ കാലമര്‍ത്തി നിന്നു ഗന്ധര്‍വ്വന്‍ ചിരിച്ചു. 'ഞാന്‍ തിരിച്ചു വരും' .

രാത്രി ഉണ്ണിയ്ക്ക് പനിച്ചു. ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞു.
'അവന്‍ വരുന്നു.' അമ്മുമ്മ തെക്കേടത്തപ്പന് നേര്‍ച്ചകള്‍ നേര്‍ന്നു.
'ന്‍റുണ്ണ്യേ കാത്തോളണേ കാര്‍ന്നോമ്മാരേ'
ഉണ്ണി ഉറക്കത്തില്‍ കണ്ണേറാക്കുന്നു കണ്ടു.
അഴിഞ്ഞുലഞ്ഞ മുടിയുമായി കണ്ണില്‍ സുരതത്തിന്‍റെ തളര്‍ച്ചയുമായി പെണ്ണൊരുത്തി കണ്ണേറാക്കുന്നിറങ്ങി വന്നു. കല്ലാറുകരയെ നോക്കി ഗന്ധര്‍വ്വന്‍ ചിരിച്ചു.
ഉണ്ണി പറഞ്ഞു 'അവന്‍ വന്നു.'

പനി മാറി ഉണ്ണി വിയര്‍ത്തു.
അമ്മുമ്മയുടെ പൊടി വലിച്ചു വലുതായ മൂക്കില്‍ നോക്കി ഉണ്ണി ചിരിച്ചപ്പോള്‍
അമ്മുമ്മ പോയി ഉപ്പിട്ട പൊടിയരിക്കഞ്ഞികൊണ്ടു വന്നു.
കഞ്ഞിയുടെ ഉപ്പ് നാവറിഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുട്ട പപ്പടം തിന്നാന്‍ തോന്നി.
ഉണ്ണിയുടെ കാഴ്ചയുടെ മേല്‍ പാല് പാടകെട്ടാന്‍ തുടങ്ങിയിരുന്നു.
അമ്മുമ്മ വായില്‍ വച്ചുകൊടുത്ത പപ്പടത്തിന്‍റെ തുണ്ട് ഉമിനീരില്‍ കുതിര്‍ന്നു.

വടക്കോപ്രത്തെ മൂവാണ്ടന്‍ മാവിന്‍റെ കൊമ്പ് വീണ ഒച്ച കേട്ട്
കിണറ്റിലെ പ്രാവുകള്‍ കൂട്ടത്തോടെ ചിറകടിച്ചു പറന്നുപോയി.
ഉമ്മറത്തെ ചാച്ചിറക്കില്‍ ഉണ്ണി കോടിപുതച്ചുകിടന്നു.
നാലുകെട്ടിലെ ഇരുട്ടില്‍ ഉണ്ണിയുടെ ഏടത്തി ചമ്രംമടിഞ്ഞിരുന്ന് പാടാന്‍ തുടങ്ങി.

Labels:

Wednesday, February 15, 2006

ഏടത്തി


"ഒന്നിങ്ങട്ടു വേഗം നടക്കുണ്ണ്യേ"
ഏടത്തി തിരക്കുകൂട്ടി. ഏടത്തിക്കതു പറയാം.
ഉണ്ണീടെ കാലില് തൊട്ടാവാടീടെ മുള്ളു കേറിക്കോട്ടെന്ന്.
ചെരുപ്പെടുക്കാന്നു പറഞ്ഞാല്‍ ഏടത്തി സമ്മതിക്കില്യ.
നടയ്ക്കല് ഊരിയിട്ടാല്‍ ആരെങ്കിലും എടുത്തോണ്ടു പോവൂത്രെ.
ഏടത്തിക്കേയ് അസൂയ്യാ.
ഉണ്ണീടെ ചെരുപ്പ് പുതീതാണേയ്.
അച്ഛന്‍ കഴിഞ്ഞ ലീവിനു വന്നപ്പോള്‍ കൊണ്ടുവന്നതാ.
പുതിയ ഉടുപ്പും കൊണ്ടുവന്നു.
ഏടത്തിക്ക് ഒന്നുംകൊണ്ടുവന്നില്ല. അതിന്‍റെ അസൂയ.
അന്നെത്ര നേരാ അമ്മെ കെട്ടിപ്പിടിച്ച് ഏടത്തി കരഞ്ഞത്.
അതുകണ്ട് സങ്കടായിട്ടല്ലെ അച്ഛന്‍ കൊടുത്ത ഓറഞ്ചിന്‍റെ ഒരല്ലി
ഉണ്ണി ഏടത്തിക്കു കൊടുത്തത്.
ഏടത്തി അതുവാങ്ങി ജനാലയിലൂടെ ഒറ്റേറായിരുന്നു.
വെര്‍ത്യല്ല അച്ഛന്‍ പറേണേ
'ആരടെങ്കിലും കൂടെ എറങ്ങിപോയ ശല്യൊഴിവാകുംന്ന്'.

ന്നാലും ഉണ്ണിക്ക് ഏടത്ത്യെ വല്യെ ഇഷ്ടാ.
ഉണ്ണ്യേ കുളിപ്പിക്കുന്നതും തലയീരി കൊടുക്കുന്നതും
പടിഞ്ഞാറെ പറമ്പീന്ന് മുളച്ച കശുവണ്ടി കൊണ്ടുവന്നു കൊടുക്കുന്നതും
ഒക്കെ ഏടത്ത്യാ. ഏടത്തിക്ക് എത്ര്യാ കഥകളറിയാന്നോ.
ചില ദിവസം കഥകളു പറഞ്ഞ് ഏടത്തി ഉണ്ണിയുടെ അടുത്ത് കിടന്നാ ഉറങ്ങാ.
ഉണ്ണ്യേങ്ങനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്..
ഏടത്തി കെട്ടിപ്പിടിക്കുമ്പോ മുറ്റത്തു വീണുകിടക്കണ ലാങ്കിപ്പൂവിന്‍റെ മണാ.
പക്ഷെ എടത്തി മുഖം നിറയെ ഉമ്മ വയ്ക്കുന്നത് ഉണ്ണിക്കിഷ്ടല്ല.
ഏടത്തീടെ മൂക്കിലെ പല്ലെങ്ങാന്‍ മുഖത്ത് കുത്തിക്കേറിയാലോ.
അമ്മുമ്മ എപ്പഴും പറയും ഏടത്തീടെ മൂക്കില്‍ പല്ലുമുളച്ചൂന്ന്.
അപ്പൊഴൊക്കെ ഏടത്തി മുറ്റത്തെ ലാങ്കിമരത്തിന്‍റെ ചുവട്ടില്‍ പോയിരുന്ന് കരയും.
കുറേ വയസ്സായാല്‍ ഉണ്ണീടെ മൂക്കിലും പല്ലുമുളയ്ക്കോ?

"ഒന്നിങ്ങട്ടു വരൂ എന്‍റുണ്ണീ"
ഏടത്ത്യെന്തിനാങ്ങനെ പായണെ. ഷാരടി അമ്പലം തുറന്നിട്ടുംകൂടിണ്ടാവില്യ.
രാത്രി തന്നെ ഏടത്തി ഉണ്ണ്യേ ചട്ടം കെട്ടീരുന്നു.
വെളുപ്പിനെ അമ്പലത്തില്‍ കൂട്ടുവരാന്‍.
ഒറ്റക്കു പോവാന്‍ ഏടത്തിക്കു പേട്യാ. ഉണ്ണിയ്ക്കു പേടില്യ. ഉണ്ണി ആങ്കുട്ട്യല്ലേ.
സര്‍പ്പക്കാവിന്‍റടുത്ത് വവ്വാല് ചപ്പിയിട്ടട്ടുപോയ ബദാം എത്ര്യാന്നലെ തല്ലിപ്പൊളിച്ച് ഉണ്ണിക്ക് തന്നത്.
രാത്രി മുഴുവന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. ബദാം പരിപ്പ് വായില് തന്നപ്പോഴും ഏടത്തി കരയണത് ഉണ്ണി കണ്ടതാ. ന്നട്ട് നാര് കണ്ണിപ്പോയതാന്ന് നൊണേം പറഞ്ഞു.
ന്നലെ ദീപാരാധന തൊഴാന്‍ വന്നപ്പോള്‍ വടക്കേടത്ത് ശാന്തിക്ക് നിക്കണ ഉണ്ണ്യമ്പൂരി ചന്ദനത്തിന്‍റൊപ്പം
ഏടത്തിക്കൊരു കടലാസ് കൊടുക്കണതും ഉണ്ണി കണ്ടതാ. അപ്പൊഴും ഏടത്തി നൊണപറഞ്ഞു.
സര്‍പ്പത്തിന് നൂറും പാലും കൊടുക്കണേന്‍റെ ശീട്ടാണെന്ന്.
ന്നാപ്പിന്നെന്തിനാ ആരോടും പറയരുതെന്ന് കരോട്ടമ്മേടെ നടേല് ഉണ്ണ്യേക്കൊണ്ട് സത്യൊടീപ്പിച്ചെ.

വടക്കേടത്തു പുറത്തു കിടക്കണ നന്ദീടെ അടുത്തെത്ത്യപ്പൊ ഏടത്തി നിന്നു.
കണ്ടോ നട തുറന്നട്ടുംകൂടില്യ.
ആല്‍ത്തറേല് മാത്രം ആരൊ ഇരിക്കണ്ട്.
ഉണ്ണിക്ക് ദേഷ്യം വന്നു.
തൊട്ടാവാടി മുള്ള് കൊണ്ട് ഉണ്ണീടെ കാലെത്ര്യാ മുറിഞ്ഞേ.
കറുകപ്പുല്ലില് പറ്റിനില്ക്കണ മഞ്ഞുവെള്ളം മുറിവിലു പുരളുമ്പോഴുള്ള
സുഖോള്ള നീറ്റല് പക്ഷെ ഉണ്ണിക്ക് വല്യഷ്ടാ.
"ന്‍റെ മോന്‍ ഒറ്റക്ക് തിരിച്ചു പോവൂലോ ല്ലേ?"
ഏടത്തി ഉണ്ണീടെ തലയില്‍ തലോടി.
തലയാട്ടീങ്കിലും ഏടത്തിള്ളപ്പോ ഉണ്ണ്യെന്തിനാപ്പോ ഒറ്റക്ക് പോണേന്നാ.
ഉണ്ണീടെ മുഖം നിറയെ ഏടത്തി ഉമ്മവച്ചു.
ചുണ്ടിലെ കണ്ണീരിന്‍റെ നനവ് ഉണ്ണി നുണഞ്ഞിറക്കി.
ആല്‍ത്തറയിലെ ഇരുട്ടിലേക്ക് ഏടത്തി നടന്നകന്നപ്പോള്‍
ഉണ്ണിക്കു കരച്ചിലുവരുന്നുണ്ടായിരുന്നു.

Labels:

Sunday, February 12, 2006

വെളിച്ചപ്പാട്


വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുകയായിരുന്നു. കണ്ണെടുക്കാതെ അവന്‍ അച്ഛനെത്തന്നെ നോക്കി നിന്നു. എന്തെങ്കിലും വയ്യായ്ക, തളര്‍ച്ച.. വയസ്സൊരുപാടായി. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നതാണ്. അച്ഛന്‍ കൂട്ടാക്കിയില്ല. കുളിച്ചീറനായി ചുവന്ന പട്ടുടുത്ത് അവനൊരുങ്ങിയിറങ്ങിയതാ, കരഞ്ഞു കാലു പിടിച്ചിട്ടും സമ്മതിച്ചില്ല.

കിഴക്കേ നടയില്‍ നിന്നും അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് കരോട്ടേക്കോടിക്കയറി. അച്ഛന്‍റെ ശബ്ദം ഇടറുന്നുണ്ട്. ശരീരം വേച്ചുപോവുന്നുണ്ടോ? അരമണിയുടെ കിലുക്കത്തിലും താളംതെറ്റിയ കിതപ്പവന്‍ തിരിച്ചറിഞ്ഞു. കരോട്ടമ്മേ അച്ഛനെ കാത്തോളണേ.

"ദേവീ.." വെളിച്ചപ്പാട് അലറി വിളിച്ചു. അതോ കരഞ്ഞതോ. വാളെടുത്ത് തലയില്‍ അഞ്ഞാഞ്ഞ് വെട്ടിയപ്പോള്‍ അവന് അച്ഛന്‍റെ കയ്യില്‍ കയറി പിടിക്കണമെന്നുണ്ടായിരുന്നു. തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകി. ചോര മൂടുന്ന കാഴ്ച്ചയ്ക്കിടയിലൂടെ മുഖം പൊത്തി നില്‍ക്കുന്ന മകനെ അയാള്‍ നോക്കി, പിന്നെ ദേവിയേയും. ചിരിക്കുന്ന സ്വര്‍ണ്ണ ഗോളകക്കുള്ളില്‍ ദേവിയും മുഖം മറച്ചിരുന്നു.

Labels:

Wednesday, February 08, 2006

മടക്കയാത്ര


പിന്നിലേക്കോടി മറയുന്ന നഗരത്തെ നോക്കി അയാള്‍ പരിഹസിച്ചു ചിരിച്ചു. കോണ്‍ക്രീറ്റുകാടുകള്‍ക്കു പിന്നില്‍ വരാനിരിക്കുന്ന പച്ച നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളുമായിരുന്നു അയാളുടെ മനസ്സു നിറയെ.

"അച്ഛാ നമ്മുടെ നാടെത്തിയോ" ഉണ്ണി ഉറക്കത്തില്‍ നിന്നുണര്‍ന്നു പുറത്തേക്കു നോക്കി. ഇല്ല കാഴ്ചകള്‍ക്കിപ്പോഴും ചാരനിറം തന്നെ. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വീണു. അയാള്‍ക്കിതൊരു മടക്കയാത്രയാണ്‌, നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതും എല്ലാം തിരിച്ചുപിടിക്കാന്‍. മുണ്ടുമടക്കിക്കുത്തി വടക്കോപ്രത്തെ മൂവാണ്ടന്മാവിലെ പുളിയുറുമ്പുകളുടെ മേല്‍ ഒരിക്കല്‍ കൂടി മൂത്രമൊഴിക്കണം. അമ്പലക്കുളത്തില്‍ പോയി മുങ്ങിക്കുളിക്കണം. ഈരെഴതോര്‍ത്തില്‍ മീന്‍ പിടിക്കണം. സര്‍പ്പക്കാവിനു ചുറ്റും പടര്‍ന്നു നില്‍ക്കണ കറുത്ത കാട്ടില്‍ നിന്നും തൊണ്ടിപ്പഴം പറിച്ചു തിന്നണം. 'ശൂ' ന്ന് സര്‍പ്പം ചീറ്റുന്ന ഒച്ച കേള്‍ക്കുമ്പോള്‍ ഓടി അമ്മുമ്മയുടെ പിന്നില്‍ ഒളിക്കണം. അങ്ങിനെ എല്ലാം മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്‌.

ഇനിയും എത്താത്തതെന്തേ? തീവണ്ടിയിലെ ബോഗികള്‍ പോലെ ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നു തുടങ്ങുന്നു. ആല്‍ത്തറയും ടാഗോര്‍ സ്മാരക വായനശാലയും ആരോഗ്യസ്വാമിയുടെ ചായക്കടയും എവിടെ? കോളിളക്കത്തിന്‍റെ പോസ്റ്ററൊട്ടിച്ച വേലായുധേട്ടന്‍റെ കള്ളു ഷാപ്പെവിടെ? എന്‍റെ മണ്ണെവിടെ? യാത്ര തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണോ?

"നാടെത്തിയോ അച്ഛാ" ഉണ്ണി ഉണര്‍ന്നുകഴിഞ്ഞു. അവന്‍റെ മനസ്സുനിറയെ ഇപ്പോള്‍ തൊടിയും തോടും ആമ്പല്‍പ്പുക്കളുമാണ്. എന്തു പറയും അവനോട്‌. അയാള്‍ അവനെ ഒന്നുകൂടെ തന്നോടു ചേര്‍ത്തുപിടിച്ചു. "ഉറക്കത്തില്‍ മോനെന്തു സ്വപ്നാ കണ്ടത്‌?" അവന്‍റെ കണ്ണുകളില്‍ ആമ്പലിന്‍റെ ഇതളുകള്‍ കൊഴിയുന്നതയാള്‍ കണ്ടു.

Labels:

Saturday, February 04, 2006

അവര്‍ക്കിടയില്‍ സംഭവിച്ചത്..


എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത്? അവര്‍ പരസ്പരം സ്നേഹിച്ചിരുന്നു. കുറേ മാസങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും ചെയ്തു. ഒരു ദിവസം രാവിലെ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ അതേ ലാഘവത്തോടെ അവള്‍ പിരിയുന്നതിനെ കുറിച്ചു സംസാരിച്ചു. അവന്‍ അവളോടു തര്‍ക്കിച്ചു.. അപേക്ഷിച്ചു.. അവസാനം കരഞ്ഞു. അവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, ഡോക്ടര്‍ അവള്‍ക്കു വെച്ചു നീട്ടിയ രണ്ടു ശതമാനം സാധ്യതയ്ക്കു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. അവനൊരു കുഞ്ഞിനെക്കൊടുക്കാന്‍ തനിക്കാവില്ലെന്ന് മനസ്സിലായപ്പോള്‍, അവര്‍ സ്വപ്നം കണ്ട കുഞ്ഞിക്കാലുകള്‍ ഓടി നടക്കുന്ന വീട് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും അവനെ അറിയിക്കാതെ പിരിയാന്‍ അവള്‍ തീരുമാനിച്ചു. ഇന്ന് മറ്റൊരു സീമന്തരേഖയ്ക്കായ് അവന്‍റെ വിരലുകള്‍ സിന്ദൂരം പുരളുമ്പോള്‍ അവള്‍ അറിയുന്നു, വരണ്ടുണങ്ങിയ ഗര്‍ഭപാത്രത്തില്‍ ഒരു പുതുനാമ്പിന്‍റെ തുടിപ്പ്.

Labels:

Saturday, January 28, 2006

ചത്ത എലിയുടെ നാറ്റം



അയാളുടെ ജീവിതം മുഴുവന്‍ ചത്ത എലികളുടെ പിന്നാലെയായിരുന്നു. ചീഞ്ഞ എലിയുടെ നാറ്റം അയാളെ എന്നും വിടാതെ പിന്തുടര്‍ന്നിരുന്നു. ഓരുപ്പെരയിലെ ഉണക്കിയിട്ടിരിക്കുന്ന വിറകുകള്‍ക്കിടയില്‍..അടുക്കള മുറ്റത്തെ പച്ചക്കറിതോട്ടത്തില്‍... പാതയോരത്തെ അഴുക്കു ചാലില്‍... ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ക്കിടയില്‍... എന്തിനു മച്ചില്‍ കുടിയിരിത്തിയിരിക്കുന്ന ഭഗവതിക്കു ചുറ്റും വരെ അയാള്‍ ചത്തുചീഞ്ഞ എലിയെ തിരഞ്ഞു. എവിടന്നൊക്കെയോ വയര്‍ പൊട്ടി കുടലു ചാടിയ എലിയെ ചിലപ്പോഴൊക്കെ അയാള്‍ വാലില്‍ പിടിച്ച് തൂക്കിയെടുത്തുകൊണ്ടു വന്നു. ഈട്ടുവക്കിലെ കാഞ്ഞിരച്ചോട്ടില്‍ അവയെ കുഴിച്ചിട്ടു. എന്നിട്ടും നാറ്റം മാത്രം ബാക്കിയായി. അവസാനം ഇന്ന് ഈ വിവാഹ രാത്രിയില്‍ അയാളുടെ വിയര്‍പ്പിനോടൊട്ടിക്കിടക്കുമ്പോള്‍ അവള്‍ പറയുന്നു. "വല്ലാത്തൊരു നാറ്റാ നിങ്ങളുടെ വിയര്‍പ്പിന്. ന്നാലും എനിയ്ക്കിഷ്ടാ"ന്ന്. അയാളുടെ കണ്ണുകളപ്പോഴും ഇല്ലാത്തൊരെലിയെ തിരയുകയായിരുന്നു.

Labels:

Monday, January 23, 2006

"കുഴിയ്ക്കു വാ.."


ഉണ്ണിക്കെന്തോ അന്ന് ചാച്ചെട്ടിയിലിരുന്ന് വായിക്കാന്‍ വല്ലാത്ത പേടി തോന്നി. ആ നശിച്ച കിളിയാണെങ്കില്‍ കരച്ചിലു നിര്‍ത്തുന്നൂല്യ. "കുഴിയ്ക്കു വാ.. കുഴിയ്ക്കു വാ.." വല്ലാത്തൊരു കരച്ചില്‍. "ആരെയാണാവോ കുഴീല്‍യ്ക്കു വിളിക്കുന്നത്" അമ്മുമ്മ പുറത്തേക്കിറങ്ങി വന്നു. മുറ്റത്തെ മൂവാണ്ടന്‍റെ കൊമ്പിലിരുന്നാണത് കരയുന്നത്. അതുണ്ണിക്കറിയാം. "ഉണ്ണീ. അതിരിക്കുന്നത് കിഴക്കേ കൊമ്പിലല്ലേ?" ഉണ്ണിക്ക് മുഖമുയര്‍ത്താന്‍ തന്നെ പേടിയായി. അമ്മുമ്മയാണെങ്കില്‍ മാവിലേക്കുതന്നെ നോക്കി കണക്കുകൂട്ടല്‍ തുടങ്ങി. "കിഴക്കിപ്പോ ആരാ.. പുതുവാക്കാട്ടെ കാര്‍ത്ത്യായിനിയമ്മയെ ഇന്നു രാവിലേംകൂടി അമ്പലത്തില്‍ വെച്ചു കണ്ടതാണല്ലോ. അവരാവാന്‍ വഴീല്യ. ഇനി ആ വാര്യരെങ്ങാനുമായിരിക്ക്വോ? പാവം അയാള്‍ക്ക് എന്‍റെ പ്രായം കഷ്ട്യാ." കിളി കരച്ചില്‍ ഒന്നുകൂടെ ഉച്ചത്തിലാക്കി. "ഉണ്ണീ, അതിങ്ങോട്ടു തിരിഞ്ഞാണോ ഇരിക്കുന്നത്" അമ്മുമ്മ കാലിന്‍റെ മുട്ടുതിരുമ്മിക്കൊണ്ട് ചുമരും ചാരിയിരുന്നു. "രണ്ടീസായി ഈ എടത്തേപള്ളയൊരു വേദന. ശ്വാസം കഴിക്കുമ്പോ നെഞ്ചിലൊരു പിടുത്തം. സമയായിട്ട്ണ്ടാവും" അടുക്കളയില്‍ നിന്നും അമ്മയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ ഉണ്ണി കേട്ടു. "ഞാനെന്തോ പൊട്ടത്തരം പറഞ്ഞതിന് നീയ്യിങ്ങനെ കരേണെന്തിനാ. ഉണ്ണിക്കിപ്പോ ഒരസുഖോല്യാലോ. തെക്കേടത്തപ്പന്‍ നമ്മുടുണ്ണ്യേ കാത്തോളും." അമ്മുമ്മ കൈ നീട്ടി ഉണ്ണിയെ തലോടി. മുഖത്തെ ചുളിവുകളില്‍ കണ്ണീരു പടരുന്നത് ഉണ്ണി കാണാതിരിക്കാന്‍ അമ്മുമ്മ മുഖം തിരിച്ചു. ഉണ്ണി മുറ്റത്തേക്കിറങ്ങി ഒരു കല്ലെടുത്ത് മാവിലേക്കെറിഞ്ഞു. കിളി പറന്ന് മൂവാണ്ടന്‍റെ തുഞ്ചത്ത് പോയിരുന്ന് കൂടുതല്‍ ഉറക്കെ ഉണ്ണിയെ നോക്കിക്കരയാന്‍ തുടങ്ങി.

Labels:

Sunday, January 15, 2006

വിലാപങ്ങളുടെ തുടര്‍പാഠങ്ങള്‍


ഇരുട്ടില്‍ നിന്നും ഇരുട്ടിലേക്ക് പിന്നെയും ഇരുട്ടിലേക്ക് വളരെ വളരെ ഉയരത്തില്‍ നിന്നും ആഴത്തിലുള്ള ഇരുട്ടിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഉറക്കം ഞെട്ടി. ആരോ തള്ളിവിട്ടതുപോലെ മിഴികള്‍ തുറന്നു. എന്നിട്ടും ചുറ്റിലും ഇരുട്ടുതന്നെ. രാത്രിയോ പകലോ..? തിരിച്ചറിയാന്‍ കഴിയുന്നില്ല. സ്വപ്നത്തിലെന്നപോലെ, പേ പിടിച്ച മനുഷ്യരുടെ അലര്‍ച്ചയുടെ നേര്‍ത്ത ചിളുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നുണ്ട്. അവള്‍ക്ക് അല്പം പോലും ഭയം തോന്നിയില്ല. ഇനിയെന്തു ഭയക്കാന്‍. തണുപ്പിന്‍റെ സൂചികള്‍ ശരീരത്ത് ആഴ്ന്നിറങ്ങിയപ്പോള്‍ ഒന്നു പുളഞ്ഞു. മുറിവുകളില്‍ തണുപ്പ് നായ്ക്കളെപോലെ നക്കിത്തുടക്കുകയായിരുന്നു. നഗ്നത മറയ്ക്കാന്‍ ഇരുട്ട് ധാരാളം, പക്ഷെ ഈ നശിച്ച തണുപ്പകറ്റാന്‍ അതിനാവില്ലല്ലോ. ഇരുന്ന ഇരുപ്പില്‍ തന്നെയിരുന്ന് ഒരു തുണ്ട് വസ്ത്രത്തിനായ് അവള്‍ ചുറ്റും പരതി. ഇല്ല..! ബാബയുടെ മുന്നില്‍ വെച്ചുതന്നെ അവരെല്ലാം കീറിയെറിഞ്ഞില്ലേ. പാവം ബാബ. തന്നെ പിച്ചിച്ചീന്തുന്നതു കാണാന്‍ കഴിയാതെ കെട്ടിയിട്ട തൂണില്‍ തലയലച്ചു കരയുകയായിരുന്നു. തടയാന്‍ വന്ന ഉമ്മിയെ രാംചാച്ച വെട്ടിവീഴ്ത്തിയതവള്‍ ഓര്‍ത്തു. തന്‍റെ വായില്‍ ദിവസവും സ്നേഹത്തോടെ മീഠ തരാറുള്ള രാംചാച്ച തന്നെയാണ് കാലു പിടിച്ചു കരഞ്ഞിട്ടും തന്‍റെ ചോളി ആദ്യം വലിച്ചുകീറിയത്. ബേട്ടിയെന്നു മാത്രം വിളിച്ചിരുന്ന സുമന്‍ ഭയ്യ, പിന്നെയും എത്രയോ പേര്‍. എന്നും കണാറുള്ള.. ചിരിക്കാറുള്ള.. കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിച്ചിരുന്നവര്‍..!! അവര്‍ വലിച്ചെറിഞ്ഞു പോയതിനു പിന്നാലെ ഇരുട്ടും പടര്‍ന്നുകയറി. ഇതാ ഇപ്പോള്‍ ഈ നരച്ച തറയില്‍ ഒറ്റയ്ക്ക്.. ബാബയെ ഒന്നു കണ്ടെങ്കില്‍ ആ നെഞ്ചില്‍ വീണൊന്ന് പൊട്ടിക്കരയാമായിരുന്നു. അവള്‍ ചുവരില്‍ പൊത്തിപ്പിടിച്ച് മെല്ലെയെഴുന്നേല്ക്കാന്‍ ശ്രമിച്ചു. അസ്ഥികള്‍ മുഴുവന്‍ നുറുങ്ങിയെന്നുതോന്നുന്നു. വിരലുകള്‍ അനക്കാന്‍ പോലും കഴിയാത്ത വേദന. കാലുകള്‍ വിവരുന്നില്ല. തുടകളിലൂടെ കത്തികൊണ്ട് വരയുന്നതുപോലെ അരിച്ചിറങ്ങുന്ന ചോരയുടെ നനവ്. വേച്ചു വേച്ചു നടന്നു. ചുവരിലെ‌വിടെയോ ചെന്നിടിച്ചു തറയിലേക്കു വീണു. വേദന തോന്നിയില്ല. അടുത്ത മുറികളിലെവിടെയെങ്കിലും ബാബയുണ്ടാവും. അതുമാത്രമായിരുന്നു ചിന്ത. വീണ്ടും മുട്ടുകുത്തിയെഴുന്നേറ്റു. കണ്ണിലേക്കിറങ്ങിവന്ന ചോര പുറംകൈകൊണ്ട് തുടച്ചുകളഞ്ഞു. അവസാനം അവള്‍ ബാബയെ കണ്ടു. ബാബ ഒറ്റക്കായിരുന്നില്ല. ഉമ്മിയും ചുട്കിയുമുണ്ടായിരുന്നു. പാതിവെന്ത ചുട്കിയെ കത്തിക്കരിഞ്ഞ കൈ കൊണ്ട് ഉമ്മി ചേര്‍ത്തു പിടിച്ചിരുന്നു. ചോരയില്‍ കണ്ണീര്‍ കലര്‍ന്നൊഴുകി. "ശരീരം മുഴുവന്‍ അഴുക്കാ ബാബാ. എല്ലാം ഒന്ന് കഴുകി കളഞ്ഞിട്ട് വരാം". അവള്‍ അടുക്കളയിലേക്കു നടന്നു.

Labels:

Sunday, January 08, 2006

മാക്രി ബാലന്‍


പിന്നാമ്പുറത്തെ പടിയില്‍ ചെന്നിരുന്ന് പാടത്തേക്കു കണ്ണും‌‌നട്ട് ഉറക്കം തൂങ്ങുകയായിരുന്ന ഉണ്ണിയെ നിര്‍ബന്ധിച്ചാണ് അമ്മുമ്മ കൂട്ടീട്ടുപോയത്. ഒരീസം മാക്രി ബാലനെ കണ്ടില്ലെങ്കില്‍ ഉണ്ണിക്കിപ്പോള്‍ ഉറക്കം വരില്ലെന്നായി. ബാലനെ ദിവസോം പാമ്പു കടിയ്ക്കും. "വൈദ്യരെ, ന്നെ പാമ്പുകടിച്ചു വൈദ്യരെ"പാമ്പു കടിച്ചാല്‍ ബാലന്‍ ഓടി ഉണ്ണീടെ മുത്തശ്ശന്‍റെ അടുത്തുവരും. കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുംത്രേ ഉണ്ണീടെ മുത്തശ്ശന്‍. "നെണക്ക് വെര്‍തെ തോന്ന്വാന്ന്" ഉണ്ണീടെ മുത്തശ്ശന്‍ എത്ര പറഞ്ഞാലും ബാലന്‍ സമ്മതിക്കില്യാ. "അല്ല വൈദ്യരെ. ഞാന്‍ കണ്ടതാ. നല്ല അസ്സല് സാധനം. ന്‍റെ കാലിലങ്ങനെ കടിച്ചുതൂങ്ങികിടക്ക്വായിരുന്നു. കരോട്ടമ്മ്യാണെ സത്യം." മുത്തശ്ശന്‍ ചിരിക്കും. എന്നാലും രാത്രി ബാലന്‍ വന്നാല്‍ മുത്തശ്ശന്‍ വിളക്കുമെടുത്തിറങ്ങും. വിഷം തീണ്ടി വന്നതാരായാലും എപ്പോഴായാലും കതക് കൊട്ടിയടക്കരുതെന്നാ മുത്തശ്ശന്‍ പറയ്യാ. വരുന്നവരോടു ഒന്നും വാങ്ങാനും പാടില്യാത്രെ. എന്നും രാത്രി ബാലന്‍ വന്നല്ലാതെ ഉണ്ണിയുറങ്ങില്ല. ബാലന്‍ പാമ്പുകടിച്ചു വന്നാല്‍ മരത്തില്‍ നിന്നും തൊലി ചീമ്പിയെടുക്കാന്‍ മുത്തശ്ശന് കൂട്ടുപോണം, മരുന്നു മരത്തിന്‍റെ തൊലിയും വില്വാദി ഗുളികയും കൂട്ടി മുത്തശ്ശന്‍ അരകല്ലിലരയ്ക്കുമ്പോള്‍ അരിക്കലാമ്പ് കാട്ടിക്കൊടുക്കണം, മരുന്നുകലക്കാന്‍ ഓട്ടുഗ്ലാസ്സെടുത്തിട്ടു വരണം.. എല്ലാത്തിനും ഉണ്ണിതന്നെ വേണേ. അപ്പൊപ്പിന്നെയെങ്ങനാ ഉണ്ണിക്കുറക്കം വരാ. ബാലന്‍ ദിവസോം രാത്രി തവളേ പിടിക്കാന്‍ പൂവുത്രേ. പണ്ട് ബാലന് ക്ഷയം വന്നപ്പോള്‍ ഉണ്ണിയുടെ മുത്തശ്ശന്‍ തന്നെയാ ബാലന് തവള മരുന്ന് പറഞ്ഞുകൊടുത്തതെന്നാ അമ്മുമ്മ പറഞ്ഞത്. പക്ഷെ ക്ഷയൊക്കെ മാറീട്ടും ബാലന്‍ തവളേപ്പിടുത്തം നിര്‍ത്തീല്ലത്രേ. അതോണ്ട് മാക്രി ബാലന്‍ന്ന് പേരും വീണു. ഇപ്പോഴും അസുഖം മാറീല്ലാന്നാ ബാലന്‍ പറേണേ. പക്ഷെ ഉണ്ണിക്കറിയാം അതൊന്നുല്ലാ കാര്യംന്ന്. ബാലന് തവളയിറച്ചി തിന്ന് കൊതിപിടിച്ചൂന്ന് പടിഞ്ഞാറെ പറമ്പില് ചവറ് അടിക്കാന്‍ വന്നപ്പോള്‍ വല്യകല്യാണി സ്വകാര്യായിട്ട് ഉണ്ണിക്ക് പറഞ്ഞുതന്നൂലോ. വല്യകല്യാണി നുണ പറയില്യാ. ഉണ്ണ്യേ ഒത്തിരി ഇഷ്ടോണ്. പറമ്പില് പോവുമ്പോ കുന്നു ദൂരേന്നു കാണുമ്പോഴെ ഉണ്ണിക്ക് കാലുകഴയ്ക്കും. അപ്പോ വല്യകല്യാണി ഉണ്ണ്യേ എടുത്ത് ഒക്കത്തിരുത്തും. പിന്നെ ഉച്ചക്ക് അമ്മൂമ്മ ‌കഞ്ഞികൊണ്ടുവരുമ്പോള്‍ ചക്കപ്പുഴുക്ക് ഒഴിച്ച് ആദ്യം ഒരു പ്ലാവില കഞ്ഞി ഉണ്ണിക്കു തരും. ചക്കപ്പുഴുക്ക് ഉണ്ണിക്ക് വല്യ ഇഷ്ടാ. കുഞ്ഞിക്കല്യാണ്യേ ഉണ്ണിക്ക് ഒട്ടുഷ്ടല്യാ. കുഞ്ഞിക്കല്യാണി നാവെടുത്താ നൊണേ പറേള്ളൂ. ഇന്നാളൊരീസം പറയ്യാ അച്ഛന്‍ ഞ്ഞി ഉണ്ണ്യേ കൊണ്ടാവാന്‍ വരില്യാത്രെ. കുശുമ്പി. വെറുതല്ല്യാ കുരുട്ടടയ്ക്ക പോലെയായിപ്പോയത്. വല്യമ്മാവന്‍റെ മോള് അച്ചു അതിനിട്ട പേരാ കുരുട്ടടയ്ക്കാന്ന്. നല്ല പേര്. അമ്മുമ്മേടെ മടീക്കിടന്ന് ഉണ്ണി ചിരിച്ചു. മാക്രി ബാലന്‍ ഇനീം വന്നില്ലല്ലോ. എന്തേ കണാത്തെ. നാളെനി വായില് മുഴുവന്‍ മുറുക്കാനും നിറച്ച് ഉണ്ണിക്കുട്ടാന്നും വിളിച്ച് പങ്ങ പറിക്കാന്‍ ഇങ്ങട്ട് വരട്ടെ. ഉണ്ണി കൂടില്ല. തോട്ടിലും കൈതേടെയിടയിലും വീണുകിടക്കണ പങ്ങ ഉണ്ണി കാട്ടിക്കൊടുത്തിട്ട് ഇനിയൊട്ടു കണ്ടുപിടിക്കാനും പോണില്ല. ഇനീം പാമ്പു കടിക്കൂലോ. "വൈദ്യരേ"ന്നും വിളിച്ച് വരുമ്പോ ഉണ്ണി ഉറക്കം നടിച്ച് കിടക്കും. മരുന്നു ചീമ്പാനും വില്വാദിഗുളികയരയ്ക്കാനുമെല്ലാം ആര് കൂട്ടുപോവൂന്ന് നോക്കാലോ. അമ്മൂമ്മ വന്നു വിളിച്ചാലും ബാലനെക്കൊണ്ട് ആയിരം കടം പറയിച്ചല്ലാണ്ട് ഉണ്ണി കിടന്നേടത്തൂന്നനങ്ങില്ല. അങ്ങിനെ കിടന്ന് എപ്പഴോ ഉണ്ണി ഉറങ്ങിപ്പോയി. രാവിലെ ഉണര്‍ന്നപാടെ ഉണ്ണി ഓടി അരകല്ലില്‍ പോയി നോക്കി. ഉവ്വ്, ന്നലേം മരുന്നരച്ചേക്കണു. ഉണ്ണിക്ക് കരച്ചിലു വന്നു. ഉണ്ണി അമ്മുമ്മേടെ അടുത്തേക്കോടി. "ബാലന്‍ ന്നലെ വന്നോ അമ്മുമ്മേ?" അത് ചോദിച്ചപ്പോ ഉണ്ണ്യേ‌ ചേര്‍ത്ത് നിര്‍ത്തി മുടിയില്‍ തലോടിക്കൊണ്ട് എന്തിനാ അമ്മുമ്മ മുണ്ടിന്‍റെ തലകൊണ്ട് കണ്ണുതുടച്ചത്.

Labels:

Saturday, December 31, 2005

പുതുവത്സരാശംസകള്‍!!!


"മാഞ്ഞുപോകാനായി വീണ്ടും കോറിയിടാം നമുക്കിനിയൊരു വര്‍ഷം കൂടി.
എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍!!!

Tuesday, December 27, 2005

മംഗല്യഭാഗ്യം


"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം. ഒരുമാതിരി സംശ്യങ്ങളൊക്കെ അമ്മുമ്മ തീര്‍ത്തുതരുമെന്ന് ഉണ്ണിക്കറിയാം. ചിലപ്പോഴൊക്കെ അമ്മുമ്മയ്ക്ക് ഭയങ്കര ദേഷ്യം വരും. പക്ഷെ ചോദിക്കണത് പഴേ കാര്യങ്ങളാണെങ്കില്‍ അമ്മുമ്മ ഉണ്ണ്യേ അടുത്ത് പിടിച്ചിരുത്തും. ചൂടുള്ള നെഞ്ചിലേക്ക് ചാച്ച് കിടത്തി തലമുടിക്കിടയിലൂടെ വിരലോടിക്കും. എന്നിട്ട് ചേര്‍ത്തുപിടിച്ചാടിക്കൊണ്ട് പറഞ്ഞുതരും. അമ്മുമ്മ തലമുടിയിലൂടെ വിരലോടിക്കുന്നത് ഉണ്ണിക്ക് വല്യ ഇഷ്ടാ.
"അതെന്താ അമ്മുമ്മേ നമ്മടോടത്തെ വീടുകള്‍ക്കൊന്നും പടിപ്പുരയില്ലാത്തെ?"
അമ്മുമ്മ ഉണ്ണിയെ അടുത്ത് ചേര്‍ത്തിരുത്തി.
"പടിപ്പുര അടഞ്ഞുകിടന്നാ എങ്ങന്യാ ഉണ്ണീ ശ്രീ പാറോതി ഉള്ളിലേക്കു വര്വാ"
ഉണ്ണിക്ക് ഒട്ടും പിടികിട്ടീല്യ. അമ്പലത്തിലിരിക്കണ ശ്രീ പാര്‍വ്വതിയെന്തിനാപ്പോ വീട്ടിലേക്കു വരണത്.
അപ്പൊപ്പിന്നെ അമ്പലത്തിലാരാ. ഉണ്ണിക്ക് ചോദിക്കണംന്നുണ്ടായിരുന്നു. ഇഷ്ടായില്ലെങ്കില്‍ അമ്മുമ്മ പിണങ്ങും. ചിലപ്പോള്‍ കരയേം ചെയ്യും. ഉണ്ണീടമ്മ വഴക്കുപറയുമ്പോ അമ്മിക്കല്ലിനടുത്തെ തിണ്ണയില്‍ ഇരുട്ടത്തിരുന്ന് അമ്മുമ്മ കരയുന്നത് എത്ര്യാ ഉണ്ണീ കണ്ടിരിക്കണെ.
"ശ്രീ പാറോതി എന്തിനാ വരണെന്നറിയ്വോ ഉണ്ണിക്ക്?"
"ഇല്യാ" ഉണ്ണിക്ക് സന്തോഷായി. അമ്മുമ്മ പറയാറുള്ളത് പോലെ, വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്.
"ഈ തട്ടകത്ത് മംഗല്യഭാഗ്യൊല്യാത്ത കുട്ട്യോളുണ്ടാവില്യാ. വിളിച്ചാ വിളിപ്പുറത്താ ദേവി! അങ്ങിനെ അനുഗ്രഹിക്കാന്‍ വരുന്ന ദേവി അടഞ്ഞ പടിപ്പുര കണ്ട് തിരിച്ചു പോവാതിരിക്കാന്‍ ഈ കരയിലെ വീടുകളില്‍ പടിപ്പുര പാടില്യാന്ന വിശ്വാസം."
ഉണ്ണിക്കത് ശരിക്കും മനസ്സിലായില്ല.
"നമ്മുടെ വീടിനും പടിപ്പുരല്യലോ അമ്മുമ്മേ"
"ഇല്യാ ഉണ്ണ്യേ"
ഉണ്ണിക്ക് സംശ്യൊഴിഞ്ഞിട്ട് നേരൊല്യാ. തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയം.
"എന്നിട്ടും എന്തേ.."
ഉണ്ണി തിരിഞ്ഞ് അകത്തെ ഇരുട്ടിലേക്കു നോക്കി. പിന്നെ അമ്മുമ്മയോടു പറ്റിച്ചേര്‍ന്നു. അമ്മുമ്മ്യുടെ നെഞ്ചില്‍ പ്രാവുകള്‍ കുറുകുന്നത് ഉണ്ണി കേട്ടു. ശിരസ്സില്‍ ഇറ്റുവീണ കണ്ണുനീരിന്‍റെ ചൂട് ഉണ്ണി അറിയാതെ അമ്മുമ്മ തലോടിയെടുത്തു.

Labels:

Saturday, December 24, 2005

മുത്തശ്ശിക്കഥ


ഊണു കഴിഞ്ഞതും ഞങ്ങളെല്ലാവരും മുത്തശ്ശീക്കു ചുറ്റുംകൂടി. "എന്തേ?" നീട്ടി വെച്ച കാലിന്‍റെ മുട്ടില്‍ കുഴമ്പിട്ടു തിരുമ്മിക്കൊണ്ടു മുത്തശ്ശി ചോദിച്ചു.
"കഥ പറഞ്ഞു തരണം."
മുത്തശ്ശിക്ക് സന്തോഷായി. ഈ തലമുറയിലും തന്‍റെ കഥ കേള്‍ക്കാന്‍ കുട്ട്യോളുണ്ടല്ലോ.
"നിയ്ക്കതിനു പുത്യേ കതകളൊന്നും വശ്ശോല്യാലോ."
എല്ലാവരും വട്ടമിട്ടിരുന്നു.
"ഡാഡി പറഞ്ഞൂലോ മുത്തശ്ശിക്ക് ഒത്തിരി കഥകളറിയാംന്ന്.
അവരൊക്കെ കുട്ട്യായിരുന്നപ്പോള്‍ മുത്തശ്ശീടെ കഥ കേട്ടാ ഉറങ്ങാറെന്ന്"
അവനൊന്നും മറന്നിട്ടില്ല. മറന്നൂച്ചാ പേര്‍ഷ്യേന്ന് ഇത്രേം പണോക്കെ ചെലവാക്കി ഇപ്പളിങ്ങട്ട് വര്വോ.
ഈ തറവാടും തൊടീം കുളോക്കെ പണ്ടും ഒത്തിരി ഇഷ്ടായിരുന്നു അവന്.
ഇപ്പോത്തന്നെ എത്ര പേര്യാ പട്ടണത്തീന്നൊക്കെ തറവാട് കൊണ്ടു നടന്ന് കണിച്ചു കൊടുക്കുന്നത്.
"ആഷ്യൂം പിഷ്യൂം"ന്ന് എന്തൊക്ക്യോ കൊറെ സംസാരിക്കണേം കേട്ടു. ഇംഗരീസ്സാ. നിയ്ക്കൊട്ടും തിരിഞ്ഞില്ല.
"മുത്തശ്ശ്യെന്താ കഥ പറയാണ്ട് വെറുതെയിരുന്നു ചിരിക്കുന്നേ" മുത്തശ്ശി ഞങ്ങളെ നോക്കി തൊണ്ണകാട്ടി ചിരിച്ചു.
"കത പറഞ്ഞു തരാം. പക്ഷേ കത കേള്‍ക്കുമ്പോ മൂളാന്‍ മറക്കരുത്. മൂളല്‍ നിര്‍ത്ത്യാ കതേം നിര്‍ത്തും.
പിന്നെ ഉറങ്ങ്യ കുട്ടികള്‍ ഉറങ്ങ്യ കുട്ടികള്‍ കാലാട്ടുകേം വേണം. സമ്മതിച്ചോ?"
എല്ലാവരും തലയാട്ടി.
"ആട്ടെ. രാജകുമാരീടെ കത വേണോ, കാക്കയുടെ കത വേണോ?" മുത്തശ്ശി ചോദിച്ചു.
"ഞങ്ങള്‍ക്ക് ഫാന്‍റത്തിന്‍റെ കഥ മതി" ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു.
"ഈശ്വരാ!" മുത്തശ്ശിയുടെ കണ്ണു നിറഞ്ഞു. ഞങ്ങളെ മാറിമാറിനോക്കിയിട്ട് മുത്തശ്ശി കഥ പറയാന്‍ തുടങ്ങി.
"പണ്ട്. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട് പാന്‍റം എന്നൊരു രാജാവുണ്ടായിരുന്നു."
ഞങ്ങള്‍ കൂട്ടത്തോടെ മൂളി.
"അദ്ദേഹത്തിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു."
ഞങ്ങള്‍ വീണ്ടും മൂളി.
"പെട്ടന്നൊരു ദിവസം രാജകുമാരിയെ കാണാതായി"
"രാജകുമാരിയെ ക്ണ്ടു മോഹിച്ച ഒരു രാക്ഷസന്‍ അവളെ തട്ടിക്കൊണ്ടുപോയതാ"
"ഏഴു മലകള്‍ക്കപ്പുറം, ഏഴു കടലുകള്‍ക്കപ്പുറം ഒരു ഗുഹയില്‍ രാജകുമാരിയെ അടച്ചിട്ടു."
അങ്ങിനെ കഥ പറഞ്ഞ് കഥ പറഞ്ഞ് മുത്തശ്ശി ഉറങ്ങിപ്പോയി.
ഇടയ്ക്ക് മൂളാന്‍ ഞങ്ങളും മറന്നുപോയിരുന്നു. ഞങ്ങളെല്ലാവരും കാലാട്ടാന്‍ തുടങ്ങി.

Labels:

ക്രിസ്തുമസ് ആശംസകള്‍!!


"കളങ്കമില്ലാത്ത ഹൃദയത്തിലത്രേ സ്വര്‍ഗ്ഗം കുടികൊള്ളുന്നത്."
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!!

Sunday, December 18, 2005

ഗര്‍ഭിണി


ഞാനിന്നൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി
എനിക്കൊന്നു പ്രസവിക്കണം
എനിക്ക് കവിതകളെ പ്രസവിക്കുന്നതാണിഷ്ടം
പക്ഷേ ഡിസി രവിയെന്നെ ഭീഷണിപ്പെടുത്തുന്നു
ഇനിയും കവിതകളെപ്പെറ്റാല്‍ എന്നെ 'ഡൈവോഴ്സ്' ചെയ്യുമത്രേ!
പിന്നെ ഞാന്‍ തെരുവിലേക്കിറങ്ങേണ്ടി വരും.
അതുകൊണ്ട് ഞാന്‍ കവിതകളെ ഗര്‍ഭത്തിലേ കൊന്നു.
മാസം തികയാതെ പെറ്റ കവിതകളെ
ട്രങ്കുപെട്ടിയുടെ ഇരുട്ടില്‍ മുക്കിത്താഴ്ത്തി.
നോവലുകളെ മാത്രം പെറ്റു, ചിലപ്പോള്‍ കഥകളേയും.

അതല്ല ഇപ്പോഴെന്‍റെ പ്രശ്നം
ഇന്ന് ഞാനൊരു ഗര്‍ഭിണിയാണ്, പൂര്‍ണ്ണഗര്‍ഭിണി.
എനിക്കൊന്നു പ്രസവിക്കണം.
മാസം തികഞ്ഞിട്ട് കൊല്ലം കഴിഞ്ഞു, ഞാന്‍ പെറുന്നില്ല.
ആഞ്ഞു മുക്കി നോക്കി,
അനക്കിയും ഞെക്കിയും നോക്കി,
നോവല്‍ പുറത്തേക്കു വരുന്നില്ല.
വല്ലാതെ വൈകി, ഇനി കൊല്ലുന്നതെങ്ങിനെ?
എനിക്കു പ്രസവിക്കണം.
ഈ ഗര്‍ഭവും താങ്ങി ഇനി വയ്യ
എനിക്കൊന്നുറങ്ങണം.
മറ്റൊരു സുരതത്തിനായ് മനസ്സുതുറന്നു വെച്ച്,
ഒരു കവിതയുടെ ബീജം സ്വപ്നം കണ്ടെനിക്കുറങ്ങണം.
പക്ഷേ ആദ്യം ഈ മനസ്സൊന്നൊഴിക്കേണ്ടേ.
ഇത്ര വലിയൊരു നോവലിനെ ഗര്‍ഭം ധരിക്കേണ്ടായിരുന്നു.
കഥകളായിരുന്നു ബെസ്റ്റ്.
ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കിട്ടും.
ആറുവരെ കിട്ടിയവരുണ്ടത്രെ!

പിറക്കാനിരിക്കുന്ന കുഞ്ഞിക്കണ്ണുള്ള കവിതകളെ
സ്വപ്നം കണ്ടെനിക്കൊന്നുറങ്ങാന്‍
എനിക്കു പ്രസവിച്ചേ മതിയാവൂ.
ഞാന്‍ ഗുജറാത്തില്‍ പോവും.
അവിടെ ഗര്‍ഭം വെട്ടിപ്പൊളിച്ച്
കുഞ്ഞിനെ വാളിലും ശൂലത്തിലും കോര്‍ത്തെടുക്കുന്ന
സര്‍ക്കാര്‍ ഡോക്ടര്‍മാരുണ്ടത്രെ!*
(അതിനു ഞാനെന്‍റെ നെറ്റിയിലെ ചന്ദനക്കുറി മായ്ക്കണം)
എന്തായാലും എനിക്ക് പ്രസവിച്ചാല്‍ മതി
അതിന് ഞാന്‍ ഗുജറാത്തില്‍ തന്നെ പോവും!!


___________________________________________

* നിങ്ങളും വായിച്ചിരിക്കും ആ വാ‌ര്‍ത്ത. സച്ചിതാനന്ദന്‍റെ കവിതയും.
പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയര്‍ വാളാല്‍ നെടുകെപ്പിളര്‍ന്ന്
ചോരക്കുഞ്ഞിനെ ശൂലത്തില്‍ കോര്‍ത്തെടുത്ത രാക്ഷസര്‍
പിറന്നതും ഈ മണ്ണില്‍ തന്നെയല്ലേ, നമുക്ക് ഒട്ടകപ്പക്ഷികളാവാം..
കണ്ണടച്ച് ഇരുട്ടാക്കാം.
Creative Commons License